ഉച്ചഭക്ഷണവും കഴിഞ്ഞ് ഭർത്താവിന് പതിവുള്ള മരുന്നുകളും എടുത്തുകൊടുത്ത് സുനിത അടുക്കളയിൽ കയറി എല്ലാം ഒന്നൊതുക്കി വയ്ക്കാൻ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും ബാംഗ്ലൂരിൽ നിന്നും രാഹുലിന്റെ ഫോൺവിളിയെത്തി. ഓടിച്ചെന്ന് വിനോദേട്ടൻ കിടക്കുന്ന മുറിയിലെ ടേബിളിൽ നിന്നും സുനിത ഫോണടുത്തു.
“ഹലോ അമ്മാ..”
“ഹലോ മോനേ”
“അച്ഛൻ ആഹാരം കഴിച്ചോ? ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ?.. എല്ലാം ഓക്കേയല്ലേ?”
“വിശേഷിച്ചൊന്നുമില്ല മോനേ… മരുന്നെല്ലാം കൃത്യമായി കഴിക്കുന്നുണ്ട്.”
“അമ്മ ഫോൺ അച്ഛന് കൊടുത്തേ..”
ഫോൺ വിനോദിന്റെ കൈയിൽ കൊടുത്തുകൊണ്ട് സുനിത പറഞ്ഞു. “രാഹുലാണ്. അച്ഛനോട് സംസാരിക്കണമെന്ന്.”
ഉച്ചനേരത്തെ നേരിയ മയക്കം വെടിഞ്ഞ്, ഭാര്യയുടെ കൈയിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങി വിനോദ് മകനുമായി സംസാരം തുടങ്ങി. അച്ഛനും മകനും വലിയ താൽപര്യത്തോടെ ഓരോ വിശേഷങ്ങൾ പങ്കുവച്ചു. അതിനിടയിൽ സുനിത വീണ്ടും തന്റെ സാമ്രാജ്യത്തിലേക്ക് മടങ്ങി.
രാഹുലിന്റെ ഈ ഫോൺവിളി ഉച്ചതിരിയുന്ന നേരത്ത് മിക്കവാറും പതിവുള്ളതാണ്. അവൻ ഫോൺ സംഭാഷണത്തിലെ പ്രധാന വിഷയം എപ്പോഴും അച്ഛന്റെ രോഗാവസ്ഥതന്നെയാവും. അതിന്റേതായ ഉത്കണ്ഠകൾ.. രോഗശമനത്തെക്കുറിച്ചുള്ള ആശങ്ക… ഒറ്റയ്ക്ക് വീട്ടുകാര്യങ്ങളും അച്ഛൻ പരിചരണവും കൈകാര്യം ചെയ്യുന്ന അമ്മയുടെ കഷ്ടപ്പാടുകൾ… ഇതെല്ലാമാണ് രാഹുലിന്റെ സംഭാഷണത്തിൽ അടങ്ങിയിട്ടുണ്ടാവുക.
വീട്ടുജോലിത്തിരക്കിനിടയിലും ചില ഇടനേരങ്ങളിൽ സുനിതയുടെ ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് പാഞ്ഞുപോകും. ജീവിക്കാൻ സാമാന്യം സ്ഥിതിയൊക്കെ ഉണ്ടായിരുന്ന ഒരു കൂട്ടുകുടുംബത്തിലെ പെൺകുട്ടിയായിരുന്നു സുനിത. അവളുടെ അമ്മ നിർമ്മലയ്ക്ക് രണ്ട് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. വല്യമ്മാവൻ രാജേന്ദ്രൻ, ചെറിയമ്മാവൻ സുരേന്ദ്രൻ. രാജേന്ദ്രൻ മാമന്റെ ഭാര്യ ഗിരിജ മാമി. സുരേന്ദ്രൻ മാമന്റെ ഭാര്യ രേഖ മാമി. പിന്നെ വീട്ടിലുള്ളത് അമ്മമ്മയാണ്. ചെറിയ കുട്ടികളായി താനും വല്യമ്മാവന്റെ മക്കൾ വിനോദേട്ടനും അനിയത്തി ജലജയും. അവൾക്ക് തന്നെക്കാൾ മൂന്നുവയസ് ഇളപ്പമാണ്.
