റീഡിംഗ് റൂമിലെ മേശമേൽ തലവച്ച് മയങ്ങുകയായിരുന്ന യദു ഉണർന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ ബെഡ്റൂമിലെ ക്യാമറാ വ്യൂ അഡ്ജസ്റ്റ് ചെയ്ത് അയാൾ നോക്കി. ആനും വിവാനും ബെഡ്റൂമിലെ പതുപതുത്ത മെത്തയിൽ നല്ല ഉറക്കത്തിലാണ്.

റീഡിംഗ് റൂമിലെ അരണ്ട വെളിച്ചത്തിൽ ബുക്കും തുറന്നുവച്ച് ഇരുന്നുറങ്ങുക ഇതാദ്യമല്ല. മനസ്സ് ശാന്തമല്ലാത്തപ്പോഴൊക്കെ അയാൾക്കത് പതിവാണ്. അതുകൊണ്ട് തന്നെ ആൻ അത് കാര്യമാക്കാറുമില്ല. അയാൾ കയ്യെത്തിച്ച് ടേബിൾ ക്ലോക്ക് തിരിച്ചുനോക്കി. സമയം പുലർച്ചെ നാലുമണി. നാട്ടിലിപ്പോൾ രാത്രി ഒമ്പതര ആയിട്ടുണ്ടാവണം.

അമ്മ ഊണുമുറിയിൽ മേശമേൽ കഞ്ഞി വിളമ്പുന്ന സമയം. കഞ്ഞിയും പപ്പടവും കനലിൽ ചുട്ടെടുത്ത തേങ്ങാക്കൊത്തുകൾ അരച്ചുണ്ടാക്കിയ ചമ്മന്തിയും അയാൾക്ക് പ്രിയതരമായിരുന്നു. പക്ഷേ ഇന്ന്… അമ്മ ഒരുപക്ഷേ ഇന്ന് കഞ്ഞി ഉണ്ടാക്കിക്കാണില്ല.

സങ്കടങ്ങളെ നേരിടാനുള്ള ശക്‌തി തരാൻ ഉപവാസത്തേക്കാളും നല്ല മറ്റൊന്നുമില്ല എന്ന് ഏക്കാലവും അകമഴിഞ്ഞ് വിശ്വസിക്കുന്ന ആൾക്ക് ഇന്ന് ആഹാരം ഉണ്ടാക്കാനോ കഴിക്കാനോ കഴിയില്ലെന്ന് യദുവിന് നന്നായി അറിയാം.

മംഗലത്ത് തറവാട്ടിലെ കുഞ്ഞുണ്ണിക്കൈമളുടെയും ലക്ഷ്മികുട്ടിയമ്മയുടെയും ഇളയമകൻ യദു ന്യൂസിലൻറിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആണ്. വില്ലേജ് ഓഫീസർ ആയിരുന്ന കുഞ്ഞുണ്ണിക്കൈമൾക്ക് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം പിറന്ന കണ്മണി.

പഠനത്തിൽ വളരെ മികവ് പുലർത്തിയിരുന്ന യദുവിന് എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ തന്നെ കാമ്പസ് സെലക്ഷനിൽ പന്ത്രണ്ട് വർഷം മുമ്പാണ് പ്രശസ്തമായ ഡെൽ കമ്പനിയുടെ ഓക്ക്ലാന്‍റ് ഓഫീസിൽ ജോലി കിട്ടിയത്. ഇപ്പോൾ മുപ്പത്തഞ്ചിലെത്തി നിൽക്കുന്ന അയാൾ വിവാഹം കഴിച്ചിരിക്കുന്നത് ആന്‍ മരിയ എന്ന സ്വീഡിഷ് എഞ്ചിനീയറെയാണ്. അവരുടെ 6 വയസ്സുകാരൻ മകൻ വിച്ചു എന്ന വിവാൻ.

82കാരനായ കുഞ്ഞുണ്ണിക്കൈമളിന്‍റെ ആരോഗ്യനില ഈയിടെയായി വഷളായിക്കൊണ്ടിരിക്കുന്നു. ലംഗ്ക്യാൻസറിന്‍റെ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനൊപ്പമാണ് സ്മൃതിനാശം കൂടി ബാധിച്ചത്. പ്രായമായ അച്ഛനും അമ്മയും ചികിത്സയും അതിന്‍റെ ബുദ്ധിമുട്ടുകളുമൊക്കെയാണ് യദുവിനെ അസ്വസ്ഥനാക്കുന്നത്.

