നിമിഷങ്ങൾ ഒന്നൊന്നായ് കടന്നുപോകുന്നതറിയാതെ നിസ്സംഗതയോടെ കിടക്കുമ്പോൾ ശാരിയുടെ മനസ്സിൽ ആ മുഖം മാത്രമായിരുന്നു. ഈ ഹോസ്‌പിറ്റലിൽ വന്നിട്ട് ഒരാഴ്ചയായിയെന്ന് നേഴ്സുമാർ പറഞ്ഞറിഞ്ഞു.

“ഞാൻ എങ്ങനെ ഇവിടെയെത്തി? ആരാണ് എന്നെ ഇവിടെ കൊണ്ടുവന്ന് അഡ്മ‌ിറ്റ് ചെയ്ത‌ത്.” നേഴ്‌സുമാരോട് പല ആവർത്തി ചോദിച്ചിട്ടും മറുപടി കിട്ടിയില്ല.

ബെഡ്‌ഡിനടുത്തു നിന്നിരുന്ന നേഴ്‌സിനോട് ആകാംക്ഷയാടെ ചോദിച്ചു…

ഈ റൂമിന്‍റെ നമ്പർ എത്രയാണ്

13

പതിമൂന്നെന്നു കേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. അന്ധവിശ്വാസങ്ങളെ നിങ്ങൾക്കു വിട. മനസ്സിൽ പിറുപിറുത്തു.

എന്തെയെന്ന ഭാവത്തിൽ തിരിഞ്ഞുതു നോക്കിയിട്ട് നടന്നുപോയ സിസ്‌റ്ററെ നോക്കി കണ്ണടച്ചു ചിരിച്ചു.

സമയം എത്രയായി? ആവോ, ഒരു പിടിയുമില്ല.

തന്‍റെ കയ്യിൽ ഘടിപ്പിച്ചിരിക്കുന്ന ഡ്രിപ്പ് ട്യൂബിൽ കൂടി ഗ്ലൂക്കോസും മരുന്നും തുള്ളിയായി ഇറ്റിറ്റു വീഴുന്നു. ഞരമ്പുകൾ വഴി ശരീരത്തിലേക്ക് പോകുന്നു. തന്നെ രക്ഷിക്കാൻ.

സമയം ഒട്ടും നീങ്ങുന്നില്ലെന്നു തോന്നി.

അപ്പോൾ…

കാലത്ത് തന്നെ കാണാനായി എത്തിയ ഇരുപതാം നമ്പർ റൂമിലെ പേഷ്യന്‍റായ സുജാത ടീച്ചർ പറഞ്ഞതാണ് ഓർമ്മ വന്നത്.

അവർ പറയുന്നത്, സമയം മെല്ലെ മെല്ലെ വീഴുന്ന ഗ്ലൂക്കോസ് ഡ്രിപ്പു പോലെയാണെന്നാണ്. എട്ടാം നമ്പറിലെ ആലീസിന് സമയം, മെഡിക്കേറ്റഡ് സ്‌പിരിറ്റിന്‍റെ ബാഷ്‌പീകരണം പോലെയും. പെട്ടെന്ന് വരികയും പോവുകയും ചെയ്യുന്നു.

എനിക്ക് ഇതു രണ്ടുമല്ല. കടവത്തു കെട്ടിയിട്ട ഒരു തോന്നി പോലെയാണ് എനിക്ക് തോന്നിയത്. പുഴയിലെ വെള്ളത്തിന്‍റെ ചലനത്തിനൊപ്പം ചാഞ്ചാടുന്ന തോണി. ഇടയ്ക്കിടെ ഓളം വരുമ്പോൾ അത് ഒന്നനങ്ങും. വീണ്ടും നിശ്ചലമാകും. തോണിയിലുണ്ടായിരുന്നവർ ആരെല്ലാമായിരുന്നു?

എല്ലാവരും ഇറങ്ങിപ്പോയി. ഇനി ആരെങ്കിലും വരുമോ? അറിയില്ല. ആ തോണിയുടെ അമരത്ത് ഒരാൾ ഇരിക്കുന്നുണ്ട്. എന്തിനാണ് അമ്മ ഈ തോണിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നത്? തനിക്കിനി കാവലിരിക്കുന്നതെന്തിനാണ്?

അമ്മയോട് ചോദിച്ചാലോ?

മനസ്സ് നിറയെ ദുഖവും ഏതു നിമിഷവും വിങ്ങിപ്പൊട്ടിക്കരയാനുള്ള മുഖഭാവവുമായിരിക്കുന്ന പാവം. കണ്ണുകൾ നിറഞ്ഞത് അറിഞ്ഞില്ലെന്നു നടിച്ചു.

ചെറുപ്പത്തിൽ കോളേജ് ജീവിതത്തിൽ താൻ കഥകൾ എഴുതുമായിരുന്നു. ആകാശവും കരയും കടലും കൂട്ടുകാരും എന്തിനേറെപ്പറയുന്നു പറമ്പിലു പുൽക്കൊടി പോലും തന്‍റെ കഥകളിലെ കഥാപാത്രങ്ങളായിരുന്നു.

തോമസ്. എപ്പോഴും തന്‍റെ കഥകൾ വായിച്ചിട്ട് കളിയാക്കുമായിരുന്നു.

എടീ പെണ്ണേ, നിനക്ക് അസൽ വട്ടാണ്. ഇത് വായിച്ചാൽ ആർക്കു മനസ്സിലാകും. കളിയാക്കലുകൾ തുടരുമ്പോൾ, തന്‍റെ കണ്ണുകൾ നിറയുമ്പോൾ ഒന്നും മിണ്ടാതെ നടന്നു പോകും അവൻ, ദുഷ്ട‌ൻ.

