മദ്രാസ് മെയിലിന്‍റെ സെക്കൻറ് 2 എസി കംപാർട്ട്മെന്‍റിൽ ഇരുന്ന് കാതറിൻ ജനൽ കർട്ടൻ വകഞ്ഞ് മാറ്റിക്കൊണ്ട് പുറത്തേക്ക് നോക്കി. വണ്ടി വേഗത കുറച്ച് പ്ലാറ്റ്‌ഫോമിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതേയുള്ളു. കാതറിൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ നിന്ന് മുഖം ശ്രദ്ധിച്ചു. അലങ്കോലമായി പാറിക്കിടക്കുന്ന മുടിയിഴകൾ ഒതുക്കി വച്ച് ഷാൾ പിടിച്ച് നേരെയിട്ട് ബാഗ് കയ്യിലെടുത്ത് പതിയെ വാതിലിനടുത്തേയ്ക്ക് നടക്കവേ തന്‍റെ ഉള്ളിലിരുന്ന് ആരോ തന്നോട് സ്വകാര്യമായി മന്ത്രിക്കുന്നതുപോലെ അവൾക്ക് തോന്നി.

പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മുഖം വെളിപ്പെടുത്താൻ മടിച്ച് അച്‌ഛന്‍റെയും അമ്മയുടെയും മറവിൽ ഇതേ വണ്ടിയിൽ ഇതേ ‌സ്റ്റേഷനിൽ വന്നിറങ്ങിയ ഒരു ഇരുപത്തിയഞ്ചുകാരി…

ഇന്നിതാ മുഖം നഷ്ടപ്പെട്ട് ഇവിടെത്ത ന്നെ ഇറങ്ങുവാൻ പോകുന്നു. അല്ലേ. കാതറിൻ അവളോട് തന്നെ സ്വയം തിരുത്തി.

എന്‍റെ പ്രിയപ്പെട്ട മനസ്സേ… മുഖം മാത്രമല്ലല്ലോ എനിക്ക് നഷ്ടമായത്. ജീവിതത്തിലെ പ്രധാനപ്പെട്ടതായി താൻ ഇന്നുവരെ കരുതിയതെല്ലാം തുടർച്ചയായി നഷ്ടമായതിന്‍റെ ആഘാതത്തിൽ ജീവിതത്തിന്‍റെ മറ്റൊരദ്ധ്യായത്തിലേയ്ക്ക് കടക്കുവാൻ എന്നെ തയ്യാറെടുപ്പിച്ചത് ഏറെ പണിപ്പെട്ടിട്ടാണ്. അതുകൊണ്ട് നീ അൽപം കൂടി ക്ഷമിച്ചിരിയ്ക്കൂ…

ഏറെക്കാലം കൊല്ലത്ത് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നതിനാൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന അച്ഛനും അമ്മയ്ക്കും ഒപ്പം തിരുവനന്തപുരത്ത് താമസിച്ചിട്ട് കൊല്ലത്ത് ദിവസേന പോയി വരുന്ന പതിവ് കാരണം ഈ സ്റ്റേഷനും ഓരോ തീവണ്ടിയും തന്‍റെ വീടുപോലെ തന്നെ തനിക്ക് വളരെ പരിചിതമായിക്കഴിഞ്ഞിരുന്നത് കാതറിൻ പലപ്പോഴുമെന്നപോലെ ഇപ്പോഴും ഓർത്തു. വണ്ടിയിറങ്ങി നേരെ സ്‌റ്റേഷൻ മാനേജരെ കണ്ട് റെയിൽവേയുടെ ക്ലീനിംഗ് സ്‌റ്റാഫ് അളഗപ്പ ഡ്യൂട്ടിയിലാണോ എന്ന് അന്വേഷിച്ചറിഞ്ഞതിനുശേഷം താമസിക്കുന്ന വാടക വീടിന്‍റെ നമ്പർ കുറിച്ചെടുത്ത് കാതറിൻ അവിടം ലക്ഷ്യമാക്കി പ്ലാറ്റ്ഫോമിന്‍റെ അവസാന ഭാഗത്തേക്ക് നടന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് പാതി മയക്കത്തിലായിരുന്ന അളഗപ്പ, കാളിംഗ് ബെൽ കേട്ട് ഉണർന്ന് ഉറക്കച്ചടവ് വിട്ട് മാറാതെ തന്നെ വാതിൽ തുറന്നു. കാതറിൻ ബാങ്ക് ഓഫീസർ ആണെന്ന് പറഞ്ഞ് കൊണ്ട് സ്വയം പരിചയപ്പെടുത്തിയതോടെ അളഗപ്പ പൂർണ്ണമായും ഉണർവ്വിലേക്ക് എത്തി. അതിഥിയെ അകത്തേക്ക് വിളിച്ചിരുത്തിയിട്ട് ഭാര്യയോട് ചായ കൊണ്ട് വരുവാൻ നിർദ്ദേശം നൽകുവാനായി അകത്തേക്ക് നീങ്ങി.

