ഒരു വ്യക്‌തിയുടെ ലുക്കിൽ ഏറ്റവും പ്രധാനഘടകമാണ് മുടി. തലയിൽ നിറയെ മുടി ഉണ്ടായിട്ട് കാര്യമുണ്ടോ? അതിന് വേണ്ടത്ര പരിചരണം നൽകാതിരുന്നാൽ സ്വന്തം മുടിയോടും ശത്രുത തോന്നിപ്പോകും! ദിവസവും ചീകാതെയും മറ്റും ഇരുന്നാൽ പോലും കെട്ടുപിണയാൻ സാദ്ധ്യത ഉള്ളതിനാൽ മുടി ഉള്ളവർക്കറിയാം അതിന്‍റെ പൊല്ലാപ്പുകൾ. പക്ഷേ പൊല്ലാപ്പുകൾ കൂടുതലാകാതിരിക്കാൻ കൃത്യമായ പോഷണവും പരിചരണവും നൽകുന്നതാണ് ബുദ്ധി. നീളമുള്ള ഇടതൂർന്ന മുടി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതാനും ഹെയർ പാക്കുകളിതാ…

കെമിക്കലുകളിൽ തകരാറായ മുടി

ഏത്തപ്പഴം കഷണങ്ങളാക്കിയ ശേഷം അതിൽ ഒരു സ്പൂൺ നാരങ്ങാനീരും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് പേസ്റ്റാക്കി തലയിലാകമാനം പുരട്ടാം. 15-20 മിനിറ്റിനുശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഉപയോഗിച്ചാൽ മുടിയുടെ കരുത്ത് വർദ്ധിക്കും.

നിറം നഷ്ടപ്പെട്ട മുടിയ്ക്ക്

പലവട്ടം കളറിംഗ് ചെയ്ത മുടിയാണെങ്കിൽ അതിന്‍റെ നാചുറൽ കളർ തീർച്ചയായും നഷ്ടമായിട്ടുണ്ടാകും. ഇങ്ങനെയുള്ള മുടിയ്ക്ക് വേണ്ടി ഇതാ ഒരു പാക്ക്. ഏത്തപ്പഴം തന്നെയാണ് പ്രധാന ഘടകം. ഏത്തപ്പഴം നിറുക്കിയിട്ട് അതിൽ 2 സ്പൂൺ നീം പൗഡർ, രണ്ട് കപ്പ് പപ്പായക്കഴമ്പ് ഇവയും ചേർത്ത് തണുത്ത വെള്ളത്തിൽ മിക്സ് ചെയ്ത് തലമുടിയിൽ പുരട്ടുക. മുടിയുടെ തിളക്കം തിർച്ചുകിട്ടും. മുടി കഴുകുമ്പോൾ ഷിക്കാകായ് ചേർന്ന ഷാമ്പു ആണ് ഉത്തമം.

എണ്ണമയമുള്ള മുടിയ്ക്ക്

രണ്ട് സ്പൂൺ ഓറഞ്ചുനീര്, ഒരു സ്പൂൺ തുളസി നീര് അല്ലെങ്കിൽ പൊടി, ഒരു കപ്പ് തൈര് ഇവയിൽ കുറച്ച് നെല്ലിക്കാപ്പൊടിയും ചേർത്ത് പാക്ക് ഉണ്ടാക്കുക. ഇത് തലയിൽ പുരട്ടിക. അമിതമായി തുറന്നിരിക്കുന്ന സുഷിരങ്ങൾ അടയും. എണ്ണമയം കുറയുകയും ചെയ്യും. മാസത്തിൽ രണ്ട് തവണ ചെയ്യാം.

മുടി പൊഴിച്ചിലിന്

മുടി പൊഴിയാൻ തുടങ്ങുന്നതായി കണ്ടെത്തിയാൽ ഈ പാക്ക് ഉപയോഗിക്കാം. ഉലുവ അരച്ച് ഗ്രീൻടീയിലോ ചെറുചൂടുവെള്ളത്തിലോ കഴുമ്പു രൂപത്തിലാക്കി തലയിൽ പുരട്ടുക. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മെഹന്തി തലയിൽ പുരട്ടുന്നത് നിർത്തുക. കെമിക്കലുകൾ ചേർന്ന മെഹന്തി തലയിൽ പുരട്ടിയാൽ മുടി കൊഴിച്ചിൽ വർദ്ധിക്കും.

നിർജ്‌ജീവമായ മുടിയ്ക്ക്

ഒരു കപ്പ് തേങ്ങാപ്പാലിൽ മൂന്ന് സ്പൂൺ ചെമ്പരത്തിപ്പൊടി, അരകപ്പ് നാരങ്ങാനീര്, അര കപ്പ് ബിയർ ഇവ ചേർത്ത് മിക്സ് ചെയ്യുക. ഈ പാക്ക് മുടിയിൽ മൊത്തം പുരട്ടുക. നിർജ്‌ജീവമായ മുടിയ്ക്ക് തിളക്കം ലഭിക്കും.

കോക്കനട്ട് ക്രീം മാസ്ക്

മുടിയ്ക്ക് നല്ല തിളക്കവും സ്മൂത്ത്നസും പകരാൻ കോക്കനട്ട് ക്രീം മികച്ചതാണ്. തേങ്ങാപാൽ ഡബിൾ ബോയിൽ മെത്തേഡിൽ ചൂടാക്കി ഇളം ചൂടിൽ മുടിവേരുകളിൽ തേച്ച് പിടിപ്പിക്കുക. ശേഷം ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ടവ്വലുകൊണ്ട് തല കവർ ചെയ്യുക. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഹെയർ ഫോളിക്കുകൾക്ക് നല്ല ഉറപ്പും ബലവും ലഭിക്കും. ഒപ്പം മുടിയ്ക്ക് നല്ല തിളക്കവും ഉണ്ടാവും.

താരൻ ശല്യത്തിന്

താരൻ നിമിത്തം തലയിൽ ചൊറിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിൽ നെല്ലിക്കാനീരും നാരങ്ങാനീരും ഒരു കപ്പ് തൈരും ചേർത്ത് പേസ്റ്റാക്കി തലയിൽ പുരട്ടുക. താരൻ മാറും. ചൊറിച്ചിലും നിൽക്കും. ചിലർക്ക് വയറിലെ ദഹന പ്രശ്നങ്ങൾ കൊണ്ടും തല ചൊറിച്ചിൽ ഉണ്ടാകും. ഭക്ഷണം ശ്രദ്ധിക്കുക. ഫൈബർ റിച്ച് ഡയറ്റ് ഉപയോഗിക്കുക.

വേനൽക്കാലത്ത് തലയിൽ വിയർപ്പുണ്ടാവുക സ്വഭാവികമാണ്. ഈ സമയത്ത് അഴുക്കും പൊടിയും അടിഞ്ഞ് മുടിയിൽ താരൻ ശല്യമുണ്ടാകാം. താരൻ ശല്യത്തിന് പരിഹാരം കാണുന്നതിന് ഉലുവ പായ്ക്ക് ഉത്തമമാണ്. 2 ടേബിൾ സ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. പിറ്റേന്ന് രാവിലെ ഉലുവ അതെ വെള്ളമുപയോഗിച്ച് അരച്ചെടുക്കുക. ഉലുവ അരച്ചതിൽ തൈര് ചേർത്ത് മുടിയിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം നല്ലവണ്ണം മുടി കഴുകുക. താരൻ ശല്യം അകന്ന് മുടിയ്ക്ക് നല്ല ആരോഗ്യവും കരുത്തും ലഭിക്കും.

और कहानियां पढ़ने के लिए क्लिक करें...