യാത്രിയാം കൃപയാ ധ്യാൻ ദേ… യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഭാരമേറിയ കൺപോളകൾ പണിപ്പെട്ടു തുറന്ന് കനി കാതോർത്തു. നേത്രാവതിയാണ്. ഇതിലെങ്കിലും കേറി പറ്റണം. ശരിക്കുറങ്ങാത്തതിലാവണം കണ്ണെരിയുന്നു. പക്ഷേ ഇതുപോയാൽ പിന്നെ! വണ്ടി എത്തും മുമ്പ് മുഖമൊന്ന് കഴുകാം.
ആലോചനയ്ക്കൊപ്പം പണിപ്പെട്ടെഴുന്നേറ്റ് അവൾ പ്ലാറ്റ്ഫോമിലെ പൊതുടാപ്പിൽ നിന്നും വായും മുഖവും കഴുകി. സാരിത്തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചു. ഒരു ചായ കുടിച്ചാൽ ഈ കണ്ണെരിച്ചിലും തലചുറ്റലും ഒന്ന് കുറയും.
ചുരുട്ടിപ്പിടിച്ച ഇടതുകൈ തുറന്നവൾ അതിലാകെയുള്ള രണ്ട് ഒറ്റരൂപാ നാണയങ്ങളെ നോക്കി. പിന്നെ അടച്ച ടാപ്പ് വീണ്ടും തുറന്ന് ഒരു കവിൾ വെള്ളം കുടിച്ചു. വായിൽ കയ്പുരസം നിറയുന്നു, ഒന്നിനും പറ്റാത്ത അവസ്ഥ!
ഉറക്കം തടസ്സപ്പെട്ടതിന്‍റെ പ്രതിഷേധത്തിൽ പുറത്തുതൂക്കിയ മാറാപ്പിൽ നിന്നും കുഞ്ഞു മാണിക്യൻ ഒന്ന് ചിണുങ്ങി. പിന്നെ വീണ്ടും തളർന്നു മയങ്ങി! നാലുനാളായി പനിയാണ് മാണിക്യന്.
പാവം ആരോ കൊടുത്ത രണ്ടു ബിസ്ക്കറ്റും അരഗ്ലാസ് ചായയുമാണ് അവനിന്നലെ ആകെ കഴിച്ചത്.
പൊരിയുന്ന കുഞ്ഞുവയറിന്‍റെ ആളൽ ആവാഹിച്ചെടുത്തെന്നപോലെ കനിയുടെ കണ്ണെരിച്ചിൽ കൂടി..
കവിളെല്ലിൽ കല്ല് കയറ്റി വെച്ചിട്ടെന്നപോലെ ഭാരമേറി. കിതച്ചു കുതിച്ചെത്തിയ ട്രെയിനിൽ കയറാനും ഇറങ്ങാനും തിരക്കുകൂട്ടുന്നവരുടെ ഇടയിലൂടെ വർഷങ്ങൾ നൽകിയ തഴക്കത്തോടെ കനി കയറിപ്പറ്റി.
മാറി നിൽക്കങ്ങോട്ട്..!!”
അറപ്പിൽ പൊതിഞ്ഞു ചെവിയിൽ പതിച്ച ശബ്ദം നൽകിയ നടുക്കത്തിൽ വാഷ്ബേസിനോട് പറ്റിച്ചേർന്ന് നിന്ന് ഓടിയണഞ്ഞ തീവണ്ടിയുടെ അതേ താളത്തിൽ കനി കിതച്ചു.
പിന്നെ തെല്ലുനിന്ന് കിതപ്പാറ്റി, വീണ്ടും ഓടിത്തുങ്ങിയ തീവണ്ടിക്കുള്ളിലൂടെ..
ഭാണ്ഡത്തിൽ നിന്നെടുത്ത ചപ്ലാംകട്ടയിൽ താളമിട്ട് ഏറ്റവും പുതിയ സിനിമാപ്പാട്ട് മൂളിക്കൊണ്ട് മുന്നോട്ട് നടന്നു.