പക്ഷേ…

പാതിരാവിൽ ജനൽപ്പാളികളിൽ കൊട്ടിവിളിച്ച് ഇരുളിന്‍റെ മറവിൽ ദേഹത്തോട് ചേർത്തു പിടിച്ച് ചുംബിച്ചിട്ട് ഞാൻ ചുമ്മ പറഞ്ഞതല്ലേ പെണ്ണേ, നിന്‍റെ കഥയുടെ ജീവൻ എന്‍റെ ക്യാൻവാസിൽ ഒപ്പിയെടുക്കുമെന്നും പറയുമ്പോൾ ലോകം മുഴുവൻ സുഗന്ധ വാഹികളും മനോജ്‌ഞാംഗികളുമായ പൂക്കൾ വിടരുന്നതായി തനിക്ക് തോന്നും.

പക്ഷേ അവൻ പറഞ്ഞതെല്ലാം നുണയായിരുന്നു. ഒന്നുമൊന്നും തന്നോട് പറയാതെ തന്നിൽ നിന്നും അവൻ അകന്ന് പോയപ്പോൾ കഥകളിലൂടെ ഞാൻ അവനെ കണ്ടു.

കയ്യിലെ മുറിവിന്‍റെ വേദന കൂടുതലായി തോന്നി. പെയിൻ കില്ലർ തരുവാൻ നേരമായില്ല? ചാരിക്കിടന്നിരുന്ന വാതിൽ തുറന്നു സിസ്റ്റർ വരാത്തതെന്തെ? പെട്ടെന്ന് വാതിൽ തുറന്നു.

പക്ഷേ സിസ്‌റ്ററിനു പകരം കടന്നു വന്നത് അമ്മയാണ്. കയ്യിൽ ഒരു ഷോപ്പിയിൽ ഭക്ഷണം നിറച്ച പാത്രങ്ങളും മറ്റും, മറു കയ്യിൽ ഫ്ളാസ്ക്കും.

തനിക്കുള്ള ഭക്ഷണവുമായി അമ്മയെത്തിയതാണ്.

“എന്താ മോളേ… വൈകിയോ?” അങ്ങനെ ചോദിച്ചുകൊണ്ട് ഷോപ്പിയിൽ നിന്നും പാത്രങ്ങൾ എടുത്ത് ചോറും കറികളും വിളമ്പാൻ തുടങ്ങി.

തനിക്ക് അദ്ഭുതമാണ് തോന്നിയത്. അമ്മ എപ്പോഴാണ് തോണിയിൽ നിന്നിറങ്ങിപ്പോയത്. അതുപോലും താനറിഞ്ഞില്ല. തന്നെ ഇത്രമാത്രം സ്നേഹിക്കുവാൻ തന്‍റെ അമ്മയ്ക്ക് എങ്ങനെ കഴിയുന്നു. ഏട്ടന്മാരെല്ലാം, കുടുംബത്തിന് മനക്കേടുണ്ടാക്കിയവളെന്ന് പറഞ്ഞ് തന്നെ തിരിഞ്ഞു നോക്കാത്തപ്പോൾ തന്‍റെ മുന്നിൽ നീണ്ടു കിടന്ന് പെരുവഴി മാത്രമാണെന്നറിഞ്ഞിട്ടും എന്തിനാ ആ വഴി തെരഞ്ഞെടുത്തത്?

ആരോരുമില്ലാതെ അനാഥയെപ്പോലെ മുന്നോട്ടു നടക്കുമ്പോൾ മനസ്സിലുണ്ടായിരുന്നത് ഒരു തരം നിർവ്വികാരത. നിസ്സംഗത, താനിപ്പോഴും ആ അവസ്‌ഥയിൽ തന്നെയല്ലേ?

എന്‍റെ മോൾക്ക് വിശന്നു അല്ലേ? വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ കുറച്ച് ഉഴുന്നുവട ഉണ്ടാക്കുകയായിരുന്നു ഞാൻ. അതാ താമസിച്ചത്. അമ്മ പറഞ്ഞു കൊണ്ടേയിരുന്നു.

വിശപ്പ് അത് തന്നെ മറന്ന മട്ടാണ്. എന്നാൽ വേദന, അത് കൂടെത്തന്നെയുണ്ട്.

ചോറും കറികളും ബെഡ്ഡിൽ വയ്ക്കുന്ന വേളയിൽ ഞാൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി. ആ കവിളുകളിൽ ചുളിവുകൾ വീണിരിക്കുന്നു. അവിടവിടെയായി കറുപ്പ് കലകളുമുണ്ട്. പാവം അമ്മ, വെയിലുകൊണ്ട് വാടിയ ചേമ്പില പോലെയായിരിക്കുന്നു.

അമ്മേ, കൈ വല്ലാതെ വേദനിക്കുന്നു. അമ്മ ആ സിസ്‌റ്ററോന്നു അടുത്ത ഇഞ്ചക്ഷൻ തരാൻ സമയമായില്ല മോളേ…

ഊണുകഴിഞ്ഞ് കൊച്ചു വർത്തമാനം പറയാനായി അമ്മ സുജാതടീച്ചറിന്‍റെ റൂമിലേക്കു പോയപ്പോൾ എന്‍റെ ഓർമ്മകൾ പണ്ടത്തെ കോളേജ് ക്യാമ്പസ്സിലെ തോമസിനെ വട്ടമിട്ടു നടക്കുകയായിരുന്നു.

