സിനിമാ രംഗത്ത് താരങ്ങളുടെ ഫിറ്റ്നസ് പരിപാലനവും ജീവിതചര്യയുമൊക്കെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുള്ള കാര്യങ്ങളാണ്. അഭിനേതാക്കളെ സംബന്ധിച്ച് ഫിറ്റ്നസ് നിലനിർത്തലും ഫിറ്റ്നസ് പരിപാലനവുമെല്ലാം അവരുടെ പ്രൊഫഷന്‍റെ അവിഭാജ്യ ഘടകമാണ്. സ്ക്രീനിൽ എപ്പോഴും മികച്ച രീതിയിൽ കാണപ്പെടാൻ ആഗ്രഹിക്കുന്നവരാണ് താരങ്ങൾ. ഒപ്പം വെല്ലുവിളി നിറഞ്ഞ വേഷങ്ങൾക്കായി സ്വന്തം ശരീരത്തെ അതിനനുസരിച്ച് അവർക്ക് പാകപ്പെടുത്തേണ്ടതുമുണ്ട്… നീണ്ട ഷൂട്ടിംഗ് ഷെഡ്യൂളുകൾ കൈകാര്യം ചെയ്യാൻ സ്റ്റാമിനയും നിലനിർത്തണം. ഗ്ലാമറിനുമപ്പുറം ശാരീരികമായും മാനസികമായും ശക്‌തരായി നിലനിൽക്കാനുള്ള വ്യായാമങ്ങൾ, സമീകൃതാഹാരം, വെൽനസ് പരിശീലനങ്ങൾ എന്നിവ ചേർന്ന അച്ചടക്കമുള്ള ദിനചര്യ പാലിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. അതിലുപരി ആരാധകർക്ക് എപ്പോഴും ഇത്തരം സിനിമാതാരങ്ങൾ ഫിറ്റ്നസ് ഐക്കണുകളാണ്. സ്വന്തം ജീവിതശൈലിയിലൂടെ അവർ അസംഖ്യം ആളുകളെയാണ് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്. സിനിമാ ലോകത്തെ അത്തരം ചില വ്യക്തിത്വങ്ങളുടെ ഫിറ്റ്നസ് വിശേഷങ്ങളിലേക്ക്…

അമിതാഭ് ബച്ചൻ

ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിട്ടും ബോളിവുഡിലെ ഷഹെൻ ഷാ അമിതാഭ് ബച്ചൻ എങ്ങനെയാണ് ഇത്ര ഫിറ്റും ഊർജ്ജസ്വലവുമായിരിക്കുന്നത്? എന്താണ് ബിഗ് ബി കഴിക്കുന്നത്? അദ്ദേഹത്തിന്‍റെ ഊർജ്ജത്തിന്‍റെ രഹസ്യം എന്താണ്? ഇതൊക്കെ ആരാധകർ അറിയാൻ താൽപര്യപ്പെടുന്ന കാര്യങ്ങളാണ്.

സ്വന്തം ആരോഗ്യത്തിന്‍റെ രഹസ്യം ഹെൽത്ത് സപ്ലിമെന്‍റുകളോ ഡയറ്റ് ഫുഡോ അല്ലെന്നും കുട്ടിക്കാലം മുതൽ കഴിക്കുന്ന ഭക്ഷണമാണെന്നുമുള്ള കാര്യം ഒരിക്കൽ അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. “ഞാൻ വലിയ ഭക്ഷണപ്രിയനല്ല. എനിക്ക് ലളിതമായ ഭക്ഷണം മാത്രമേ ഇഷ്ടമുള്ളൂ. പൂർണ്ണമായും സസ്യാഹാരിയാണ്. ദാൽ ചാവലും ആലു സബ്‌ജിയുമാണ് എന്‍റെ പ്രിയപ്പെട്ട ഭക്ഷണം. അത് എപ്പോൾ വേണമെങ്കിലും കഴിക്കാൻ തയ്യാറാണ്. കുട്ടിക്കാലം മുതൽ കഴിക്കുന്ന ഭക്ഷണമാണിത്. അത് കഴിച്ചു കഴിയുമ്പോൾ വയറു നിറയുക മാത്രമല്ല ആത്മാവും സംതൃപ്‌തമാകും.” ബച്ചൻ തന്‍റെ ആരോഗ്യം രഹസ്യം വെളിപ്പെടുത്തുന്നു.