സുനിതയ്ക്ക് പെട്ടെന്ന് തന്റെ അച്ഛനെ ഓർമ്മ വന്നു. താൻ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ വിയോഗം. നാട്ടിൽത്തന്നെയുള്ള ഒരു പോസ്റ്റോഫീസിൽ ക്ളാർക്കായിരുന്നു സുനിതയുടെ പിതാവ് രഘുനാഥൻ. അസുഖബാധിതനായി പെട്ടെന്നായിരുന്നു അയാളുടെ മരണം. അതേത്തുടർന്ന് അമ്മയും മകളും അമ്മാവന്മാരുടെ തണലിലാണ് കഴിഞ്ഞുവന്നത്. പ്രീഡിഗ്രി നല്ല മാർക്കോടെ പാസ്സായെങ്കിലും മകളെ തുടർന്ന് പഠിപ്പിക്കുന്നതിനേക്കാൾ വിവാഹം ചെയ്ത് അയക്കാനായിരുന്നു അവളുടെ അമ്മയ്ക്ക് തിടുക്കം. പഠിക്കണമെങ്കിൽ വിവാഹം കഴിഞ്ഞും അതാവാമല്ലോ എന്ന ന്യായീകരണവും. അങ്ങനെ പതിനെട്ടാം വയസ്സിൽ വല്യമ്മാവന്റെ മകനായ തന്റെ മുറച്ചെറുക്കൻ കൂടിയായ വിനോദേട്ടന്റെ ഭാര്യയായി സുനിത.
ആ വിവാഹബന്ധത്തിന് കുടുംബത്തിൽ ഒരാളുടെയൊഴികെ എല്ലാവരുടേയും അനു ഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നു. സുരേന്ദ്രൻ മാമനുമാത്രം തന്നെ വിനോദേട്ടനു വേണ്ടി ആലോചിക്കുന്നത് ഇഷ്ടമായിരുന്നില്ല. സ്വന്തം ഏട്ടനോടുള്ള വിരോധം കൊണ്ട് മാത്രമായിരുന്നില്ല എതിർപ്പ്. കഥാനായകന്റെ ചില സ്വഭാവ സവിശേഷതകൾ ചെറുപ്പത്തിലേ കണ്ട് പരിചയമുള്ളതിന്റെ അടിസ്ഥാനത്തിലുള്ള ഭയാശങ്കകൾ കൂടിയാണ്. തന്റെ മരുമോൾ കുട്ടിയോട് ഏട്ടന്റെ സൽപുത്രൻ ചെറുപ്രായത്തിൽ കാണിച്ചിട്ടുള്ള ക്രൂരതകളും ദുഷ്ചെയ്തികളും അവഗണനയും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നല്ലോ. എങ്കിലും ആ വിവാഹം തന്നെ നടന്നു.
കുട്ടിക്കാലത്തെ ചില ഓർമ്മകൾ മങ്ങിമായാതെ ഇപ്പോഴും സുനിതയുടെ മനസ്സിലുണ്ട്. കാലത്തിനുപോലും കഴുകിക്കളയാനാവാത്ത ഉള്ള് നീറുന്ന അനുഭവങ്ങൾ. അന്ന് തന്റെ പ്രായം ഏഴോ എട്ടോ വയസ്സ്…
മറ്റുള്ളവരുടെ മുമ്പിൽ വച്ച് പരിഹസിക്കൽ, ഇല്ലാത്ത കാര്യം പറഞ്ഞ് ദ്രോഹിക്കൽ, എന്തെങ്കിലും കുറ്റം ആരോപിച്ച് വല്യമ്മാവൻ വഴക്ക് കേൾപ്പിക്കൽ. ഇളയമ്മയുടെ ഒറ്റ മകളെ അച്ഛനില്ലാത്ത കുട്ടിയെ ഒരു വിധത്തിലും സ്നേഹിക്കാനോ അംഗീകരിക്കാനോ അവന്റെ മനസ്സ് അന്നൊന്നും തയ്യാറായിരുന്നില്ല. സുനിതയോടുള്ള അനിഷ്ടവും അവഗണനയും കിട്ടുന്ന അവസരങ്ങളിലെല്ലാം വിനോദ് പ്രകടിപ്പിച്ചു.
