അവസാനത്തെ “നന്മ നിറഞ്ഞ മറിയമേ സ്വസ്തിയും” ചൊല്ലിക്കഴിഞ്ഞു കുരിശുമ്മൂടു വീട്ടിലെ സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ പോലെ അവസാനം ആമേൻ പറഞ്ഞു എല്ലാവരുമെണീറ്റു…
ഇതെന്നതാ മമ്മീ, മുട്ടേലിരുന്നങ്ങ് ഉറങ്ങുവായിരുന്നല്ലോ? ജോമോൻ
ഓ, പോടാ അവിടുന്ന് ഞാനേ കർത്താവിനോടായി കണ്ണടച്ചു പ്രാർത്ഥിക്കുവായിരുന്നു.
ജോമോൻ മമ്മി ജിജിയുടെ മറുപടിയിലറിയാതെ ഒരു കോട്ടുവാ കൂടി പുറത്തേക്കു വന്നു…
എടീ നിനക്കു മുട്ടിലിരുന്ന് പ്രാർത്ഥക്കാൻ വയ്യെങ്കിൽ കസേരയിട്ടിരുന്നാൽ പോരേ? എന്തിനാ പിള്ളേരെ കൊണ്ടിങ്ങ നെ പറയിപ്പിക്കുന്നത്? ജോമോൻ ചോദ്യം ഉറപ്പിച്ചു ചോദിച്ചു.
ഓ..എന്‍റെ മനുഷ്യാ അത് നാളെ മുതൽ നോക്കാന്നേ.
മ്മ്… ആന്‍റോ അമർത്തി, ചിരിച്ചു. എന്നാലും ആനിയും സോണിച്ചനും കൂടി ആലിസ്സിന്‍റെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയിട്ട് വരാനിത്രേം വൈകുമെന്ന് എന്തെങ്കിലും പറഞ്ഞായിരുന്നോടാ ജോമോനെ നിന്നോട്?
ഇല്ല ചാച്ചാ…
നിങ്ങളൊന്നു വിളിച്ചു ചോദിക്കൂ മനുഷ്യാ നിങ്ങളെ പെങ്ങളും അളിയനുമല്ലേ.” ജിജി ആന്‍റോയോടു പറഞ്ഞു.
എന്‍റെ പെങ്ങളും നിന്‍റെ ആങ്ങളയും കൂടിയാണ്. അപ്പോ നിനക്കും വിളിച്ചു ചോദിക്കാം കോട്ടോ…
ഇതാ ഞാൻ നിങ്ങളെ ആലോചന വന്നപ്പോൾ പണ്ടേ പറഞ്ഞത് മാറ്റക്കല്യാണം ശരിയാകൂലാന്ന്. ആരുകേൾക്കാൻ എനിക്കു നിങ്ങളേം എന്‍റെ ആങ്ങളയ്ക്കു നിങ്ങടെ പെങ്ങളേം തന്നെ കെട്ടാനാ യോഗം കർത്താവ് തന്നത്. ഇപ്പോ ഇതാ ഇങ്ങനെ കുറവും കുറ്റവും പറയുന്നത് കേൾക്കാൻ ആണല്ലോ നിങ്ങടെ ചാച്ചൻ വർഗ്ഗീസച്ചായൻ ഞങ്ങടെ ചാച്ചൻ ചെറുപ്പം മുതലേ കൂട്ടായത് എന്ന് എനിക്കിന്നും നല്ല സംശയമുണ്ട് കോട്ടോ… ജിജി പറഞ്ഞു.
കുറവും കുറ്റവുമോ…? കാര്യം ചോദിച്ചാലും അവൾക്ക്…. ഫ്‌ഫാ.. എടീ പെമ്പ്രന്നോത്തീ നിന്‍റെ അപ്പനും എന്‍റപ്പനും തമ്മിലുള്ള സൗഹൃദം മരണം വരെയുണ്ടായിരുന്നു. ഞങ്ങൾ മക്കളിലും അതങ്ങനെ തുടരണമെന്ന് കാർന്നോർ രണ്ടു പേരും ചേർന്നുറപ്പിച്ചു. എന്നിട്ടെന്തായി. പൊന്നുപോലെ അല്ലേ നിന്നെ നോക്കുന്നത്? രണ്ടു കുടുംബവും തമ്മിൽ എന്തെങ്കിലും ചേർച്ചക്കുറവോ അഭിപ്രായ വ്യത്യാസമോ ഉണ്ടായിട്ടുണ്ടോ.