അനിയേട്ടൻ തൊട്ടടുത്തുതന്നെ താമസമുണ്ടെന്നതാണ് ആകെയുള്ള ആശ്വസാസം. കുഞ്ഞുങ്ങളില്ലാതിരുന്ന കാലത്ത് കൈമളും ഭാര്യയും എടുത്തുവളർത്തിയ കുട്ടിയാണ് അനിൽ. അനിക്ക് പതിനഞ്ച് തികഞ്ഞപ്പോഴാണ് യദു പിറന്നത്.

പ്രായാന്തരം ഏറെയുണ്ടെങ്കിലും ഏട്ടനും അനിയനും തമ്മിൽ അതിതീവ്രമായൊരു വൈകാരിക ബന്ധമാണുള്ളത്. നാട്ടിലെ സഹകരണ ബാങ്കിൽ സെക്രട്ടറിയാണ് അനി. ഭാര്യ മായയും പന്ത്രണ്ട് വയസ്സുകാരായ ഇരട്ട പെൺകുട്ടികളുമൊത്ത് തറവാട്ട് വീടിന്‍റെ അടുത്ത് തന്നെയുള്ള പുരയിടത്തിൽ വീട് വച്ച് താമസിക്കുന്നു.

ഇന്ന് കാലത്ത് നടന്ന സംഭവത്തെപ്പറ്റി അനിയേട്ടൻ പറഞ്ഞപ്പോൾ മുതൽ യദുവിന് സമാധാനം നഷ്ടപ്പെട്ടു. ഒരു കൊലപാതക കുറ്റത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളുടെ മകന്‍റെ മാനസികാവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. ഏട്ടൻ ജോലിക്ക് പോവുന്നതിനാൽ അമ്മ തനിച്ചാണ് അച്ഛനെ നോക്കിയിരുന്നത്.

മായേച്ചിയുടെ സ്വാർത്ഥ മനോഭാവം മൂലം പല ഘട്ടങ്ങളിലും അച്ഛനും അവരും തമ്മിലുള്ള ബന്ധം ഉലയുന്ന മട്ടിലുള്ള മൂർച്ചയുള്ള സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാരണം കൊണ്ട് തന്നെ മായേച്ചി ഇപ്പുറത്തേക്ക് വരികയോ സഹായിക്കുകയോ ഇല്ല. ഏട്ടന് അതിൽ വളരെ വിഷമമുണ്ടെങ്കിലും കുടുംബത്തിന്‍റെ സമാധാനത്തെ കരുതി സഹിക്കുകയാണ്. അമ്മയ്ക്ക് തനിയെ അച്ഛനെ പരിചരിക്കാൻ ബുദ്ധമുട്ടായപ്പോഴാണ് വേണു എന്ന ഹോം നഴ്സിനെ ഏർപ്പാട് ചെയ്തത്.

ഇന്ന് അച്ഛന് കുടിക്കാൻ ഫ്ളാസ്കിൽ ജീരകവെള്ളുമായി ചെന്ന അയാളെ ആ ഫ്ളാസ്ക് കൊണ്ട് തന്നെ അച്ഛൻ അടിച്ചുവീഴ്ത്തിയത്രേ. ശബ്ദം കേട്ട് ഓടിച്ചെന്ന അമ്മ കണ്ടത് തലയിൽ അടി കൊണ്ട് ചോരയൊലിപ്പിച്ച് ബോധം കെട്ട് കിടക്കുന്ന വേണുവിനെയാണ്. അയാളിപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ് താനും.

സ്കാനിംഗും മറ്റും നടന്നുകൊണ്ടിരിക്കുന്നു. ബോധം തെളിഞ്ഞെങ്കിലും വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമെ അയാളുടെ സ്ഥിതി വ്യക്‌തമായി പറയാൻ കഴിയൂ എന്നാണ് ഡോക്ടർ പറഞ്ഞതെന്നാണ് ഏട്ടൻ പറഞ്ഞത്.

ഒരു കുടുംബത്തിന്‍റെ അത്താണി ആയ ആ മനുഷ്യന്‍റെ ആരോഗ്യസ്ഥിതിയെപ്പറ്റിയോർത്ത് യദുവിന് വേവലാതിയേറി. അതിലുപരി അച്ഛന്‍റെ അവസ്ഥയെപ്പറ്റിയുള്ള ഉത്കണ്ഠ. ക്യാൻസറിന്‍റെ ചികിത്സ നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് കഴിഞ്ഞ തവണ സംസാരിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്. പിന്നെ ഇപ്പോൾ എങ്ങനെയാണ് അൽഷിമേഴ്സ് അതിശീഘ്രം ബാധിച്ചത് എന്നാണ് മനസ്സിലാവാത്തത്.