കാതറിൻ കണ്ണുകൾ ആരേയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഇടക്കിടെ അകത്തേക്കുള്ള വാതിലിന്‍റെ കർട്ടനിലേക്ക് നീളുന്നത് തിരിച്ചുവന്ന അളഗപ്പ ശ്രദ്ധിക്കാതിരുന്നില്ല. അളഗപ്പയുടെ കണ്ണുകൾ തന്‍റെ ആഗമനോദ്ദേശം അറിയുവാൻ കൊതിക്കുന്നത് മനസ്സിലാക്കിയ കാതറിൽ അളഗപ്പയോട് ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം മെല്ലെ ചോദിച്ചു മനസ്സിലാക്കി. അളഗപ്പയുടെ മനസ്സിൽ സംശയങ്ങളുടെ തിരമാലകൾ അലയടിച്ചുയർന്നു. ഇതുവരെ ഒരു ലോൺപോലും എടുക്കാത്ത തനിക്ക് ഒരു ബാങ്ക് സംബന്ധമായി ജപ്തി വരേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാൻ പഠിച്ച അയാൾ ചിന്തിച്ചത്.

ചായ കൊണ്ടുവന്ന ഭാര്യയോട് മക്കളെ കൂടി ഒന്ന് കണ്ടാൽ കൊള്ളാമെന്നുള്ള കാതറിൻ ഇടറിയ ശബ്ദത്തിലുള്ള അഭ്യർത്ഥന അളഗപ്പയിൽ പിന്നെയും ആശങ്കയുണർത്തി. ഭാര്യ അകത്ത് പോയി ഇരട്ടകളായ രണ്ട് പെൺകുട്ടികളേയും വിളിച്ചു കൊണ്ട് വന്നു. ഡിഗ്രി കഴിഞ്ഞ് നിൽക്കുകയാണെന്ന് അറിഞ്ഞതോടെയാണോ അതോ ഇരട്ടകളാണെന്നറിഞ്ഞതോടെയാണോ എന്നറിയില്ല കാതറിന്‍റെ കണ്ണുകളിലെ പ്രത്യാശയുടെ തിളക്കം കുറഞ്ഞത് അളഗപ്പ ശ്രദ്ധിച്ചു.

