ഉച്ചച്ചൂടിന്‍റെ നിശ്വാസവും വഹിച്ചുവരുന്ന കാറ്റ് അവിടമാകെ ചുറ്റിക്കറങ്ങി. വിരസമായ ആ മധ്യാഹ്നത്തിൽ അതിലേറെ വിരസമായ ചിന്തകളിൽ മുഴുകിക്കിടക്കുകയായിരുന്നു ഗായത്രി. ഇടയ്ക്കിടെ തുടർച്ചയറ്റു പോകുന്ന ചിന്തകൾ… അപ്പോഴാണ് അതു ഭേദിച്ച് നട്ടുച്ചവെയിലിനെ വകഞ്ഞുമാറ്റി മുഖമില്ലാത്ത ഒരു ശരീരം പോലെ അയാൾ ഗെയ്റ്റ് കടന്നുവന്നത്.

 

വെയിലിന്‍റെ തീക്ഷ്ണതയിൽ അയാളുടെ മുഖമില്ലാത്ത രൂപം ഒരു പ്രകാശവലയം മാത്രമായാണ് ഗായത്രിക്ക് അനുഭവപ്പെട്ടത്. അടുത്ത് എത്തുന്തോറും തെളിഞ്ഞുവരുന്ന രൂപം അവൾക്ക് അപരിചിതമായിരുന്നുതാനും. എന്നാൽ അയാളിലാകട്ടെ അപരിചിതത്വം തീരെ നിഴലിച്ചിരുന്നതുമില്ല. ഇന്നലെ കണ്ടുപിരിഞ്ഞ സുഹൃത്തിനോട് എന്നപോലെ ഹൃദ്യമായി ചിരിച്ച് മുൻവശത്തെ അടഞ്ഞുകിടന്നിരുന്ന കമ്പിയഴികളുള്ള വാതിൽ സ്വയം തള്ളിത്തുറന്ന് അയാൾ അവളുടെ തൊട്ടടുത്ത് വന്നിരുന്നു. പെട്ടെന്ന് എന്തൊ ഒരു ഉൾപ്രേരണയാലെന്നവണ്ണം ഗായത്രി അൽപം നീങ്ങിയിരിക്കുകയാണുണ്ടായത്.

 

“എന്തേ താൻ എഴുന്നേറ്റ് മാറിയില്ല..” അവൾ തന്നോടു തന്നെ ചോദിച്ചു. അടുത്ത നിമിഷം “ഓ പോട്ടേ” എന്നവൾ സ്വയം തിരുത്തുകയും ചെയ്തു. അയാളുടെ ഇരിപ്പിന്‍റെ ശക്‌തിയിൽ തന്നെ തള്ളി താഴെയിടുമോ എന്ന് ഒരിട അവൾ ഭയന്നു.

 

“ആരാണിയാൾ…?”

 

എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും പരാജയം തന്നെയായിരുന്നു ഫലം. ഇങ്ങനെയൊരാളെ മുമ്പു കണ്ടിട്ടേയില്ലല്ലോ. എന്നിട്ടും ഇയാൾ… വാക്കുകൾ ഇല്ലാത്ത ലോകത്ത് എത്തിപ്പെട്ടതിന്‍റെ ഭീതിയിലും നിസ്സഹായതയിലും ഗായത്രി വല്ലാതെ തളർന്നു തുടങ്ങി. ഉള്ളം കൈ വിയർപ്പിൽ കുതിർന്നു. ദുരന്തത്തിന്‍റെ ചിറകടിയൊച്ച കാതുകളിൽ നിന്ന് നെഞ്ചിലേക്ക് പടർന്നു കഴിഞ്ഞിരിക്കുന്നു…

 

മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾ ചിരപരിചിതനെപ്പോലെ കയറി വരിക, അടുത്തിരിക്കുക… അടുത്ത നിമിഷം ഇയാൾ എന്തിനായിരിക്കും മുതിരുക..? കേട്ടും വായിച്ചും അറിഞ്ഞ നിരവധി സംഭവങ്ങൾ കഥയായി രൂപം പ്രാപിച്ച് കഥാപാത്രങ്ങൾ മനസ്സിലാകെ തിങ്ങി നിന്നു. തന്‍റെ മുഖത്തെ പതർച്ച കണ്ടിട്ടായിരിക്കണം അയാൾ അടുത്തേക്കു വന്ന് സൗഹൃദത്തോടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു.