ക്ഷീണം കൊണ്ട് വരികൾ മുറിഞ്ഞു മുറിഞ്ഞു പോകുമ്പോഴും വള്ളിയമ്മയിൽ നിന്ന് കിട്ടിയ അടിയുടെ ചൂടിൽ പരുവപ്പെട്ട അവളുടെ ശബ്ദം തീവണ്ടിയുടെ ശ്രുതിയേക്കാൾ ഉയർന്നുതന്നെ നിന്നു.
നീട്ടിയ കൈകളുമായി അവൾ മുന്നിലെത്തിയപ്പോൾ അത്രനേരം പാട്ടിൽ ലയിച്ചിരുന്ന പലരും പുറം കാഴ്ചകളിലും ഉറക്കത്തിലും മുഴുകിപ്പോയിരുന്നു.
“കുഞ്ഞൊന്നുറങ്ങി വന്നതേയുള്ളൂ. ആ പെണ്ണിന് വല്ലതും കൊടുക്ക്, ഇവിടെ നിന്നിനിയും ശബ്ദമുണ്ടാക്കാതെ പോവാൻ പറ ഏട്ടാ..” പതുപതുത്ത മെത്തയിൽ അമ്മയുടെ അടുത്തുകിടന്ന് ഉറങ്ങാൻ പാടുപെടുന്ന പാവ പോലുള്ള ഒരു കുഞ്ഞിന്‍റെ അമ്മയായിരുന്നു അത് പറഞ്ഞത്!
ഈ ബഹളങ്ങൾക്കിടയിലും ഒന്നനങ്ങുകപോലും ചെയ്യാത്ത കുഞ്ഞുമാണിക്യനെ മാറാപ്പിനു പുറത്തുകൂടെ ഒന്ന് തഴുകി, ആ കുഞ്ഞിന്‍റെ അച്ഛൻ നീട്ടിയ കാശ് കാണാത്തതുപോലെ കനി മുന്നോട്ട് നടന്നു..
“നമുക്കീടന്നുപോണം പെണ്ണേ… നമ്മുടെ മാണിക്യനെ നമ്മളെപ്പോലെ തെണ്ടിയാക്കരുത്.” അവളുടെ ഉള്ളിൽ മുരുകന്‍റെ ശബ്ദം മുഴങ്ങി.
ട്രാക്കിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങൾക്കിടയിൽ അറ്റുകിടന്ന അവന്‍റെ കൈത്തണ്ടയിൽ നിന്നൂരിയെടുത്ത് തന്‍റെ കഴുത്തിൽ ചേർത്തുകെട്ടിയ പിച്ചള ഏലസ്സിന്‍റെ ചൂടിൽ അവളുടെ നെഞ്ചിൻ കുഴി പൊള്ളി.
കാലുകൾ തളരുംപോലെ തോന്നിയപ്പോൾ അടുത്ത കംപാർട്ടുമെന്‍റിലേക്ക് കയറും മുമ്പുള്ള വാതിലിനരികിൽ അവൾ ചടഞ്ഞിരുന്നു. പിന്നെ മാണിക്യനെ മാറാപ്പിൽ നിന്നെടുത്ത് മടിയിൽ കിടത്തി പാലൂട്ടി. അതിനുപോലുമാവാത്തതുപോലെ മാണിക്യൻ മടിയിൽ തളർന്നു കടിന്നു.
ഇന്നെന്തായാലും ആശുപത്രിയിൽ കൊണ്ടോവണം. മാണക്യനെ വീണ്ടും മാറാപ്പിലേക്കു കിടത്തി കനി എണീറ്റു.
ചിലരെല്ലാം കൊടുത്ത ഒന്നും രണ്ടും രൂപകൾ എല്ലാം കൂടി പതിനെട്ടുരൂപയേ ഇത്രയും നേരം നെഞ്ചുപൊട്ടി പാടിയിട്ടും കിട്ടിയിട്ടുള്ളൂ.
മാണക്യന്‍റെ പനിച്ചൂടോർത്ത് ആ അമ്മയുടെ ഉള്ള് പൊള്ളി.