വളർന്നു തൂങ്ങിയ മുടിയും താടിയുമായി ക്യാൻവാസിൽ പെൻസിൽ ഔട്ട്ലൈനിട്ട ചിത്രത്തിൽ തൂലിക കൊണ്ട്. നിറം കൊടുക്കുന്ന തോമസ്. ശബ്ദമുണ്ടാക്കാതെ പതിയെ നടന്ന് അവന്‍റെ പിന്നിലെത്തി ചിത്രം വരയ്ക്കുന്നത് നോക്കി നിൽക്കും.

ദൂരെ കാണുന്ന മലകളും താഴ്വരകളും മലകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന അരുവിയും ഉദിച്ചുയരുന്ന സൂര്യന്‍റെ കിരണങ്ങളേറ്റ് മിന്നിത്തിളങ്ങുന്ന മഞ്ഞു തുള്ളികളും അരുവിയുടെ ഇരുകരകളിലും ഇടതൂർന്നു വളർന്നു നിൽക്കുന്ന വൃക്ഷലതാദികളും താഴ്‌വരകളിൽ മേയുന്ന കാലികളും പാറിപ്പറക്കുന്ന കിളികളും തുമ്പികളുമെല്ലാം ചിത്രത്തിൽ…

അതിശയത്തോടെ നോക്കി നിൽക്കുമ്പോൾ അറിയാതെ തന്നിൽ നിന്നും പുറപ്പെട്ട ആഹ്ളാദശബ്ദം കേട്ട് തോമസ് തിരിഞ്ഞുനോക്കി.

“ശാരി നീ ഇവിടെ!”

“എന്താ എനിക്കിങ്ങോട്ടു വന്നുകൂടെ? ഹിസ്‌റ്ററി ബ്ലോക്കിലേക്ക് ലിറ്ററേച്ചറുകാർക്ക് വരാൻ പാടില്ലെന്നുണ്ടോ?”

“അയ്യോ, ഞാനതൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.”

“പിന്നെ?”

“എന്‍റെ പെണ്ണേ, അല്ലെങ്കിൽ തന്നെ കോളേജിലുള്ള എല്ലാവർക്കും നമ്മുടെ പ്രേമത്തെ പറ്റി അറിയാം.”

പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ തോമസിന്‍റെ കണ്ണുകളിൽ ഭയമോ, നിസ്സഹായതയോ മറ്റെന്തെല്ലാമോ… എന്തുപറ്റി നിനക്ക്. കാര്യങ്ങൾ എത്ര പറഞ്ഞാലും നിനക്കു മനസ്സിലാവില്ലേ?

എനിക്കല്ല മനസ്സിലാവാത്തത്. നിനക്കാണ്, ഞനാരെന്ന് എനിക്ക് നല്ലതു പോലെ അറിയാം. സെന്‍റ്. ആൽബർട്ട് പള്ളിയിലെ വികാരിയച്ചന്‍റെ കരുണ കൊണ്ട് വളർന്നു വലുതായ, പഠിച്ചു കൊണ്ടിരിക്കുന്ന ഒരനാഥൻ. അമ്മയാരെന്നോ, അച്ഛനാരെന്നോ, ചൂണ്ടിക്കാട്ടുവാനില്ലാത്ത സ്വന്തമായ ഒരു മേൽവിലാസം പോലുമില്ലാത്തവൻ. പിന്നെ..

മതി മതി നിർത്ത്, എത്ര പറഞ്ഞാലും നിനക്ക് മനസ്സിലാകാത്തതെന്താ തോമച്ചാ. നിന്‍റെ പൂർവ്വകാല ചരിത്രങ്ങളോ അമ്മയോ അച്ഛഛയോ നോക്കിയല്ല ഞാൻ നിന്നോട് അടുത്തത്. നിന്നെ പ്രേമിക്കാനുള്ള ക്വാളിഫിക്കേഷൻസ് അതെല്ലാമാണോ?

ശാരീ, നിനക്ക് എല്ലാമുണ്ട്. സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മ, സമ്പത്ത്, കുടുംബം, ഏട്ടന്മാർ അങ്ങനെ എല്ലാം… എല്ലാം… ഒന്നുമൊന്നും ഇല്ലാത്തവന്‍റെ വേദന നിനക്കറിയില്ല. നമ്മൾ തമ്മിൽ ചേരില്ലെന്ന് ഞാനെപ്പോഴും പറയുന്നത് അതുകൊണ്ടാണ്.

അവനൊന്നു നിർത്തിയിട്ടു തുടർന്നു.

“വേണ്ട മോളേ… നീ എന്നെ മറക്കാൻ ശ്രമിക്ക്, എന്നേക്കാൾ എന്തുകൊണ്ടും യോഗ്യനായവൻ നിനക്കായി എവിടെയെങ്കിലും ഉണ്ടാവും. ഇപ്പോൾ നമ്മൾ പിരിയുകയാണെങ്കിൽ കുറച്ചു ദിവസക്കേ മനസ്സിൽ വേദന ഉണ്ടാവുകയുള്ളൂ. ഇനിയും കൂടുതൽ അടുത്തു നിന്നശേഷം നിന്‍റെ ഏട്ടന്മാരുടെ അധിക്ഷേപവാക്കുകൾ കേൾക്കാൻ ഞാൻ ഇടവരുത്താതിരിക്കുന്നതല്ലേ നല്ലത് ശാരി, പ്ലീസ്… ഒന്നു കൂടി ആലോചിക്ക്…”

