ഏതൊരു പൊതുമേഖല ബാങ്കിലോ സ്വകാര്യ ബാങ്കിലോ ഒന്നോ അതിലധികമോ വ്യക്തികൾക്ക് വ്യത്യസ്തതരം ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും. ബാങ്കിംഗ് വ്യവസായത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള പ്രൊവിഷനുകൾ നൽകുകയെന്നുള്ളത്. സ്വന്തം ഉപഭോക്താക്കൾക്കായി സാമ്പത്തിക അക്കൗണ്ട് പരിപാലിക്കാനുള്ള ഉത്തരവാദിത്തം ബാങ്കിനുണ്ട്. ഉപഭോക്താക്കളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനും അത് ട്രാക്ക് ചെയ്യുന്നതിനുമുള്ള വ്യവസ്ഥാപിത മാർഗമാണിത്. ബാങ്ക് അക്കൗണ്ടിൽ നിശ്ചിത കാലയളവിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് സ്റ്റേറ്റ്മെന്റായി ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും. അക്കൗണ്ട് ബാലൻസുകൾ ഏത് സമയത്തും ഉപഭോക്താവിന് അറിയുകയും ചെയ്യാം.
ബാങ്ക് അക്കൗണ്ടുകൾ
നിരവധി തരം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഏത് തരം അക്കൗണ്ടും തുറക്കാം.
വിവിധ തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ
ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്കുകൾക്ക് വിവിധ തരം അക്കൗണ്ടുകൾ ഉണ്ട്. ഏറ്റവും സാധാരണമായ എട്ട് തരം ബാങ്ക് അക്കൗണ്ടുകൾ ഇവയാണ്.
സേവിംഗ്സ് അക്കൗണ്ട്: ഏറ്റവും സാധാരണമായത് സേവിംഗ്സ് അക്കൗണ്ടാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ അക്കൗണ്ട് പണം നിക്ഷേപിക്കാനാണ് ഉപയോഗിക്കുക. നിക്ഷേപിക്കുന്ന കാലയളവിനെ അടിസ്ഥാനമാക്കി ഉപഭോക്താവിന് പലിശ ലഭിക്കുകയും ചെ യ്യും. ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ വ്യക്തികൾ അവരുടെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ ഈ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിക്കുക. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ തരം അനുസരിച്ച് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യതയും പലിശ നിരക്കുകളും വ്യത്യാസപ്പെടും.
കറന്റ് അക്കൗണ്ട്: വ്യാപാരികൾ, ബിസിനസുകാർ, സംരംഭകർ അല്ലെങ്കിൽ സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ എന്നിവരാണ് ഈ അക്കൗണ്ട് പ്രധാനമായും തുറക്കുക. കറന്റ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾക്ക് ബാങ്കുകൾ പലിശ നൽകാറില്ല. ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ പോലുള്ള ചില സവിശേഷതകൾ ബാങ്കുകൾ ഇതിന് വാഗ്ദാനം ചെയ്യുന്നു. അതിനാൽ അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടിലെ ബാലൻസിനേക്കാൾ കൂടുതൽ തുക പിൻവലിക്കാൻ സാധിക്കും. സംരംഭകർക്ക് സ്വന്തം ബിസിനസുകൾ കൂടുതൽ എളുപ്പത്തിൽ നടത്താൻ ഈ സംവിധാനം സഹായിക്കുന്നു. എന്നാൽ ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്.
സാലറി അക്കൗണ്ട്: ഉപഭോക്താവിന് ശമ്പളം ലഭ്യമാക്കാനുള്ള അക്കൗണ്ടാണിത്. വൻകിട സ്ഥാപനങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് ബാങ്കിൽ ഈ അക്കൗണ്ടുകൾ തുറക്കുക. വ്യക്തികൾക്ക് അവ സ്വന്തമായി ആക്സസ് ചെയ്യാൻ കഴിയും. അതേ ബാങ്കിൽ തന്നെ സ്ഥാപനത്തിനും ഒരു അക്കൗണ്ടും ഉണ്ടാകും. പ്രതിമാസ ശമ്പള നിക്ഷേപ പ്രക്രിയയെ ഇത് ലളിതമാക്കും. ഇത്തരം ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിബന്ധനയില്ല. എന്നാൽ ശമ്പളം ലഭിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇത്തരം അക്കൗണ്ടുകൾ തുറക്കാൻ കഴിയൂ. ഭൂരിഭാഗം കേസുകളിലും തുടർച്ചയായി മൂന്ന് മാസത്തേക്ക് ശമ്പളം ലഭിച്ചില്ലെങ്കിൽ ബാങ്ക് സ്വയമേവ അത് സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റും.
റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് : ഈ അക്കൗണ്ട് തുറക്കാൻ ഉപഭോക്താവിന് ബാങ്കിൽ സേവിംഗ്സ് അക്കൗ ണ്ട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഈ അക്കൗണ്ടുകൾക്ക് അക്കൗണ്ട് ഉടമ നിർണ്ണയിക്കുന്ന നിശ്ചിത കാലാവധിയുണ്ട്. കൂടാതെ അക്കൗണ്ടിൽ തുടർച്ചയായി നിക്ഷേപങ്ങളും ആവശ്യമാണ്. പ്രതിമാസമോ ത്രൈമാസമോ നിക്ഷേപം നടത്താനുള്ള ഓപ്ഷൻ ഉപഭോക്താവിന് തിരഞ്ഞെടുക്കാം. കൂടാതെ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തുക വ്യത്യാസപ്പെടാം. ഇത് ഫ്ളെക്സിബിൾ ആയ നിക്ഷേപമാണ്. കാരണം നിർദ്ദിഷ്ട കാലാവധി അവസാനിക്കുന്നതിന് മുമ്പ് പോലും ഏത് സമയത്തും ഫണ്ട് പിൻവലിക്കാൻ കസ്റ്റമറെ അനുവദിക്കുന്നു. എന്നിരുന്നാലും റെക്കറന്റ് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഫണ്ട് പിൻവലിക്കുകയാണെങ്കിൽ ആനുകൂല്യങ്ങൾ ലഭിക്കില്ല.
ഫിക്സഡ് (സ്ഥിര നിക്ഷേം) അക്കൗണ്ട്: വിവിധതരം ബാങ്ക് അക്കൗണ്ടുകളിൽ ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്. ഈ അക്കൗണ്ടിന് നിശ്ചിത കാലാവധിയുണ്ട്. പക്ഷേ ഇത് തുറക്കാൻ ഉപഭോക്താവിന് വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. ഏത് കാലയളവിലേക്കും ഏത് തുകയ്ക്കും ഫിക്സഡ് ഡെപ്പോസിറ്റ് തുറക്കാം. ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന പലിശ നിരക്കുകൾ ലഭിക്കും. കൂടുതൽ ഫ്ളക്സിബിളായ നിക്ഷേപമാണിത്. എഫ്ഡിയുടെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ഫണ്ട് പിൻവലിക്കാൻ ഈ സംവിധാനം അനുവദിക്കുന്നു. അങ്ങനെ പലിശ നിരക്കിൽ നേരിയ കുറവോടെ പണം തിരികെ ലഭിക്കും.
ഡീമാറ്റ് അക്കൗണ്ട്: ഓഹരി വിപണിയിലോ മറ്റ് സെക്യൂരിറ്റികളിലോ വ്യാപാരം നടത്താനും നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് നിർണായകമാണ്. ഉപഭോക്താവിന്റെ ഓഹരി സർട്ടിഫിക്കറ്റുകളും മറ്റ് സെക്യൂരിറ്റികളും ഇലക്ട്രോണിക് ഫോർമാറ്റിൽ സൂക്ഷിക്കുന്ന ഒരു തരം ബാങ്ക് അക്കൗണ്ടാണിത്. ഓഹരികൾ, ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് എന്നിവ കൈവശം വയ്ക്കേണ്ടതിന്റെ ആവശ്യവും വരികയില്ല. പ്രവർത്തനം തടസ്സരഹിതമായിരിക്കുകയും ചെയ്യും. പേപ്പർ ഓഹരികളും അനുബന്ധ രേഖകളും ഭൗതികമായി കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമുള്ള ആവശ്യകത ഇത് ഇല്ലാതാക്കുന്നു.
എൻആർഐ അക്കൗണ്ട്: രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കോ അല്ലെങ്കിൽ താമസിയാതെ രാജ്യം വിടാൻ പദ്ധതിയിടുന്നവർക്കോ ഉള്ളതാണ് എൻആർഐ അക്കൗണ്ട്. ഇതിൽ മൂന്ന് തരം അക്കൗണ്ടുകൾ ഉണ്ട്. എൻആർഇ, ബിആർഒ, എഫ്സിഎൻആർ അക്കൗണ്ടുകൾ. അക്കൗണ്ട് ഉടമയുടെ ഫണ്ടുകളുടെ പൂർണ്ണ സുരക്ഷ ഇത് ഉറപ്പാക്കുന്നു. ഒപ്പം നികുതി രഹിതവുമാണ്. പ്രാധാനമായും വ്യക്തിഗത ആവശ്യങ്ങൾക്കും ബിസിനസ് ബാങ്കിംഗിനും ഇന്ത്യയിലെ നിക്ഷേപങ്ങൾക്കുമാണ് ഈ അക്കൗണ്ട് ഉപയോഗിക്കുക. ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന എല്ലാ ഫണ്ടുകളും ഐഎൻആർ അല്ലെങ്കിൽ ഇന്ത്യൻ രൂപയിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. ഉപഭോക്താവിന് ഏത് വിദേശ കറൻസിയും ഇതിലേക്ക് നിക്ഷേപിക്കാം. പക്ഷേ ഐഎൻആർ മാത്രമേ പിൻവലിക്കാൻ കഴിയൂ. എൻആർഇ, എൻആർഒ അക്കൗണ്ടുകൾക്കിടയിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ എൻആർഇ അക്കൗണ്ട് ഉപയോഗിക്കാം.