 

“ഹലോ… എന്താടോ താനിങ്ങനെ മരവിച്ച് ഇരിക്കുന്നത്….? എന്നെ ആദ്യം കാണുന്നതുപോലെ” ഒരു കള്ളച്ചിരി അപ്പോഴും അയാളുടെ മുഖത്ത് മിന്നി മറഞ്ഞു.

 

“എന്തു വിഡ്ഢിത്തമാണ് അയാളുടെ ചോദ്യം…”

 

“ആദ്യം തന്നെയാണല്ലോ നമ്മൾ കാണുന്നത്..” അവളുടെ സ്വരത്തിൽ കാർക്കശ്യം കലർന്നിരുന്നെങ്കിലും അയാൾ അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഇനി തന്‍റെ ശബ്ദം പുറത്തുവന്നില്ലെന്നുണ്ടോ…? ഗായത്രി ഒരു വേള സംശയിച്ചു. തല ഉയർത്തി അയാളെ നോക്കി. അപ്പോൾ അയാളുടെ കൺകോണുകളിൽ വല്ലാത്തൊരു മൃഗീയത ഒളിഞ്ഞിരിക്കുന്നതായി അവൾ സംശയിച്ചു. അയാൾക്കു ചുറ്റും തിളങ്ങി നിൽക്കുന്ന ഒരു പ്രഭാവലയം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.

 

എന്തിനായിരിക്കും അയാളുടെ പുറപ്പാട്? താൻ കരുതുന്നതുപോലെ ഒരു അവിവേകിയുടെ തലത്തിലേക്ക് അയാളിപ്പോൾ താണാൽ…? അയാൾക്ക് ഒന്നും നഷ്ടപ്പെടാനോ ഭയപ്പെടാനോ ഇല്ലായിരിക്കാം…! എന്നാൽ തന്‍റെ കാര്യം അങ്ങനെയല്ലല്ലോ…തന്‍റെ കുടുംബം, കുട്ടികൾ, ബന്ധുക്കൾ..! അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരുന്നു.

 

“എന്നെ ഇതുവരെ താൻ കണ്ടിട്ടില്ലേ…?” ഒതുക്കി വെയ്ക്കാനാവാത്ത കോപം അയാളുടെ സ്വരത്തിൽ നിറഞ്ഞിരുന്നു.

 

വിചിത്രമായ എന്തെല്ലാം തട്ടിപ്പുകളെക്കുറിച്ചാണ് ദിവസവും പത്രത്തിൽ വായിക്കുന്നത്. ആരെയും വിശ്വസിക്കരുതെന്ന് തോന്നിപ്പിക്കുന്ന വാർത്തകളും സംഭവകഥകളുടെ വിവരണവും റണ്ണിംഗ് കമന്‍ററിയിലെന്നോണം ഗായത്രിയുടെ ശ്രവണപുടത്തിൽ പതിച്ച് ചടുതലയാർന്ന രൂപങ്ങളായി അവളുടെ കണ്മുമ്പിൽ നൃത്തമാടി… അവൾ വല്ലാതെ തളർന്നു തുടങ്ങിയിരിക്കുന്നു. അയാളാകട്ടെ അവിടെ കിടന്നിരുന്ന കസേര അവളുടെ അടുത്തേക്ക് നീക്കിയിട്ട് അതിലിരുന്നു. ഒരിക്കലും താൻ കണ്ടിട്ടില്ലാത്ത ഈ മനുഷ്യൻ എന്തിനാണ് ഇത്ര സ്വാതന്ത്യ്രമെടുക്കുന്നത്?