ഈ ഒറ്റവീട്ടിൽ കഴിഞ്ഞ ഇരുപത്തിയാറു കൊല്ലം താമസിച്ചിട്ടും. കാണൂലാ. അതാണ് നമ്മളുടെ പൊരുത്തം. നമ്മുടെ മോൻ ജോമോൻ സോണിച്ചനെയും അവന്‍റെ മോള് ആലീസ് എന്നെയും വിളിയുന്നത് പപ്പാ എന്നാ… പിള്ളേർ വേർതിരിവില്ലാതെ നിന്നെയും ആനിയെയും വിളിക്കുന്നത് മമ്മീ എന്നുതന്നെയുമാ. രണ്ടു പേർക്കും അപ്പന്‍റെയും അമ്മയുടേയും സ്ഥാനമാടീ. വേറെ ആർക്കുകിട്ടും ഈ ഭാഗ്യം? കർത്താവ് തന്നതാടീ ഈ സന്തോഷമൊക്കെ…
ഉവ്വ ഉവ്വേ… ഇതെല്ലാം കേട്ടപാതി കേൾക്കാത്ത പാതി ജോമോൻ മൊബൈലിൽ ആലീസിന്‍റെ നമ്പറിൽ കാൾ അമർത്തി..
എടീ… നീ എവിടാ? ഇത്രയും ലേറ്റാകുന്നതെന്തിനാ?
ദേ ഇപ്പോ എത്തുമെടാ. ഞങ്ങളീ മൂന്നാം വളവു കഴിഞ്ഞു. ആലീസ് മറുപടി പറഞ്ഞു. മ്മ് ശരി. അവരിപ്പോളിങ്ങ് വരും പപ്പാ. അവരപ്പുറത്തെ വളവുകഴിഞ്ഞു.
മ്മ്… അവരും വന്നിട്ട് വിളമ്പിയാൽ മതിയെന്നു പറഞ്ഞു ആന്‍റോ ജിജിയെ ഒന്നുകൂടി നോക്കി. ശരി ഇച്ചായാ… ജിജി ചിരിച്ചോണ്ട് മറുപടി പറഞ്ഞു എണീറ്റു പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ മുൻവശത്തെ മുറ്റത്തേക്ക് വെളുത്ത ഇന്നോവ കാർ ഇരച്ചു കയറിവന്നു.
ദേ ഡീ..അവരെത്തി. ആന്‍റണി പറഞ്ഞു. കാറിൽ നിന്നും ആദ്യം ആലീസ് പുറത്തിറങ്ങി… പിന്നാലെ ആനിയും വണ്ടി ഷെഡിലൊതുക്കി ഒരു ബാഗുമായി സോണിച്ചനും ഇറങ്ങി മുണ്ടൊന്നു മടത്തുകെട്ടി നടന്നുവന്നു…
എന്തായി സോണിച്ചാ… സർട്ടിഫിക്കറ്റ് കിട്ടിയോ യൂണിവേഴ്സിറ്റിയിൽ പോയിട്ട്?
ഓ… എന്നാ പറയാനാ ആന്‍റച്ചായാ നീണ്ട വരിയിൽ നിന്ന് യൂണിവേഴ്സിറ്റിയൽ കയറിയപ്പോൾ പുതിയ സർട്ടിഫിക്കറ്റ് തരാൻ ഇനിയും മൂന്നാഴ്ച്ച കഴിയുമെന്ന്..
ഓ… എന്നതാണോ എന്തോ, എനിക്കാ സ്ഥലം അത്രയ്ക്കങ്ങ് പിടിച്ചില്ല. എനിക്കങ്ങു വല്ലാതെയായി… പിന്നെയിങ്ങു പോന്നു.
അതേ നിങ്ങൾ കോളേജിൽ പോകാത്തോണ്ടാ… ആനി പെട്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ അറിയാതെ ചിരിച്ചുപോയി ആലീസ്..
ഓ… കോളേജിൽ പോയ ഒരാൾ… പ്രീഡിഗ്രിക്കപ്പുറം പഠിക്കാത്ത നീയാണോ കോളേജിൽ പോയത്. സോണിച്ചൻ മുറുമുറുത്തു.