ചായ ഊതിയാറ്റി കുടിക്കുന്നതിനിടയിൽ ആ ദമ്പതികൾക്ക് മുമ്പിൽ കാതറിൻ സാവധാനം തന്‍റെ ആഗ്രഹം ഒരു പ്രാർത്ഥനയായി പുറത്തുവിട്ടു. പതിനഞ്ചു വർഷം മുമ്പ് താൻ പ്രസവിച്ച, തന്‍റെ ഒരാഴ്ച മാത്രം പ്രായമായിരുന്ന മകളെ തന്‍റെ സ്വന്തം അച്‌ഛന്‍റെയും അമ്മയുടെയും നിർബ്ബന്ധനത്തിന് വഴങ്ങിയിട്ട്, ഉപേക്ഷിക്കുവാനായി അവരുടെ പക്കൽ കരഞ്ഞു കൊണ്ട് ഏൽപ്പിച്ചതും അവരുമൊത്ത് മദ്രാസ് മെയിലിൽ തിരുവനന്തപുരത്ത് വന്ന് കുട്ടിയെ സ്ലീപ്പർ ബോഗിയിൽ തന്നെ താഴെ ഷീറ്റ് വിരിച്ച് കിടത്തി മൂവരും പുറത്തിറങ്ങി ഇനി സംഭവിക്കുന്നതിന് സാക്ഷിയാകുവാൻ അൽപം മാറി സിമന്‍റ് ബഞ്ചിൽ കാത്തിരുന്നതും ആളൊഴിഞ്ഞ ബോഗിയിൽ നിന്നുള്ള കുട്ടിയുടെ കരച്ചിൽ കേട്ടിട്ടെന്നവണ്ണം ഒരു ക്ലീനിംഗ് സ്റ്റ‌ാഫ് വന്ന് കുട്ടിയെ എടുത്ത് പുറത്തിറങ്ങി നടന്നു പോകുന്നതിന് സാക്ഷിയായതും അന്നത്തെ ആ ക്ലീനിംഗ് സ്‌റ്റാഫ് ആയിരുന്ന അളഗപ്പയെ ബോദ്ധ്യപ്പെടുത്തിയപ്പോൾ അയാളുടേയും ഭാര്യയുടേയും മനസ്സിൽ അതുവരെ മുളപൊട്ടിയിരുന്ന ആശങ്കകൾ ഓരോന്നായി മെല്ലെ കൊഴിഞ്ഞു വീണു തുടങ്ങിയിരുന്നു.

അപ്പോഴും കാതറിന്‍റെ നെഞ്ച് സ്വന്തം മകളെ അന്വേഷിക്കുകയാണെന്ന് മനസ്സിലാക്കിയ അളഗപ്പയും ഭാര്യയും കാതറിന്‍റെ മകൾ സന്തോഷത്തോടെ വളരുന്ന വിവരം കാതറിനെ അറിയിച്ചു. ഇപ്പോൾ തന്നെ എനിക്ക് മകളെ കാണണം എന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തുനിഞ്ഞ ആ പിടയുന്ന അമ്മ മനസ്സിനെ ഇരുവരും ചേർന്ന് സമാധാനപ്പെടുത്തി. വർഷങ്ങൾക്ക് പുറകിൽ നടന്ന കാര്യങ്ങൾ ഓരോന്നായി കാതറിൻ അവരോട് പറഞ്ഞു തുടങ്ങി.

കുടുംബപരമായി തമിഴ്‌നാടാണ് സ്വദേശമെങ്കിലും അച്ഛൻ തുരുവനന്തപുരത്ത് ബിസിനസ് നടത്തിയിരുന്നതിനാൽ കാതറിന്‍റെ പഠനം മുഴുവനും കുടുംബത്തോടൊപ്പം ഇവിടെത്തന്നെയായിരുന്നു. പഠനം കഴിഞ്ഞ് ബാങ്ക് ടെസ്‌റ്റ് എഴുതിയതിൽ സെലക്ട് ആയി റാങ്ക് ലിസ്‌റ്റിൽ പേര് വന്നപ്പോൾ വളരെ വേണ്ടപ്പെട്ട ഒരു കുടുംബ സുഹൃത്തിന്‍റെ മകനുമായിട്ടുള്ള കല്യാണവും തിയതിയും ആലോചിച്ചുറപ്പിച്ച് ഏതാണ്ടെല്ലാം തീരുമാനവുമായിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞ് ഇരുകുടുംബങ്ങളും ഒരുമിച്ച് ഊട്ടിയിലും കൊടൈക്കനാലിലും വിനോദയാത്രയും നടത്തുകയുണ്ടായി.

പക്ഷെ വിധി കാതറിനുനേരെ തന്‍റെ വിളയാട്ടം തുടങ്ങുകയായിരുന്നുവെന്ന് ആരും അപ്പോൾ അറിഞ്ഞില്ല. വിവാഹത്തിന് വെറും രണ്ട് മാസം മുമ്പ് കുടുംബങ്ങൾ തമ്മിൽ സ്ത്രീധനത്തെപ്പറ്റി ചില നേരിയ അഭിപ്രായ വ്യത്യാസങ്ങൾ വന്നതിനാൽ വരന്‍റെ കുടുംബം വിവാഹത്തിൽ നിന്ന് നിർദ്ദാക്ഷിണ്യം പിന്മാറി. പക്ഷെ ഇതിനോടകം തന്നെ കാതറിൻ ഭാവി വരനുമായിട്ടും ഇരുകുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഒരു കുട്ടിയ്ക്ക് ജന്മം കൊടുക്കുവാനുള്ള തയ്യാറെടുപ്പുകൾ അപ്പോഴേയ്ക്കും കാതറിന്‍റെ ശരീരത്തിൽ തുടങ്ങിക്കഴിഞ്ഞിരുന്നുവെന്ന് കാതറിൻ ഒഴികെ മറ്റാരും തന്നെ അറിഞ്ഞിരുന്നില്ല.