നാട്ടിലൊന്ന് പോയിവാരമെന്ന് വച്ചാൽ അതിനുപറ്റിയ സാഹചര്യമല്ല. വലിയൊരു പ്രൊജക്ടിന്‍റെ ഉത്തരവാദിത്തമാണ് കമ്പനി തന്നെ ഏൽപിച്ചിരിക്കുന്നത്. അതാണെങ്കിൽ ഇപ്ലിമെന്‍റേഷൻ ഫേസിലെത്തി നിൽക്കുന്നു. ഇപ്പോൾ മാറി നിൽക്കുന്നത് കമ്പനിക്ക് ഭീമമായ നഷ്ടം വരുത്തിയേക്കും. അയാൾ വിഷണ്ണമായ മുഖത്തോടെ ചിന്തയിലാണ്ടു. ഒരായിരം ചിന്തകളുടെ പ്രതിബിംബനങ്ങൾ അയാളിലൂടെ കടന്നുപോയി.

അയാൾക്കെന്തെങ്കിലും സംഭവിച്ചാൽ… കൊലപാതകക്കേസിലെ പ്രതിയായ സ്മൃതിനാശമുള്ള അച്ഛൻ പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ! പോലീസിന്‍റെ ചോദ്യം ചെയ്യൽ, പ്രാഥമിക കൃത്യങ്ങളും ദൈനംദിന കാര്യങ്ങൾ പോലും തനിയെ ചെയ്യാനാകാത്ത ഭക്ഷണം വാരിക്കൊടുക്കേണ്ടി വരുന്ന ഒരാൾ പോലീസ് കസ്റ്റഡിയിൽ.

നാട്ടിലും വീട്ടിലും ഈ സംഭവങ്ങൾ ഉണ്ടാക്കുന്ന ഭൂകമ്പങ്ങൾ.

ഏട്ടനും കുട്ടികൾക്കും കുടംബത്തിനും നഷ്ടപ്പെടുന്ന അയാളുടെ മക്കളോടും ഭാര്യയോടും എന്തുപറയും?

എത്ര വലിയ തുക നഷ്ടപരിഹാരം കൊടുക്കാമെന്ന് വച്ചാലും അയാൾക്ക് പകരമാവുമോ?

യദുവിന്‍റെ മനസ്സിലൂടെ ഒരു നിമിഷം കൊണ്ട് മിന്നി മറഞ്ഞത് ഒരായിരം പ്രതിസന്ധികളുടെ തീച്ചിത്രങ്ങളായിരുന്നു. ഏതാണ്ടതേ സമയം തന്നെയാണ് അയാളുടെ ഫോൺ ശബ്ദിച്ചതും. അനിയേട്ടൻ കോളിംഗ് എന്ന് ഡിസ്പ്ലേയിൽ കണ്ടതും ധൃതിയിൽ ഫോൺ അറ്റന്‍റ് ചെയ്തു.

“കുട്ടാ… അനിയേട്ടന്‍റെ ശബ്ദം ഫോണിലൂടെ ഒഴുകി വന്നു.

“ഏട്ടാ… അയാൾക്കെങ്ങനെയുണ്ട്. ഞാനുറങ്ങാതെ കാത്തിരിക്കുകയായിരുന്നു” യദു ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

“അയാൾ അപകടനില തരണം ചെയ്തു. തലച്ചോറിൽ ബ്ലീഡിംഗ് ഉണ്ടോയെന്നതായിരുന്നു ഭയം. എന്തായാലും ഭാഗ്യത്തിനതുണ്ടായില്ല”

“പിന്നെ ഞാനിവിടെ ഹോസ്പിറ്റലിൽ തന്നെയാണ്. അച്ഛനെയും ഇവിടെ അഡ്മിറ്റാക്കിയിരിക്കുകയാണ്”

“ങ്ഹേ! അതെന്തിന്? ”

“എടാ അയാൾക്ക് വല്ലതും സംഭവിച്ചിരുന്നെങ്കിൽ അത് മന:പൂർവ്വമല്ലാത്ത നരഹത്യ ആയേനെ. മെഡിക്കൽ റെക്കോർഡ്സിൽ അച്ഛന്‍റെ ഇപ്പോഴത്തെ മാനസികാവസഥ റെക്കോർഡ് ചെയ്യുന്നതാവും സുരക്ഷിതമെന്ന് വക്കീൽ പറഞ്ഞു.