അതേ മനുഷ്യാ… പ്രീഡിഗ്രിയും ഞാൻ കോളേജിലായിരുന്നു ഞാൻ…
ഉവ്വ ഒരു പരിഷ്ക്കാരി…
നിങ്ങളിങ്ങനെ നിന്നാൽ മതിയോ… കയറുന്നില്ലേ? ഞങ്ങളിപ്പോ പ്രാർത്ഥന കഴിഞ്ഞു.. ഒരു സംശയം പോലെ ജോമോൻ ചോദിച്ചു…
അത് നന്നായി.. ഇനി വല്ലോം തിന്നാലോ അല്ലേടാ? ആലീസ് ചോദിച്ചു ചിരിച്ചു.
നിനക്ക് പുറത്തുനിന്നും എന്തേലും വാങ്ങിതന്നു കാണുമല്ലോ? ജോമോൻ പരിഭവം പറഞ്ഞു. എനിക്കുവാങ്ങി തന്നതെല്ലാം നിനക്കും പാർസൽ വാങ്ങിച്ചിട്ടുണ്ടെടാ. നീ പിണങ്ങാതെ ജോമോനെ… ആലീസ് അവനെ ആശ്വസിപ്പിക്കുമ്പോലെ മുതുകിൽ തടവി. അതുകണ്ടപ്പോൾ എല്ലാവരും ചേർന്നുറക്കെ ചിരിച്ചു. എല്ലാവരും വീട്ടിനുള്ളിലേക്കു കയറവേ ജോമോൻ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു,
ആലീസ് എന്തുപറ്റിയെടാ നിന്‍റെ മുഖം വല്ലാതിരിക്കുന്നു. ബോറടിച്ചോ ഒറ്റയ്ക്ക്…
കുറച്ച്…
ആഹാ… ആ ഓർമ്മ വേണം, ഞാനിവിടെ ഇല്ലെങ്കിൽ ഈ വീട് തന്നെ ഉറങ്ങി പോകുമെന്ന്… ആലീസ് ചിരിച്ചു.
അതുകൊണ്ടല്ല ബോറടിച്ചത്…
പിന്നെ?
പിന്നെയോ… നീ ഇവിടെ ഇല്ലാത്തോണ്ട് അരമണിക്കൂർ നീണ്ട പ്രാർത്ഥനയിൽ നിന്നേം മുട്ടിൽ നിർത്താൻ പറ്റിയില്ലല്ലോ എന്നോർത്തപ്പോ…
പ്ഫാ… നുണയൻ തെമ്മാടി ചെറുക്കൻ…
മ്മ്…. രണ്ടും നല്ല കൂട്ടാ. പക്ഷേ ടി വിയുടെ റിമോട്ട് കയ്യിൽ കിട്ടാൻ പിന്നെ അടിയും വഴക്കും. ആനി അത് പറഞ്ഞപ്പോൾ ആലീസ് അറിയാതെ പറഞ്ഞു. കർത്താവേ… ചന്ദനമഴ സീരിയൽ കഴിഞ്ഞുകാണുമല്ലോ… അതുകേട്ടെല്ലാവരും കൂടി ചിരിച്ചു…
അത്താഴത്തിന്‍റെ സമയം ജോമോനായി സോണിച്ചനെ വിട്ടു വാങ്ങിപ്പിച്ച പാഴ്‌സൽ ആലീസവനു കൊടുത്തു.
ഇതെന്താ ആലീസേ?
കുഴിമന്തി… തണുത്തിട്ടില്ല. തിരിച്ചു വരുമ്പോൾ കുറച്ചുമുമ്പ് നിനക്കായി വാങ്ങിപ്പിച്ചത്. ഞങ്ങൾ ഉച്ചക്കിതാ കഴിച്ചത് ആലീസ് പറഞ്ഞു.
മ്മ്… ചൂടുണ്ട്.
ഇന്നെന്നതാ മീൻ കിട്ടിയെ ഇവിടെ? ആലീസ് തിരക്കി.
