മനസിൽ ശുഭചിന്തകൾ നിറയ്ക്കു വ്യക്തിത്വ വികസനത്തെക്കുറിച്ച് പറയുമ്പോൾ ആദ്യമേ ചൂണ്ടിക്കാട്ടുന്ന കാര്യമാണിത്. മനസിൽ ശുഭചിന്തകൾ നിറച്ചതുകൊണ്ടു മാത്രം കാര്യമില്ല. ശുഭകരമാണെന്ന് തോന്നുന്ന ചെറിയചെറിയ പ്രവൃത്തികളിലൂടെ മനസിലേക്ക് പോസിറ്റീവ് എനർജി നിറയ്ക്കുകയാണ് നല്ലത്. അശുഭ ചിന്തകൾ മനസ്സിൽ വേരോടി കഴിഞ്ഞാൽ അവ അനവസരത്തിലെ വിരുന്നുകാരെപ്പോലെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഇത്തരം ചിന്തകളെ പുറന്തള്ളാൻ ശുഭകാര്യങ്ങൾ വെറുതെ ചിന്തിച്ചതു കൊണ്ടു കാര്യമില്ല. ശ്രമിച്ചു നോക്കൂ, താഴെപ്പറയുന്ന ചില കാര്യങ്ങൾ, പോസിറ്റീവ് ഊർജ്ജം നിങ്ങളെ തേടിയെത്തും.

പുഞ്ചിരി

വളരെ സങ്കടപ്പെട്ട് മൂഡിയായി വീട്ടിൽ നിന്ന് വരുമ്പോൾ, അപരിചിതയായൊരു പെൺകുട്ടി നിങ്ങളെ നോക്കി ഹ്യദ്യമായൊന്നു പുഞ്ചിരിച്ചാൽ എന്താണു തോന്നുക. സംശയമില്ല, ഇന്മേഷം മനസ്സിലേക്ക് ഒരു പുഞ്ചിരിയുടെ രൂപത്തിൽ കടന്നു വരുന്നത് നാം അനുഭവിച്ചറിയും. മാനസിക സമ്മർട്ടം കൂടിയ വേളയിൽ വീട്ടിലും പുഞ്ചിരി ചികിത്സ നടത്താം. കണ്ണാടിക്കു മുന്നിൽ ചെന്നുനിന്ന് സ്വയം ഒന്നു ചിരിച്ചു കാണിക്കൂ. സ്വന്തം പ്രതിബിംബം നിങ്ങളെ ചിരിപ്പിക്കും. സമ്മർദ്ദം മെല്ലെ കുറയും.

യോഗ/ ധ്യാനം

മനസിൽ ശുചിന്തകൾക്കു സ്‌ഥാനം ഒട്ടും കിട്ടുന്നില്ല എന്നു മനസ്സിലായാൽ വൈകണ്ട ഒരു യോഗാ ക്ലാസിന് അടിയന്തിരമായി ചെന്നു ചേരുക. ഭൂതത്തിലും ഭാവിയിലും ചാഞ്ചത്തി നടക്കുന്ന മനസ്സിനെ വർത്തമാന കാലത്തിൽ പിടിച്ചു നിർത്താൻ യോഗയെപ്പോലെ നല്ലൊരു മരുന്നില്ല.

കൂടാം, നല്ല കൂട്ടുകാരാടൊത്ത്

നെഗറ്റീവ് ചിന്തകൾ വല്ലാതെ വലയ്ക്കുന്നുവെന്ന് തോന്നുമ്പോൾ ഉണർവും ചുറുചുറുക്കുമുള്ള ശുഭചിന്തകരായ കുട്ടുകാരുടെ സാന്നിധ്യത്തിലേക്ക് ചെല്ലുക. നിങ്ങളിലെ നെഗറ്റീവ് ഊർജ്ജപ്രവാഹത്തെ വലിച്ചെടുത്തു മാറ്റാൻ ഇവർക്കു കഴിഞ്ഞേക്കാം. ഇനി അവരെ സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോണിൽ വിളിച്ചാലും മതി. പോസിറ്റീവ് തരംഗം നിങ്ങൾക്കു ലഭിക്കും.

മനസ് കടിഞ്ഞാണുള്ള കുതിരയാവട്ടെ

പ്രതിസന്ധികളോ, പരാജയങ്ങല്ലോ ഉണ്ടാകുമ്പോഴാണ് അശുഭചിന്തകൾ മനസ്സിനെ ഭരിക്കാൻ വരുക. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം മനസിലാക്കുമ്പോൾ, അതിന്‍റെ പരിഹാരമാർഗത്തിലേക്ക് കടക്കാൻ മനസ്സിനെ പ്രേരിപ്പിക്കാം. ഉദാഹരണത്തിന് ഒരു പ്രണയം തകർന്നുവെന്നിരിക്കട്ടെ അതു നഷ്‌ടപ്പെട്ടപ്പോഴുള്ള ശൂന്യതയെക്കുറിച്ച് ചിന്തിക്കാതെ അതുവരെ ലഭിച്ച നല്ല നിമിഷങ്ങൾക്ക് നന്ദി പറയാം. ഇങ്ങനെ പലവട്ടം ചിന്തിക്കുമ്പോൾ കലുഷ ചിന്തകൾ കുറയും.