ഈ കാര്യങ്ങളെല്ലാം കുടുംബം അറിഞ്ഞു വന്നപ്പോഴേയ്ക്കും കുട്ടിയെ അലസിപ്പിച്ച് കളയുവാനുള്ള സമയമെല്ലാം കഴിഞ്ഞു പോയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ എന്ന് പറഞ്ഞ് ജോലിയിൽ നിന്ന് ആറ് മാസം ലീവെടുത്ത് ചെന്നെയിൽ ബന്ധുക്കൾക്കൊ പ്പം താമസിച്ചു. പ്രസവം കഴിഞ്ഞ് കുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ച ശേഷം ഒരുമാസം കൂടി കഴിഞ്ഞാണ് വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങിയത്. വിവാഹം മുടങ്ങിയതിലുള്ള വിഷമം കാരണമാണ് ലീവെടുത്തത് എന്ന് സഹപ്രവർത്തകരും പരിചയക്കാരും കരുതിയിരുന്നത് ആരും തിരുത്താനും പോയില്ല.

അങ്ങനെ ദിവസേന കൊല്ലത്ത് ബാങ്കിൽ ജോലിക്ക് പോയി വന്നിരുന്നപ്പോഴാണ് താൻ ഉപേക്ഷിച്ച തന്‍റെ പൈതലിനെ എടുത്ത് കൊണ്ടുപോയ ക്ലീനിംഗ് സ്‌റ്റാഫിന്‍റെ പേര് അളഗപ്പ എന്നാണെന്ന് കാതറിൻ മറ്റു പലരിലൂടെ മനസ്സിലാക്കിയെടുത്തത്. അളഗപ്പ സ്വന്തം മകളായിത്തന്നെ തന്‍റെ മകളെ പരിരക്ഷിക്കുന്നുണ്ട് എന്ന ഉത്തമ വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് താൻ മനസ്സമാധാനത്തോടെ ഇക്കാലമത്രയും കഴിഞ്ഞത് എന്ന് കൂടി കാതറിൻ അവരോട് തുറന്ന് പറഞ്ഞു. തുടർന്ന് അച്ഛനുമമ്മയും മറ്റൊരു വിവാഹത്തിന് ഉപദേശിച്ചുവെങ്കിലും ഇനിയൊന്നും വേണ്ട എന്ന് കാതറിൻ സ്വയം തീരുമാനിച്ചതായിരുന്നു.

പക്ഷെ നാലു വർഷം മുമ്പ് അച്ഛനും ഒരു വർഷം മുമ്പ് അമ്മയും ഇല്ലാതായതോടെ താൻ ചെന്നൈയിലേക്ക് സ്ഥഥലംമാറ്റം ചോദിച്ചു വാങ്ങിയിരുന്നുവെങ്കിലും ഒറ്റപ്പെടലിന്‍റെ വേദനയറിഞ്ഞു തുടങ്ങിയെന്നും മകളെ കണ്ടെത്തി അവളെ കൂടെ കൂട്ടിയാൽ എല്ലാത്തിനും ഒരു പരിഹാരമാകുമെന്നും കരുതിയാണ് ഒരിക്കൽ കൂടി ഒരു യാത്ര തുടങ്ങിയതെന്നും കാതറിൻ ഉള്ളു തുറന്നു. പക്ഷെ ഇരുപതുവയസ്സ് പ്രായം ചെന്ന നിങ്ങളുടെ ഇരട്ട കുട്ടികളിൽ എന്‍റെ കുട്ടി വരാൻ വഴിയില്ല എന്നതിനാൽ പിന്നെ അവളെവിടെ എന്ന ആലോചനയിൽ ഞാനൽപം വിഷമിച്ചു പോയി എന്ന് കൂടി കാതറിൻ അവരോട് കൂട്ടിച്ചേർത്തു. ചായ കുടിച്ച് കഴിഞ്ഞ കാതറിനെയും കൂട്ടി അളഗപ്പയും ഭാര്യയും നേരെ പാസഞ്ചർ ട്രെയിൻ ഡ്രൈവർ രാമനുണ്ണിയുടെ ക്വാർട്ടേഴ്സ‌ിലേയ്ക്ക് നടന്നു. അന്ന് വണ്ടിയിൽ നിന്ന് മകളെ കിട്ടിയപ്പോൾ തന്നെ തങ്ങൾക്ക് അഞ്ച് വർഷമായിട്ടും കുട്ടികളൊന്നുമില്ലാതെ വിഷമിക്കുന്ന അന്ന് ലോക്കോ പൈലറ്റ് ആയിരുന്ന രാമനുണ്ണിയ്ക്ക് നൽകിയത് എന്ന് അവർ കാതറിനോട് വഴിയിലൂടെ നടക്കുന്നതിനിടെ സൂചിപ്പിച്ചു.