ഓ… ആകെ ഇത്തിരി കൊഴുവ മാത്രം. മീൻകാരി റോസമ്മയും കടലുമായി കുറേനാളായി പിണക്കത്തിലാണെന്ന് ആൻറോച്ചായനിന്ന് കളിയാക്കി പറഞ്ഞേയുള്ളൂ… ജിജി മറുപടി നൽകി.
കൊഴുവ എങ്കിൽ കൊഴുവ… ഇപ്പോ കാണിച്ചു തരാമെന്നു പറഞ്ഞവൾ എല്ലാം കൂടി ചോറിൽ ഞെരടി വാരി വിഴുങ്ങാൻ തുടങ്ങി. അതുകണ്ട ജോമോൻ പറഞ്ഞു.
പതിയെ തിന്നെടീ ഈ പ്ലേറ്റിലുള്ളത് ഇന്ന് നിനക്കു തന്നെയാ, എനിക്കീ മന്തി മതി. വേറെയാരും എടുത്തോണ്ട് പോകൂലാ… അതുകേട്ടവൾ ചിരിച്ചു.
കൊച്ചുപെണ്ണാണെന്നാ അവളുടെ ഒരു വിചാരം. വയസ്സ് ഇരുപത്തിയൊന്നായി, ക്രിസ്ത്യാനി പെങ്കൊച്ചുങ്ങൾ ഇങ്ങനെ കെട്ടുപ്രായം കഴിഞ്ഞും വീട്ടിൽ നിന്നാൽ നാട്ടുകാരെന്തു പറയും. ആന്‍റച്ചായ ഉടനെ ഇവളുടെ കെട്ടു നടത്തണം, ആ ബ്രോക്കറോട് ഒന്നിവിടം വരെ പറയുമോ കാണുമെങ്കിൽ സോണിച്ചൻ ചോദിച്ചു.
മ്മ്… ഞാൻ നാളെ കണ്ടുപറയാം.
എനിക്കിപ്പോ ഒന്നും കെട്ടണ്ട. അഞ്ചാറു വർഷം കഴിഞ്ഞു മതി എന്‍റെ മിന്നുകെട്ട്… എനിക്കേ പിജിക്കു പോകണമെന്നുണ്ട്. പറ്റിയാൽ റിസർച്ചും ചെയ്യണം. ആലീസതൊരു അപേക്ഷ പോലെ സോണിച്ചനോട് പറഞ്ഞു.
അതുശരിയാ സോണിച്ചാ… പെമ്പിള്ളാർക്ക് വിദ്യാഭ്യാസം വേണം. അതുകൊണ്ടവളെ കെട്ടുകഴിഞ്ഞും പഠിക്കാൻ വിടുന്ന മെച്ചപ്പെട്ട ഒരു കുടുംബത്തിലേക്കയച്ചാൽ മതി കേട്ടല്ലോ. ഇനി വാക്കുമാറരുത് ഞാൻ പറഞ്ഞേക്കാം….ആന്‍റോ പറഞ്ഞു.
അതല്ല ഞാൻ പറഞ്ഞതെന്ന് ആലീസ് പറഞ്ഞുതീരും മുമ്പാവിഷയം മാറ്റി സോണിച്ചൻ റബ്ബറിന്‍റെയും കുരുമുളകിന്‍റെയും മാർക്കറ്റുവിലയും ചർച്ച ചെയ്തു തുടങ്ങി… കുറച്ചുനേരത്തെ കൂട്ടം കൂടിയുള്ള സൊറ പറച്ചിൽ കഴിഞ്ഞു എല്ലാവരും കിടക്കാൻ അവരവരുടെ റൂം തേടി പോയി… സോണിച്ചനും ആനിയും രണ്ടാം നിലയിലെ വലതുവശത്തുള്ള മുറിയിലും ആന്‍റോയും ജിജിയും രണ്ടാം നിലയിൽ തന്നെ ഇടതുവശത്തെ മുറിയിലുമാണ്.