എളുപ്പത്തിൽ ദഹിക്കുന്നതും രുചികരവുമായ ഭക്ഷണം കഴിക്കാനാണ് എനിക്ക് എപ്പോഴും ഇഷ്ടം. ഇപ്പോൾ പ്രായമായിക്കൊണ്ടിരിക്കുന്നതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധാലുവായിരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനൊപ്പം ജിം ഇൻസ്ട്രക്ടറുടെ മേൽനോട്ടത്തിൽ ലഘു വ്യായാമങ്ങളും യോഗയും ഞാൻ മുടങ്ങാതെ ചെയ്യുന്നുണ്ട്. ലഘുവായ ഭക്ഷണത്തിനൊപ്പം പതിവായി യോഗയും ചെയ്താൽ ശരീരം എപ്പോഴും ആരോഗ്യത്തോടെയും ഫിറ്റ്നസോടെയും നിലനിൽക്കും.

അമിതാഭ് ബച്ചന്‍റെ വ്യായാമ ദിനചര്യ

വർക്കൗട്ട് റൂട്ടിനിൽ അമിതാഭ് ബച്ചൻ അലംഭാവം പുലർത്താറില്ല. വെയ്റ്റ് ട്രെയ്നിംഗും ജോഗിംഗുമൊക്കെ അദ്ദേഹം മുടങ്ങാതെ പരിശീലിക്കാറുണ്ട്. ഒപ്പം മാനസികാരോഗ്യം മികച്ചതാക്കാൻ എട്ടുമണിക്കൂർ ഉറക്കവും. അതിരാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. കൂടാതെ സമ്മർദ്ദം നിയന്ത്രിക്കുന്നതിന് യോഗയും ധ്യാനവും ചെയ്യും. പഞ്ചസാര ഒട്ടും ഉപയോഗിക്കുകയില്ല.

രാവിലെ വെറും വയറ്റിൽ രണ്ട് ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചു കൊണ്ടാണ് അദ്ദേഹം ദിവസത്തിന് തുടക്കം കുറിക്കുന്നത്. ഇടയ്ക്ക് ഒരു കപ്പ് നെല്ലിക്ക ജ്യൂസും ഉണ്ടാകും. ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പാടേ ഒഴിവാക്കും. പകരം ഫ്രഷ് ഫ്രൂട്ട് ജ്യൂസും വെജിറ്റബിൾ സൂപ്പും കഴിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. എന്നും 20 മിനിറ്റ് നടത്തം നിർബന്ധമായും ഉണ്ടാകും.

പിതാവ് പകർന്ന് നൽകിയ പാഠം അമിതാഭ് ജി എപ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കുന്നു. “ജീവിതത്തിൽ ആരോഗ്യവും സന്തോഷവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലളിതമായ ജീവിതം നയിക്കാനും ഉയർന്ന ചിന്തകൾ പുലർത്താനും ശ്രമിക്കുക. കാരണം പോസിറ്റീവായ ചിന്ത ജീവിതത്തെ എളുപ്പമുള്ളതാക്കും. പ്രശ്‌നങ്ങൾ ഉണ്ടായാലും ശുഭചിന്ത ഒരിക്കലും നിങ്ങളെ കൈവിടില്ല. പിതാവിന്‍റെ ഈ ഉപദേശം ഞാൻ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. എന്‍റെ ജീവിതം ഇതേ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്.”

തമന്ന ഭാട്ടിയ

അക്ഷയ് കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തമന്ന ഫിറ്റ്നസ് പരിപാലനത്തിൽ ശ്രദ്ധ നൽകി തുടങ്ങിയത്. അക്ഷയ് കുമാറിനെപ്പോലെ അതിരാവിലെ എഴുന്നേൽക്കുന്നതിലും രാത്രി നേരത്തെ ഉറങ്ങുന്നതിലും തമന്ന ഭാട്ടിയ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ബോളിവുഡും തെന്നിന്ത്യയും അടക്കിവാണ സുന്ദരിയായ നടി. നൃത്തച്ചുവടുകൾ കൊണ്ട് മാത്രമല്ല ഫിറ്റ്നസ് കൊണ്ടും സെക്സസി ഫിഗർ കൊണ്ടും വാർത്തകളിൽ ഇടം നേടിയിട്ടുള്ള നടിയാണ് തമന്ന. സ്ത്രീ-2 എന്ന ചിത്രത്തി ലെ “ആജ് കി രാത് പർ..” എന്ന ഐറ്റം നമ്പറിൽ നൃത്തച്ചുവടുകൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റിയ തമന്ന തന്‍റെ ബോഡി ഫിറ്റ്നസ് നിലനിർത്താൻ കഠിനമായ പരിശ്രമമാണ് നടത്തുന്നത്.