അളഗപ്പയെയും ഭാര്യയെയും അവർ കൂട്ടിക്കൊണ്ടുവന്ന കാതറിനെയും രാമനുണ്ണിയും ഭാര്യയും സ്വീകരിച്ചിരുത്തി. അളഗപ്പയും ഭാര്യയും കാതറിനും ചേർന്ന് കാര്യങ്ങൾ ചുരുക്കത്തിൽ രാമനുണ്ണിയെയും ഭാര്യയെയും ധരിപ്പിച്ചിട്ട് എല്ലാവരും രാമനുണ്ണിയുടെ കുടുംബത്തിന്‍റെ പ്രതികരണത്തിനായി കാതോർത്തു. പക്ഷെ തികച്ചും ശാന്തമായ മനസ്സോടെ ഈ സന്ദിഗ്ധഘട്ടം അധികം താമസിയാതെ സംജാതമാകുമെന്ന ധാരണ തനിക്കുണ്ടായിരുന്നു എന്നമട്ടിൽ രാമനുണ്ണി ആർദ്രമായ നയനങ്ങളോടെ നിശബ്ദത പാലിയ്ക്കുകയാണ് ചെയ്തത്.

അവധി ദിനമായിരുന്നതിനാൽ തൊട്ടടുത്ത സഹപ്രവർത്തകന്‍റെ ക്വാർട്ടേഴ്സിൽ ഡാൻസ് പ്രാക്ടീസ് ചെയ്‌തിരുന്ന മകൾ സ്വപ്നയെ വിളിച്ച് വരുത്തിയിട്ട് രാമനുണ്ണിയും ഭാര്യയും സാവധാനത്തിൽ സമാധാനപരമായിട്ട് സ്വപനയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. തന്നെ പണ്ട് ഒരു ദിവസം ട്രെയിനിൽ നിന്ന് കിട്ടിയതാണെന്ന് നേരത്തെ തന്നെ പറഞ്ഞ് കേട്ടുള്ള അറിവുണ്ടായിരുന്നതിനാലും അക്കാര്യം എല്ലാവർക്കും അറിയാമായിരുന്നതിനാലും സ്വപ്നയ്ക്ക് അതൊരു വിഷമവുമുണ്ടാക്കിയില്ല എന്ന് മാത്രമല്ല തന്നെ സ്നേഹിക്കുന്ന ഒരമ്മയെ കൂടി കിട്ടിയ സന്തോഷത്തിലുമായിരുന്നു അവൾ.

കാതറിൻ മകളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞു. വിശേഷങ്ങൾ പരസ്‌പരം പങ്ക് വയ്ക്കുന്ന സമയമത്രയും തന്നെ സ്വപ്ന പുതിയ അമ്മയോടൊപ്പം ഒട്ടിയിരുന്നു. മോൾ അമ്മയോടൊപ്പം ചെന്നെയിലേയ്ക്ക് വരുന്നോ എന്ന കാതറിന്‍റെ ചോദ്യത്തിന് പിന്നെയൊരിക്കൽ ആകാമെന്ന് പറഞ്ഞ് കൊണ്ട് അവൾ എഴുന്നേറ്റ് വന്ന് അച്ഛന്‍റെ കഴുത്തിൽ കൈ ചുറ്റിക്കൊണ്ട് ചേർന്ന് നിന്നു.

