ഓരോ ഓണക്കാലവും മലയാളിക്ക് പുതിയ ഫാഷൻ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. എന്നാലും പാരമ്പര്യത്തിന്‍റെ തനിമ വിട്ടൊരു കളിയില്ല നമുക്ക്. ഫ്യൂഷൻ മോഡേൺ ലൂക്ക് ആഗ്രഹിക്കുന്നവർക്ക് ഇത്തവണയും കേരളാ സാരിയിൽ വൈവിധ്യങ്ങളായ ഫാഷൻ വിപ്ലവം കൊണ്ടുവരാം.
സാരി
ഇത്തവണയും ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ മൽകോട്ടൺ സാരികൾ വിപണിയിൽ സജീവമാണ്. ഗോൾഡൻ, കോൺട്രാസ്‌റ്റ്, പേസ്‌റ്റൽ എന്നീ നിറങ്ങളിൽ വരുന്ന ബോർഡറുകൾ കൊണ്ട് കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ഐവറി സാരിയിൽ മഞ്ചാടിക്കുരു ഡിസൈനിൽ വരുന്ന സാരികൾ, ഗോൾഡൻ ടിഷ്യു സാരികൾ, മൾട്ടികളർ ബോർഡറോടുകൂടിയ കോട്ടൺ ലിനൻ സാരികൾ, പോൾക്കം ഡോട്ട്സ്, ഗോൾഡൻ ബൂട്ടാസ് വരുന്ന കോട്ടൺ സാരികൾ എന്നിവ ഈ വർഷത്തെ ഓണം കളക്ഷനിൽ ഉൾപ്പെടുന്നു. ഐവറി നിറത്തിലുള്ള കേരള കസവ് സാരിയിൽ ചുവന്ന പോൾക്കാഡോട്ട്സ് ഡിസൈൻ, അതിനോടൊപ്പം ചുവന്ന ബ്രോക്കേഡ് ബ്ലൗസും നന്നായി ഇണങ്ങും. ഗോൾഡൻ ടിഷ്യൂ ബോർഡർ സാരിയോടൊപ്പം കോൺട്രാസ്‌റ്റ് കളർ ബ്ലൗസ് ധരിച്ച് സ്‌റ്റൈൽ ചെയ്യാം.
ബ്ലൗസ്
സാരിയുടെ ഭംഗി മുഴുവനും നമുക്ക് ദൃശ്യമാകുന്നത് അതിനുചേരുന്ന ചാരുതയാർന്ന ബ്ലൗസ് ധരിക്കുമ്പോഴാണ്. ലിനൻ കോട്ടൺ ഫാബ്രിക്കിൽ വി നെക്ക് സ്ലിറ്റ് ഡിസൈനും ക്യാപ് സ്ലീവും ബ്ലൗസിന്‍റെ വലതു ഭാഗത്ത് ഗോഡൻ നൂലിൽ എംബ്രോയ്ഡറിയും കൊടുത്താൽ വ്യത്യസ്തമായ ഒരു ലുക്ക് കൊണ്ടുവരാം.
കോൺട്രാസ്‌റ്റ് കളറുകളിൽ ഹാൾട്ടർ നെക്ക് ബ്ലൗസ് കസവ് സാരിക്ക് മോഡേൺ ലൂക്ക് നൽകും. ഹൈ നെക്കും സ്ലീവ്‌ലെസ് കട്ടും ചേർന്ന് ലളിതമായെങ്കിലും അതിമനോഹരമായ ലൂക്ക് ഇതിൽ കൊണ്ട് വരാം. പിന്നിൽ ക്ലീൻ ഇൻവിസിബിൾ സിബുകൾ ഫിറ്റ് ചെയ്താൽ ധരിക്കാൻ എളുപ്പമായിരിക്കും.
കോൺട്രാസ്‌റ്റ് നിറങ്ങളിൽ സ്വർണ്ണ ബൂട്ടാസ് വർക്കുകൾ ചെയ്‌ത ഡീപ് വി ഹാൾട്ടർ നെക്ക് ബ്ലൗസും മോഡേൺ സ്‌റ്റൈൽ തരും.