“വക്കീലോ? ഏട്ടൻ ഇതൊക്കെ എപ്പോ ചെയ്തു”

“സോറീ ടാ… എനിക്കാലോചിച്ചിട്ട് ഒരു സമാധാനവും കിട്ടിയില്ല. അയാളെ ബോധം കെട്ട അവസ്ഥയിൽ കണ്ടപ്പോൾ മുതൽ എന്‍റെ സമനില തെറ്റി. ഈ പ്രായത്തിൽ നമ്മുടെ അച്ഛൻ പോലീസ് സ്റ്റേഷൻ കയറുന്നതൊക്കെ ആലോചിച്ച് സമാധാനം പോയി.

“ആ എന്നിട്ടോ അച്ഛനിപ്പോ എങ്ങനെയുണ്ട്? ”

“അച്ഛൻ കൂൾ ആണ്. ബട്ട് അമ്മ വല്ലാത്തൊരു ഷോക്കിലും അതിനിടെ മായ അവളുടെ തനിനിറം കാണിച്ചു. അച്ഛനെ ഭ്രാന്താശുപത്രിയിൽ ആക്കാൻ. അതുകൂടി കേട്ട് ആകെ തളർന്നു പാവം”

“ഏട്ടാ എനിക്കിപ്പോ അവരെ കാണണം. എത്ര ശാപം പിടിച്ചൊരു ജന്മമാ എന്‍റേത്? ഏട്ടാനൊരാൾ കിടന്ന് വിഷമിക്കുന്നു. യാതൊരു സഹായവും ചെയ്യാൻ പറ്റുന്നില്ലല്ലോ ദൈവമേ?”

യദുവിന്‍റെ തളർന്ന സ്വരം കേട്ടപ്പോൾ അനിയുടെ കണ്ണും നനഞ്ഞു. അരമണിക്കൂർ മുമ്പ് വിളിച്ചപ്പോൾ ദേഷ്യത്തിൽ മായ സൂചിപ്പിച്ചതും ഇതു തന്നെയായിരുന്നല്ലോ എന്ന് അയാളോർത്തു.

“എല്ലാത്തിനും കിടന്നോടാൻ ഒറ്റൊരാൾ… ഒരുത്തനവിടെ മദാമ്മയേയും കെട്ടി സുഖായി കഴിയുന്നു.” അവളുടെ സ്പർദ്ധ നിറഞ്ഞ സംസാരം കേട്ടപ്പോൾ ഒന്നു കൊടുക്കാനാണ് തോന്നിയത്. നാവിൽ വിഷം നിറച്ച സ്ത്രീജന്മം. ചിലപ്പോഴൊക്കെ വെറുപ്പ് തോന്നിപ്പോകും. കുഞ്ഞുങ്ങളെയോർത്ത് ക്ഷമിക്കുന്നുവെന്ന് മാത്രം.

“കുട്ടാ… അനിയേട്ടനുള്ളിടത്തോളം കാലം എന്‍റെ അനിയൻ ഒന്നിനും വിഷമിക്കണ്ട. നിന്‍റെ കുറവറിയിക്കാതെ അവരെ ഞാൻ നോക്കിക്കോളാം.” അതുപറയുമ്പോൾ അയാളുടെ ശബ്ദമിടറിയിരുന്നത് യദു ശ്രദ്ധിച്ചു.

“അച്ഛന്‍റെ സ്കാനിംഗും ബ്രെയിൻ മാപ്പിംഗും കഴിഞ്ഞു. കാര്യമായ പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. അതായത് ഓർമ്മക്കുറവും ഇപ്പോഴുള്ള മാനസികാസ്വാസ്ഥ്യവുമായി ബന്ധമൊന്നുമില്ല. പക്ഷേ മറ്റൊന്നുണ്ട്. നിന്നെ വിഷമിപ്പിക്കണ്ട എന്നാദ്യം കരുതിയെങ്കിലും പറയാതിരിക്കാൻ വയ്യാ”