ആലീസ്സിനും ജോമോനും ആദ്യ നിലയിൽ ഹാളിന് ഓപ്പോസിറ്റ് ആയുള്ള രണ്ടുറൂമുകൾ, കുഞ്ഞിലേ മുതൽ പിള്ളേർ പടിയിൽ നിന്നും വീഴാതിരിക്കാനും വയസ്സാം കാലം ഹാളിലെത്തിയാൽ രണ്ടുപേരും പെട്ടെന്നു കാണാനുമായി ചുമരിൽ ഫോട്ടോയിൽ മാലയിട്ടു ചിരിക്കുന്ന വർഗ്ഗീസ് മാപ്പിളയുടെ കരുതൽ കൂടിയാണ് താഴത്തെ നിലയിലെ അവരുടെ റൂമുകൾ. പിറ്റേന്ന് രാവിലെ നാലു മണിക്ക് പതിവുപോലെ ആന്‍റോ കിടക്കയിൽ നിന്നും താഴേക്കു വിളിച്ചു പറഞ്ഞു… ആലീസ്റ്റുകൊച്ചേ… കട്ടൻ ഇടുവോ? അപ്പൊ തന്നെ താഴെ നിലയിൽ നിന്നും ആലിസിന്‍റെ മറുപടിയും വന്നു.
ഇപ്പോ ഇടാമേ..
നീ ഉറക്കം എണീറ്റായിരുന്നോ ആലീസേ?
ഓ… എണീറ്റു.
എന്നാ ആ ജോമോനെ പോയൊന്നു വിളിച്ചുണർത്ത് ഇത്തവണ എഞ്ചിനീയറിങ് അഡ്‌മിഷൻ എൻട്രൻസ് വഴി കിട്ടിയാൽ തുക എത്രയാ ലാഭം.
എണീറ്റു പഠിക്കാൻ പറ.
ഇത്രേം ആന്‍റോ ഉറക്കെ പറഞ്ഞിട്ടും അടുത്ത് കിടന്ന ജീജി ഉറക്കം പോലും എണീറ്റില്ലെന്നതിൽ ഒന്നുകൂടെ അവളെ അയാൾ നോക്കി.
മ്മ്… ഞാൻ പറയാം.
ഇന്നുമാത്രമല്ല ഇനിയെന്നും അവനെ രാവിലെയൊന്നു പഠിക്കാൻ വിളിച്ചുണർത്തുമോ?
മ്മ്… ഓക്കെ
ആലീസ് പറഞ്ഞു. അവളാദ്യം കട്ടൻ തിളപ്പിക്കാൻ വച്ചു. ശേഷം ജോമോന്‍റെ റൂമിലെത്തിയപ്പോൾ ബർമുഡ മാത്രമിട്ടുകൊണ്ട് ഒരുകാൽ മടക്കിപിണച്ചുവച്ചു വായും തുറന്നു കിടന്നുറങ്ങുന്നു ജോമോൻ. സാധാരണ റൂമിൻ ഡോർ അടയ്ക്കാറില്ല. അവന്‍റെ ഉറക്കം കണ്ടപ്പോൾ അവൾക്ക് ചിരിവന്നു. അവൾ ജോമോനെ കുലുക്കി
ഡാ ജോമോനെ, എണീക്ക് എണീക്ക് ഒരത്യാവശ്യമുണ്ട്. പെട്ടെന്നെണീക്ക്…
എന്തുവാ ആലീസേ അമ്മച്ചിക്ക് പിന്നേം മുട്ടുവേദന തുടങ്ങിയോ? പെട്ടെന്ന് ജോമോൻ ഞെട്ടിത്തെറിച്ചു എണീറ്റുകൊണ്ട് ചോദിച്ചു.
അതല്ല ജോമോനെ.
പിന്നെ?
നിന്നോട് എണീറ്റ് പഠിക്കാൻ പറഞ്ഞു പപ്പ.
ആലീസേ ഇതൽപ്പം കൂടിപ്പോയി. നല്ല ഒരുറക്കമായിരുന്നു. ശേ ആ ഫ്ളോയങ്ങുപോയി. ആലീസ് ചിരിച്ചു. അവളുടെ പുഞ്ചിരി അരണ്ട വെളിച്ചത്തിലും അവൻ തിരിച്ചറിഞ്ഞു.
നീ പോയി പഠിക്കൂ… ഞാൻ കട്ടൻ കൊടുത്തിട്ടു വരാമെന്നു പറഞ്ഞവൾ റൂമിന്‍റെ ലൈറ്റിട്ടിട്ട് പുറത്തേക്ക് നടന്നു. കട്ടൻ കൊണ്ടുകൊടുത്തിട്ട് തിരിച്ച് ഹാളിൽ വരുമ്പോൾ ജോമോൻ പുസ്‌തകം തുറന്നു കൊണ്ട് ഉറങ്ങിവീഴുന്ന കാഴ്ച്ചയാണ് ആലീസ് കണ്ടത്.