“ഇല്ല തൊമ്മിച്ചാ, ഈ ജന്മം എനിക്കൊരു തുണയും ഇണയുമുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും. നിന്‍റെ ക്യാൻവാസും എന്‍റെ തൂലികയും ചലിച്ചാൽ നമുക്കൊരുമിച്ചു ജീവിക്കാനുള്ള വകകിട്ടും. കുലോം ജാതീം മതോം ഒന്നും ഒരു പ്രശ്നമല്ല. നീയെന്‍റെ കൂടെയുണ്ടങ്കിൽ ആരെയാണ് നമ്മൾ ഭയപ്പെടേണ്ടത്, ഇപ്പോൾ ഞാനെന്തു പറഞ്ഞാലും നിനക്ക് മനസ്സിലാകില്ല. ഈ ചിത്രം നീയെനിക്കു തരുമോ?”

അതിന് ഇതു മുഴുവനായില്ലല്ലോ, മുഴുമിപ്പിക്കാൻ നീ സമ്മതിച്ചതുമില്ല

പൂർണ്ണമാവാത്ത ആ ചിത്രം അവന്‍റെ കയ്യിൽ നിന്ന് വാങ്ങിക്കുമ്പോൾ അതിനു പകരമായി ഞാനവന് കൊടുത്തത്ത് എന്‍റെ ജീവിതമായിരുന്നു.

ഇല്ല, തനിക്കിതെന്നും മറക്കാൻ കഴിയില്ല. കയ്യിലെ വേദന ഇരട്ടിയാകുന്നു. ഈ അമ്മ എവിടെ? അപ്പോഴേക്കും സിസ്റ്ററെത്തി. കൂടെ അമ്മയും ഉണ്ടായിരുന്നു. വേദനയുടെ ജനലുകൾ സി‌സ്റ്റർ പൂർണ്ണമായും വലിച്ചടച്ചു.

ആവിപറക്കുന്ന ചായയുമായി അമ്മ അടുത്തെത്തി. ഒപ്പം ഒരു പ്ലേറ്റിൽ നാലഞ്ചു വടകളും, ചായകുടിക്കുന്നതിനിടയിൽ…

മോളെ നീ എന്തിനാ ഈ കടും കൈ ചെയ്തത്? ഇപ്പോൾ വീട്ടിലുള്ളവർക്കെല്ലാം നിന്നോടുള്ള ദേഷ്യം ഒന്നുകൂടി കൂടുകയല്ലേ ചെയ്‌ത്…

അമ്മാവൻ കൊണ്ടുവന്ന ആലോചനയ്ക്കെന്താ കുഴപ്പം? അവർക്ക് നിന്നെ ഇഷ്ടമായി. നീ എന്ത് തീരുമാനിച്ചു.

താൻ തികച്ചും നിശബ്ദയായി. നിസ്സംഗതയുടെ ആഴത്തിൽ നിന്ന് ഒരു കൈ തന്ന് തന്നെ പിടിച്ചു കയറ്റേണ്ടവർ ഇന്നെവിടെയാണ്? വെള്ളത്തിലാടി കളിക്കുന്ന തോന്നി ഉന്തിയകറ്റാൻ ആരൊക്കെയോ ഒത്തു ചേർന്നാലോചിക്കുന്നു. അവർക്കറിയില്ലെ പോടുവീണ അടിഭാഗമാണ് ഈ തോണിയുള്ളതെന്ന്, പുഴയിലെ വെള്ളം ഉള്ളിലേക്ക് കയറുമെന്ന് എന്തേ അവർ അറിയുന്നില്ല? കേടുള്ള ഈ തോണി ആരാണ് ചലിപ്പിക്കാൻ ധൈര്യപ്പെടുക? ഇടയ്ക്കുവച്ച് മുങ്ങുമെന്നറിഞ്ഞുകൊണ്ട് ആരെങ്കിലും ഇതിൽ കയറുമോ?

രണ്ടുമാസം മുമ്പ്, അതേ ഇന്നും ഓർക്കുന്നു ആ ദിവസം,

ജെട്ടിയിൽ വന്ന് നിന്ന ബോട്ടിൽ നിന്നിറങ്ങി ബ്രോഡ്‌വേയിലേക്ക് നടന്നു നാഷണൽ ബുക്ക് സ്‌റ്റാളിൽ നിന്ന് ഒന്നു രണ്ട് ബുക്ക്‌സ് വാങ്ങണമായിരുന്നു. അതും വാങ്ങി മേനക സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറണമെന്ന് കരുതി നടന്നു. സഭ, അവരുടെ തെരേസസ് കാളേജിന് മുന്നിൽ കൂടി നിൽക്കുന്ന പെൺകുട്ടികളുടെ സഭ, അവരുടെ കലപിലകളും പൊട്ടിച്ചിരികളും കേട്ടപ്പോൾ, പഴയകാലം ഓർമ്മയിൽ വന്നു. അത് അത്ര നല്ല ഓർമ്മയല്ല. എത്രയെല്ലാം പറഞ്ഞിട്ടും ഒരു മറുപടിയും തരാതെ ഒളിച്ചോടി തന്‍റെ തോമാച്ചൻ….

എതിരെ നിന്ന് രണ്ട് കന്യാസ്ത്രീകൾ നടന്നു വരുന്നത് കണ്ടിരുന്നു. അവരെ ശ്രദ്ധിക്കണമെന്ന് തോന്നിയില്ല. അവരെ ശ്രദ്ധിക്കാതെ നടന്നു പോകുമ്പോൾ പിന്നിൽ നിന്ന് വിളി കേട്ടു.