മുന്നോട്ടുനീങ്ങാൻ സമ്മതിക്കാതെ ഒരു കാൽ അവളെ തടഞ്ഞു.
“നീയങ്ങനെ അലറിപ്പാടാതെ ഇവിടെ ഇരുന്നു പതിയെ പാടിക്കോ… കാശ് ഞങ്ങള് തരാം. ഒരു പറ്റം ചെറുപ്പക്കാരുടെ അലറിച്ചിരികൾക്കിടയിൽ നിന്നും ആ കാൽ തട്ടിമാറ്റി മുന്നോട്ടോടുമ്പോൾ വർഷങ്ങൾക്കിപ്പുറത്തുനിന്ന് അവളുടെ കൈപിടിച്ചോടിയ മുരുകന്‍റെ കൈപ്പത്തിയുടെ ചൂട് അവളുടെ കൈ വീണ്ടം അറിഞ്ഞു..!
യാർഡിൽ നിർത്തിയിട്ട രണ്ടു തീവണ്ടികൾക്കിടയിൽ ഒളിച്ചുനിന്ന് അവളെ ചേർത്തുപടിച്ച് അവളുടെ ചെവിയിൽ മുരുകനോതിയ വാക്കുകൾ വീണ്ടും കാതുകളെ പൊള്ളിച്ചു.
“പിരിവ് കുറഞ്ഞേന്‍റെ പേരിൽ വള്ളിയമ്മേടെ തല്ല് നീ വാങ്ങിക്കോ… പക്ഷേങ്കില് നോക്കിം കണ്ടും നടക്കാതെ ഓരോ ചതീല് ചെന്നു പെട്ടാൽ പെണ്ണേ നിന്നേം കൊണ്ട് ഞാൻ പാഞ്ഞുപോണ ഏതെങ്കിലും വണ്ടീടെ മുന്നിൽ ചാടും. പറഞ്ഞേക്കാം!” കനി എന്ന കൗമാരക്കാരി അന്നായിരുന്നു മുരുകന്‍റെ പെണ്ണായത്.
അന്നുതൊട്ട് അവൾ വണ്ടിയിൽ പാടാൻ പോകുന്നത് നിർത്തി.
രാവിലെകളിൽ മുരുകൻ തീവണ്ടിയിൽ കയറി എവിടെയൊക്കെയോ പോയി കിട്ടുന്ന പണിയൊക്കെ ചെയ്ത് അവർക്ക് ജീവിക്കാനുള്ള പണം കണ്ടെത്തി. മുരുകന്‍റെ രാജ്‌ഞിയായിരുന്നു അവൾ.
മുരുകൻ പോയശേഷം കുഞ്ഞു മാണിക്യനെ പോറ്റാൻ വേണ്ടി അവൾ മറ്റുപല തോഴിലുകളും അന്വേഷിച്ചു.
“തീവണ്ടിയിലൊക്കെ പാടി നടക്കണ തെണ്ടിക്കൂട്ടങ്ങളാ… വിശ്വസിക്കാൻ പറ്റില്ല”
ആരോ പറഞ്ഞവാക്കുകൾ ചെവിയിൽ വീണ അന്ന് എന്താണ് തനിക്ക് ആരും പണി തരാത്തതെന്ന ചോദ്യത്തിന്‍റെ ഉത്തരം കനിക്ക് കിട്ടി.
മാണിക്യന്‍റെ കരച്ചിലിന് മുന്നിൽ മുരുകനോട് മനസ്സുകൊണ്ട് മാപ്പ് ചോദിച്ച് അവൾ വീണ്ടും ചപ്ലാംകട്ട കയ്യിലെടുത്തു.
ഒരു നിമിഷം പുറകോട്ടു പാഞ്ഞ മനസ്സിനെ തിരിച്ചുപിടിച്ച് കുതിച്ചുപായുന്ന തീവണ്ടിയിൽ നിന്നും അവൾ പുറത്തേക്കു നോക്കി.