പത്താംതരം കഴിഞ്ഞ് പ്രീഡിഗ്രിക്ക് അടുത്തുള്ള കോളേജിൽ സുനിത ചേർന്നതോടുകൂടിയാണ് വിനോദിന്റെ പെരുമാറ്റത്തിൽ അൽപമെങ്കിലും ഒരുമയം വന്നുതുടങ്ങിയത്. അധികകാലം കഴിയും മുമ്പ് ആ അത്ഭുതവും സംഭവിച്ചു. ഇത്രയും നാൾ താൻ ആരെയാണോ അനിഷ്ടം ഭാവിച്ചും പ്രകടിപ്പിച്ചും മാനസികമായി അകറ്റി നിർത്തിയത് അവൾ തന്നെ അയാളുടെ ജീവിതസഖിയായിത്തീർന്നു. വല്യമ്മാവന്റെ പിടിവാശിക്ക് ഗിരിജമാമിയുടെ പൂർണ്ണ പിന്തുണയും കൂടിയായപ്പോൾ സംഗതി പെട്ടെന്ന് നടന്നു. സുനിതയുടെ ഇഷ്ടം അന്നാരും ചോദിച്ചുമില്ല.
“ഈ ചെക്കന് ചങ്ങാതിമാരോടൊപ്പം കുറേശ്ശെ മദ്യസേവയും ചുറ്റിക്കളിയുമൊക്കെയുണ്ടെന്ന് കേൾക്കുന്നു… നിന്റെ മോൾക്ക് ഈ ബന്ധം തന്നെ വേണോ നിർമ്മലേ?”
ചെറിയമ്മാവൻ ആ ചോദ്യത്തിനും അഭിപ്രായത്തിനും അന്നാരും വില കൽപ്പിച്ചില്ല. മറിച്ചൊരു തീരുമാനമെടുക്കാൻ തന്റെ അച്ഛ്ഛനും അന്ന് ജീവിച്ചിരിപ്പില്ലല്ലോ. അമ്മയ്ക്കാകട്ടെ ഉള്ളു കൊണ്ട് വിനുവേട്ടനെ വളരെ ഇഷ്ടമായിരുന്നു. വല്യേട്ടന്റെ പ്രിയപുത്രൻ വിനുകുട്ടൻ എന്നുമാത്രമേ അമ്മ എന്നും അദ്ദേഹത്തെ വിളിച്ചുകേട്ടിട്ടുള്ളൂ..
സുനിത വീണ്ടും പഴയ ഓർമകളിലേക്ക് പതുക്കെ മുങ്ങാംകുഴിയിട്ടു… ബികോം ബിരുദധാരിയായിക്കഴിഞ്ഞ വിനോദ് കോളേജിൽ നിന്നിറങ്ങി അധികം വൈകാതെ ഒരു ജോലിക്കുവേണ്ടിയുള്ള ശ്രമം തുടങ്ങിയിരുന്നു. അന്നത്തെ ഒരു നാട്ടാചാരം ചെറുപ്പക്കാരെല്ലാം ഗൾഫിലേക്ക് ചേക്കേറുക എന്നതായിരുന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ അയാളും അക്കരയ്ക്ക് കടന്നു. സുനിതയുടെ അമ്മാവൻ ആദ്യം അതിനു സമ്മതിച്ചിരുന്നില്ല. തന്റെ കൂടെ ചേർന്ന് ടൗണിലെ പലചരക്ക് വ്യാപാരം വിപുലപ്പെടുത്താൻ അച്ഛൻ മകനെ നിർബ്ബന്ധിച്ചു. പക്ഷേ മൂപ്പർ അതിനു വഴങ്ങിയില്ല. നാലഞ്ചു വർഷം ഷാർജയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തു. ആദ്യത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു വിവാഹം.