ഒന്നു നിൽക്കാമോ? ഒരു സംശയം ചോദിക്കാനാ?

തിരിഞ്ഞു നോക്കുമ്പോൾ ആ കന്യാസ്ത്രീകൾ തന്നെ കാത്തുനിൽക്കുന്നു.

എന്താ സിസ്റ്റർ? എന്നു ചോദിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

പ്രൊഫസർ ശാരിയല്ലേ? അക്വനസ് കോളേജിലല്ലേ വർക്ക് ചെയ്യുന്നത്?

അതേ, എന്താ സിസ്‌റ്റർ ചോദിച്ചത്? എന്നെ അറിയുമോ?

അറിയാം. ഫോട്ടോ കണ്ടിട്ടുണ്ട്.

എന്‍റെ ഫോട്ടോയോ? അദ്ഭുതത്തോടെ ചോദിച്ചു.

അവരുടെ ചുണ്ടുകളിൽ വിരിഞ്ഞ നറും ചിരിയിൽ നിന്നും അതെയെന്നു താൻ തിരിച്ചറിഞ്ഞു.

സിസ്‌റ്റർ..

പറയാനും ചോദിക്കാനും വന്നത് അവർ തടഞ്ഞു.

പ്രൊഫസർക്ക് ഒരു പോളച്ചനെ അറിയാമോ…

പെട്ടെന്നുള്ള അവരുടെ ചോദ്യത്തിന്‍റെ പൊരുൾ എന്തെന്ന് പിടികിട്ടിയില്ല പോളച്ചൻ ആരെന്ന ഒരു ഊഹവുമില്ലായിരുന്നു. പിന്നെ സംശയത്തോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി.

പോളച്ചനെ അറിയില്ലേ? സെന്‍റ് ആൽബർട്ട്സ് ചർച്ചിലെ പഴയവികാരി.

പെട്ടെന്നാണ് ഓർമ്മ വന്നത്. മാത്യൂസിനെ കാണാൻ വരാറുള്ള എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി വരാറുള്ള അച്ചൻ… ആ അച്ഛനെ കാണുമ്പോൾ താൻ ഓടിച്ചെന്ന് കൈയെടുത്ത് ഉമ്മ വയ്ക്കുമായിരുന്നു.

തോമസ് എപ്പോഴും കളിയാക്കും.

നിനക്ക് ഉമ്മ വയ്ക്കാനുള്ള കയ്യുമായി അച്ഛൻ വന്നിട്ടുണ്ട്. പുള്ളിക്കാരൻ ഒരു ഭാഗ്വേ… സിസ്‌റ്ററുടെ ശബ്ദ്ദം തന്നെ ഓർമ്മയിൽ നിന്നുണർത്തി.

നിങ്ങളൊന്നു പോയി വികാരിയച്ചനെ കാണണം, അദ്ദേഹത്തിന് എന്തോ നിങ്ങളോടു പറയാനുണ്ട്. ഇത് ഞങ്ങളോട് പറഞ്ഞിട്ട് കുറച്ചു മാസങ്ങളായി. നിങ്ങളുടെ അഡ്രസ്സ് അറിയാമോയെന്നും ചോദിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം വയ്യാതെ കിടപ്പിലാണ്. കഴിയുന്നതും വേഗം അദ്ദേഹത്തെ ചെന്നു കാണൂ.

അദ്ദേഹം ഇപ്പോൾ എവിടെയാണ്?

പള്ളിയടയിൽ ചെന്നാൽ മതി.

അവർ പോയതിന് ശേഷം ഞാൻ എന്തിനായിരിക്കും അച്ഛൻ തന്നെ അന്വേഷിക്കുന്നത്. തോമസുമായി തനിക്ക് അടുപ്പമുണ്ടായിരുന്നത് അറിയുന്ന ഒരേയൊരു വ്യക്ത‌ി പോളച്ചൻ മാത്രമായിരുന്നു.

തോമാച്ചൻ യാത്ര പോലും പറയാതെ പോയതിന് ശേഷം ഒരിക്കൽ അച്ഛനെ കാണാൻ പള്ളിമേടയിൽ പോയിരുന്നു. അന്ന് അച്‌ഛൻ പറഞ്ഞ വാചകം ഇന്നും കാതുകളിൽ മുഴങ്ങുന്നതു പോലെ തോന്നി.

ഓരോരുത്തർക്കും കർത്താവ് ഓരോന്നു നിശ്ചയിച്ചിട്ടുണ്ടാവും. ആ നിശ്ചയത്തെ ഏറ്റുവാങ്ങാതെ കടന്നു പോകാൻ ആർക്കുമാവില്ല. മോളുടെ വഴിയിതല്ലെന്നു വിശ്വസിച്ച് എല്ലാം കർത്താവിൽ അർപ്പിച്ച് മുന്നോട്ടു പോകൂ… ഇതിൽ കൂടുതൽ ഞാനെന്തു പറയാൻ.

തോമസിനെക്കുറിച്ചുള്ള ഒരു വിവരവും അദ്ദേഹത്തിൽ നിന്നും അന്ന് കിട്ടിയില്ല. തന്‍റെ കണ്ണീരിനു പോലും അച്ചന്‍റെ മനസ്സിളക്കാൻ സാധിക്കില്ല എല്ലാം നഷ്ട‌പ്പെട്ടതുപോൽ അവിടെ നിന്നിറങ്ങുമ്പോൾ അച്ചനോടും കൂടി വെറുപ്പായിരുന്നു. പിന്നെ ഇപ്പോഴെന്തിനാണ് അച്ചൻ തന്നെ കാണണമെന്ന് പറഞ്ഞ്?

