‘എന്താ എന്തെങ്കിലും’ ഞാൻ അർദ്ധോക്തിയിൽ നിറുത്തി.

‘ഏയൊന്നുമില്ല, അയാളുടെ ചില ഓഫീസ് മാറ്റേഴ്സ്…’

അയാൾ വീണ്ടും ചിന്തയിലാണ്ടു. വിഷയം മാറ്റാൻ അയാൾ മറ്റൊരു വിഷയം തേടുകയാണെന്ന് എനിക്ക് മനസ്സിലായി. എനിക്കല്പം വല്ലായ്ക തോന്നി. അയാളുടെ മകന്‍റെ കാര്യം. അയാളുടെ വ്യക്തിപരമായ കാര്യം. അതിൽ എനിക്ക് എന്താണ് റോൾ. ഞാൻ അവിടുള്ള ഹട്ടിനു മുന്നിൽ കമാനാകൃതിയിൽ ഒരുക്കിയ ബോഗൻവില്ല ചെടിപ്പടർപ്പുകളിലേക്കു ദൃഷ്ടി ഊന്നി.

‘ആ. പിന്നൊരു പ്രശ്നമുണ്ട്.’ “എന്തോ ഓർത്തെടുത്ത പോലെ വില്ലിയങ്കിൾ പെട്ടെന്ന് പറഞ്ഞു തുടങ്ങി. “എനിക്ക് ഈ കാര്യത്തിൽ ഒരു നിർദേശം വേണം, അതുകൊണ്ടാണ് നിങ്ങളോടു പറയുന്നത്.”

ഞാൻ പുറത്തേക്ക് കണ്ണിമ പായിച്ചു. ഈറൻ പടർന്ന ഇളങ്കാറ്റ് വീശുന്നു. ഇലയടരുകളിൽ കാറ്റു പതിയുന്നു. ചില്ലകൾ കാറ്റിനൊപ്പം ചായുന്നു. നല്ല പഴുത്ത മഞ്ഞച്ച ഫലമുള്ള കുറ്റിച്ചെടി രൂപത്തിലുള്ള പേരമരച്ചെടികൾ മുറ്റി വളർന്നുനിൽക്കുന്നതു ഞാൻ കണ്ടു. ഇവ വീട്ടിൽ കൊണ്ടുപോയാൽ ഇത്തരം കായ്ഫലം തരുമോ എന്നത് കണ്ടുതന്നെ അറിയണം.

ഞാൻ തിരഞ്ഞെടുത്ത ചെടികൾ പ്രത്യേക കവറിലാക്കി തൂക്കിയെടുത്ത് അനായാസം എടുത്തു കൊണ്ടുപോകാൻ പാകത്തിൽ തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇയാൾക്കു പരിചയമുള്ള ഒരു വണ്ടിക്കാരനെ ഏർപ്പാടാക്കാമെന്ന് ഇടക്കെപ്പോഴോ അറിയിച്ചിരുന്നു. അപ്പോൾ അല്പം കാത്തിരിക്കേണ്ടിവരും. അതുവരെ ഇയാളെ കേട്ടിരിക്കാം. ഏതായാലും ഈ പച്ചപ്പും ഇളന്തണുപ്പും ഉൾക്കൊണ്ടുകൊണ്ട് ഇവിടെ ഇരിക്കാൻ ഒരു സുഖമുണ്ട്. ഒപ്പം ഇഞ്ചിയും തേനും ചേർത്ത കടുംകാപ്പിയും. ആ സുഖാലസ്യം നുകർന്ന് ഉദാസീനതയോടെ ഞാൻ പറഞ്ഞു,

‘പറയു. എന്താ പ്രശ്നം? എന്നോടു പറയാൻ കഴിയുന്നതാണെങ്കിൽ.’

അയാൾ ശബ്ദം താഴ്ത്തി ഭയന്ന മുഖഭാവത്തോടെ പറഞ്ഞു തുടങ്ങി…

“സാമിന് അറിയാമോ എന്നറിയില്ല. ഈ വീടിനപ്പുറം ഏറെ ആളുകൾ താമസമില്ല. മുൻപ് ഈ പറമ്പിന് ഇത്ര വലുപ്പമില്ല. ബിസിനസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഞാൻ ഇതിനോട് ചേർന്നു കിടന്നിരുന്ന സ്ഥലം വാങ്ങി കൂട്ടിച്ചേർത്തതാണ്. ആ സ്ഥലത്തിനപ്പുറം റബ്ബറിന്‍റെ വലിയൊരു തോട്ടമാണ്. വലിയ നോട്ടമൊന്നും ഇല്ലാതെ കിടക്കുന്ന സ്ഥലമാണത്. അതിന്‍റെ ഓണർ വിദേശത്തെവിടെയോ ആണെന്ന് ചിലർ പറയുന്നു. നോർത്തിലാണെന്ന് മറ്റുചിലർ പറയുന്നു. അതാരാണെന്ന് കൃത്യമായി ആർക്കും വലിയ നിശ്ചയവുമില്ല. വല്ലപ്പോഴും ടാപ്പിംഗ് തൊഴിലാളികൾ വരുന്നതു കാണാം. കാര്യമായ ഒന്നും ചെയ്യാതെ അവിടവിടെ ചുറ്റിത്തിരിഞ്ഞു പോകുകയും ചെയ്യും.