ഇങ്ങനെയാണോ നീ പഠിക്കുന്നത്?
ഇങ്ങനേം പഠിക്കാം എന്തോ?
മര്യാദയ്ക്കു പഠിക്ക് ഇല്ലേൽ ഞാനിപ്പോ പപ്പയെ വിളിക്കും.
മ്മ്… ഞാൻ വായിക്കുകയല്ലേ. അവൻ ദേഷ്യത്തോടെ അവളെ യൊന്നു നോക്കി. അവൾ പുഞ്ചിരിച്ചു.
രാവിലെ ഒൻപതു മണിയോടുകൂടി ജോമോൻ നോക്കുമ്പോൾ ആന്‍റോ പുതിയ വെളുത്ത ഖദർ ജുബ്ബയും ധരിച്ചു കസവുമുണ്ടും ഉടുത്തു പുറത്തേക്ക് പോകുന്നു. അവൻ ചോദിച്ചു.
എങ്ങോട്ടാ ചാച്ചാ യാത്ര?
എനിക്കേ ആ ബ്രോക്കറെ ഒന്നുകാണണം. നീയും കേട്ടതല്ലേ ഇന്നലെ സോണിച്ചൻ പറഞ്ഞ കാര്യം. നമ്മുടെ ആലീസ് കൊച്ചിന് കൊള്ളാവുന്ന ഒരു ചെറുക്കനെ തപ്പാൻ…
മ്മ്. ശരി ചാച്ചാ…
തിരിച്ചു നടക്കുമ്പോൾ ആലീസ് ചോദിച്ചു. ഡാ പപ്പയെങ്ങോട്ടാ പോയത്?
നിനക്ക് ചെക്കനെ നോക്കാൻ ബ്രോക്കറെ ഏൽപ്പിക്കാൻ.
അയ്യേ നാണക്കേട്
എന്തേ അപ്പോ നിനക്ക് കല്യാണമൊന്നും വേണ്ടേ?
മ്മ്… വേണോ?
വേണം സുഖമായി ജീവിക്കുന്ന ഒരുത്തൻ കൂടി അനുഭവിക്കട്ടെ… മനുഷ്യന്‍റെ കാര്യമല്ലേ എപ്പോഴും നല്ലതുമാത്രം പോരല്ലോ. അല്ലേ?
അയ്യടാ. പോടാ അവിടുന്ന് ഞാൻ കെട്ടിപോയാലേ നീയെന്‍റെ വിലയറിയൂ… അതുപറഞ്ഞവൾ മുഖം കനപ്പിച്ചു.
അയ്യേ സോ സില്ലി… നാണക്കേട്. നീ കെട്ടിപ്പോയാൽ പിന്നെ എനിക്ക് രാവിലെ മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റും എന്നതുകൊണ്ട് ഞാനന്നു മുതലിവിടെ പടക്കം പൊട്ടിച്ചാഘോഷിക്കും.
അമ്പടാ അവന്‍റെ ഒരു സന്തോഷമേ… അവൾ ചിരിച്ചു.
ആലീസ് പിന്നേം കളർ വച്ചല്ലോ. ഇതിപ്പോ കുങ്കുമപ്പൂവ് പാലിൽ കലക്കി കുടിക്കുന്നുണ്ടോ? ഇനിയും വെളുത്താൽ സൂര്യനെ പോലെ വെട്ടം വീഴും, ചൂടാകും ഇവിടൊക്കെ മീൻവിൽപനക്കാരി റോസമ്മയുടെ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടായിരുന്നോണ്ട് ആലീസ് ചിരിച്ചു.
എന്നാ മീനാ ചേടത്തീ?
തിരുതയുണ്ട് പിന്നെ കക്കയിറച്ചിയും.
രണ്ടും എടുത്തോ അവൾ പറഞ്ഞു. ഞാനങ്ങോട്ടു വരുമ്പോൾ ആന്‍റോ സാർ പുറത്തേക്കു പോകുന്നത് കണ്ടു. മീൻ കവറിൽ ഇടുന്നതിനിടയിൽ റോസമ്മ പറഞ്ഞു.