 

ഗായ്രതിക്ക് അവിടെ നിന്നെഴുന്നേറ്റ് അകത്തെ മുറിയിലേക്കു പോകണമെന്നുണ്ടായിരുന്നു. എന്നാൽ അടുത്ത നിമിഷം അവൾ അവിടെത്തന്നെ അമർന്ന് ഇരുന്നു. ഇപ്പോൾ എഴുന്നേറ്റ് അകത്തേക്ക് പോയാൽ തീർച്ചയായും അയാൾ തന്നെ പിന്തുടരും. താനൊഴികെ മറ്റാരുമില്ലാത്ത ഈ വീടിന്‍റെ ഏകാന്തതയിൽ അകത്തെ നിശബ്ദതയെ കീറിമുറിച്ച് അയാൾ തന്നെ കീഴടക്കാൻ ശ്രമിച്ചാൽ…!

 

നിത്യമെന്നോണം പത്രത്തിൽ വരുന്ന ഇത്തരം ഭീകരമായ വാർത്തകൾക്കായി രക്‌തദാഹിയായ പിശാചിനെപ്പോലെ കാത്തിരിക്കാറുള്ളത് അവൾ ഓർത്തു. പത്രത്തിന്‍റെ നാലാം പേജ് ആർത്തിപൂണ്ട ഒരു പലഹാരമെന്നോണമാണ് ഓടിച്ചുനോക്കാറുള്ളത്. ഭയം കലർന്ന ഒരാവേശം തന്നെയാണ് അത്തരം വാർത്തകളോട് തോന്നാറുള്ളത്. ഗായത്രിയെ അദ്ഭുതപ്പെടുത്തി. കൊലയ്ക്കും പീഡനത്തിനുമൊന്നും ഇക്കാലത്ത് പ്രായഭേദമില്ലല്ലോ എന്ന അറിവിൽ വെന്ത് അവൾ പകച്ചു നിന്നു.

 

ഇത്തരം പത്രവാർത്തകളിൽ അവലംബിച്ചുകണ്ടിട്ടുള്ള അതേ രീതിയിലാണ് ഇയാളും പെരുമാറുന്നത്…! അടുത്ത പടി അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന ചിന്തയിൽ അവൾ അയാളെത്തന്നെ നോക്കി നിന്നു. പട്ടാപ്പകൽ വീട്ടമ്മ മാത്രമുള്ള വീട്ടിൽ സുപരിചതനെപ്പോലെ കടന്നുവന്ന് വീട്ടിമ്മയെ മാനഭംഗപ്പെടുത്തി കടന്നു കളഞ്ഞ വിരുതനെക്കുറിച്ച് ഈ അടുത്ത ദിവസമാണ് പത്രത്തിൽ വായിച്ചത്. ഇയാളായിരിക്കുമോ അയാൾ…?

 

ഒന്നു വിളിച്ചാൽ പോലും ആരും കേൾക്കില്ല. ഉച്ചച്ചൂടിൽ കതകടച്ച് കിടന്നു മയങ്ങുന്ന അയൽക്കാർ..! ജോലി കഴിഞ്ഞ് പുറകുവശത്തെ വരാന്തയിലിരുന്ന് സ്വന്തം കുടുംബത്തെക്കുറിച്ചോർക്കുന്ന ജോലിക്കാരി… ഈ നേരം ഓരോരുത്തരും അവരവരുടേതായ സ്വകാര്യതകളിലായിരിക്കും.

 

“മുകളിലെ ഹാളിൽ നിന്നും നോക്കിയാൽ താഴെ സോഫയിലിരിക്കുന്ന അയാളെ തനിക്ക് നന്നായി കാണാം. എപ്പോഴാണ്? മുകളിലെ ഹാളിൽ തന്‍റെയടുത്ത് കസേരയിട്ട് ഇരിക്കുകയായിരുന്നല്ലോ അയാൾ…! ദിശതെറ്റി മാത്രം സഞ്ചരിക്കുന്ന ഒരു യാത്രക്കാരനെപ്പോലെയാണ് ഇപ്പോൾ തന്‍റെ മനസ്സ്…!” ഗായത്രി ഓർത്തു.