“കഴിഞ്ഞ ഒരുമാസമായി അച്ഛന്‍റെ സ്ഥിതി അത്ര ശരിയല്ല. സന്ധ്യമയങ്ങുമ്പോൾ അസ്വസ്ഥനാകുന്ന അച്ഛൻ ഇരുട്ടാകുമ്പോൾ അക്രമാസക്‌തനാകുന്നു. കീമോയുടെ വിഷമതകളും വേദനയുടെ സ്വാധീനവും കൊണ്ടാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഏതോ ദുർഭൂതം ആവേശിച്ചതുപോലെ. വന്യമായ കരുത്ത്. അടക്കിനിർത്താൻ ശ്രമിച്ചാൽ അക്രമാസക്‌തൻ! അമ്മ കരഞ്ഞും കയർത്തും പറയുന്നതൊന്നും അച്ഛനെ സ്പർശിക്കാറേയില്ല”

“എല്ലാവരേയും തള്ളിമാറ്റി, മുറ്റത്തിറങ്ങി കവളൻ മടലുമെടുത്ത് മൂവാണ്ടൻ മാവിനെ പൊതിരെ തല്ലും. തല്ലി തല്ലി കയ്യും മെയ്യും മടുക്കുമ്പോൾ ശാന്തനായി അകത്തേക്ക് കയറിപ്പോവും. യാതൊരു ശല്യവുമില്ലാതെ കട്ടിലിൽ ചെന്ന് കിടക്കുകയും ചെയ്യും. പക്ഷേ ആ അവസ്ഥയ്ക്ക് തൊട്ടുമുമ്പ് വരെ അച്ഛൻ സുബോധത്തോടെ ആയിരിക്കില്ല. ആടിയാടി നടക്കുമ്പോൾ വീഴാതിരിക്കാൻ പിടിക്കാൻ ചെന്നാൽ കയ്യ് ആഞ്ഞു വീശി അമ്മയെ അകറ്റും.

പാതിരാത്രിയിൽ പോലും ഓർമ്മകളില്ലാതെ എഴുന്നേറ്റ് പോകുന്ന ഒരാളെ നിയന്ത്രിക്കാൻ എന്തുചെയ്യണം? എത്ര ദിവസം ഉറക്കമിളച്ചിരിക്കും? എന്നെ എടുത്തുകൊണ്ടു നടന്ന കൈപിടിച്ചു നടത്തിയ ആ കയ്യുകൾ ഞാൻ തന്നെ കട്ടിലിന്‍റെ ഇരുവശങ്ങളിലുമായി ബലപ്രയോഗത്തിലൂടെ കെട്ടിയിട്ടു. കാലുകളും, ഒന്നല്ല ഒരുപാട് ദിവസങ്ങളിൽ. കാരണം എന്‍റെ അമ്മയുടെ സുരക്ഷിതത്വവും കൂടി എനിക്ക് നോക്കണമായിരുന്നു. സന്തം അച്ഛനെതിരെ ബലപ്രയോഗം നടത്തേണ്ടി വരുന്നവന്‍റെ മാനസികാവസ്ഥ…

ഇതൊക്കെത്തന്നെയാണ് ഞാനിന്ന് ഡോക്ടറോടും പറഞ്ഞത്.

കേട്ടത് വിശ്വസിക്കാനാവാതെ ഉൾക്കൊള്ളാനാവാതെ യദു നടുങ്ങിപ്പോയി. ഒരു തേങ്ങൽ തൊണ്ടക്കുഴിയോളം വന്ന് പുറത്ത് കടക്കാനാവാതെ നെഞ്ചിൽ തന്നെ അമർന്നൊതുങ്ങി. അതിന്‍റെ പ്രകമ്പനത്തിൽ മേശമേൽ താങ്ങിയിരുന്ന അയാളുടെ കൈമുട്ടുകൾ പോലും വിറച്ചു.

“കുട്ടാ..”

അനിയേട്ടന്‍റെ ശബ്ദം ദൂരെയെവിടെയോ നിന്നെന്ന വണ്ണം വീണ്ടും ഒഴുകി വന്നു.

“ഇനി നിന്നോട് പറയാനുള്ളത് ശ്രദ്ധിച്ച് കേൾക്കണം. ഏട്ടൻ നോക്കിയിട്ട് നമ്മുടെ അച്ഛനെ സുഖപ്പെടുത്താൻ വേറൊരു മാർഗ്ഗവുമില്ല.” അനിയേട്ടന്‍റെ ശബ്ദത്തിലെ ഗദ്ഗദം യദുവിന് മനസ്സിലായി.