ആരെയെങ്കിലും സഹായിക്കുക

എന്തിനെന്നില്ലാതെ മനസ് വിഷാദഭരിതമാവുമ്പോൾ, സ്വന്തം ആത്മവിശ്വാസം ഉയർത്താനുള്ള ഒരു വഴിയാണ് മറ്റുള്ളവരെ സഹായിക്കുക എന്നത്. ബസിൽ, നിങ്ങളുടെ സീറ്റ് വൃദ്ധദമ്പതികൾക്ക് ഒഴിഞ്ഞുകൊടുക്കുമ്പോൾ പോലും കിട്ടും ഒരു ആത്മസംതൃപ്‌തി. ഒരു നേരത്തെ ഭക്ഷണം വിശക്കുന്ന വയറിന് നൽകാം.

ഇരയാണെന്ന ഭാവം വേണ്ട

നിങ്ങളുടെ ജീവിതസാഹചര്യം വളരെ പ്രയാസം നിറഞ്ഞതായിരിക്കാം. അപ്പോഴൊക്കെ ആരുടെയൊക്കെയോ ചെയ്‌തികളുടെ ഇരയാണ് താനെന്ന ഭാവം ഒഴിവാക്കാം. മാറ്റങ്ങൾ ഉണ്ടാക്കാൻ തനിക്കും കഴിയും എന്ന മനോഭാവത്തിനാണ് പ്രാധാന്യം.

ആരും പൂർണ്ണരല്ല

ശർക്കര തിന്നരുതെന്ന് കുട്ടിയെ ഉപദേശിക്കണമെന്ന് ഗാന്ധിജിയോട് ഒരമ്മ ആവശ്യപ്പെട്ടപ്പോൾ രണ്ട് ദിവസം കഴിഞ്ഞു വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കാരണം അന്നുവരെ അദ്ദേഹത്തിനുമുണ്ടായിരുന്നു ആ ശീലം! ആരും പരിപൂർണ്ണരല്ല എന്നതാണ് വാസ്‌തവം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുകയാണ് പ്രധാനം. അപകർഷതയ്ക്കിവിടെ സ്ഥാനമില്ല.

പാടാം ഒരു പാട്ട്

പോപ്പുലറായ പാട്ടിന്‍റെ രണ്ടുവരികൾ പോലും ഓർമ്മിക്കുന്നില്ല എന്നു തോന്നാറുണ്ടോ? അതിനർത്ഥം, പാട്ട് കേൾക്കുമെങ്കിലും പാടാൻ ശ്രമിക്കാറില്ല എന്നാണ്. ഇഷ്‌ടമുള്ള ഒരു ഗാനം അവനവൻ കഴിയുന്ന പോലെ മൂളാൻ ശ്രമിക്കാം. അദ്‌ഭുതകരമായ സ്ട്രെസ് റിലീസിങ് ഇതിലൂടെ സംഭവിക്കും.

സന്തോഷം തോന്നിയ കാര്യങ്ങൾ

സ്വയം നേടിയ കാര്യങ്ങളുടെ ഒരു ലിസ്‌റ്റ് തയ്യാറാക്കുക. ചെറുതല്ലാത്ത പലതും ഉണ്ടാകും അതിൽ. അതിനോട് നന്ദി പുലർത്താം. അവ നേടിയ വഴികൾ നിങ്ങളെ തീർച്ചയായും ഉത്തേജിപ്പിക്കും.

പഠിക്കാം. പുതിയ ഒരു കാര്യം

മാനസിക സമ്മർദ്ദം നിങ്ങളെ അലസന്മാരാക്കിയേക്കാം. അത് നിരാശയിൽ നിന്നുള്ള സമ്മർദ്ദമാണെങ്കിൽ പുതിയ ഒരു കാര്യത്തിന് സമയം ചെലവഴിക്കാൻ ശ്രമിക്കാം. പുതിയ ഹോബി കണ്ടെത്താം. ഡയറി എഴുതാം, ഡ്രൈവിംഗ് പഠിക്കാം, പക്ഷേ എന്തു ചെയ്‌താലും താൽപര്യമുള്ള വിഷയമായിരിക്കണമെന്നു മാത്രം.

ജീവിതം ആസ്വദിക്കുക: ജീവിതത്തെ ജീവിതമായി തന്നെ ആസ്വദിക്കാൻ നമുക്ക് കഴിയണം. പരസ്‌പരം എന്തെങ്കിലും കൊടുക്കുന്നതിൽ, പങ്കിടുന്നതിൽ ആന്തരികാനന്ദം ഉള്ളവരാവണം. സ്വാർത്ഥതകളും സങ്കുചിത ചിന്തകളും ഒഴിവാക്കിയാൽ തന്നെ ജീവിതത്തിലേക്ക് സുഖവും സമാധാനവും ഒഴുകിവരും. അന്യർക്കു നേരെയുള്ള അവിശ്വാസത്തിന്‍റെ പാറക്കല്ലുകൾ മനസ്സിൽ കയറ്റിവയ്ക്കരുത്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് അത് അടച്ചു കളയും. മനസ്സിന്‍റെ വാതിലുകൾ തുറന്നിടുക. കാറ്റും വെളിച്ചവും അതിൽ വന്നു നിറയട്ടെ. സ്വയം നല്ലതു ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവരെക്കുറിച്ചും നല്ലതു ചിന്തിക്കുക. ഒരു വ്യക്‌തിയെന്ന നിലയിൽ വളരാനും ഈ ലോകത്തിനു നല്ലതു സംഭാവന ചെയ്യാനും ഈ കാര്യങ്ങൾ നിങ്ങളെ പ്രാപ്തരാക്കും. ഒരാളുടെ സ്വഭാവമാണ് അയാളുടെ വിധി.

और कहानियां पढ़ने के लिए क्लिक करें...