പ്രശ്നമെന്തെന്നുവച്ചാൽ ആ തോട്ടത്തിനകത്ത് ഒരു ഇടിഞ്ഞുപൊളിഞ്ഞ ഓട്ടുവീടുണ്ട്. രാത്രി ഒരു പത്തു പന്ത്രണ്ടുമണിയാകുമ്പോൾ അവിടുന്ന് കരച്ചിലും ചിരിയും ബഹളവും പിന്നെ ആർത്തലച്ച നിലവിളിയും. എല്ലാദിവസവുമില്ല. ആഴ്ചയിൽ ഒരു ദിവസം ഇത്തരത്തിൽ കലാപരിപാടികൾ ഉറപ്പാണ്. ഞാൻ ഒരിക്കൽ ഒരു ഉച്ചനേരത്ത് പോയി നോക്കി. നമ്മുടെ രണ്ടു തൊഴിലാളികളും ഒപ്പം ഉണ്ടായിരുന്നു. അസാധാരണമായ ഒന്നും കാണാൻ കഴിഞ്ഞില്ല. കണ്ടതാകട്ടെ പൊട്ടിത്തകർന്ന ഒരു വീട്. ദ്രവിച്ച കഴുക്കോലും പൊട്ടിയടർന്ന മണ്ണിന്‍റെ ചുവരും അങ്ങനെ നിലം പൊത്താറായ ഒരു വീട്. ആളുകൾ വന്നിടപഴകിയിട്ടുള്ള ലക്ഷണങ്ങൾ ഇല്ല.

പിന്നെ ആ വീട്ടിനു ഒരു ചരിത്രമുണ്ട്. നാലഞ്ചു വർഷം മുൻപ് ഒരു ടാപ്പിംഗ് തൊഴിലാളിക്കുടുംബം അവിടെ താമസിച്ചിരുന്നതായി അറിയാം. അതിഥി തൊഴിലാളികളായിരുന്നു അവർ. ബംഗാളികളോ മറ്റോ.

ഏതാനും മാസങ്ങൾക്കുശേഷം അറിയാൻ കഴിഞ്ഞത് ആ വീട്ടുകാരന്‍റെ ഭാര്യ അവിടെ മരിച്ച നിലയിൽ കണ്ടെത്തിയെന്നതാണ്. വീട്ടുകാരനും മക്കളും മിസ്സിംഗ്. അതിലും ഭയാനകമായ കാര്യം ഏതാനും ആഴ്ചകൾക്കുശേഷം കുട്ടിയുടെ ജഡം വീട്ടിനു പുറകിലുള്ള കിണറ്റിൽ പൊന്തിയെന്നതാണ്.”

വില്ലിയങ്കിൾ അത് പറഞ്ഞശേഷം കണ്ണുകൾ ഇറുക്കിയടച്ചു. ഹോ, അപ്പോൾ മകളുമായി ബന്ധപ്പെട്ട വിഷയം അല്ല. ഞാൻ ഊഹിച്ചതു തെറ്റിപ്പോയി.

‘അന്വേഷണമൊന്നും ഉണ്ടായില്ലേ?’

‘ഇല്ല, ഞാൻ അതിനെപ്പറ്റി ഒന്നും അന്വേഷിച്ചില്ല. പിന്നീടെന്തായെന്നു യാതൊരു നിശ്ചയമില്ല. ഏതായാലും പ്രേതശല്യം കാരണം പൊറുതി മുട്ടി. വീട്ടിലേക്കു കല്ലേറ്, കരച്ചിലും അലർച്ചയും, രാത്രി പന്ത്രണ്ടുമണിക്കുശേഷം തെളിയുന്ന നീല വെളിച്ചം. നട്ടപ്പാതിരക്ക് ആ വീട്ടിനു ചുറ്റും ഒഴുകിനടക്കുന്ന സ്ത്രീരൂപം. സത്യം പറഞ്ഞാൽ നേരം ഇരുട്ടിക്കഴിഞ്ഞാൽ ഈ പ്രദേശത്ത് ആരും അടുക്കാത്ത അവസ്ഥ. ഇതൊക്കെ കാരണം എന്‍റെ ബിസിനസ്സും മോശമായിത്തുടങ്ങി.”

മനസ്സിൽ ധീരതയുടെ പരിവേഷം അണിഞ്ഞിരുന്ന ഒരാളുടെ ദയനീയ ഭാവം എന്നിൽ അനുതാപം ഉണർത്തി. എന്നിരുന്നാലും അയാളുടെ സംസാരം ഞാൻ ശ്രദ്ധാപൂർവ്വം കേട്ടിരുന്നതായി ഭാവിച്ചെങ്കിലും അയാൾ നേരിടുന്ന പ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കാനോ അതിൽ മനസ്സു ചെലുത്തി എന്തെങ്കിലും പരിഹാരം കണ്ടെത്താനോ എനിക്ക് തോന്നിയില്ല.