നേരം സന്ധ്യയായിരിക്കുന്നു. ഇനി ഇന്ന് എന്തെങ്കിലും കിട്ടുന്ന കാര്യം തന്നെ സംശയമാണ്…
പനികൊണ്ട് തളർന്നുകിടക്കുകയാണ് മാണിക്യൻ. ഇതുവരെ അവൻ ഒന്നും കഴിച്ചിട്ടില്ല. ഇന്ന് കരഞ്ഞിട്ടു പോലുമില്ല” ആശുപത്രീലും കൊണ്ടുപോയെ പറ്റൂ.
“ഇന്നാ ഇതുകൊണ്ട് വല്ലതും വാങ്ങിക്കഴിച്ചോ”
ആരോ വിളിച്ചത് കേട്ട് തിരിഞ്ഞുനോക്കിയ കനിയുടെ നേരെ കണ്ണിൽ നിറച്ചും കരുണയോടെ ഒരാൾ കാശ് നീട്ടി. ദൈവത്തെയെന്നപോലെ അയാളെ തൊഴുത് കനി കാശ് വാങ്ങി…
അതിന്‍റെ തുടർച്ചയായി വേറെയും ചില കരങ്ങൾ അവൾക്കുനേരെ നീണ്ടു.
അതുവരെ അതിവേഗമോടുന്ന ഒരു തീവണ്ടിയെപ്പോലെ ദ്രുതതാളത്തിൽ മിടിച്ചിരുന്ന കനിയുടെ ഹൃദയം അന്നാദ്യമായി ശാന്തതയോടെ മിടിച്ചു. കമ്പാർട്ട്മെന്‍റിന്‍റെ അറ്റത്തെ വാതിലിനടുത്ത് തളർന്നിരുന്ന് അവൾ കാശെണ്ണി.
മാണിക്യനെ ആശുപത്രിയിൽ കാണിക്കാൻ വേണ്ടതിലും അധികമുണ്ടായിരുന്നു ആ കാശ്. ആശ്വാസത്തോടെ കാശ് ഭാണ്ഡത്തിലേക്ക് വച്ച് അവൾ മാണിക്യനെ മടിയിലേക്ക് കിടത്തി.
പനിച്ചൂട് നന്നേ കുറഞ്ഞിരിക്കുന്നു. ആശ്വാസത്തോടെ അവൾ മാണിക്യനെ തൊട്ടുനോക്കി. ഇപ്പോൾ മാണിക്യന് ചൂട് ഒട്ടും തോന്നുന്നില്ല!
പക്ഷേ ഇത്… ഇത് പണ്ട് മുരുകന്‍റെ ഏലസ്സഴിച്ചപ്പോൾ കിട്ടിയതു പോലെ അതുപോലുള്ള തണുപ്പാണല്ലോ…!
പൊടുന്നനെ കനിയുടെ അടിവയറ് കുത്തിക്കീറുംപോലെ വേദനിച്ചു.
ഉള്ളംകൈ തണുത്തു.
കണ്ണിൽ നിന്നുറവെടുത്ത ചുടുനീർക്കണങ്ങൾ. ഒരിറ്റുപോലും ഭൂമിയിൽ പതിക്കാതെ കണ്ണിൽ തന്നെ തണുത്തുറഞ്ഞ് ഒരു ഹിമപാളിയായി മാറി അവളുടെ കാഴ്ച മറച്ചു.
തീവണ്ടി തിരക്ക് കുറഞ്ഞ ഒരു സ്റ്റേഷനിൽ നിർത്തി. ഇവിടെ യാത്ര തീർന്നിരിക്കുന്നു…
തണുത്തുറഞ്ഞ ഭാവത്തോടെ കുഞ്ഞുമാണിക്യനെ ചേർത്ത് പിടിച്ച് അടുത്തടുത്ത് വരുന്ന തീവണ്ടിയുടെ ശബ്ദം നൽകിയ ആശ്വാസത്തിൽ കനി കിടന്നു… മാസങ്ങൾക്കുശേഷം… ശാന്തമായി…