മലയാള സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്‌ഥാനം നേടിയ നടിയാണ് സായ് പല്ലവി. സ്വാഭാവിക അഭിനയം, ലളിതമായ വ്യക്തിത്വം, അതുല്യമായ നൃത്തച്ചുവടുകൾ ഇതെല്ലാം ചേർന്നാണ് സായ് പല്ലവി പുതുതലമുറയുടെ പ്രിയതാരമായി മാറിയത്. ഗ്ലാമറിനേക്കാൾ കഥാപാത്രത്തിന്‍റെ ആന്തരികഭാവങ്ങൾക്കും ആത്മാവിനും മുൻഗണന നൽകുന്ന അവരുടെ നിലപാടാണ് അവരെ വേറിട്ടു നിർത്തുന്നത്. പ്രേമം എന്ന മലയാള ചിത്രത്തിലെ മലർ ടീച്ചർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ പുതുമയോടെ നിറഞ്ഞുനിൽക്കുന്നു. ചിരിയിലും കണ്ണുകളിലുള്ള നിഷ്‌കളങ്കതയും കൊണ്ടാണ് സായ് പല്ലവി ആദ്യ ചിത്രത്തിലൂടെ തന്നെ യുവതലമുറയുടെ ഹൃദയം കീഴടക്കിയത്.
പിന്നീട് തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ സ്വാധീനമുറപ്പിച്ച അവർ, ഇന്ന് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ രാമായണത്തിലൂടെ ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ്. ചിത്രത്തിൽ രൺബീർ കപൂർ രാമനായും സായ്‌പല്ലവി സീതയുമായി പ്രത്യക്ഷപ്പെടുന്നു. സമീപകാലത്ത് സായ് പല്ലവി നേരിട്ട സൈബർ ആക്രമണങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. “ഏക് ദിൻ” എന്ന ചിത്രത്തിന്‍റെ പ്രചാരണാർത്ഥം നടന്ന ഒരു പരിപാടിയിൽ അവർ സംസാരിച്ച വീഡിയോയെ മുൻനിർത്തിയായിരുന്നു ചില കോണുകളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ ഉയർന്നത്. തന്‍റെ ഹിന്ദി ഭാഷാപരിജ്‌ഞാനം പരിമിതമാണെന്ന് മുൻകൂട്ടി വ്യക്‌തമാക്കിയിട്ടും, ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനറിയാത്ത ഒരാൾ സീതയെപ്പോലെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ ഔചിത്യത്തെ ചിലർ ചോദ്യം ചെയ്യുകയായിരുന്നു.
എങ്കിലും ഇതിനെതിരെ ശക്തമായ പ്രതിരോധം സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും ഉയർന്നുവന്നു. ജാക്വിലിൻ ഫെർണാണ്ടസ്, കത്രീന കൈഫ് എന്നിവരെ പോലെ ഹിന്ദി മാതൃഭാഷയല്ലാത്ത നിരവധി താരങ്ങൾ ബോളിവുഡിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ആരാധകരും സിനിമാ പ്രേമികളും വിമർശകർക്ക് മറുപടി നൽകിയത്. സിനിമയുടെ തിളക്കത്തിനിടയിലും ലാളിത്യവും നൈസർഗിക സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന താരം എന്ന നിലയിലാണ് അവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മേക്കപ്പില്ലാത്ത മുഖവുമായി ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന അവരുടെ സമീപനം നിരവധി യുവതികൾക്ക് പ്രചോദനം പകരുന്നു.
നൃത്തത്തിലായാലും അഭിനയത്തിലായാലും സൂക്ഷ്‌മമായ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാൻ അവർക്ക് സാധിക്കുന്നു. ഓരോ വേഷത്തിലും അവർ പുലർത്തുന്ന സമർപ്പണമനോഭാവം അവരെ ഒരു കംപ്ലീറ്റ് ആർട്ടിസ്‌റ്റ് എന്ന പദവിയിലേക്ക് ഉയർത്തുകയാണ്.
മയൂഖം മുതൽ മോഹിനിയാട്ടം വരെ
അന്തർമുഖനും അൽപം നാണക്കാരനുമായ വ്യക്തി എന്നാവും സൈജു കുറുപ്പിനെ കാണുമ്പോൾ ആർക്കും തോന്നുക. എന്നാൽ അത്തരം ഇമേജിനെയൊക്കെ കടത്തി വെട്ടുന്ന സ്ക്രീൻ പെർഫോമൻസിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ നടൻ. മലയാള സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായിരിക്കുന്നു സൈജു കുറുപ്പ്. കോമഡി- സീരിയസ് അങ്ങനെ ഏത് റേഞ്ചിലുമുള്ള കഥാപാത്രങ്ങളെ സ്വാഭാവികതയോടെ അവതരിപ്പിച്ച് ഫലിപ്പിക്കാനുള്ള അസാധാരണ മികവുള്ള നടൻ. അഭിനയ ശൈലിയിലുള്ള ഈ മികവാണ് അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.