ചെടികൾ കൈപ്പറ്റി വേഗം വീട് പറ്റണമെന്നായിരുന്നു അപ്പോൾ ഞാൻ കാംക്ഷിച്ചത്. ഞാൻ വാങ്ങിയ ചെടികൾക്ക് പറഞ്ഞുറപ്പിച്ചിരുന്ന വിലയിൽ നിന്നും യാതൊരു കുറവും അയാൾ വരുത്തിയിരുന്നില്ല, മറിച്ച് അധികവില ഈടാക്കുന്നോ എന്നൊരു സംശയം എനിക്ക് തോന്നുകയും ചെയ്തു.

ബിസിനസ് കുറവാണെന്ന് അയാൾ പറഞ്ഞ സാഹചര്യത്തിൽ വല്ലപ്പോഴും ചെടികൾ വാങ്ങാൻ വരുന്നവരിൽ നിന്നും അമിതവില ഈടാക്കി ബിസിനസ് നഷ്ടം പരിഹരിക്കാൻ അയാൾ ശ്രമിക്കുകയാണോ? എന്നൊരു ആശങ്കക്കും ഞാൻ വശംവദനായി.

ഗേറ്റ് കടന്ന് ഒരു ചെറിയ വണ്ടി വരുന്നത് കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ് ഉദാസീനനായി അയാളോട് യാത്ര പറഞ്ഞു. എങ്കിലും ചെടികൾ നിറച്ച ആ വണ്ടിയിൽ കയറും മുൻപ് വില്ലിയങ്കിൾ എന്നോട് പറഞ്ഞ പ്രശ്നത്തിന് എങ്കിലും കഴിയാവുന്ന എന്തെങ്കിലും പരിഹാരം കാണാൻ ശ്രമിക്കാം എന്ന വാക്ക് ഞാൻ അയാൾക്കു നൽകി. അതൊരു വീൺവാക്കാണെന്ന ബോധ്യത്തോടെയാണെങ്കിലും ഞാൻ അത് പറഞ്ഞപ്പോൾ വില്ലിയങ്കിളിന്‍റെ മുഖത്ത് ഒരു ആശ്വാസത്തിന്‍റെ തെളിച്ചം പ്രസരിക്കുന്നതു ഞാൻ കണ്ടു.

അടുത്ത ദിവസം ചെടികൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന്‍റെ ചിന്തയിലായിരുന്നു ഭാര്യയും അമ്മയും. ഞാൻ അഭിപ്രായത്തിനൊന്നും ഒരുമ്പെട്ടില്ല. അവർ തന്നെയിഷ്ടമുള്ള സ്ഥലം നിശ്ചയിക്കട്ടെ എന്നതായിരുന്നു എന്‍റെ തീരുമാനം.

അതിന്‍റെ പരിപാലനവും മറ്റും വില്ലിയങ്കിളിനോട് ഫോൺ വഴിയോ അല്ലെങ്കിൽ ഗൂഗിളിൽ പരതിയോ അവർ മനസ്സിലാക്കിക്കൊള്ളട്ടെ എന്നായിരുന്നു എന്‍റെ നിലപാട്.

ഏതായാലും ഞാൻ രാവിലെ ഓഫീസിൽ നിന്നും ഉച്ചക്ക് മടങ്ങിവന്നപ്പോൾ ചെടികൾ ഒന്നാന്തരം മനോഹരമായി സെറ്റ് ചെയ്തു വച്ചിരിക്കുന്നതു കണ്ടു. ഞാൻ കൊണ്ടുവരുമ്പോൾ ഉറക്കം തൂങ്ങിനിന്നിരുന്ന ചെടികൾ ഉണർന്ന് ഊർജ്ജസ്വലതയോടെ നിൽക്കുന്നു. വീട്ടിന്‍റെ പൊതു അന്തരീക്ഷം തന്നെ മാറിപ്പോയതായി എനിക്ക് തോന്നി.

ഇക്കാര്യത്തിൽ ഭാര്യയേയും അമ്മയേയും അഭിനന്ദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഉച്ചക്ക് നല്ലായി വെന്തചോറ്, പുളിക്കാത്ത തൈരും, പച്ചച്ചീരത്തോരനും, കണ്ണിമാങ്ങയും കൂട്ടികഴിക്കുമ്പോൾ ഞാൻ ഈ കാര്യം പറയുകയും ചെയ്തു.

ഈ ഇടയായി വല്ലപ്പോഴും മാംസാഹാരങ്ങൾ ഉപയോഗിക്കലുള്ളൂ. മനസ്സിനും ശരീരത്തിനും സൗഖ്യം നൽകുന്നത് ഇലക്കറികളും പച്ചക്കറിയും തൈരും ഒക്കെയാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു അങ്ങനെയൊരു തീരുമാനം.

और कहानियां पढ़ने के लिए क्लिक करें...