വിവാഹശേഷവും തന്നോടുള്ള പെരുമാറ്റത്തിൽ, ഇടപെടലുകളിൽ കാര്യമായ മാറ്റമൊന്നും വിനുവേട്ടനിൽ നിന്നുണ്ടായില്ല. മറ്റുള്ളവരെ ബോധിപ്പിക്കാൻ മാത്രമുള്ള ചില അടവുനയങ്ങൾ അനുവർത്തിച്ചു. അത്രമാത്രം സ്വന്തം അച്ഛന്റെ മുമ്പിൽ മാത്രമാണ് ഈ നാടകം കൃത്യമായും സ്വാഭാവികമായും അരങ്ങേറിയത്. ചെറുപ്പത്തിലേ മുറപ്പെണ്ണായ തന്റെ സാന്നിധ്യം ശല്യവും ബാധ്യതയുമായി കണ്ടിരുന്ന ആളുടെ സ്വഭാവത്തിൽ പൊടുന്നനെ ഒരു മാറ്റം എങ്ങനെ പ്രതീക്ഷിക്കാനാണ്? ഓർക്കുമ്പോൾ സുനിതയ്ക്കുള്ളിൽ ചിരിയും സങ്കടവും ഒരുമിച്ച് വരും.
നിസ്സാരകാര്യങ്ങൾക്ക് തന്നെ കുറ്റപ്പെടുത്തുക. ഒരു പതിവായി നശിച്ചവൾ എന്ന വിശേഷണം ചേർത്ത് പലവട്ടം തന്നെ ആക്ഷേപിച്ചിട്ടുണ്ട്. സ്വന്തം ജീവിതത്തിലേക്ക് അള്ളിപ്പിടിച്ച് കയറിയ പാരസൈറ്റാണ് താനെന്ന് കുറ്റപ്പെടുത്തി വേദനിപ്പിച്ചതിനും കണക്കില്ല.
“അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുമ്പോൾ താൻ ഒന്നുകൂടി ആലോചിക്കണമായിരുന്നു.” എന്നു തുടങ്ങിയ സ്വയം വിമർശനങ്ങളും പലകുറി ആവർത്തിച്ചു. ഇതൊക്കെ കേട്ടിട്ടും സുനിത അതൊന്നും കാര്യമാക്കിയില്ല. പുറത്ത് കാണിക്കുന്ന ഈ ഇഷ്ടക്കേടെല്ലാം ഉള്ളിലൊതുക്കുന്ന പ്രകടിപ്പിക്കാൻ മടിക്കുന്ന സ്നേഹത്തിന്റെ രൂപാന്തരങ്ങളാണെന്ന് അവൾക്കറിയാമായിരുന്നു. എങ്കിലും അതൊന്നും അറിയാത്ത അവളുടെ അമ്മയാകട്ടെ മകളുടെ അവസ്ഥയോർത്ത് മനസ്സുരുകിയാണ് ആ കാലയളവിൽ ദിവസങ്ങൾ തള്ളിനീക്കിയത്.
ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് വല്യമ്മാവൻ തങ്ങളെയെല്ലാം വിട്ടു പോയത്. അതൊരു ഷോക്കുപോലെ ആയിരുന്നു. ഗിരിജ മാമിക്കു മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും. അച്ഛന്റെ മരണശേഷം വിനുവേട്ടൻ ഒരിക്കൽ കൂടി കടലിനക്കരെ പോയെങ്കിലും വേഗം മടങ്ങിപ്പോന്നു. അനിയത്തി ജലജയുടെ ഭർത്താവ് ഉമേശൻ ടൗണിലെ കച്ചവട സ്ഥാപനം കൈവശപ്പെടുത്താൻ തന്റെ അമ്മയെ സ്വാധീനിച്ച് കരുനീക്കം നടത്തുന്നുണ്ടെന്ന സൂചന സുഹൃത്തുക്കളാരോ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഗൾഫിലെ ജോലിയും രാജിവെച്ച് തിരിച്ചുപോന്നതാണ്.
ഞാൻ ഗൾഫിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് വരുന്നതിൽ നിന്റെ അഭിപ്രായം എന്താണ് സുനൂ? എന്നൊരു ചോദ്യം താൻ പ്രതീക്ഷിച്ചത് വെറുതെ.. എല്ലാ തീരുമാനങ്ങളും തന്റേത്. നടപ്പിലാക്കുന്നതും താനൊറ്റയ്ക്ക്. സ്വന്തം ഭാര്യയ്ക്കുപോലും അതിൽ റോളില്ല… അതാണ് വിനുവേട്ടൻ. അങ്ങനെയാണ് അമ്മാവന്റെ മരണശേഷം ആ പലചരക്കുകട അദ്ദേഹം ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്.