കോൺട്രാസ്‌റ്റ് സിൽക്ക് ബ്ലൗസിൽ ഡീപ് വി നെക്കും ഗോൾഡൻ ബോർഡറോട് കൂടിയ ഹാഫ് സ്ലീവും ക്ലാസിക്ക് ലൂക്ക് നൽകും. പിന്നിൽ വലിയ റൗണ്ട് കട്ടിങ്ങും ചെറിയ ബട്ടണും താഴെ ഗോൾഡൻ ജറി ബോർഡറും ഈ ബ്ലൗസിനെ കൂടുതൽ മനോഹരമാക്കുന്നു.
വെൽവെറ്റ് കോളർ ബ്ലൗസുകൾ വി നെക്ക് കോളർ സ്റ്റൈലിൽ സ്വർണ നിറത്തിലുള്ള എംബ്രോയ്‌ഡറി ബോർഡർ ബ്ലൗസിന് കൂടുതൽ എലഗന്‍റ് ലുക്ക് നൽകുന്നു. ഫുൾ സ്ലീവിലും അതേ എംബ്രോയിഡറി വർക്ക് നൽകിയാൽ ഭംഗികൂടും. പിന്നിലെ നെക്ക് റൗണ്ട് കട്ട് കൊടുത്ത് ബോർഡറിൽ അതേ ഗോൾഡൻ വർക്ക് കൊടുത്ത് ഭംഗിയാക്കാം.
സ്ക്വയർ സ്വീറ്റ് ഹാർട്ട് ലൈനിൽ പൈപ്പിംഗ് നൽകി എൽബോ സ്ലീവിൽ ഫ്ളോറൽ എംബ്രോയ്ഡറി കൊടുത്ത് പിന്നിൽ ഡീപ്പ് യു-നെക്കും ടൈ- അപ്പ് ഡോറിയും കൊടുത്ത് ഭംഗിയാക്കാം.
കൂർത്തി
ഓഫ്-വൈറ്റ് നിറത്തിലുള്ള സ്വർണ്ണ പൂക്കളുടെ മോട്ടിഫുകൾ ചേർന്ന വി നെക്ക് ലോംഗ് എ-ലൈൻ കൂർത്ത ഫുൾസ്ലീവിൽ ചെയ്തെടുത്താൽ ക്ലാസിക്ക് ലൂക്കിന് മോഡേൺ ടച്ച് നൽകും. അതിനൊപ്പം പ്ലീറ്റഡ് പലാസോയും ഗോൾഡൻ സാൻഡലും മിനിമൽ ജ്വല്ലറിയും ധരിച്ചാൽ ഓണത്തിനും ആഘോഷങ്ങൾക്കും പറ്റിയ എലഗന്‍റ് സ്റ്റൈൽ ആണ്.
ഓഫ്-വൈറ്റ് റാപ് സ്റ്റൈൽ അനാർക്കലിയിൽ നെക്‌ലൈനിലും സ്ലീവിലും എംബ്രോയ്‌ഡറി ചെയ്‌ത് മനോഹരമായ കൂർത്തി തയ്യാറാക്കാം. സ്റ്റേറ്റ്മെന്‍റ് ജൂംക്കയും ലളിതമായ മേക്കപ്പും കൂടിയാകുമ്പോൾ ലൂക്ക് കൂടുതൽ മനോഹരമാക്കാം.
ഓഫ് വൈറ്റ് നിറത്തിലുള്ള അനാർക്കലിയിൽ പിങ്ക്, മജന്ത നിറങ്ങളിലുള്ള ഫ്ളോറൽ എംബ്രോയിഡറി ചെയ്ത‌് മനോഹരമാക്കാം. നെക്ക് ലൈനിലും ബോഡിസിലും സ്‌കർട്ടിലുമായി ചെറിയ പൂക്കളുടെ ഡിസൈനും ഫ്രണ്ട് പ്ലീറ്റ്‌സും കൊടുത്ത് കൂർത്തിയെ കൂടുതൽ മനോഹരമാക്കാം.
ഓഫ് വൈറ്റ് നിറത്തിലുള്ള ഗോൾഡൻ ബോർഡറുകളുള്ള ഫ്ളോയി അനാർക്കലിയും കീഹോൾ നെക് ലൈനും സ്ലീവിൽ ഗോൾഡൻ ഡീറ്റെയിലിംഗും കൊടുത്താൽ മിനിമൽ എലഗൻസിനെ കൂടുതൽ മനോഹരമാക്കാം. മിനിമൽ ജ്വല്ലറിയും ഹെയർസ്‌റ്റൈലും ഈ കുർത്തിക്ക് മോഡേൺ ക്ലാസിക്ക് ലൂക്ക് നൽകും.