അതവൾക്ക് ഒരു ചെക്കനെ നോക്കാൻ ബ്രോക്കറെ ഏൽപ്പിക്കാൻ പോയതാ? ആലീസിന്‍റെ നാണം കണ്ട ആനി പറഞ്ഞു.
അയ്യോ. കല്യാണപ്രായമൊക്കെ ആയോ ആലിസുകൊച്ചേ? എന്നു ചോദിച്ചുകൊണ്ട് റോസമ്മ അവളുടെ നെഞ്ചിലേക്ക് നോക്കി.
അയ്യേ ഈ ചേട്ടത്തിക്കിതെന്താ
അവൾ നാണത്തോടെ ചിരിച്ചു. ഇനിയിപ്പോ വേറെ ചെക്കൻ എന്തിനാ ദാണ്ട അപ്പുറത്ത് നിൽക്കുകയല്ലേ ചെക്കൻ. അതുപോരെന്നു ചോദിച്ചു കൊണ്ട് ഷർട്ടിടാതെ മുറ്റത്തു വെറുതെ നിൽക്കുന്ന ജോമോനെ നോക്കി റോസമ്മ വിരൽ ചൂണ്ടി. അതു മതിയായിരുന്നു. പക്ഷേ ഇവളെക്കാൾ മൂന്നുമാസം ചെക്കന് മൂപ്പുകുറയും. ഇവളാ മൂത്തത്. ആനി പറഞ്ഞു
മമ്മി എന്തൊക്കെയാ ഈ പറയുന്നേ? ജോമോൻ എനിക്ക് കൂടെപ്പിറപ്പിനെ പോലെയ… അവന് ഞാനും. ഞങ്ങളേ ബെസ്റ്റ‌് ഫ്രണ്ട്സാണ്. ആലീസ് പറഞ്ഞു. അപ്പോ ഇനി അടുത്തത് അവന്‍റെ കല്യാണമാണ് ഇവിടെ അല്ലേ. ദാണ്ടേ നിൽക്കുന്ന കുട്ടിക്കുരങ്ങൻ എന്നു റോസമ്മ പറഞ്ഞതും കാര്യമൊന്നും മനസ്സിലാക്കാതെ അകലെ നിന്ന ജോമോൻ മുറ്റത്തുകിടന്ന ഒരു ഈർക്കിൽ എടുത്തു പല്ലുകുത്താൻ തുടങ്ങിയിരുന്നു. അതുകണ്ടപ്പോൾ എല്ലാവരും കൂടി ഒരുമിച്ചു പറഞ്ഞു. കറക്റ്റാണ്… കുട്ടിക്കുരങ്ങൻ.
പത്തുമണിക്കുള്ള ചായ കഴിഞ്ഞതും അടുക്കളയിൽ നിന്ന ആലീസിനോടൊന്നോണം ജിജി കേൾക്കാൻ ജോമോൻ പറഞ്ഞു. ഞാനേ ക്രിക്കറ്റ് കളിക്കാൻ പോകുവാണേ…
ഗ്രൗണ്ടിലോ?
ഏയ് അപ്പുറത്തെ പറമ്പിൽ..
നാണമില്ലല്ലോ ഇത്രേം വളർന്നിട്ടും കളിച്ചു നടക്കാൻ. ആലീസ് ചോദിച്ചു.
അയ്യേ ഞാനെന്തിന് നാണിക്കണം. എനിക്ക് ഇരുപത്തി ഒന്നേ ആയുള്ളൂ. സച്ചിനൊക്കെ മുപ്പത്തി എട്ടാണ്.
ഉവ്വ നിന്‍റെ എൻട്രൻസ് ഇങ്ങനെ ആണേൽ സ്വാഹാ…
ഞാനിന്നു സെഞ്ച്വറി അടിച്ചു തകർക്കും ആലിസെ. കളിക്കാൻ ബിനുവും വിനോദും വന്നിട്ടുണ്ട്. അപ്പോൾ ഓക്കേ. ഞാൻ പോയി സെഞ്ച്വറി അടിക്കട്ടെ. ഉച്ചക്ക് വരാം… വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം കേട്ടോ.
മ്മ്… ആലീസ് ചിരിയിൽ മൂളി.
