മുടികൊഴിച്ചിലും താരനും അകാലനരയും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അടുക്കളയിൽ തന്നെ അതിനു പരിഹാരം ഉണ്ട്. നിത്യവും ഭക്ഷണമുണ്ടാകുമ്പോൾ ഉപയോഗിക്കുന്ന കറിവേപ്പില മതി, മുടിയുടെ കാര്യം ഓക്കെയാക്കാൻ. ഭക്ഷണത്തിനു രുചി പകരാൻ മാത്രമല്ല, മുടിയഴക് വർദ്ധിപ്പിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഫലവത്താണ് കറിവേപ്പില. മാർക്കറ്റിൽ അധികവും ലഭിക്കുന്നത് വിഷം തളിച്ച കറിവേപ്പിലയാവും. അതിനാൽ നാടൻ കറിവേപ്പില തന്നെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അടുക്കള മുറ്റത്തോ ബാൽക്കണിയിലോ കറിവേപ്പില നട്ടാൽ ആവശ്യത്തിനു ഇല പൊട്ടിച്ചെടുക്കാനാവും. കറിവേപ്പില ഉപയോഗിച്ചുള്ള മുടിയുടെ സൗന്ദര്യ കൂട്ടുകൾ അറിയാം.

  • കറിവേപ്പിലയും കറ്റാർവാഴയും മിക്‌സിയിൽ ഇട്ട് അടിച്ച ശേഷം ചൂടാക്കിയ വെളിച്ചെണ്ണയിലേയ്ക്ക് ഇട്ട് അരമണിക്കൂർ മൂടി വയ്ക്കുക. ഇരുമ്പു ചട്ടിയിൽ ചെയ്യുന്നതാണ് ഫലപ്രദം. തണുത്ത ശേഷം കുപ്പിയിൽ നിറച്ച് നിത്യവും കുളിക്കുന്നതിനു മുമ്പ് സ്കാൽപ്പിൽ തേച്ചു പിടിപ്പിക്കാം. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. നല്ല കറുപ്പ് കിട്ടും, കൊഴിച്ചിൽ നിൽക്കും.
  • കറിവേപ്പില, ചെറിയ ഉള്ളി, ബ്രഹ്മി എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചിയെടുക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ തേച്ച് കുളിക്കാം. താരനും കൊഴിച്ചിലും അകലും.
  • കാൽ കപ്പ് കറിവേപ്പില അരച്ചതിൽ രണ്ട് വലിയ സ്പൂൺ തൈര് ചേർത്തു ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് ചെറുപയർ പൊടിയോ മൈൽഡ് ഷാംപുവോ തേച്ച് കഴുകി കളയാം. നൈസർഗീകമായി മുടി വളരും. തിളക്കവും നിറവും ലഭിക്കും. ആഴ്ചയിൽ ഒരു ദിവസം ചെയ്യുക.
  • കറിവേപ്പിലയും (ഒരു കപ്പ് നിറയെ) ഉലുവയും (രണ്ട് ടേബിൾ സ്പൂൺ) മൈലാഞ്ചി ഇലയും (ഇരുപതെണ്ണം) അരലിറ്റർ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കാം. ഈ എണ്ണ ആഴ്ചയിൽ രണ്ടു ദിവസം ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തല കഴുകാം. മുടിയ്ക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും ലഭിക്കും. പുതിയ കരുത്തുള്ള മുടി കിളിർത്തു വരും.
  • 15 കറിവേപ്പില അരച്ചെടുക്കുക. ഈ കറിവേപ്പില പേസ്റ്റിൽ 4 വലിയ സ്പൂൺ തൈരും ഒരു വലിയ സ്പൂൺ ഉലുവപ്പൊടിയും ചേർക്കുക. ഈ കൂട്ട് നന്നായി മിക്സ് ചെയ്‌ത ശേഷം ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം താളിയോ ചെറുപ്പയർപ്പൊടിയോ മൈൽഡ് ഷാംപുവോ കൊണ്ട് കഴുകി കളയുക. ആഴ്ചയിൽ ഒരു ദിവസം ഈ മാസ്ക് പുരട്ടിയാൽ മുടി തഴച്ചു വളരും. ജലദോഷമുള്ള ദിവസങ്ങളിൽ ഈ മാസ്ക് പ്രയോഗിക്കരുത്.
  • ഒരു കപ്പ് കറിവേപ്പില അരച്ചതിൽ ഒരു ചെറുനാരങ്ങയുടെ പകുതി, മൂന്ന് വലിയ സ്പൂൺ തേങ്ങാപ്പാൽ ചെറിയ സ്പൂൺ തൈര് എന്നിവ ചേർത്ത് ഇളക്കിയ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകി വൃത്തിയാക്കുക. മുടി കൊഴിച്ചിലിനു പരിഹാരം ഉണ്ടാവും. മാസത്തിൽ നാലഞ്ചു തവണ ചെയ്യണം. നല്ല ഫലം കിട്ടും.
  • അടികട്ടിയുള്ള പാത്രത്തിൽ ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. ചെറുതീയിൽ ചൂടാക്കുക. ഇതിലേയ്ക്ക് കാൽകപ്പ് കറിവേപ്പില, കാൽകപ്പ് നെല്ലിക്ക (ചെറുകഷണങ്ങൾ ആക്കിയത്) ഒരു നുള്ള് ഉലുവ എന്നിവ ചേർക്കുക. നെല്ലിക്കയും മറ്റ് ചേരുവകളും ബ്രൗൺ നിറത്തിലാവുമ്പോൾ പാത്രം അടപ്പിൽ നിന്ന് ഇറക്കി വയ്ക്കുക. ഇരുപത്തിനാല് മണിക്കൂറിനു ശേഷം എണ്ണ അരിച്ചെടുത്ത് ഒരു കുപ്പിയിൽ സൂക്ഷിക്കാം. ഇതിൽ രണ്ടോ മൂന്നോ കുരുമുളക് ഇട്ടു വച്ചാൽ ദീർഘകാലം കേടാവാതെ നിൽക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ചാൽ നരയും താരനും കൊഴിച്ചിലും നിൽക്കും. മുടിയുടെ വളർച്ച വർദ്ധിക്കും.
और कहानियां पढ़ने के लिए क्लिक करें...