പെൺകുട്ടി മെലിഞ്ഞവളായിരിക്കണം ലോലയും മൃദുവുമായിരിക്കണം, മെലിഞ്ഞ ശരീരപ്രകൃതമാണ് ആരോഗ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും മാനദണ്ഡം എന്നിങ്ങനെ സമൂഹം വർഷങ്ങളായി നമ്മെ പഠിപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇതിന് നേർവിപരീതമായി അൽപം കരുത്തും പേശീബലവുമുള്ള പെൺകുട്ടിയെ കണ്ടാലോ അവൾ പുരുഷത്വമുള്ളവളോ ആകർഷണമില്ലാത്തവളോ ആയി കണക്കാക്കപ്പെടും. എന്നാൽ ഈയൊരു ശാരീരികാവസ്‌ഥയാണ് ആരോഗ്ത്തിന്‍റെയും കരുത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പ്രതീകമെന്ന് ഓർക്കുക. ആരോഗ്യവും സന്തുഷ്ടിയും നിറഞ്ഞ ജീവിതം നയിക്കുന്നതിന് ശാരീരിക സൗന്ദര്യത്തിനൊപ്പം കരുത്തുമാവശ്യമാണ്. അതിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്ട്രെങ്‌ത് ട്രെയിനിംഗ് വളരെയധികം ജനപ്രീതിയാർജ്ജിച്ചിരിക്കുകയാണ്. മറ്റൊന്ന്, സോഷ്യൽ മീഡിയ, സിനിമാതാരങ്ങൾ, ജിം സംസ്കാരം എന്നിവയുടെ സ്വാധീനത്താൽ പലരും ഇതിനെ ഫാഷൻ ട്രെൻഡായും കാണാറുണ്ട് എന്നുള്ളതാണ്. യഥാർത്ഥത്തിൽ ഇത് താൽക്കാലിക ട്രെൻഡോ സ്റ്റൈലോ പ്രകടനമോ അല്ല ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആരോഗ്യപരിപാലന പദ്ധതിയാണ്. ശരീരഭാരവും റെസിസ്റ്റൻസും ഉപയോഗിച്ച് പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങളെയാണ് സ്ട്രെങ്ത് ട്രെയിനിംഗ് എന്ന് പറയുന്നത്. ഇത് ബോഡിബിൽഡർമാർക്കും കായിക താരങ്ങൾക്കും മാത്രം വേണ്ടതാണെന്ന ധാരണ പൊതുവെയുണ്ടെങ്കിലും എല്ലാ പ്രായക്കാർക്കും ഇതിൽ നിന്നും വലിയ ആരോഗ്യലാഭം നേടാൻ കഴിയുന്നെതാണ് വാസ്ത‌വം.

സ്ട്രെങ്‌ത് ട്രെയിനിംഗ് ഗുണങ്ങൾ

സ്ട്രെങ്‌ത് ട്രെയിനിംഗിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് പേശികളുടെ ശക്തിയും അസ്‌ഥികളുടെ ആരോഗ്യവും മെച്ചപ്പെടുത്തുകയെന്നുള്ളത്. പ്രായം കൂടുന്തോറും സ്വാഭാവികമായി പേശിബലവും അസ്‌ഥികളുടെ സാന്ദ്രതയും കുറഞ്ഞു തുടങ്ങും. തൽഫലമായി ബലഹീനതയും അസ്ഥി പൊട്ടലുകളും ഉണ്ടാകാനുള്ള സാധ്യത കൂടും. ഓസ്‌റ്റിയോപോറോസിസ് പോലുള്ള രോഗങ്ങൾക്ക് എളുപ്പത്തിൽ കീഴടങ്ങാൻ ഇത് ഇടവരുത്തും. സ്‌ഥിരമായുള്ള സ്ട്രെങ്‌ത് ട്രെയ്‌നിംഗ് അസ്ഥ‌ികളേയും പേശികളെയും ബലപ്പെടുത്തി ഈവക പ്രശ്നങ്ങളെ അതിജീവിക്കാൻ സഹായിക്കും. മറ്റൊരു പ്രധാന ഗുണം ശരീരത്തിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. സ്ട്രെങ്‌ത് ട്രെയിനിംഗ് വഴി പേശികൾ വർദ്ധിക്കുമ്പോൾ കൂടുതൽ കലോറി ചെലവഴിക്കപ്പെടും. ദീർഘകാലം ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഇത് സഹായിക്കും.

സ്ട്രെങ്‌ത് ട്രെയിനിംഗ് ശരീരഭംഗിയും ബാലൻസും മെച്ചപ്പെടുത്തുന്നു. പോസ്ചർ, ബോഡി ബാലൻസ്, ഫ്ളക്സിബിലിറ്റി എന്നിവ മെച്ചപ്പെടുത്തും. ബലമേറിയ പേശികൾ സന്ധികളെയും നട്ടെല്ലിനെയും നല്ല രീതിയിൽ പിന്തുണയ്ക്കുന്നതിനാൽ പഴകിയ വേദനകൾ ശമിക്കുകയും പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കുറയുകയും ചെയ്യും. കൂടാതെ ശരീരം കൂടുതൽ സ്‌ഥിരതയും ശക്തിയുമാർജ്ജിക്കുന്നതോടെ പുറം വേദന, സന്ധികൾക്കുണ്ടാകുന്ന വഴക്കമില്ലായ്‌മ തളർച്ച തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കുകയും ചെയ്യും.

മാനസികാരോഗ്യം മെച്ചപ്പെടും

ശാരീരിക ഗുണങ്ങൾക്കൊപ്പം മാനസികാരോഗ്യത്തിനും സ്ട്രെങ്‌ത് ട്രെയിനിംഗ് വളരെയധികം ഗുണകരമാണ്. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ എൻഡോർഫിൻ എന്ന ഹാപ്പി ഹോർമോണുകൾ കൂടുതലായി പുറപ്പെടുവിക്കപ്പെടും. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും.

ജീവിതശൈലി രോഗങ്ങളെയകറ്റും

ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും സ്ട്രെങ്ത് ട്രെയിനിംഗ് മികച്ചൊരുപാധിയാണ്. ഇത് രക്തത്തിലെ ബ്ലഡ് ഷുഗർ ലെവൽ മെച്ചപ്പെടുത്തുകയും ടൈപ്പ് ടു ഡയബറ്റീസ് പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. അതുപോലെ രക്ത ചംക്രമണ സംവിധാനം മെച്ചപ്പെടുത്തി ഹൃദയാരോഗ്യവും മികച്ച നിലയിലാക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ഏത് പ്രായക്കാർക്കും ഈ വ്യായാമം പരിശീലിക്കാം. മധ്യവയസ്കർക്കും ചെറുപ്പകാർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന വ്യായാമമുറയാണിത്. ശരീരത്തിന്‍റെ ചലനക്ഷമതയും ശക്തിയും നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം സ്വതന്ത്രമായ ജീവിതം നയിക്കാൻ സഹായിക്കുകയും ചെയ്യുന്നതിന് ഏറ്റവും അനിവാര്യമായ വ്യായാമമാണിത്. മറ്റ് വ്യായാമങ്ങൾക്കൊപ്പം ആഴ്ച‌യിൽ രണ്ട് മുതൽ മൂന്ന് തവണ വരെ ലളിതമായ സ്ട്രെങ്‌ത് ട്രെയിനിംഗ് വ്യായാമമുറകൾ ചെയ്യുന്നതിലൂടെ വലിയ ആരോഗ്യഗുണങ്ങൾ നേടാം.

और कहानियां पढ़ने के लिए क्लिक करें...