“ഏട്ടൻ പറയൂ… എന്തു വേണമെങ്കിലും ഈ കുട്ടൻ ചെയ്യാം. എന്‍റെ ജീവൻ തന്നെ വേണമെങ്കിലും”

അവന്‍റെ ശബ്ദം ആത്മാർത്ഥമായിരുന്നു. അത് ആത്മാവിന്‍റെ തേങ്ങലായിരുന്നു. അവന്‍റെ അനിയേട്ടനത് മനസ്സിലാവുകയും ചെയ്തു.

“നിനക്കോർമ്മയുണ്ടോ എന്നറിയില്ല. ഏഴാം വയസ്സിൽ നീയാ മൂവാണ്ടൻ മാവിൽ കയറിയതും അതിന്‍റെ ഉച്ചിയിൽ നിന്നും കാല് തെന്നി താഴെ കല്ലിനു മുകളിൽ വീണതും. കോളേജിൽ പോകാൻ ഒരുങ്ങി പ്രാതൽ കഴിച്ചുകൊണ്ടിരുന്ന ഞാൻ ഒച്ചകേട്ട് പുറത്തേക്കിറങ്ങി വന്നപ്പോൾ പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് തെക്കേമുറ്റത്തേക്ക് നടക്കുകയായിരുന്നു അച്ഛൻ. എന്തോ കാര്യമെന്ന് ചോദിച്ചപ്പോൾ പകച്ചൊരു നോട്ടം മാത്രം. എനിക്കുനേരെ നീണ്ടു. അമ്മയുടെ കരച്ചിൽ കേട്ടോടി വന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന നിന്നെ. മറ്റൊന്നുമാലോചിക്കാതെ നിന്നെയും കോരിയെടുത്ത് ഞാൻ ആശുപത്രിയിലേക്കോടുമ്പോൾ കണ്ണീർ മറയിലൂടെ കണ്ടത് ഇതേ കാഴ്ചയായിരുന്നു. തെക്കേമുറ്റത്തുനിന്നും എടുത്തുകൊണ്ടുവന്ന കവളൻ മടൽ കൊണ്ട് മൂവാണ്ടൻ മാവിനെ നിർദ്ദാക്ഷിണ്യം പ്രഹരിക്കുന്ന അച്ഛനെ”

“മൂന്ന് ദിവസം നീ ആശുപത്രിയിലായിരുന്നു. ഒരുപാട് പരിശോധനകളും മറ്റുമായി ആശുപത്രിയിൽ ഞാൻ അമ്മയും ചിലവിട്ട ആ ദിവസങ്ങളിൽ അച്ഛൻ ഇങ്ങനെ തന്നെ ആയിരുന്നല്ലോ എന്ന് ഞാനീയിടെയാണോർത്തത്. നീ ആശുപത്രി വിട്ട് വന്നതിനുശേഷം വീണ്ടും കുറേ ദിവസങ്ങൾ കൂടിയെടുത്തു പഴയ അച്ഛനെ തിരിച്ചുകിട്ടാൻ. ഞാനാക്കാര്യം ഇന്ന് ഡോക്ടറോട് സൂചിപ്പിച്ചു.

ഡോക്ടർ പറഞ്ഞത് അച്ഛന്‍റേത് പോസ്റ്റ് ട്രോമറ്റിക് സ്ട്രസ്സ് ഡിസോർഡർ ആണെന്നാണ്. അസഹ്യമായ ഒരു അനിഷ്ട സംഭവത്തിന്‍റെ ആഘാതം ചിലപ്പോൾ വർഷങ്ങളോളം ഒരു വ്യക്‌തിയിൽ മയങ്ങിക്കിടക്കും. വീണ്ടും മനക്ലേശവും മാനസിക പിരിമുറുക്കവും അനുഭവിക്കാനിടയാവുമ്പോൾ പഴയതുപോലെ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കും.

അനിയേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുമ്പോൾ ഇനിയെന്ത് എന്ന ചിന്തയിലുഴറുകയായിരുന്നു യദുവിന്‍റെ മനസ്സ്.