ആദ്യമൊക്കെ ബിസിനസ് നന്നായി മുന്നോട്ടു പോയെങ്കിലും പതുക്കെ ചങ്ങാതിമാരുടെ കൂട്ടുകെട്ടിൽ അകപ്പെട്ട് മദ്യത്തിന്റെ അടിമയായിത്തീർന്നു. അതോടുകൂടി കച്ചവടവും ഒരു വഴിക്കായി. മഴയുള്ള ഒരു ദിവസം രാത്രി കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴിയാണ് അത് സംഭവിച്ചത്. ഉള്ളിൽ കിടന്ന ലഹരി വരുത്തിവെച്ച ചതി ബാലൻസ് തെറ്റി വിനോദിന്റെ സ്കൂട്ടർ റോഡിലെ ഗട്ടറിൽ മറിഞ്ഞുവീണു. ഇരുകാലുകൾക്കും തലയ്ക്കും ഗുരുതരമായ പരിക്ക്, ഒരു മാസക്കാലം ആശുപത്രിവാസം. പിന്നീട് ചക്രക്കസേരയിലും ക്രെച്ചസിലുമായി ഒതുങ്ങിപ്പോയി ആ ജീവിതം. അതോടൊപ്പം കരൾ രോഗത്തിന്റെ കടന്നാക്രമണവും.
കച്ചവടവും നിത്യജീവിതവും അടി പതറിയ അവസ്ഥയിലായി. എല്ലാം താനായിട്ട് വരുത്തിവച്ചതാണ് എന്നൊരു കുറ്റബോധം എല്ലായ്പ്പോഴും വിനോദിന്റെ മനസ്സിനെ കുത്തി നോവിച്ചു. അപ്പോൾ സമാശ്വാസവചനങ്ങളുമായി സുനിത അടുത്ത് ചെല്ലും. അവളുടെ സാമീപ്യം കൊതിച്ചെന്നപോലെ ഒരു മന്ദഹാസം ആ മുഖത്ത് വിടരുന്നതും കണ്ണുകളിൽ നനവ് പൊടിയുന്നതും അപ്പോൾ കാണാം… കാലത്തിന്റെ മായാജാലം എന്നല്ലാതെ എന്തുപറയാൻ? സുനിത അങ്ങനെയാണ് വിശ്വസിക്കുന്നത്. പുതിയ സാഹചര്യത്തിൽ വ്യാപാര സ്ഥാപനം മുന്നോട്ട് കൊണ്ടു പോവുക പ്രയാസമായിരുന്നു. അങ്ങനെയാണ് നഷ്ടവിലക്ക് അത് വിറ്റത്. ജീവിതം തുടർന്നുകൊണ്ടുപോകാൻ വേറെ മാർഗമൊന്നുമില്ലായിരുന്നു.
ഇതിനിടയിൽ രാഹുലിന്റെ കോളേജ് പഠനം കഴിഞ്ഞു. ക്യാമ്പസ് ഇന്റർവ്യൂ വഴി ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ അവന് ജോലി കിട്ടി. മകനെ വിട്ടുപിരിയാറായപ്പോൾ അദ്ദേഹത്തിന്റെ സങ്കടം ഒന്നു കാണേണ്ടതായിരുന്നു. അച്ഛന് മോനും മോന് അച്ഛനും പ്രാണനായിരുന്നല്ലോ തനിക്ക് വല്ലപ്പോഴും വച്ചു നീട്ടുമായിരുന്ന സ്നേഹത്തിന്റെ പത്തിരട്ടി അചഛൻ മകന് നൽകിയിരുന്നു എന്നത് സുനിതയ്ക്ക് നല്ല ബോധ്യമുള്ള കാര്യമാണ്.
എല്ലാ അച്ഛന്മാർക്കും അവരുടെ പെണ്മക്കളോടായിരിക്കും കൂടുതലിഷ്ടം എന്ന ജീവരഹസ്യം അമ്മമ്മയും അമ്മയും പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട് സുനിത. ഇവിടെ ഒരു മകൾ ഇല്ലാത്തതു കൊണ്ടാവും വിനുവേട്ടൻ സ്നേഹമൊന്നാകെ മകനിലേക്ക് പകർന്ന് നൽകിയത്.