 

വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ള തന്നെപ്പോലെ ഒരു സ്ത്രീക്ക് ഇത്തരം ഭയവും ചിന്തകളുമൊക്കെ തികച്ചും അനാവശ്യമാണ്. പക്ഷേ ഇവിടെ ഇപ്പോൾ ചിന്തയല്ലല്ലോ. അജ്‌ഞാതനായ അയാൾ ഏതു നിമിഷം വേണമെങ്കിലും തന്‍റെ നേരെ ചാടി വീഴാം. അതുമല്ലെങ്കിൽ നയത്തോടെ പറഞ്ഞ് തന്നെ സ്വയം അയാളിലേക്ക് ആകർഷിക്കാം!

 

ആണിഷ്ടങ്ങൾക്ക് വിധേയരാവേണ്ടവരാണ് സ്ത്രീകൾ എന്ന പുരുഷധാരണ മാറ്റി എടുത്തേ പറ്റൂ. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാനുള്ള കീഴാളവർഗ്ഗമാണ് സ്ത്രീകളെന്ന് ഇയാൾ ധരിച്ചുവച്ചിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ ഈ വലിയ വീട്ടിൽ തനിക്കൊറ്റയ്ക്ക് എങ്ങനെ ചെറുത്തുനിൽക്കാ നാവും.

 

ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഭീകരമായരൊന്തരീക്ഷം സൃഷ്ടിക്കാനാവുമെന്ന് ഗായത്രിക്ക് ആദ്യമായി ബോദ്ധ്യപ്പെടുകയായിരുന്നു. ബഹളം വെച്ച് അയൽക്കാരുടെ ശ്രദ്ധയാകർഷിക്കാമെന്ന ചിന്ത ഗായത്രി സ്വയം നിയന്ത്രിക്കുകയാണുണ്ടായത്. നാളെ പ്രചരിക്കാനിടയുള്ള കള്ളക്കഥകൾക്ക് വഴിയൊരുക്കേണ്ടതില്ല എന്ന ബോധം അവളെ പിന്തിരിപ്പിക്കുകയായിരുന്നു.

 

തുറന്നു കിടക്കുന്ന ജനലിലൂടെ പുറത്തെ വെയിലിലേക്ക് നോക്കി നിൽക്കവേ മൃഗതൃഷ്ണയിലെന്നവണ്ണം നിരവധി രൂപങ്ങൾ അവൾക്കുനേരെ നടന്നടുക്കുകയും അടുത്തനിമിഷം അപ്രത്യക്ഷമാവുകയും ചെയ്തു. രസകരമായ ആ കാഴ്ചയിൽ കണ്ണുകളുടക്കി നിൽക്കാനായത് അവൾക്ക് അൽപം ആശ്വാസം പകർന്നു. ഒരു മായാവലയത്തിൽ അകപ്പെടുത്തി തന്നെ കീഴ്പ്പെടുത്താനുള്ള അവസാന ശ്രമമാണോ അയാളുടേത്..?

 

തീപോലെ പൊട്ടിത്തെറിക്കുന്ന വെയിൽ താണ്ടി ഇപ്പോൾ ആരും ഇവിടേക്കുവരില്ലെന്ന് അയാൾക്കറിയാം. ഗാഢമായ ചിന്തയിലമർന്ന് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുകയാവാം. അവൾ നോക്കിനിൽക്കേ എന്തോ ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിട്ടെന്നവണ്ണം ഇപ്പോൾ ഇരിക്കുന്നയിടത്തുനിന്ന് അയാൾ സാവധാനം എഴുന്നേറ്റു. തുറന്നുകിടക്കുന്ന പുറത്തേക്കുള്ള വാതിൽ ശബ്ദമുണ്ടാക്കാതെ അടച്ചു. അയാളുടെ ചലനങ്ങളിൽ ഭീകരമായൊരു ഏകാഗ്രത മുഴച്ചുനിന്നിരുന്നു.