കഫ്ത്താൻ
ഇത്തവണ കഫ്ത്താൻ ഔട്ട്ഫിറ്റുകൾ ഓണത്തിന് ട്രെൻഡിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മോഡേൺ എത്നിക്ക് ലൂക്കുകൾ ഇഷ്‌ടപ്പെടുന്നവർക്ക്. ധരിക്കാൻ എളുപ്പവും കംഫർട്ടുമാണ് ഇതിനെ ട്രെൻഡിയാക്കുന്നത്. ഈ ഓണത്തിന് ശ്രദ്ധ നേടുന്ന കഫ്ത്താൻ ട്രെൻഡുകൾ താഴെ പറയുന്നു.
ക്രീം നിറത്തിലുള്ള ഫ്ളോയി കഫ്താനിൽ ചുവപ്പ് പോൾക്ക ഡോട്ടുകൾ ഉള്ള കഫ്ത്താൻ കംഫർട്ടായി ധരിക്കാവുന്ന ഔട്ട്ഫിറ്റാണ്. ഓണ ലൂക്കിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ആഘോഷത്തിന്‍റെ ഭംഗി നിലനിർത്തിക്കൊണ്ട് ഒരു മോഡേൺ ലുക്ക് ഫീൽ കിട്ടും.
ഓഫ് വൈറ്റ് നിറത്തിലുള്ള ഫ്ളോയി കഫ്‌താനിൽ നേർത്ത ഗോൾഡൻ വരകൾ നൽകി വി നെക്കിൽ വിശാലമായ സ്ലീവ്‌സും ചേർന്ന് സുഖകരമായ ഒരു മോഡേൺ ഔട്ട്ഫിറ്റ് കൊണ്ടു വരാം.
ഓഫ് വൈറ്റ് ചന്ദേരിയിൽ ചുവന്ന മോട്ടീഫും ഗോൾഡൻ പിങ്ക് ബോർഡർ ഡീറ്റെയിലും കൊടുത്ത് കഫ്ത്താൻ തയ്യാറാക്കിയാൽ ഓണത്തിന് വേറിട്ടൊരു ലുക്ക് ലഭിക്കും. പഴയ കസവ് സാരികൾ വച്ച് ഭംഗിയുള്ള കഫ്ത്താനുകൾ എളുപ്പത്തിൽ ചെയ്തെടുക്കാം. ബോർഡറുകൾ സൈഡിൽ വരുന്ന രീതിയിലും താഴെ ഹെമ്മിൽ വരുന്ന രീതിയിലും ചെയ്‌ത് ഒരു സൈഡിൽ ഹാൻഡ് വർക്ക് കൂടി ചെയ്ത് മനോഹരമാക്കാം.
കുപ്പി വള
ക്ലാസിക് ഓണം ലൂക്ക്: പച്ചകുപ്പി വളകൾക്ക് ഇരുവശത്തും ഒന്ന് വീതം ഗോൾഡൻ വളകൾ ചേർത്ത് ധരിച്ചാൽ ഓഫ്-വൈറ്റ് കസവ് സാരിക്കും കൂർത്തിക്കും ക്ലാസിക് ലൂക്ക് നൽകും.
മിനിമൽ എലഗൻസ്: ഐവറി വൈറ്റ് വളകൾക്ക് നടുവിൽ രണ്ട് ഗോൾഡൻ വളകൾ സിംപിൾ കൂർത്ത, അനാർക്കലി, ഓർഗൻസ സാരി എന്നിവയ്ക്ക് പറ്റിയ കോമ്പിനേഷൻ.
ഫ്ളോറൽ ലൂക്ക്: പിങ്ക് കുപ്പിവളകൾ ഗോൾഡൻ വളകൾക്കൊപ്പം മിക്സ‌് ചെയ്യുക. ഫ്ളോറൽ എംബ്രോയ്ഡറി ഡ്രസ്സുകൾക്കൊപ്പം മനോഹരമായ ലുക്ക് കൊണ്ട് വരാം.