“എക്സ്പോഷർ തെറാപ്പി എന്നൊരു ചികിത്സാരീതിയുണ്ടത്രേ മന:ശാസ്ത്രത്തിൽ. നീ പേടിക്കാതെ, ഭ്രാന്തചികിത്സയൊന്നുമല്ല. ഒരു തരം സ്വഭാവ ചികിത്സ. രോഗിയെ വീണ്ടും മനസ്ഛാഞ്ചല്യം ഉണ്ടാവാൻ കാരണമായ അതേ സന്ദർഭത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കും. അപ്പോൾ റീകോൾ ന്യൂറോൺസ് എന്ന ന്യൂറോൺ സ്ട്രോമ ഉണ്ടാക്കിയ മാനസികാഘാതത്തിന്‍റെ പോറലുകളേയും അൽപാംശങ്ങളെയും മാറ്റിയെഴുതുമത്രേ!”

“ഏട്ടാ വാട്ട് ഡു യൂ മീൻ? ഫിയർ അറ്റെന്യൂഷൻ?”

അതേ കുട്ടാ… ബട്ട് ദി ചലഞ്ച് ഹിയർ ഈസ്” അനിയേട്ടൻ പറഞ്ഞു നിർത്തി.

“വാട്ട്? ”

“അച്ഛന്‍റെ മനസ്സിൽ എന്നോ നിന്നോടുണ്ടായ നീരസം ഒരുപക്ഷേ നിന്‍റെ വിവാഹവും അത് സംബന്ധമായ അകൽച്ചയും ഒരു മന:ക്ലേശവും കാരണം വീണ്ടും ഉണ്ടായ ട്രോമ മൂലം അദ്ദേഹത്തിന്‍റെ ഓർമ്മകൾ ഇപ്പോൾ എത്തിനിൽക്കുന്നത് പഴയ അപകടത്തിന്‍റെ ചുറ്റുവട്ടത്താണ്. അന്നത്തെ വീഴ്ചയിൽ നിന്നെ നഷ്ടമായി എന്ന ധാരണ കൊണ്ടാണ് ആ മൂവാണ്ടൻ മാവിനോട് അമർഷം. അച്ഛന്‍റെ ഓർമ്മയിൽ നീ അന്നത്തെ ആ ഏഴുവയസ്സുകാരനാണ്. ഇപ്പോഴുള്ള നിന്നെ കണ്ടാൽ അച്ഛൻ തിരിച്ചറിഞ്ഞെന്ന് പോലും വരില്ല. ഏട്ടൻ പറയുന്നതുകേട്ട് നീ തെറ്റിദ്ധരിക്കില്ലെങ്കിൽ എനിക്കൊരു അഭിപ്രായമുണ്ട്, പറയട്ടെ? ”

അനുമതി കാത്തെന്ന വണ്ണം നിശബ്ദനായപ്പോൾ യദു ആശയക്കുഴപ്പത്തിലായി. എന്താവും ഏട്ടൻ പറയാൻ പോകുന്നതെന്ന് അറിയാനുള്ള ഉൽകണ്ഠയിൽ ദ്രുതഗതിയിൽ അവന്‍റെ നെഞ്ചിടിച്ചു.

“നിന്‍റെ ഫോട്ടോ കോപ്പിയാണ് വിവാൻ എന്ന് ഞാനൊരിക്കൽ പറഞ്ഞതോർമ്മയുണ്ടോ? കുഞ്ഞുന്നാളിലെ നിന്‍റെ രൂപമാണവന്. നീ അവനെക്കൂട്ടി വാ… ചിലപ്പോൾ ഒരാഴ്ച, അല്ലെങ്കിൽ ഒരു മാസം… അവന്‍റെ സാമീപ്യത്തിൽ നിന്നെ അച്ഛന് ഫീൽ ചെയ്യട്ടെ കുട്ടാ… അങ്ങനെയുണ്ടായാൽ പിതിയെപ്പതിയെ അച്ഛൻ ഓർമ്മകളിലേക്ക് മടങ്ങിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്”

“നീ ആലോചിക്ക്… നീയും ആനും ഈ സിറ്റുവേഷനെ എങ്ങനെ ഫേസ് ചെയ്യുമെന്നൊന്നും എനിക്കറിയില്ല. നമ്മുടെ അച്ഛന് എങ്ങനെയും ഈ അവസ്ഥയിൽ നിന്നൊരു മുക്‌തി. അതുമാത്രമാണെന്‍റെ മനസ്സിൽ”