 

ഏതു മനുഷ്യനിലും ഒരു മൃഗം ഉറങ്ങിക്കിടപ്പുണ്ട്. ഇന്നലെ ടിവിയിൽ കണ്ട സീരിയലിലെ രംഗങ്ങൾ ഗായത്രിയുടെ മനസ്സിലേക്കോടി എത്തി. അയാൾ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളമെടുക്കാൻ നായിക അടുക്കളയിലേക്ക് പോവുകയാണുണ്ടായത്. ഒരിക്കലും അവൾ അങ്ങനെ ചെയ്യരുതായിരുന്നു എന്ന് ആ നിമിഷം തനിക്ക് തോന്നിയതാണ്… പക്ഷേ തോന്നലിന് എന്തു പ്രസക്‌തി…!

 

തന്‍റെ കുടുംബം ഭർത്താവ് കുട്ടികൾ എല്ലാം എത്രയോ അപരിചിതരായി കഴിഞ്ഞിരിക്കുന്നു ഇപ്പോൾ… അയാൾ കുറേ നേരമായി തന്നെ ഉറ്റുനോക്കിയിരിക്കുകയാണ്. അയാളുടെ കണ്ണുകളിൽ ഇടിമിന്നലുകൾ തിളങ്ങുന്നത് വ്യക്‌തമായി കാണാം. ഈ നാല് ചുവരുകൾക്കുള്ളിൽ ഭീകരമായ നിശബ്ദത വാളോങ്ങി നിൽക്കുന്നത് തനിക്കനുഭവപ്പെടുന്നുണ്ട്. നെഞ്ചിടിപ്പ് തായമ്പകയായി തലച്ചോറിൽ പ്രതിധ്വനിച്ചു. കൈകാലുകൾ തളർന്ന് ശരീരം വിറപൂണ്ട് തറയിൽ വീഴുകയായിരുന്നു. തീവ്രശ്രമം നടത്തിയിട്ടും കണ്ണുകൾ തുറക്കാനാവുന്നില്ല. ആരാണ് തന്നെ താങ്ങിയിരിക്കുന്നത്..?

 

“എന്നെ വിടൂ… പ്ലീസ്… എന്നെ വിടൂ.” ഗായിത്രി ഉച്ചത്തിൽ കരഞ്ഞു.

 

“ഗായത്രി… എന്തുപറ്റി?” ആകാംക്ഷയോടെയുള്ള സ്വരം… ഇതാരുടെയാണ്? തലക്കുപുറകിൽ മൃദുവായ കരസ്പർശം. എന്തായാലും അയാൾ അല്ല..! നനുത്ത തലോടലേറ്റ് കുളിർക്കാറ്റിലെന്ന പോലെ മനസ്സ് ശാന്തമായിത്തുടങ്ങിയിരിക്കുന്നു.

 

പതുക്കെ കണ്ണ് തുറന്നപ്പോൾ മുമ്പിൽ അനിയേട്ടൻ… വിഷണ്ണനായി തന്നെത്തന്നെ നോക്കിനിൽക്കുകയാണ്.

 

“പേടിപ്പിച്ചു കളഞ്ഞല്ലോ… എന്തേ ഉണ്ടായത്?”

 

“ഞാനും അതു തന്നെയാ ചോദിക്കുന്നത്…” മറുചോദ്യത്തിൽ അനിയേട്ടൻ നിശബ്ദനായി.

 

ചിതറിപ്പോയ ഓർമ്മകൾ കൊളാഷ് പോലെ മനസ്സിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിച്ചു കിടന്നു.

 

കടുത്തവെയിൽ വകഞ്ഞുമാറ്റി വന്ന കരുത്തനായ സന്ദർശകനെ ഒരു നോക്കു കാണാനായി ഗായത്രി ചുറ്റും നോക്കി…

 

“അയാൾ? ഈ മുറിയിൽ ഉണ്ടായിരുന്നല്ലോ… എന്നിട്ടെവിടെ..?”

