വിവാഹം കഴിഞ്ഞ് 2 വർഷത്തിനുശേഷം ഭർത്താവിന് സ്റ്റേജ് 2 ബ്ലാഡർ കാൻസർ ബാധയുണ്ടന്ന് കണ്ടെത്തി. കീമോതെറാപ്പിയും മറ്റ് കാൻസർ ചികിത്സകളും കാരണം ബീജത്തിന്‍റെ ഗുണനിലവാരം മോശമായി. ഇപ്പോൾ ഞങ്ങൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നു. എന്താണ് പരിഹാരം?
കാൻസർ ചികിത്സയ്ക്ക് മുമ്പ് തന്നെ നിങ്ങളുടെ ഭർത്താവിന്‍റെ ബീജം ഫ്രീസ് ചെയ്‌ത് സൂക്ഷിക്കേണ്ടതായിരുന്നു. കാരണം കാൻസർ ചികിത്സയ്ക്കായി നൽകുന്ന റേഡിയേഷനും കീമോതെറാപ്പിയും ബീജത്തിന്‍റെ ഗുണനിലവാരം കുറച്ചേക്കാം. എന്നാലും അത് വഴി ഭാവിയിൽ സ്വാഭാവികമായി കുഞ്ഞുണ്ടാകുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. എന്നിരുന്നാലും നിലവിൽ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നിക്കിൽ ജനിതപകരമായി ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നുണ്ട്. ഇതിൽ ഭ്രൂണം വികസിപ്പിച്ചെടുത്ത ശേഷം ലബോറട്ടറിയിൽ വെച്ച് പരിശോധന നടത്തുന്നു. ജനിതക വൈകല്യങ്ങൾ ഇല്ലാത്ത ഭ്രൂണങ്ങൾ മാത്രമേ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുള്ളൂ. എന്നാൽ നിങ്ങളുടെ ഭർത്താവിന്‍റെ ബീജത്തിന്‍റെ അവസ്‌ഥ വളരെ മോശമാണെങ്കിൽ നിങ്ങൾക്ക് ഒരു ഡോണറുടെ സഹായം തേടേണ്ടി വരും.
ഐവിഎഫ് വഴി അമ്മയാകാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഈ പ്രക്രിയയിലൂടെ ഗർഭം ധരിക്കുന്നത് ഹൃദ്രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ?
ഇല്ല, ഇത് പൂർണ്ണമായും തെറ്റായ ധാരണയാണ്. ഐവിഎഫിന് ശേഷം ചില സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. അതിന് കാരണം ഐവിഎഫ് അല്ല, മറിച്ച് അത് തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ പ്രായക്കൂടുതലാണ്. ഐവിഎഫ് തിരഞ്ഞെടുക്കുന്ന ഭൂരിഭാഗം സ്ത്രീകളും 35-40 വയസ്സ് പ്രായമുള്ളവരായതു കൊണ്ടാണ് പ്രശ്നമുണ്ടാകുന്നത്. ഐവിഎഫ് പ്രക്രിയയിൽ കൃത്രിമമായ ഗർഭധാരണമാണ് നടക്കുന്നത്. പാർശ്വഫലങ്ങളില്ലാത്ത ഒരു മെഡിക്കൽ പ്രൊസീജിയറും ഇല്ല. ഐവിഎഫ് ചെയ്തതിന് ശേഷം നേരിയ വീക്കം, തലകറക്കം അല്ലെങ്കിൽ ഛർദ്ദി, വയറുവേദന 4-5 ദിവസത്തിനുള്ളിൽ 5 കിലോ വരെ ശരീരഭാരം കൂടുക, വയർ വീർക്കുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ഡോക്ടറെ സമീപിക്കുക.
ഏതാനും മാസം കഴിഞ്ഞ് എന്‍റെ വിവാഹം നടക്കാനിരിക്കുകയാണ്. എനിക്ക് പിരീയ്ഡ്സ് കൃത്യമായി വരാറില്ല. 2-3 മാസം കൂടുമ്പോഴാണ് പിരീയ്‌ഡ്‌സ് ഉണ്ടാകുക. ഗർഭധാരണത്തിന് ഇത് തടസ്സമാകുമോ?
വിവാഹത്തിന് തൊട്ടുമുമ്പ് പലപ്പോഴും പെൺകുട്ടികളുടെ ആർത്തവചക്രത്തിൽ വ്യത്യാസങ്ങൾ ഉണ്ടായി കാണാറുണ്ട്. അതുകൊണ്ട് അതേപ്പറ്റിയോർത്ത് വിഷമിക്കേണ്ടതില്ല. വിവാഹശേഷവും ഈ പ്രശ്നം തുടരുകയാണെങ്കിൽ വിശദമായ പരിശോധന നടത്തണം. ശാരീരികമായി ആരോഗ്യവതിയാണെങ്കിൽ ഇത് സാധാരണമാണ്. എന്നാൽ തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ തകരാറുകൾ, പോളിസിസ്‌റ്റിക് ഓവറി ഡിസീസ്, അല്ലെങ്കിൽ കുട്ടിക്കാലം മുതലുള്ള കഠിനമായ കായിക വിനോദങ്ങൾ മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ കാരണമാണ് ആർത്തവം ക്രമമല്ലാത്തതെങ്കിൽ അതിന് ചികിത്സ തേടേണ്ടതുണ്ട്. ചികിത്സയ്ക്കുശേഷം ആർത്തവം ക്രമമാവുകയും സ്വാഭാവികമായി ഗർഭം ധരിക്കാൻ സാധിക്കുകയും ചെയ്യും.
28 വയസ്സുള്ള ഒരു അധ്യാപികയാണ്. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി വിവാഹത്തിന് മുമ്പ് മുതൽ എനിക്ക് ഫൈബ്രോയ്‌ഡ് പ്രശ്‌നമുണ്ട്. ഗർഭം ധരിക്കാൻ കഴിയാത്തത് എന്‍റെ വ്യക്തിജീവിതത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടോ?
ഫൈബ്രോയ്‌ഡ് ഉള്ള സ്ത്രീകൾക്ക് അമ്മയാകാൻ കഴിയില്ല എന്നത് പൂർണ്ണമായും തെറ്റായ ധാരണയാണ്. ഒന്നാമതായി നിങ്ങളുടെ പ്രശ്നം എത്രത്തോളം ഗുരുതരമാണെന്ന് കൃത്യമായി മനസ്സിലാക്കാൻ ഒരു ഗൈനക്കോളജിസ്‌റ്റിനെ കണ്ട് പരിശോധന നടത്തുക. ഫൈബ്രോയ്‌ഡുകൾ പല തരത്തിലുണ്ട്. ഫൈബ്രോയ്‌ഡ് വലുതാവുകയും പ്രശ്നം ഗുരുതരമാവുകയും ചെയ്യുമ്പോൾ മാത്രമേ അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാറുള്ളൂ. ചില സാഹചര്യങ്ങളിൽ ഫൈബ്രോയഡ് നീക്കം ചെയ്യാതെ തന്നെ ഗർഭധാരണം സാധ്യമാകാറുണ്ട്. അതുകൊണ്ട് അതോർത്ത് ഒട്ടും വിഷമിക്കേണ്ടതില്ല.
ഡോ. ആസ്ത ഗുപ്ത,
സീനിയർ ഐവിഎഫ് എക്സ്പേർട്ട്, ഡൽഹി ഐവിഎഫ് ഹോസ്‌പിറ്റൽ