മുന്നിലെത്തിയ ഓട്ടോയ്ക്ക് കൈകാട്ടി നിറുത്തിച്ചു. സെന്‍റ് ആൽബർട്ട് ചർച്ചിലേക്ക് എത്തുമ്പോൾ മണി ആറാകാറായിരുന്നു. ചർച്ചിനോട് ചേർന്ന പള്ളി മേടയിലാണ് അച്ചന്‍റെ താമസം. മുമ്പ് വന്നപ്പോൾ അവിടെ വച്ചാണ് അച്ഛനെ കണ്ടത്. പള്ളിമേടയിൽ ചെന്ന് കോളിംഗ ബെൽ അടിച്ചു. പത്ത് മിനിറ്റ് അവിടെ നിന്നപ്പോൾ വികാരിയച്ചൻ വന്നു,

ആരാ? എന്തിനാ?

പോളച്ചനെ കാണണം.

അദ്ദേഹം സുഖമില്ലാതെ കിടക്കുകയാണല്ലോ.

അതറിഞ്ഞുകൊണ്ടു തന്നെയാണ് വന്ന്, വിരോധമില്ലെങ്കിൽ പോളച്ചനോട് ശാരി കാണാൻ വന്നിരിക്കുന്നുവെന്ന് ഒന്നറിയിക്കുമോ? പ്ലീസ്…

ഓ… അച്ചൻ കാണണമെന്നു പറഞ്ഞ ശാരി നിങ്ങളാണ് അല്ലേ? എന്നാൽ വരൂ.

അച്ചനോടൊപ്പം പോളച്ചൻ മുറിയിലേക്കു നടക്കുമ്പോൾ തന്‍റെ മനസ്സിൽ നിസ്സംഗതയായിരുന്നു. എന്നിട്ടും.

ഇരുൾ വീണ മുറിയിൽ ഒരു മെഴുകുതിരിയുടെ വെളിച്ചത്തിൽ കട്ടിലിൽ നീണ്ടുനിവർന്നു കിടക്കുന്ന പോളച്ചനെ കണ്ടു. കഴുത്തറ്റം വരെ പുതച്ച് കണ്ണുകളടച്ച് കിടന്നിരുന്ന അച്ചന്‍റെ കൈവിരലുകൾ അപ്പോഴും കൊന്തയിലെ മണികൾ തലോടുന്നുണ്ടായിരുന്നു. ഒപ്പം ചുണ്ടുകളും അനങ്ങുന്നുണ്ടായിരുന്നു.

വിളി കേട്ട് ആ മിഴികൾ പതുക്കെ തുറന്നു. കണ്ണുകൾക്ക് കാഴ്ചശക്തി കുറവാണെന്നു തോന്നി. ശബ്ദം കേട്ട് അച്ഛൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.

അച്ചോ, ഇത് ഞാനാണ് ശാരി അച്ചന് എന്നെ ഓർമ്മയുണ്ടോ? എന്തിനാണ് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്?

അദ്ദേഹത്തിന്‍റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഒരു മാനസികാവസ്‌ഥയിലല്ലായിരുന്നു താനപ്പോൾ.

മോൾക്ക് ഇപ്പോഴും എന്നോടുള്ള ദേഷ്യം മാറിയില്ല അല്ലേ? ഞൻ നിന്നെപ്പറ്റി അന്വേഷിച്ചറിയാറുണ്ട്. ഇപ്പോഴും നീ ആ പഴയ വിഷയത്തിൽ മുറുകെപ്പിടിച്ചിരിക്കുകയാണോ? കാലം മുറിവുകൾ കരിക്കുമെന്ന് പറഞ്ഞിട്ട് നിന്‍റെ മാത്രം…

അച്ഛന് ബാക്കി പറയാൻ സാധിച്ചില്ല. ശ്വാസംമുട്ടൽ കൊണ്ട് വാക്കുകൾ മുറിഞ്ഞു.

അദ്ദേഹത്തിന്‍റെ ചുമ കേട്ടിട്ടാവണം തന്നെ ആ മുറിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു വിട്ട വികാരിയച്ചൻ അവിടേക്ക് വന്നു.

പോളച്ചന് തീരെ വയ്യ. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെങ്കിൽ… അദ്ദേഹം നിർത്തി.എനിക്കല്ല പോളച്ചനാണ് പറയാനുള്ളത്. പോളച്ചൻ അതു കേട്ടുവെന്ന് തോന്നുന്നു.

ശരിയാണ് മോളേ… നിന്നെ കാണാതെ ഞാൻ മരിച്ചുപോകുമോയെന്ന ഒരു ഭയം ഈയിടെയായി എന്നിൽ ഉണ്ടായിക്കൊണ്ടിരുന്നു. അതാണ് ഞാൻ വികാരിയച്ചനോടും എന്നെ കാണാൻ വന്ന സിസ്‌റ്റേഴ്‌സിനോടെല്ലാം നിന്നെ കാണണമെന്ന് പറഞ്ഞുവിട്ടത്.