 

“ആര് വരാൻ…? നീ എന്തൊക്കെയാ പറയുന്നത്?” ഗായത്രി കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെ പരിഭ്രമത്തോടെ ഭർത്താവിനെ നോക്കി…

 

“ഞാൻ കണ്ടതാണ്… അനിയേട്ടൻ വരുന്നതിനുമുമ്പ് അയാൾ ഈ മുറിയിൽ ഉണ്ടായിരുന്നു… എന്‍റെ അടുത്തേക്ക് പതുക്കെ നടന്നുവരുന്നത് ഞാൻ കണ്ടതാണ്…”

 

ഭാര്യയുടെ ഭ്രാന്ത് പറച്ചിൽ അനിലിനെ വല്ലാതെ അസ്വസ്ഥനാക്കിക്കഴിഞ്ഞിരുന്നു. വന്നുവന്ന് ഇപ്പോൾ സ്വന്തം ഭർത്താവിനെപ്പോലും ജാരനായി അവൾ കാണാൻ തുടങ്ങിയിരിക്കുന്നു. തികട്ടി വരുന്ന കോപമടക്കി അയാൾ ശാന്തനായി പറഞ്ഞു.

 

“വൈകുന്നേരം മുതൽ പാതിര വരെ ടിവിക്കുമുന്നിലിരുന്ന് കാണുന്ന സീരിയലുകൾ തന്‍റെ തലയ്ക്കകത്ത് പ്രതി പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്… ഓരോന്നു ചിന്തിച്ചുണ്ടാക്കി മനുഷ്യരെ ഭ്രാന്ത് പിടിപ്പിച്ച്…” ഒരിട നിർത്തി വീണ്ടും തുടർന്നു.

 

“ഹാലൂസിനേഷൻ എന്നാണ് ഇതിനു പറയുക… മതിവിഭ്രമം. ഇല്ലാത്തതൊക്കെ ഉണ്ടെന്നു തോന്നുക… ചികിത്സ വേണ്ടിവരും… ഒരന്യ പുരുഷൻ തന്നോടൊപ്പം കിടപ്പുമുറിയിൽ ഉണ്ടായിരുന്നു എന്നൊക്കെ ഭാര്യ പറഞ്ഞാൽ കേട്ടു നിൽക്കാൻ അസാമാന്യ ക്ഷമ തന്നെ വേണം…” അയാൾ പല്ലിറുമ്മി.

 

തന്‍റെ ഭാര്യയുടെ മാനസികനില പരിതാപകരമാണെന്ന് അനിലിന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഈയിടെയായി വളരെയേറെ മാറ്റങ്ങൾ അവളിൽ കാണുന്നുണ്ട്. മിക്കപ്പോഴും മറ്റാരോ അവളോടൊപ്പം ഉള്ളതുപോലെയാണ് പെരുമാറ്റം. തന്നെ കണ്ടാൽ പോലും അപരിചിതനോടെന്ന പോലുള്ള നോട്ടവും പെരുമാറ്റവും. തന്‍റെ ഭാര്യക്കെന്തുപറ്റി? ഇത്തരം പെരുമാറ്റ രീതി തുടരുകയാണെങ്കിൽ ഏതെങ്കിലും സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും. അനിൽ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

 

ഇതിനിടെ കാര്യങ്ങൾ കുറേക്കൂടി ഭീകരമാവുകയായിരുന്നു. സദാ ഗായത്രിയെ മോഹിച്ചും മോഹിപ്പിച്ചും ഒരാൾ ഈ വീടിനുള്ളിൽ അവളുടെ ഏകാന്തവേളകളിൽ കൂടെ കഴിയുന്നു എന്നു പറഞ്ഞാൽ… ഏതു ഭർത്താവിനാണ് അതുൾക്കൊള്ളാനാവുക?

 

തുടക്കത്തിൽ ലാഘവത്തോടെ കാണാൻ കഴിഞ്ഞിരുന്ന കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഭവം വളർന്നു വലുതായി തന്‍റെ ഗൃഹാന്തരീക്ഷത്തെ മുഴുവൻ കലുഷമാക്കാൻ തരത്തിലായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. എന്തെങ്കിലും നടപടികൾ സ്വീകരിച്ചേ പറ്റൂ… പക്ഷേ എന്ത്? എങ്ങനെ! നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അനിലിനെ വേട്ടയാടി.