തുടർച്ചയായി മണിക്കൂറുകളോളം ഷൂട്ട് ചെയ്യുന്നതിനാൽ വ്യായാമം ചെയ്യാൻ അവർക്ക് കൂടുതൽ സമയം ലഭിക്കാറില്ല. അതുകൊണ്ട് രാവിലെ 4.30ന് ഉണർന്ന് വ്യായാമം മുടങ്ങാതെ ചെയ്യും. തമന്നയ്ക്ക് അതൊരു പാഷനാണ്.

രാവിലെയുള്ള വ്യായാമത്തിന് ശേഷം നേരെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്. ബോഡി ഫിറ്റ്നസിനേയും വ്യായാമത്തെയുംകുറിച്ച് തമന്നയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് പരിശീലകൻ സിദ്ധാർത്ഥ് സിംഗ് പറയുന്നത്. ഒരു ദിവസം പോലും അവർ അക്കാര്യത്തിൽ നിന്നും അവധിയെടുക്കാറില്ല. ഫിറ്റ്നസിനായി അച്ചടക്കമുള്ളതും സ്‌ഥിരതയുള്ളതുമായ ജീവിതശൈലിയാണ് അവർ പിന്തുടരുന്നത്. പ്രത്യേകിച്ച് വെയ്റ്റ് ട്രെയിംഗ്, കാർഡിയോ, യോഗ, നീന്തൽ, പൈലേറ്റ്സ് എന്നിവയാണ് നടി സ്വന്തം ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തമന്നയ്ക്ക് അമിതമായി ഡയറ്റിംഗ് ഇഷ്‌ടമല്ല. അതുകൊണ്ട് ആഴ്‌ചയിൽ ഒരിക്കൽ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ ലഘുവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നതാണ് പതിവ്. ഇതിനു പുറമെ സ്വന്തം ചിന്തകളെ പോസിറ്റീവായി നിലനിർത്താനും അവർ ശ്രദ്ധ ചെലുത്താറുണ്ട്. എന്ത് സംഭവിച്ചാലും അവർ നിരാശപ്പെടാറില്ല. ജീവിതം മികച്ചതാക്കാൻ പോരാട്ടവീര്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. അതിനായി പോസിറ്റീവ് ചിന്തയും ധൈര്യവും നഷ്ടപ്പെടാതിരിക്കുകയെന്നുള്ളത് പ്രധാനമാണ്.

ഫിറ്റ്നസിന് പുറമേ, ധ്യാനവും തമന്നയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അത് അവരെ ശക്തയാക്കുന്നു. തമന്നയുടെ അഭിപ്രായത്തിൽ “ഗ്ലാമർ മേഖലയിൽ നിന്നുള്ള ആളാണ് ഞാൻ. അതിനാൽ ഫിറ്റ്നസും ആരോഗ്യവും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്ത് സംഭവിച്ചാലും എത്ര തിരക്കിലാണെങ്കിലും സന്തോഷമായാലും സങ്കടമായാലും ശരി വ്യായാമം മുടക്കാറില്ല. ജീവിതത്തിൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഊർജ്ജം എനിക്ക് അതുവഴി ലഭിക്കുന്നു.”

ഹൃത്വിക് റോഷൻ

സൗന്ദര്യത്തികവുകൊണ്ട് 51കാരനായ ഹൃത്വിക് റോഷൻ ഗ്രീക്ക് ദൈവം എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരന്മാരിൽ ഒരാളായും അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. ഫിറ്റ്നസ്, അബ്‌സ്, മസിൽ, മനോഹരമായ മുഖം, ശരീരം എന്നിവകൊണ്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. 2000-ൽ, കഹോ നാ പ്യാർ ഹേ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. ഫിറ്റ്നസും സുന്ദരമായ രൂപവും മൂലം ഹൃത്വിക് ഇന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ “വാർ 2″ എന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ മാസ്ക്കുലാർ ബോഡി ആരാധകർക്കിടയിൽ ഏറെ ചർച്ചാവിഷയമായി മാറി. സ്വന്തം ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹം എന്തെല്ലാമാണ് ചെയ്യുന്നതെന്നറിയാം.