ഹരിഹരൻ സംവിധാനം ചെയ്‌ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സൈജു കുറുപ്പ് പിന്നീടിങ്ങോട്ട് ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. കഠിനാധ്വാനവും അഭിനയ മികവും കൊണ്ട് മലയാള സിനിമയിൽ വലിയ അവകാശവാദങ്ങളില്ലാതെ തന്‍റെ ഇടം ഉറപ്പിച്ചെടുക്കുകയാണ് സൈജു കുറുപ്പ്.
വെടിവഴിപാടിലെ സഞ്ജയ്, 1983-ലെ പപ്പൻ, ആടിലെ അറയ്ക്കൽ അബു, ട്രിവാൻഡ്രം ലോഡ്‌ജിലെ പത്രപ്രവർത്തകൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ജഡ്‌ജി, പ്രതിപൂവൻ കോഴിയിൽ പോലീസ് ഓഫീസർ, ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ നാട്ടിൻപുറത്തുകാരൻ പ്രസന്നൻ, ഡ്രൈവിംഗ് ലൈസൻസിലെ രാഷ്ട്രീയ നേതാവ് ജോണി പെരിങ്ങോടൻ തുടങ്ങിയ വേഷങ്ങളിലൂടെ ഗൗരവവും ഹാസ്യവും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. അറയ്ക്കൽ അബു, സൈജു കുറുപ്പ് എന്ന നടന്‍റെ കരിയർ ഗ്രാഫ് മാറ്റിവരച്ച കഥാപാത്രം. ഹാസ്യത്തിന്‍റെ പുതിയ ഭാവതലങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തിയ അബു, ഇന്നും സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ സജീവമാണ്.
സൈജുവിന്‍റെ 150-ാംമത്തെ സിനിമയായ മോഹിനിയാട്ടത്തിനുമുണ്ട് ചില പ്രത്യേകതകൾ. കൃഷ്‌ണദാസ് മുരളി എഴുത്തും സംവിധാനവും നിർവഹിച്ച ഭരതനാട്യം (2024) എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് മോഹിനിയാട്ടം. ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തതതിനൊപ്പം അതിന്‍റെ നിർമ്മാണ പങ്കാളിയും കൂടിയാണ് സൈജു. തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാനായില്ലെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മോഹിനിയാട്ടം വൻ സ്വീകാര്യതയാണ് നേടിയത്.
രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹം ഒരു നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്ഥിരോത്സാഹവും ആത്മാർത്ഥതയും ഒരു നടനെ എത്രത്തോളം ഉയരത്തിൽ എത്തിക്കുമെന്നതിന് സൈജുവിന്‍റെ ജീവിതം സാക്ഷ്യം നൽകുന്നു.
ഡ്രൈവിംഗ് ലൈസൻസ്, ജാനേമൻ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിന്‍റെ ഹാസ്യനൈപുണ്യവും മികച്ച സ്ക്രീൻ പ്രസൻസും ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയ മികവിനൊപ്പം ലാളിത്യവും വിനയവും നിറഞ്ഞ വ്യക്‌തിത്വവും സൈജു കുറുപ്പിനെ കൂടുതൽ ജനപ്രിയനാക്കുന്നു. വർഷങ്ങളായി മലയാള പ്രേക്ഷകരുടെ മനസ്സിൽ വിശ്വസ്‌തനായ നടനായി അദ്ദേഹം മാറിയിട്ടുണ്ട്. സ്‌ഥിരതയും ആത്മാർത്ഥതയും പരിശ്രമവും ഉണ്ടെങ്കിൽ സിനിമ പോലെയുള്ള മത്സരരംഗത്തും ഉയരങ്ങൾ കീഴടക്കാമെന്നതിന് അദ്ദേഹത്തിന്‍റെ ജീവിതയാത്ര മികച്ച ഉദാഹരണമാണ്. ഇന്നും വ്യത്യസ്‌തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന സൈജു കുറുപ്പ് സമകാലിക മലയാള സിനിമയിലെ ഏറ്റവും വിശ്വസനീയനായ അഭിനേതാക്കളിൽ ഒരാളായി തുടരുകയാണ്.