അയ്യോടാ… രണ്ടും ഇന്നും ഇള്ളാകുഞ്ഞല്ലേ. രണ്ടും കൂടി ഒരു പാത്രത്തിൽ നിന്നും കഴിക്കാൻ. രണ്ടും പോക്കോണം ഇന്നുമുതൽ രണ്ടുപേർക്കും രണ്ടുപാത്രം തരും. അതിൽ നിന്നും കഴിച്ചാ മതി ജിജി പറഞ്ഞു.
അതുപറ്റില്ല. കുഞ്ഞിലേ മുതൽ ശീലമായിപോയി. വീട്ടിൽ വച്ചേയുള്ളൂ ഇങ്ങനെ. കോളേജിലെ കാന്‍റീനിൽ കുഴപ്പമില്ല. ആലീസ് മറുപടിയാക്കി. അതിന് നിങ്ങൾ രണ്ടും വേറെ കോളേജിൽ അല്ലേ? അതേ അതാണ് കുഴപ്പമില്ലാത്തത് എന്നാണ് ഞാനും ഉദ്ദേശിച്ചത്. ഇങ്ങുവരട്ടെ അവന് ഇന്നുമുതൽ വേറെ പ്ളേറ്റ്. നിനക്കും വേറെ. അങ്ങനെ മുണുങ്ങിയാ മതിയിനി രണ്ടും. ഒന്നും കേൾക്കാത്ത പോലെ ബാറ്റുമെടുത്തു കൊണ്ട് ജോമോൻ വഴികേറി അപ്പുറത്തെ പറമ്പിലേക്ക് നടന്നു.
ക്രിക്കറ്റുകളിക്കിടയിൽ റോഡിലൂടെ ആന്‍റോയുടെ കാർ വീട്ടിലേക്കു പോകുന്നത് കണ്ടപ്പോൾ ജോമോൻ പറഞ്ഞു.
ഞാൻ കളി നിർത്തിയെ വീട്ടിൽ പോകുന്നു.
അതെന്താ? നിന്‍റെ പപ്പ പോയതു കണ്ടിട്ടുള്ള പേടിയാണോ?
അല്ലടാ വിനോദെ. ഇന്ന് ആലീസിന് ആലോചന കൊണ്ടുവരാൻ ബ്രോക്കറെ കാണാൻ പോയത് ചാച്ചൻ. എന്തായെന്ന് പോയി നോക്കണം
ങ്ങേ… അപ്പോ നീ കെട്ടുന്നില്ലേ ആലീസിനെ? നിനക്കവൾ നല്ല ചേർച്ചയായിരുന്നു. പോരാത്തതിന് നിന്‍റെ മുറപ്പെണ്ണല്ലേ? കൂട്ടുകാരിൽ ഒരാളായ ബിനു ചോദിച്ചു.
അയ്യേ. എന്തൊക്കെയാ ഈ പറയുന്നത് നിങ്ങൾ. ഞാൻ അവളെയോ? അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല ഞാൻ. മുറപെണ്ണ് ആയാലുമെന്‍റെ ഏറ്റവും നല്ല ഫ്രണ്ടാണ്.. പോരാത്തതിന് ഞങ്ങൾ സഹോദരങ്ങളെ പോലെയാണ്.
ആണോ? എന്നാ ക്ഷമി. പക്ഷെ ഞാൻ സത്യം പഞ്ഞതാ. നിങ്ങൾ തമ്മിൽ ഒടുക്കത്തെ വൈബായിരുന്നു. കാണാനും അതേ. വിനോദ് പറഞ്ഞു.
അവൻ അറിയാതെ ചിരിച്ചുപോയി.
മ്മ്… ആരുമിതറിയണ്ട. ഞാൻ പോകുവാണെന്ന് പറഞ്ഞുകൊണ്ടവൻ വീട്ടിലേക്ക് നടന്നു.
ആന്‍റോ അപ്പോഴേക്കും കാർ ഒതുക്കി വീട്ടിൽ കയറിയിരുന്നു. സോണിച്ചൻ മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങിവന്നു. അവൻ ആന്‍റോയെ വെറുതെ ശ്രദ്ധിച്ചു.
എന്തായി ആന്‍റോച്ചാ പോയ കാര്യം? സോണിച്ചൻ ചോദിച്ചു.
(തുടരും)