എൻആർഒ അക്കൗണ്ട് : ഇന്ത്യയിൽ എൻആർഐകൾ സമ്പാദിക്കുന്ന പെൻഷൻ, വാടക മുതലായവ കൈകാര്യം ചെയ്യുക എന്നതാണ് എൻആർഒ അക്കൗണ്ടിന്റെ ഉദ്ദേശ്യം. ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾക്ക് ടിഡിഎസ് കിഴിവുകൾ ബാധകമാണ്. വിദേശ രൂപയിലും ഇന്ത്യൻ രൂപയിലും നിക്ഷേപങ്ങൾ നടത്താം. പക്ഷേ പിൻവലിക്കലുകൾ ഇന്ത്യൻ രൂപയിൽ മാത്രമേ നടത്താൻ കഴിയൂ. ഒരു എൻആർഐക്കും ഒരു സ്ഥിരം ഇന്ത്യക്കാരനും സംയുക്തമായി ഈ അക്കൗണ്ട് തുറക്കാൻ കഴിയും. ഇത് ഒന്നോ രണ്ടോ എൻആർഐ അംഗങ്ങൾ മാത്രമുള്ള കുടുംബങ്ങൾക്ക് മികച്ച ഓപ്ഷനാണ്.
ഇതിനുപുറമെ ഉപഭോക്താവിന്റെ ആവശ്യങ്ങളും ലഭ്യമായ ബാങ്ക് അക്കൗണ്ടുകളുടെ തരവും അനുസരിച്ച് ഏത് തരത്തിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടും തുറക്കാൻ കഴിയുന്ന ചില അക്കൗണ്ടുകളുണ്ട്. മിക്ക പ്രാധാന ബാങ്കുകളിലും തുറക്കാൻ കഴിയുന്ന വ്യത്യസ്ത തരം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ട്. റെഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, സീറോ ബാലൻസ് അല്ലെങ്കിൽ ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, വനിതാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കുട്ടികളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ഫാമിലി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പ്രിവിലേജ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് മുതലായവ.
ബാങ്ക് അക്കൗണ്ട് തുറക്കാൻ രണ്ട് പ്രധാന വഴികളുണ്ട്. ഓൺലൈനായോ ഓഫ്ലൈനായോ അക്കൗണ്ട് തുറക്കാം. രണ്ടിനും ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖയും വിലാസവും (ആധാർ, പാൻ കാർഡ് പോലുള്ളവ) ഫോട്ടോ, പൂരിപ്പിച്ച അപേക്ഷാ ഫോം എന്നിവ ആവശ്യമാണ്. ഓൺലൈൻ പ്രക്രിയയ്ക്ക് വീഡിയോ കെവൈസിയോ ബ്രാഞ്ച് സന്ദർശനമോ ആവശ്യമില്ല. അതേസമയം ഓഫ്ലൈൻ അക്കൗണ്ടുകൾ ബ്രാഞ്ച് സന്ദർശിച്ച് ഫോമുകൾ പൂരിപ്പിച്ച്, രേഖകൾ സമർപ്പിച്ചാണ് തുറക്കുന്നത്. ഒരു വ്യക്തിക്ക് (18+), പ്രായപൂർത്തിയാകാത്തയാൾക്ക് (രക്ഷിതാവിനൊപ്പം) അല്ലെങ്കിൽ സംയുക്തമായോ അക്കൗണ്ട് തുറക്കാൻ കഴിയും.
- ഏതെങ്കിലും ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുക.
- അക്കൗണ്ട് തുറക്കുന്നതിനു അപേക്ഷാ ഫോം എടുക്കുക
- സ്വന്തം പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ, പാൻ, ആധാർ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകി ഫോം പൂരിപ്പിക്കുക.
- തിരിച്ചറിയൽ രേഖയും വിലാസവും (ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്) തെളിയിക്കുന്ന രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയുടെ പകർപ്പും സമർപ്പിക്കുക.
- ബാങ്ക് ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ചാണ് ഫോമുകളിലും രേഖകളിലും ഒപ്പിടേണ്ടത്.
- ബാങ്കിന്റെ ആവശ്യകത അനുസരിച്ച് കുറച്ച് തുക നിക്ഷേപിക്കുക (ചില അക്കൗണ്ടുകൾക്ക് ഇത് ആവശ്യമില്ല).
സ്വന്തം തൊഴിലോ പ്രായമോ പരിഗണിക്കാതെ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുകയെന്നുള്ളത് അത്യാവശ്യമാണ്. സാമ്പത്തിക ഇടപാടുകൾ മികച്ച രീതിയിൽ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും ബാങ്ക് അക്കൗണ്ട് സഹായകമാണ്. കൂടാതെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്ന ഫണ്ടുകൾ ആക്സസ് ചെയ്യാനും ഉപഭോക്താവിന് കഴിയും. ഒപ്പം നിക്ഷേപത്തിൻമേലുള്ള പലിശയും നേടാം.