ഇപ്പോഴിതാ എന്തിനും ഏതിനും വിനുവേട്ടന്റെ അടുത്ത് സുനിത വേണം. ഇല്ലന്നാകിൽ ഒരുതരം ഭയവും അസ്വസ്ഥതയുമാണ് അയാൾക്ക്. അപ്പോൾ തുടങ്ങും വിളി. സുനുവേ നീ അവിടെയില്ലേ? ഒന്നിത്രത്തോളം വാ.”
ദിവസം രണ്ടുനേരമെങ്കിലും രാഹുൽ മോൻ അച്ഛനെ വിളിക്കുന്നുണ്ട്. വിശേഷങ്ങൾ തിരക്കുന്നുണ്ട്. അപ്പോൾ ആ മുഖത്ത് തെളിയുന്ന പ്രകാശം ഒന്ന് കാണണം. പതിവു വിളിയുടെ സമയം ഒരൽപം തെറ്റിയാൽ അപ്പോഴാ മുഖത്ത് ഉൽക്കണ്ഠയുടെ നിഴലാട്ടവും കാണാം. രാഹുലിന്റെ ഭാര്യ രാഖിയും കൊച്ചു മോൾ തൻവിയും ഫോണിൽ വിളിച്ച് സം സാരിക്കും. തൻവി മോളുടെ കൊഞ്ചലും വർത്തമാനവും അച്ഛാച്ഛനെ വലിയ തോതിൽ ആഹ്ളാദിപ്പിക്കുന്നുണ്ടെന്ന് ആ മുഖത്ത് മാറിമറിയുന്ന ഭാവചലനങ്ങൾ വ്യക്തമാക്കിയിരുന്നു.
വിനുവേട്ടൻ മദ്യലഹരിയിൽ മുങ്ങി രാവും പകലും തിരിച്ചറിയാതെ നിലതെറ്റിനടന്ന നാളുകളുണ്ടായിരുന്നു. അതെല്ലാം സുനിതയ്ക്ക് കാളരാത്രികളുമായിരുന്നു. തന്റെ ജീവിത ചന്ദ്രനെ ഗ്രഹണം വിഴുങ്ങിയ ഭീകരരാത്രികൾ. ഇപ്പോൾ ഓർക്കാൻ പോലും താൻ ഭയപ്പെടുന്ന ഒരു കാലഘട്ടം.
എല്ലാ ഇരുട്ടും പതുക്കെ മാഞ്ഞു പോയി. നേരിയ വെളിച്ചം കടന്നുവരാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും താൻ ജീവിതത്തിന്റെ അപരാഹ്നത്തിലേക്ക് പാദമൂന്നിക്കഴിഞ്ഞു. പ്രായം അമ്പതും കടന്ന് നാലാണ്ട് പിന്നിട്ടിരിക്കുന്നു. ദാമ്പത്യ ജീവിതം ഉല്ലസിച്ചും ആനന്ദിച്ചും അനുഭവിക്കാൻ തനിക്ക് ഒരിക്കലും അവസരമുണ്ടായിട്ടില്ലെന്ന ഖേദം ഉള്ളിൽ മായാ മുറിപ്പാടുപോലെ ഒട്ടിക്കിടക്കുകയാണ്.
സുനിത ജനലഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി. ഉച്ചവെയിലിന്റെ തിളക്കവും തീക്ഷ്ണതയും മങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി അപരാഹ്നമാണ്. തെളിച്ചം മങ്ങിമങ്ങി പൂർണമായും മാഞ്ഞുപോകാൻ അധികനേരം ബാക്കിയില്ല. തന്റെ ജീവിതത്തിന്റെ വാസരവും ഏതാണ്ട് ഇതുപോലൊക്കെ തന്നെ.
സുനിതയുടെ ചിന്തകൾ ഏതൊക്കയോ അറിയാ വഴികളിലൂടെ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു തുടങ്ങിയതായിരുന്നു. അപ്പോഴേക്കും മേശപ്പുറത്തുണ്ടായിരുന്ന ഒരു മൊബൈൽഫോൺ റിങ് ടോണിന്റെ മുഴക്കത്തിൽ അവളുണർന്നുപോയി. നോക്കുമ്പോൾ അതൊരു മിസ്ഡ് കോളാണ്…. പിന്നെ ഫോൺ അവിടെത്തന്നെ വച്ചിട്ട് അവൾ വേഗം വിനുവേട്ടൻ മുറിയിലേക്ക് നടന്നു.





