കുറ്റകൃത്യങ്ങൾ തടയാനും ജീവിതം സുരക്ഷിതമാക്കാനും ദൈനംദിന ജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ സാധിക്കും. അതേക്കുറിച്ചുള്ള ധാരണയ്ക്കായി പോലീസ് നൽകുന്ന ടിപ്സുകൾ മനസ്സിലാക്കി വയ്ക്കാം.

മോഷണം തടയാം

ഇന്ന് ഏറ്റവും കൂടുതൽ നടക്കുന്ന കുറ്റകൃത്യം ഏതെന്നു ചോദിച്ചാൽ സംശയിക്കേണ്ട, അത് ചെറുതും വലുതുമായ മോഷണങ്ങൾ തന്നെയായിരിക്കും. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗ്ഗമായിട്ടാണ് മോഷണത്തെ ഉപയോഗിക്കുന്നത്. ചെറുപ്പക്കാരായ പുരുഷന്മാരാണ് കൂടുതലായും ഇത്തരം പ്രവൃത്തികളിൽ കൂടുതൽ വ്യാപൃതരാകുന്നത് എന്ന് കേസുകൾ നോക്കിയാൽ മനസ്സിലാക്കാം. ചെറുതും വിലപിടിച്ചതും പെട്ടെന്ന് പണമാക്കി മാറ്റാനും കഴിയുന്ന സാമഗ്രികളോടാണ് കള്ളന്മാർക്ക് കൂടുതൽ പ്രിയം. മിക്ക മോഷണങ്ങളും നടന്നിട്ടുള്ളത് വീട്ടുകാർ വീട് അടച്ചുപൂട്ടി എവിടെയെങ്കിലും പോയ വേളകളിലാണ്. പകലായാലും രാത്രിയായാലും മോഷണം നടത്താൻ അവർ മടിക്കില്ല. മോഷണം നടത്തുന്നതിന് മുമ്പ് കള്ളൻ വീടും പരിസരവും സൂക്ഷ്മമായി നിരീക്ഷിക്കും. എളുപ്പത്തിൽ കടന്നുകയറാൻ പറ്റിയതും മറവ് ഉള്ളതും എളുപ്പം രക്ഷപ്പെടാൻ കഴിയുന്നതുമായ വീടുകൾ കള്ളന്മാരുടെ ലിസ്റ്റിലുണ്ടെന്നോർക്കുക. അതിനാൽ വീട്ടിലെ മോഷണം തടയാൻ ചില കാര്യങ്ങൾ മനസ്സിലാക്കി വയ്ക്കുക.

  • പകൽ സമയത്തും വീടിന്‍റെ വാതിലുകളും ജനാലകളും അടച്ചിടുക. സൈഡ് ഡോറുകൾ ലോക്ക് ചെയ്യാനും മെയിൻ ഡോർ ബോൾട്ട് ചെയ്യാനും മറക്കണ്ട.
  • വീട്ടിൽ നിന്ന് അകന്നു മാറി നിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ അയൽപക്കത്ത് അറിയിക്കുക. വീട്ടിൽ നിന്ന് പുറത്തേക്കുള്ള ഭാഗത്ത് വെളിച്ചം ലഭ്യമാക്കുക.
  • വീടിനുള്ളിൽ വലിയ തുക, ആഭരണങ്ങൾ ഇതൊന്നും സൂക്ഷിച്ചു വയ്ക്കരുത്.
  • ഗ്ലാസ് പാനൽസ് ഡോറുകൾക്കും ജനാലകൾക്കും ഗ്രില്ലുകൾ ഉറപ്പിക്കുക.

വ്യക്‌തി സുരക്ഷയ്ക്ക്

  • വീട്ടിൽ തനിച്ചിരിക്കുന്ന സമയത്തും അസമയത്തും പ്രത്യേകിച്ച് കോളിംഗ് ബെൽ കേട്ട് ഓടിച്ചെന്ന് വാതിൽ തുറക്കരുത്. വാതിൽ തുറക്കുന്നതിനു മുമ്പ് സന്ദർശകൻ ആരാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
  • സന്ദർശകർ വരുമ്പോൾ കുട്ടികളെ വിട്ട് വാതിൽ തുറന്നു നോക്കാൻ ശ്രമിക്കരുത്.
  • കമ്പനികളുടെ, സ്ഥാപനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ വരുന്ന സന്ദർശകരോട് ഐഡന്‍റിറ്റി കാർഡ് ചോദിക്കുക.
  • രാത്രിയിൽ തനിച്ച് പുറത്തിറങ്ങിയുള്ള നടത്തം പരമാവധി ഒഴിവാക്കാം.

യാത്രക്കിടയിൽ ബാഗ് തട്ടിപ്പറിച്ചാൽ

  • ബാഗ് സ്വന്തം ശരീരത്തോട് ചേർത്ത് കുറച്ച് മുന്നോട്ടാക്കി പിടിക്കുക.
  •  പേഴ്സും ബാഗും അടച്ചുവയ്ക്കുക.
  • കൗണ്ടറുകളിലും മറ്റും ബാഗ് മാറ്റി വച്ചിട്ട് മറ്റൊരു കാര്യത്തിൽ വ്യപൃതരാകരുത്.
  • അത്യാവശ്യത്തിനു മാത്രം പണം ബാഗിൽ കരുതുക.
  • ബലമായി ഒരാൾ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചാൽ ചെറുത്തുനിൽപ്പ് ശ്രദ്ധയോടെ മാത്രം ചെയ്യുക. ബാഗ് ഉപേക്ഷിക്കുന്നതാണ് പരിക്ക് പറ്റാതിരിക്കാൻ നല്ലത്.

വാഹന മോഷണം തടയാൻ

  • വാഹനം എവിടെയായാലും പൂട്ടി വയ്ക്കുക.
  • കാറിന്‍റെ ഡോറും ഗ്ലാസും പൂർണ്ണമായും അടച്ചിടുക. ക്വാർട്ടർ ഗ്ലാസുകളും സുരക്ഷിതമാക്കി വയ്ക്കുക.
  • വാഹനത്തിന്‍റെ കീ അതിൽ വച്ചിട്ട് പോകരുത്.
  • ഡോർ ഡബിൾ ചെക്ക് ചെയ്യുക.
  • കാർ അലാം ഇൻസ്റ്റാൾ ചെയ്യുക.
और कहानियां पढ़ने के लिए क्लिक करें...