ട്രെൻഡി മിക്സ‌്: പച്ച, ഐവറി, ഗോൾഡ് വളകൾ മാറിമാറി ഇടുക. ഈ കോമ്പിനേഷൻ ഇത്തവണത്തെ ഓണലുക്കുകളിൽ ശ്രദ്ധ നേടുന്ന സ്‌റ്റൈലാണ്.
ഇയറിങ്സ്
വി നെക്ക് ബ്ലൗസ് ധരിക്കുമ്പോൾ നെക്ക് വൈഡ് ആയിരിക്കുന്നത് കൊണ്ട് അത് ബാലൻസ് ചെയ്യാൻ കുറച്ച് ബ്രോഡ് ആയിട്ടുള്ള വലിയ കമ്മലുകൾ നന്നായി ഇണങ്ങും.
ബോട്ട് നെക്ക് ബ്ലൗസിന്‍റെ കൂടെ വലിയ ലെയേർഡ് ആയിട്ടുള്ള ഡ്രോപ്പ് ഡൗൺ കമ്മലുകൾ ധരിക്കാം.
ഡീപ്പ് യൂ നെക്ക് അല്ലെങ്കിൽ സ്ക്വയർ നെക്കിന്‍റെ കൂടെ ഡ്രോപ്പ് എലമെന്‍റ്സ് ഉള്ള കമ്മലുകൾ നന്നായി പോകും.
വൈഡ് ബോട്ട് നെക്ക് ബ്ലൗസ് ആണെങ്കിൽ അതിന്‍റെ കൂടെ കുറച്ച് വലിയ ലെങ്ത്തിയായിട്ടുള്ള സ്‌റ്റേറ്റ്മെന്‍റ് ഇയർറിംഗ്‌സ് ആവാം.
ഹോൾട്ടർ നെക്ക് ബ്ലൗസിന്‍റെ കൂടെ വലിയ സ്റ്റേറ്റ്‌മെന്‍റ് സ്റ്റഡ് മാത്രം ധരിക്കാം.
ഇയർ കഫ് ധരിക്കാൻ ഇഷ്ട്ടമുള്ളവർക്ക് അതും ആവാം. ഏത് നെക്ക് ലൈനിന്‍റെ കൂടെയും ഇയർ കഫ് ഇണങ്ങും.
ഹെയർ സ്‌റ്റൈൽ
മുല്ലപ്പു ലോ ബൺ: ഓണത്തിന് ഏറ്റവും ക്ലാസിക്ക് ലുക്ക് തരുന്ന ഹെയർ സറ്റൈൽ, കസവ് സാരി, അനാർ ക്കലി, കഫ്ത്താൻ എന്നിവക്കെല്ലാം ചേരും.
സോഫ്റ്റ് കേൾസ്: മുടി ലൂസായി വെച്ച് ചെറിയ വേവ്സ് അല്ലെങ്കിൽ കേൾസ്. ഒരു വശത്ത് മുല്ലപ്പൂ ചേർത്താൽ കൂടുതൽ ലുക്ക് കിട്ടും.
ഹാഫ് അപ്പ് ഹാഫ് ഡൗൺ: മുടിയുടെ മുകൾഭാഗം മാത്രം എടുത്ത് പിൻ ചെയ്തത് ബാക്കി അഴിച്ചിടുക. കുറച്ചു കൂടി യംങ് ആയും ഒരു ഫെസ്‌റ്റീവ് ലുക്കും ഇതിൽ കിട്ടും.
ഹാഫ് ബൺ: മുകളിലെ കുറച്ച് മുടി മാത്രം എടുത്ത് ബൺ ചെയ്ത് അതിൽ പൂവെച്ച് സെറ്റ് ചെയ്യുക. ബാക്കി മൂടി അഴിച്ചിടുക.
പൂ വെക്കാൻ ഇഷ്ടമില്ലാത്തവർക്ക് കൈയ്യിലുള്ള മാലയോ ക്ലിപ്പുകളോ ഒക്കെ വച്ച് സ്‌റ്റൈൽ ചെയ്യാവുന്നതാണ്. പേൾ മാലകൾ മുടിയുടെ ഇടയിൽ വെച്ച് പിന്നിയിട്ടാൽ പേൾസ് മുടിയുടെ ഇടക്ക് മാത്രമേ പുറത്തേക്ക് കാണാൻ കഴിയൂ. ഇത് നല്ല ലൂക്ക് തരും.