 

ഒടുവിൽ എടുക്കാത്ത നാണയം പോലെ… ചെലവഴിക്കാൻ ദുഷ്ക്കരമായ ഒരു സായാഹ്നത്തിൽ അവർ സൈക്യാട്രിസ്റ്റിന്‍റെ അടുത്തെത്തുകയായിരുന്നു. നിരവധി കൂടിക്കാഴ്ചയിലൂടെ മനസ്സിന്‍റെ നേരിയ ഇഴകൾ വേർപിരിച്ചെടുക്കുന്നതിനിടയിലാണ് ഗായത്രിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നിരുന്ന ചില ഭയപ്പാടുകൾ ഡോക്ടർക്ക് കണ്ടെത്താനിടയായത്.

 

കേട്ടുകേൾവികളിൽ നിന്നോ വായിച്ച പുസ്തകങ്ങൾ കണ്ട സീരിയലുകൾ സിനിമകൾ എന്നിവയിൽ നിന്നോ ഒക്കെ മനസ്സിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിച്ചുവളർന്ന ചിന്തകളാവാം ഈ പ്രത്യേക മാനസികാവസ്ഥയിലേക്ക് ഹേതുവായത്. എപ്പോൾ എവിടെ വച്ചും ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ് സ്ത്രീ ശരീരമെന്ന അറിവ് എപ്പോഴോ എങ്ങനെയൊ അവളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

 

വൃത്തിയുള്ള ചുവരിൽ പോറിയിട്ട വികൃതമായ വരകൾ പോലെ..! ഗായ്രതിയുടെ മനസ്സ് രചിച്ച തിരക്കഥക്കനുസരിച്ച് ചലിക്കുന്ന കഥാപാത്രം മാത്രമായി അവൻ മാറുകയായിരുന്നു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഗായത്രിക്കത് ഉൾക്കൊള്ളാനായില്ല. തന്നെ വിടാതെ പിന്തുടരുന്ന രൂപം കാറ്റിൽ ചലിക്കുന്ന ഇലകളിൽ പോലും ഒളിഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി.

 

ഹാലൂസിനേഷൻ അഥവാ മതിവിഭ്രമം എന്ന ഭീകരമായ അവസ്ഥയിലാണ് ഇപ്പോൾ ഗായത്രി എന്ന് ഡോക്ടർ കണ്ടെത്തിക്കഴിഞ്ഞിരുന്നു. സ്വന്തം ഭർത്താവ് പോലും അത്തരമൊരു കഥാപാത്രം മാത്രമായി മാറിക്കഴിഞ്ഞിരുന്നു. സ്വയം മനസ്സിൽ മെനഞ്ഞുണ്ടാക്കിയ ഒരു ലോകത്ത് സംഘർഷത്തിന്‍റെയും ഭയത്തിന്‍റെയും കടന്നാക്രമണങ്ങളെ നേരിടാൻ ആവാതെ ഗയത്രി പതറിയിരിക്കുക പതിവായി.

ഏതാനും നാളത്തെ നീണ്ട സിറ്റിംഗുകൾക്ക് ശേഷമാണ് ഡോക്ടർക്ക് ഗായത്രിയുടെ മനസ്സ് കീഴടക്കിയിരുന്ന ഭീതി കണ്ടെത്താനായത്. നിരന്തരം കാണുന്ന ടിവി സീരിയലുകൾ അവളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു…! ആ കഥാപാത്രങ്ങൾ നേരിടുന്ന ദുരന്തങ്ങൾ തന്‍റേതായി മാറുകയും അവൾ അതിൽ അഭിരമിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക മാനസികാവസ്ഥയ്ക്ക് അവൾ അടിമപ്പെടുകയായിരുന്നു.

 

നിരന്തരമായ സിറ്റിംഗിലൂടെ ഗായത്രിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നിരുന്ന പല സംഭവങ്ങളും അസംഭവ്യങ്ങളായിരുന്നു എന്ന തിരിച്ചറിവ് നൽകി, ഗായത്രിയിൽ ഒരു പുതുജന്മം ഡോക്ടർ വീണ്ടെടുക്കുകയായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...