വികാസ് വീട്ടിലേക്ക് ഒരു നായ്‌ക്കുട്ടിയെ വാങ്ങിക്കൊണ്ടുവന്നു. സാധാരണ ആളുകൾ നായ്‌ക്ക് പേരിട്ട് വിളിക്കാറുണ്ട് എങ്കിലും, അതിനെ ജാഒന്നും നടത്താറില്ല. പക്ഷേ വികാസ് തന്‍റെ കുടുംബ പൂജാരിയെ വിളിച്ച് “ഹാപ്പി” എന്നു പേര് ചൊല്ലിക്കൊടുത്തു. ഗംഭീരമായി നാമകരണവും നടത്തി. ആ നായ്‌ക്കുട്ടിയുടെ വരവോടെ വീട്ടിൽ സമ്പത്തും സമൃദ്ധിയും വർദ്ധിക്കുമെന്ന് അയാൾ പ്രതീക്ഷിച്ചു. ഇതിനായി പ്രത്യേക പൂജകൾ ചെയ്‌തു!
പത്രങ്ങളിലും വെബ്‌സൈറ്റുകളിലും ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ അപൂർവമല്ല. വളർത്തുമൃഗങ്ങളോട് സ്‌നേഹം നല്ലതാണ്. പക്ഷേ ആ സ്‌നേഹം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കാൻ ആകുമ്പോഴാണ് അപകടമാകുന്നത്. വളർത്തുമൃഗങ്ങൾക്കും ജാതകം എഴുതിക്കുകയും നാമകരണം നടത്തുകയും ചെയ്യുന്നത് ചിലയിടങ്ങളിൽ ഒരു പ്രത്യേക കൾച്ചർ ആയി മാറ്റിയിരിക്കുകയാണ്. മനുഷ്യർ ഇക്കാലത്തും ജാതകത്തിലും ഗ്രഹദശകളിലും കുടുങ്ങിക്കിടക്കുകയാണ്. അതോടൊപ്പം മൃഗങ്ങളെ കൂടി ഉൾപ്പെടുത്താൻ തുടങ്ങി എന്നു പറയുമ്പോൾ കാലം മുന്നോട്ടാണോ പോകുന്നത് എന്ന് സംശയം തോന്നിയേക്കാം. ഇത്തരം അന്ധവിശ്വാസങ്ങളിൽ വിദ്യാഭ്യാസമുള്ളവർ, ഇല്ലാത്തവർ, സമ്പന്നർ, ദരിദ്രർ എന്ന ഭേദമൊന്നുമില്ല.
ഫ്രീലാൻസ് റൈറ്റർ ആയ വിഭൂതി തന്‍റെ വളർത്തുമൃഗത്തിന് ജാതകം എഴുതിച്ച് നാമകരണം പൂജയും നടത്തി. എന്നിട്ടും പോരാതെ വീട്ടിൽ തന്‍റെ സുഹൃത്തുക്കളേയും ബന്ധുക്കളെയും വിളിച്ച് പാർട്ടിയും നടത്തി. ഒരു എഴുത്തുകാരിയിൽ നിന്ന് തന്നെ ഇതുപോലൊരു നടപടി കാണുമ്പോൾ പൊതുസമൂഹം ഇതിനെ എങ്ങനെ ഉൾക്കൊള്ളുമെന്നോർക്കുക. ഇത്രയും പ്രബുദ്ധരായ വിഭാഗം ഈ വിധം ചെയ്യുമ്പോൾ ജ്യോതിഷക്കാർ ഇതു മുതലാക്കി ബിസിനസ് വർദ്ധിപ്പിക്കും. നമുക്കറിയാത്ത ഭാവിയെപ്രതി വിവരങ്ങൾ തേടുന്നതാണ് ജാതകം. ഇത് ഇന്ന് മിക്കവാറും അച്‌ഛനമ്മമാർ തങ്ങളുടെ കുട്ടികൾക്കായി എഴുതിക്കാറുണ്ട്. ഇതിൽ ദോഷങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പൂജാകളും ദാനദക്ഷിണകളും നടത്താൻ പ്രേരിപ്പിക്കും. ഇങ്ങനെ കുറെ പണം ചെലവാക്കുന്നതിന്‍റെ കൂടെ ഇപ്പോൾ കടന്നുവന്നു മറ്റൊരു അനാവശ്യ ചെലവാണ് വളർത്തുമൃഗങ്ങൾക്കും ജാതകം കുറിക്കുന്ന രീതി. എന്നാൽ ഇത്തരം ചെലവുകളെ അനാവശ്യമായി അന്ധവിശ്വാസികൾക്ക് കാണാൻ കഴിയില്ല എന്ന യാഥാർത്ഥ്യത്തിലാണ് ജ്യോതിഷ വ്യവസായികൾ.
വളർത്തു മൃഗങ്ങൾക്ക് പേരിടുമ്പോഴും അവയ്‌ക്ക് ജാതകം കുറിച്ച് ദോഷപരിഹാരം ചെയ്യുമ്പോഴും വീട്ടിൽ സന്തോഷവും സമ്പത്തും വർദ്ധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ജനിച്ച ദിവസവും നാളും നോക്കിയാണ് മൃഗത്തിനും പേരിടൽ കർമ്മം നിർവ്വഹിക്കാറുള്ളതെന്ന് അസ്‌ട്രോളജർ ദീപക് ഗംഗലേ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് മൊത്തത്തിൽ ശുഭകരമാണ് എന്നാണ് അവർ കരുതുന്നത്. ഒരു മനുഷ്യന് ജാതകം നോക്കി പേരിടാമെങ്കിൽ മൃഗത്തിനും ഇങ്ങനെ പേരിടുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ദീപക് പറയുന്നത്.