അനിയേട്ടൻ ഫോൺ വച്ചിട്ടും ചിന്തയിൽ മുഴുകി ഇരുന്നുപോയി യദു. അച്ഛനെ ഈ വിഷമഘട്ടത്തിൽ നിന്നും രക്ഷപ്പെടുത്താൻ എന്തും ചെയ്തേ പറ്റൂ. പിതാവിനെ നരകത്തിൽ നിന്നും ത്രാണനം ചെയ്യുകയല്ലേ ഒരു പുത്രന്‍റെ ധർമ്മം. വിവാനെ തന്‍റെ മകനെ ഒരു പരീക്ഷണത്തിനയക്കണമെന്നാണ് ഏട്ടൻ പറയുന്നത്. അവൻ മികവോടെ അഭിനയിച്ച് ഫലിപ്പിക്കേണ്ടത് ബാല്യത്തിൽ തനിക്കുതന്നെ സംഭവിച്ച കയ്യബദ്ധത്തിനുള്ള പരിഹാരമാണല്ലോ എന്നോർത്തു.

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ വെളുപ്പാൻ കാലത്ത് തന്നെ ആനിനെ വിളിച്ചുണർത്തിയപ്പോൾ അവൾക്കമ്പരപ്പ്. കാര്യകാരണ സഹിതം അച്ഛന്‍റെ അവസ്ഥയും ഡോക്ടർ പറഞ്ഞ പരിഹാരവും വിശദീകരിച്ചപ്പോൾ ആൻ ഇത് നിരാകരിക്കുമെന്ന് തന്നെ അയാൾക്കറിയാമായിരുന്നു. വിവാനെ പിരിഞ്ഞു നിന്നിട്ടില്ല ഇന്നോളം. ആനിന്‍റെ ജീവനാണവൻ. തന്നെയുമല്ല? ഓർമ്മ നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തിയുടെ വക്കിൽ നിൽക്കുന്ന ഒരു വ്യക്‌തിയുടെ അരികിലേക്ക് സ്വന്തം കുഞ്ഞിനെ അയക്കാൻ ഏതമ്മയ്ക്ക് കഴിയും?

ആനിനെ വിവാഹം കഴിച്ചെന്നറിഞ്ഞപ്പോൾ നീരസത്തോടെ അച്ഛൻ പറഞ്ഞ വാക്കുകൾ അവന്‍റെ മനസ്സിലേക്കപ്പോൾ തികട്ടിത്തികട്ടി വന്നു.

“എന്‍റെ കാലം കഴിഞ്ഞാൽ അമ്മയുടെ കൂടെ അമ്പലത്തിൽ കൂട്ട് പോകാനും കഞ്ഞിയുണ്ടാക്കിക്കൊടുക്കാനുമൊക്കെയായി നാടൻ പെൺകുട്ടിയായിരുന്നു എന്‍റെ മനസ്സിൽ” ആ പ്രതീക്ഷയൊക്കെ നീ തകർത്തുകളഞ്ഞല്ലോ കുട്ടാ… ഒരു കുടുംബത്തിന്‍റെ കെട്ടുറപ്പിനെപ്പറ്റി ബന്ധങ്ങളുടെ ദൃഢതയെപ്പറ്റി ഈ വെള്ളക്കാരിക്കെന്തറിയാം? ”

“വിവാനും യദുവിനും ടിക്കറ്റെടുത്തോളൂ”

തെല്ലുനേരത്തെ ആലോചനയ്ക്ക് ശേഷം നിശബ്ദതയെ ഭഞ്‌ജിച്ച് ആനിന്‍റെ ശബ്ദമുയർന്നപ്പോൾ യദു വികാരാധീനനായി.

“യദു അച്ഛന് വേണ്ടി ഇതെങ്കിലും ചെയ്യണം. പക്ഷേ വിവാനെ അവിടെ നിർത്തി മടങ്ങേണ്ടി വന്നാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ കൂടെ വരുന്നില്ല. ആൻ കൂട്ടിച്ചേർത്തു.

“ആർ യൂ ഷുവർ? ”

“യേസ്, വെരിമച്ച്. ഐ ബിലീവ് ഇൻ കർമ്മ… ഇന്ന് നമ്മൾ ചെയ്യേണ്ടത് നമ്മുടെ കടമ. അതൊരുപക്ഷേ വിവാന്‍റെ മനസ്സിലും എന്നേയ്ക്കും നന്മയോടെ നിലനിൽക്കും.”

അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചുംബിക്കുമ്പോൾ യദുവിന്‍റെ കണ്ണിൽ നിന്നും ഒരു തുള്ളി ചുടുകണ്ണീർ അവളുടെ നെറ്റിയിലേക്കടർന്ന് വീഴുന്നുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...