അതുവരെ വിടർന്ന് വികസിച്ച് ഉദിച്ചുയർന്ന് നിന്നിരുന്ന കാതറിന്‍റെ മുഖം മ്ലാനമാകുന്നത് കണ്ട രാമനുണ്ണിയുടെ ഭാര്യ കാതറിനോട് ആ പിടയുന്ന മനസ്സിന്‍റെ നൊമ്പരം കുറയ്ക്കുവാന്നെവണ്ണം അവരെ സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു. മാഡത്തിന്‍റെ അഡ്രസ്സ് തന്നാൽ മതി. ഇവളുടെ പരീക്ഷ കഴിഞ്ഞുള്ള ഈ അവധിക്കാലത്ത് തന്നെ ഞങ്ങൾ മൂന്നുപേരും കൂടി ചെന്നെയിൽ വന്ന് രണ്ട് മൂന്ന് ദിവസം അവിടെ മാഡത്തിനൊപ്പം താമസിച്ചു കൊള്ളാം.

മഴ പെയ്ത‌് തീർന്ന ശാന്തതയോടെ കാതറിൻ എഴുന്നേറ്റ് എല്ലാവരോടും കൈകൾ കൂപ്പി യാത്ര പറഞ്ഞു. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോൾ രാമനുണ്ണിയും അളഗപ്പയും കാതറിനെ അനുഗമിച്ചു. പ്ലാറ്റ്ഫോമിൽ തന്‍റെ ബോഗി വന്നു നിൽക്കുന്ന സ്ഥാനം കണക്കാക്കി ബഞ്ചിൽ ഇരിക്കവേ, കാതറിൻ തന്‍റെ ജീവിതത്തിന്‍റെ നഷ്ടക്കണക്കുകളിലേക്ക് ഒരിക്കൽ കൂടി മുങ്ങാം കുഴിയിട്ടു.

കാലം തനിക്ക് നേരെ ചൊരിഞ്ഞ വൈപരീത്യങ്ങൾ കാതറിന്‍റെ നെഞ്ചകത്ത് ഒരിയ്ക്കൽ കൂടി ഒന്ന് തെളിഞ്ഞ് പിടഞ്ഞു. പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് അച്‌ഛനും അമ്മയ്ക്കും ഒപ്പം തന്‍റെ മകളെ കളയുവാനായിട്ടാണ് ഈ ചാരുബഞ്ചിൽ കാത്തിരുന്നതെങ്കിൽ ഇപ്പോളിതാ ഒറ്റപ്പെടലിന്‍റെയും നഷ്ട‌പ്പെടലിന്‍റെയും നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ട് താൻ വലിച്ചെറിഞ്ഞു കളഞ്ഞ തന്‍റെ അതേ മകളുമൊത്തുള്ള ഒരു കൂടിച്ചേരലിന് വെമ്പുന്ന മനസ്സുമായി താൻ ഇവിടെ വീണ്ടുമെത്തിയിരിക്കുന്നു.

പ്ലാറ്റ്ഫോമിലെ ആൾത്തിരക്കിനിടയിലും കാതറിൻ ഒറ്റപ്പെടലിന്‍റെ ആഴങ്ങളിൽ മുങ്ങിത്താഴുകയായിരുന്നു. വിധി തനിക്ക് സമ്മാനിച്ച തന്‍റെ എല്ലാ നഷ്ടപ്പെടലുകളും എല്ലാക്കാലത്തേയ്ക്കുമുള്ളതാണെന്ന് ഓർത്ത് കൊണ്ട് വീണ്ടും തനിച്ച് തന്നെ മടങ്ങുവാനായി മദ്രാസ് മെയിലിന്‍റെ വരവ് പ്രതീക്ഷിച്ച് കാതറിൻ പതിയെ ആ പഴയ സിമന്‍റ് ബഞ്ചിലേക്ക് ചാഞ്ഞു, ഒരിയ്ക്കൽ കൂടി…

और कहानियां पढ़ने के लिए क्लिक करें...