സരികയുടെ വീട്ടിൽ പിറന്ന നായ്ക്കുട്ടിക്ക് ഓസ്‌കർ എന്നാണ് പേരിട്ടത്. ഈ പേര് കുടുംബത്തിൽ ധനം വർദ്ധിപ്പിക്കും എന്നായിരുന്നു അവരുടെ ചിന്ത. പക്ഷേ 2 മാസത്തിനകം ഓസ്‌കറിന് ഒരു അപകടം പറ്റി പിന്നീട് അതൊന്നു ശരിയാക്കിയെടുക്കാൻ ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നു. വീടിന്‍റെ ബാൽക്കണിയിൽ നിന്ന് താഴെ വീണ് പരിക്കേറ്റിട്ട് 6 മാസമെടുത്തു. എന്തായാലും ഇതിന്‍റെ പേരിൽ സരിക ശരിക്കും കഷ്‌ടപ്പെട്ടു. ധനനഷ്‌ടവും സമയനഷ്‌ടവും യഥേഷ്‌ടം സംഭവിച്ചു. ഇതിൽ നിന്നെല്ലാം ഒരു കാര്യം സുവ്യക്‌തമാണ്. പണക്കൊതിയന്മാരായ ജ്യോതിഷന്മാരും പൂജാരികളും ആളുകളുടെ മാനസിക വ്യാപാരങ്ങളെ ദുരുപയോഗം ചെയ്‌ത് കാശുണ്ടാക്കുകയാണ്.
പെറ്റ് ഹൊറോസ്‌കോപ്പ് എന്ന രീതിയിലൂടെ വളർത്തുമൃഗങ്ങളുടെ വ്യക്‌തിത്വം, മൂഡ്, സ്വഭാവം ഇതെല്ലാം മനസിലാക്കാൻ കഴിയുമെന്നാണ് ലീസാ സ്‌റ്റാർഡസ്‌റ്റ് പറയുന്നത്. അവയുടെ വികാരവിചാരങ്ങൾ, എന്തെല്ലാം രോഗത്തിനു സാധ്യതയുണ്ട് ഇതെല്ലാം ജാതകത്തിലൂടെ അറിയാമെന്നാണ് ലിസ പറയുന്നത്. ഓരോ പെറ്റിനും സോഡിയാക്‌സൈൻ ഉണ്ട്.
അസ്‌ട്രോളജിയ്‌ക്കൊപ്പം സോഡിയാക്സൈനും വളരെ പ്രാധാന്യമുണ്ടെന്നാണ് അസ്‌ട്രോളജർ ദീപക് ഗംഗലെ പറയുന്നത്. അതായത് മനുഷ്യരിലേതുപോലെ തന്നെയാണ് ഇവരുടെ സോഡിയാക് സൈനും!
വളർത്തു മൃഗങ്ങൾ, പക്ഷികളുടെ ജന്മനക്ഷത്രം, സമയം, ദിവസം ഇതൊക്കെ അറിയണമെങ്കിൽ അതിനും വഴിയുണ്ട്. വളർത്തുന്ന ആളുടെ വീട്ടിൽ മൃഗം-പക്ഷി പ്രവേശിക്കുന്ന സമയം വച്ചാണ് ജാതകം എഴുതുന്നത്. ജന്മനക്ഷത്രമനുസരിച്ച് ഓരോ മനുഷ്യന്‍റെയും സ്വഭാവവും ഭാഗ്യനിർഭാഗ്യങ്ങൾ ഗണിക്കുന്നതുപോലെ മൃഗങ്ങളുടെയും കണക്കാക്കാമത്രേ! കുടുംബത്തിലെ അംഗമായി കണക്കാക്കിയാണ് ഈ രീതിയിൽ ഗണിക്കുന്നത്.
പക്ഷേ പഴയതും പോപ്പുലറുമായ പേരുകളായ ജാക്കി, ടോമി ഇതിനൊക്കെ പകരമായി അവനി, അഥർവ്, അഗ്നി, മോക്ഷ് ഇങ്ങനെയൊക്കെയാണ് ഇപ്പോൾ മൃഗങ്ങൾക്ക് പേരിടുന്നത്. പേരിന്‍റെ പ്രഭാവം മൃഗത്തിനും ഉണ്ടാവുമെന്നാണ് വിശ്വാസം. പാവം വളർത്തുമൃഗങ്ങൾ, ഇങ്ങനെ ഓരോതരം അന്ധവിശ്വാസങ്ങൾ ഈ നവയുഗത്തിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പണക്കാരും വിദ്യാഭ്യാസമുള്ളവരും ഈ മായാവലയത്തിൽ പെട്ടുപോകുമ്പോൾ സാധാരണക്കാരുടെ കാര്യം മറിച്ചാവില്ല. വളർത്തുമൃഗങ്ങളുടെ ജാതകക്കുറിപ്പ് മോശമാണെങ്കിൽ ഇവയെ നാടുകടത്തുകയോ കൊന്നുകളയുകയോ ചെയ്യാനും മടിക്കാത്തവരുണ്ട്. ഇതൊക്കെ ആരോഗ്യകരമായ മനോനിലയുള്ള ഒരു സമൂഹത്തെയല്ല ചൂണ്ടിക്കാട്ടുന്നത്. മൃഗങ്ങളോടും സ്നേഹം വേണം. അത് സ്വാർത്ഥലാഭം ലക്ഷ്യമാക്കിയുള്ള അന്ധവിശ്വാസം ആകരുത്.