അച്ചൻ ഒന്നു നിർത്തി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു. അതിനിടയിൽ അദ്ദേഹത്തിന്‍റെെ കൈകൾ അടുത്തു കിടക്കുന്ന മേശവലിപ്പിലേക്ക് നീളുന്നതും. വികാരിയച്ചനോട് അതിൽ ഒരു പെട്ടിയുണ്ടെന്നും അതൊന്നെടുത്തു കൊടുക്കാൻ പറയുന്നതും കേട്ടു.

ആ പെട്ടി വാങ്ങി. അതു തുറന്നു അതിൽ നിന്നും ഒരു കവറും ഒരു നീണ്ട പേപ്പർ ചുരുളും എടുത്തിട്ട് ആ പെട്ടി വികാരിയച്ചന് തിരിച്ചു നൽകി.

അദ്ദേഹം ആ പെട്ടി മേശയിൽ വച്ചു പൂട്ടിയിട്ട് പുറത്തേക്കുപോയപ്പോൾ പോളച്ചൻ ആ കവറും പേപ്പർ ചുരുളും എന്‍റെ നേർക്കു നീട്ടിക്കൊണ്ടു പറഞ്ഞു.

നീ ഇതു വാങ്ങു. നിന്‍റെ തോമസ് പോകുന്നതിനു മുമ്പ് നിനക്കു തരണമെന്ന് പറഞ്ഞ് എന്നെ ഏൽപ്പിച്ചതാണ്. അന്ന് നീ ഇവിടെ വന്നപ്പോൾ നിനക്കിത് തരാനുള്ള സമയമായില്ലെന്ന് തോന്നി.

കാലം എല്ലാം മായ്ക്കും, നീ ഒരു പുതിയ ജീവിതം കണ്ടെത്തും എന്നെല്ലാം ഞാൻ കരുതി. എന്നാൽ ഇന്നും നീ ആ പഴയ ഓർമ്മകളിൽ തന്നെ മുഴുകി ജീവിക്കുന്നുവെന്നറിഞ്ഞപ്പോൾ ഇത് നിന്‍റെ കൈകളിൽ തരേണ്ടത് ഒരത്യാവശ്യമായി എനിക്ക് തോന്നി.

ആ കവറും പേപ്പർ ചുരുളും എന്‍റെ നേരെ നീട്ടുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ആ കണ്ണുകൾ നിറഞ്ഞു കവിയുകയായിരുന്നു. വാക്കുകൾ ഇടയ്ക്കിടെ തടസ്സപ്പെട്ടുകൊണ്ടിരുന്നു.

ഏതോ ഒരു ഉൾപ്രേരണയാലെന്ന പോലെ ഞാനത് അച്ഛനിൽ നിന്നു വാങ്ങി.

അച്ചാ, എന്‍റെ തോമസ് ഇപ്പോ എവിടെയാണ്?

എന്‍റെ ശബ്ദം പതറിയിരുന്നുവോ? മോളേ, നിന്‍റെ തോമസ് ഇപ്പോൾ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിലാണ്. ദാ നോക്കൂ… ചുമരിലെ കർത്താവിന്‍റെ പടത്തിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

അവൻ കർത്താവിന്‍റെ അരികിലേക്കുപോയി.

ഒട്ടും വിശ്വസിക്കാനാവാതെ നെഞ്ചിൽ ശ്വാസം വിങ്ങിയതുപോലെ ഞാൻ ഇരുന്നു.

അച്ചനെന്താ പറഞ്ഞേ തോമസ്… എന്‍റെ തോമസ്…? ബാക്കി പറയാൻ എനിക്ക് കഴിഞ്ഞില്ല. ക്ഷോഭം, സങ്കടം, അസ്വസ്‌ഥത എല്ലാം കൂടി മനസ്സിന്‍റെ മൈതാനത്ത് ഓടിക്കളിച്ചു.

കൂടുതലൊന്നും ചോദിക്കാതെ അദ്ദേഹം തന്ന പേപ്പർ ചുരുളും കവറും എടുത്ത് കൊണ്ട് പുറത്തേക്കു നടക്കുമ്പോൾ അച്ഛനോട് യാത്ര പോലും പറയാൻ മറന്നു. കാൽ നിലത്തു കുത്തുന്നുവെന്നു പോലും തോന്നിയില്ല. നിരത്തിലെത്തിയപ്പോൾ വാഹനങ്ങൾ ഇരമ്പിപ്പായുന്നുണ്ടായിരുന്നു.

നഗരം ഒരു ആഴക്കടൽ പോലെ… മുത്തുകളും പവിഴങ്ങളും പാഴ്ചെടികളും ചെറുതും വലുതുമായ മീനുകളും തിമിംഗലങ്ങളും മറ്റും മറ്റുമുള്ള കടൽ. പാഞ്ഞു വരികയായിരുന്ന ഓട്ടോയ്ക്ക് കൈകാട്ടി. തന്‍റെ തൊട്ടടുത്ത് നിർത്തിയ ഡ്രൈവറോട് വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.

പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ആ കവറിന്‍റെയുള്ളിലും പേപ്പർ ചുരുളിലും എന്താണുള്ളതെന്നറിയാനുള്ള തിടുക്കമായിരുന്നു. എന്തിനെന്നറിയില്ല, മനസ്സ് നിറയെ മോഹവും ഹൃദയം നിറയെ സ്നേഹവുമായി അത് പങ്കിടുവാൻ കൊതിച്ചു നടന്ന തന്‍റെ മുന്നിലെത്തിയ രാജകുമാരനായി അവൻ അകന്നതായിരിക്കുമെന്നേ കരുതിയുള്ളൂ.

വീടിന്‍റെ മുന്നിൽ ഓട്ടോ നിർത്തി. ഡ്രൈവർക്ക് വാടക പൈസ കൊടുത്തിട്ട് വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും തന്നെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നി. ഇത്രയധികം വൈകിയതിന് എല്ലാവരിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

പക്ഷേ ആരും ഒന്നും ചോദിച്ചില്ല. അവരുടെയെല്ലാം മുഖഭാവങ്ങളിൽ ഓരോ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഏടത്തിയമ്മമാരുടെ മുഖത്ത് പരിഹാസം നിറഞ്ഞു നിന്നിരുന്നു. ഇല്ല, ആരോടും ഒരു മറുപടിയും പറയാൻ തനിക്കില്ല.

ആരോടും ഒന്നും മിണ്ടാതെ തന്‍റെ മുറിയിലെത്തി വാതിലടച്ചു. ഡ്രസ് ചെയിഞ്ച് ചെയ്യാൻ കൂടി നിൽക്കാതെ ബാഗിൽ നിന്ന് ആ കവറെടുത്ത് തുറക്കുമ്പോൾ കൈകൾ വിറച്ചിരുന്നു. നിറഞ്ഞ കണ്ണുകളോടെ അതു വായിക്കുമ്പോൾ ഉറക്കെപ്പൊട്ടിക്കരഞ്ഞുപോയി.

എന്‍റെ തോമാച്ചാ, നീയെന്നെ വെറുതേ തെറ്റിദ്ധരിച്ചില്ലേ? നീയൊരു ഹാർട്ട് പേഷ്യന്‍റ് ആണെന്നറിഞ്ഞാൽ ഞാൻ നിന്നെ വേണ്ടെന്ന് വയ്ക്കുമെന്നു കരുതിയോ?

നീയെന്തേ കരുതിയത്, ഒരു രാത്രിയിൽപ്പോലും എന്‍റെ യൗവ്വനം തൃപ്തിപ്പെടുത്താൻ നിനക്ക് കഴിയാതെ തളർന്ന വശനായാൽ നിന്നെ ഞാൻ വെറുക്കുമെന്നോ?

എന്‍റെ കാമം തീർക്കാൻ മാത്രമാണോ ഞാൻ നിന്നെ സ്നേഹിച്ചത്? നീയെന്തിനാണ് എന്നെ ഇങ്ങനെ തനിച്ചാക്കി പോയത്?

കത്തിന്‍റെ അവസാനം നീ എന്‍റെ മാത്രം എന്നെഴുതിയത് സത്യമാക്കാമായിരുന്നു നിനക്ക്.

പേപ്പർ ചുരുളഴിച്ചുനോക്കി.

അകന്നുപോകുന്ന തോണിയും നോക്കി വിഷാദവതിയായി നിൽക്കുന്ന ഒരു സ്ത്രീ പിൻതിരിഞ്ഞുനിൽക്കുന്ന മുഖത്തിന്‍റെ ഒരു വശം മാത്രം കുറച്ചു കാണാം.

എന്തിനായിട്ടായിരിക്കും അവൻ ഈ ചിത്രം വരച്ചത്? തനിക്കായി തരാൻ അച്ചന്‍റെ കയ്യിൽ കൊടുത്തത്? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ.

ഉത്തരങ്ങളില്ലാത്തവ

ഇല്ല, തീരുമാനങ്ങൾ എന്‍റേതുമാത്രമാണ്. ഇനി എനിക്കൊരു പങ്കാളിയെ വേണ്ട. തിരിഞ്ഞുനോക്കാനൊന്നുമില്ല. ചീറ്റുന്ന ചോരയുടെ രൂക്ഷ ഗന്ധത്തിൽ കിടക്കയിലേക്ക് ചായുമ്പോൾ ഓർമ്മയിൽ തെളിഞ്ഞുവന്ന തോമസിന്‍റെ ചിരിക്കുന്ന മുഖം.

ആഴക്കടൽ പോലെ നഗരം. ഇരമ്പിപ്പായുന്ന വാഹനങ്ങൾ. മുത്തുച്ചിപ്പികളും പവിഴപ്പുറ്റുകളും പാഴ്ചെടികളും ചെറിയ മീനുകളും തിമിംഗലങ്ങളും സ്രാവുകളും വിഷപ്പാമ്പുകളും മറ്റും ചുറ്റിലും നീന്തിക്കളിക്കുന്നു. കൈവല്ലാതെ വേദനിക്കുന്നു. ബാന്‍റ് ഇട്ടയിടവും ചുവന്നിരിക്കുന്നു. അമ്മ പേടിച്ച് സിസ്‌റ്ററെ വിളിച്ചു കൊണ്ടു വന്നു.

കൈ ഇളക്കരുതെന്ന് നിങ്ങളോട് പ്രത്യേകം പറഞ്ഞതല്ലേ? ഡോക്ട‌ർ അറിഞ്ഞാൽ വഴക്കുപറയും. അവർ വീണ്ടും കൈ ഡ്രസ് ചെയ്യുമ്പോൾ പറഞ്ഞുകൊണ്ടിരുന്നു.

തോമാച്ചാ, ഞാനിവിടെയും തോറ്റു. അകന്നുപോകുന്ന തോണി നോക്കി നിൽക്കുന്ന ആ പെണ്ണിന്‍റെ മിഴികൾ നിറഞ്ഞിരുന്നത് നീ കണ്ടില്ലേ?

और कहानियां पढ़ने के लिए क्लिक करें...