സ്വന്തം ഫിറ്റ്നസ് രഹസ്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്ന താരം തനിയ്ക്ക് ഡയറ്റിംഗ് ചെയ്യാൻ കഴിയില്ലെന്നാണ് പറയുന്നത്. ഓരോ മൂന്നു മണിക്കൂറിലും എന്തെങ്കിലും കഴിക്കാറുണ്ടെന്നും എന്നാൽ താൻ എന്ത് കഴിക്കുന്നുവോ അത് ആരോഗ്യകരമായതും ഇഷ്ടപ്പെട്ടതുമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉൾപ്പെടും. സന്തുലിതമായ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. അതിൽ എല്ലാ മാക്രോ ന്യൂട്രിയന്‍റുകളും ഉൾപ്പെടുന്നു. പേശികളുടെ വളർച്ചയ്ക്കും വീണ്ടെടുക്കലിനും സഹായിക്കുന്ന ഭക്ഷ്യവസ്‌തുക്കൾ കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഉദാഹരണത്തിന് ഒമേഗ-3 ഫാറ്റി ആസിഡുകൾക്കായി മുട്ട, ചിക്കൻ, മത്സ്യം എന്നിവ നിർബന്ധമായും കഴിക്കും. “എന്‍റെ ഭക്ഷണത്തിൽ ദിവസവും കുറച്ച് നട്‌സും വിത്തുകളും ഞാൻ ഉൾപ്പെടുത്താറുണ്ട്. ഒപ്പം പയർവർഗ്ഗങ്ങൾ, കിഡ്‌നി ബീൻസ്, പ്രോട്ടീനിനായി വെളുത്ത മത്സ്യം പോലുള്ള പ്രകൃതിദത്ത വിഭവവും ഉണ്ടാകും.” ആഴ്‌ചയിൽ ഒരിക്കലുള്ള “ചീറ്റ് ഡേ” യിൽ പിസ്സ, ബർഗർ, തന്തൂരി ചിക്കൻ മുതലായ ഇഷ്ടമുള്ളതെന്തും ഞാൻ കഴിക്കാറുണ്ട്. പക്ഷേ എല്ലാ ദിവസവും ഒരു ബൗൾ തൈര്, ചെറുപയർ, വെണ്ടയ്ക്ക ഭാജി, ജോവർ റൊട്ടി എന്നിവ കഴിക്കും.”

“പക്ഷേ പഞ്ചസാര, എണ്ണ, ഗ്ലൂട്ടൻ എന്നിവ പാടെ ഒഴിവാക്കും.” പരിശീലകന്‍റെ മേൽനോട്ടത്തിൽ പൂർണ്ണ സമർപ്പണത്തോടെയാണ് വ്യായാമങ്ങളും മറ്റും ചെയ്യുന്നത്. കഠിനമായ വ്യായാമങ്ങൾ ചെയ്യാനും ഫിറ്റ്നസ് നിലനിർത്താനും ഞാൻ സത്യസന്ധമായി പ്രവർത്തിക്കാറുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അച്ചടക്കമാണ്. അച്ചടക്കത്തിലൂടെ നിങ്ങൾക്ക് സ്വന്തം ജീവിതശൈലി ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ കഴിയും. അതിന് പ്രായം പ്രശ്ന‌മല്ല. ഏറ്റവും പ്രധാനം നിങ്ങൾ എത്രത്തോളം ശാരീരികമായി യോഗ്യനാണ് എന്നതാണ്.”

സാറാ അലി ഖാൻ

സ്ത്രീകളിലുണ്ടാകുന്ന പിസിഒഡി എന്ന പ്രശ്നം ശരീരഭാരം കുറയ്ക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്ന രോഗമാണ്. ഈ പ്രശ്‌നമുള്ളവർക്ക് സാധാരണ പെൺകുട്ടികളേപ്പോലെ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാനാവില്ല. അത്തരം പെൺകുട്ടികൾ നിരാശരാകുക മാത്രമല്ല വിഷാദരോഗത്തിന് ഇരയാകുകയും ചെയ്യും. നടി സാറ അലി ഖാനും അവരിൽ ഒരാളായിരുന്നു.

സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് സാറാ അലിഖാൻ തടിച്ച ശരീര പ്രകൃതക്കാരിയായിരുന്നു. ഭക്ഷണം വലിയ അളവിൽ കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. ഒപ്പം അലസമായ ജീവിതശൈലിയും. ആ സമയത്തൊക്കെ അവർ പിസിഒഡി രോഗവുമായി മല്ലിടുകയായിരുന്നു. അതോടെ അവരുടെ ശരീരഭാരം വർദ്ധിച്ചുകൊണ്ടിരുന്നു. ശരീരഭാരം 96 കിലോയിലെത്തിയ സമയം വരെ ഉണ്ടായി.

സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതോടെയാണ് അവർ ആകാര ഭംഗിയ്ക്കായി ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ അവർ ഫിറ്റ്നസ് യാത്ര ആരംഭിച്ചു. ശരിയായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ശരിയായ ജീവിതശൈലി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തികച്ചും അച്ചടക്കം നിറഞ്ഞ ഫിറ്റ്നസ് യാത്രയായിരുന്നുവത്. ആ യാത്ര ഏതാനും മാസങ്ങളുടേതല്ല. വർഷങ്ങളുടേതായിരുന്നു. ശരീരഭാരം കുറയ്ക്കാൻ സാറ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ 51 കിലോഗ്രാം ഭാരമുള്ള മെലിഞ്ഞ സെക്സിയായ പെൺകുട്ടിയായി മാറി.

പിസിഒഡി പ്രശ്നമുണ്ടായിട്ടും സാറാ അലിഖാൻ എങ്ങനെയാണ് ശരീരഭാരം കുറച്ചത്…

ഇച്‌ഛാ ശക്തിയുള്ളിടത്ത് അതിനുള്ള പോംവഴിയും ഉണ്ടാകും എന്ന് പറയുംപോലെ ഡോക്‌ടറുടെ വിദഗ്ധോപദേശത്തിന്‍റെയും കർശനമായ ദിനചര്യയുടേയും പിൻബലത്തോടെയുമാണ് സാറാ അലിഖാൻ പിസിഒഡി പ്രശ്നത്തെ മറികടന്നത്. അങ്ങനെ അമിതവണ്ണത്തെ കീഴടക്കുകയും ചെയ്‌തു. പിസ്സ, ബർഗർ, സമോസ, വടപാവ് തുടങ്ങിയ ജങ്ക് ഫുഡുകൾ ഭക്ഷണത്തിൽ നിന്ന് അവർ പൂർണ്ണമായും ഒഴിവാക്കി. പകരം പരിപ്പ്, പച്ചക്കറി, റൊട്ടി, സാലഡ് എന്നിവ കഴിക്കാൻ തുടങ്ങി. വാൽനട്ട്, ബദാം പോലുള്ള നട്‌സ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തി. നാരങ്ങാവെള്ളത്തിൽ തേൻ ചേർത്തുള്ള ഡ്രിങ്ക് കുടിച്ച് ദിവസം ആരംഭം കുറിച്ചു. ഡോക്‌ടറുടെ ഉപദേശ പ്രകാരം സാറാ അലി ഖാൻ തന്‍റെ ഭക്ഷണത്തിന്‍റെ അളവും ഗുണനിലവാരവും ക്രമീകരിച്ചു. ഒപ്പം ഫിറ്റ്‌നസിലും പൂർണ്ണമായ ശ്രദ്ധയർപ്പിച്ചു.

ഒരു പെർഫെക്റ്റ് ഫിഗറിന് 70 ശതമാനം ഡയറ്റും 30 ശതമാനം വ്യായാമവും ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. ഇത് മനസ്സിൽ വെച്ചുകൊണ്ട് സാറാ അലി തന്‍റെ ദൈനംദിന വ്യായാമങ്ങളിൽ യോഗ, കാർഡിയോ, പൈലേറ്റ്സ് എന്നിവ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനുപുറമെ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും അവർ ട്രെഡ്‌മില്ലിൽ നടക്കാൻ തുടങ്ങി. റോപ്പ് ജമ്പ്, ഡാൻസ് എന്നിവയുടെ സഹായത്തോടെ കലോറി കുറച്ചു. കൂടാതെ ശരീരത്തെ വഴക്കമുള്ളതാക്കാൻ സ്ട്രങ്ത് പരിശീലനവും നീന്തലും അവർ മുടങ്ങാതെ ചെയ്തു കൊണ്ടിരുന്നു.

ശാരീരികമായ ഫിറ്റ്നസിന് മാനസികമായ ഫിറ്റ്നസ് നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതിനായി നിത്യവും ധാരാളം വെള്ളം കുടിക്കും. 8 മണിക്കൂർ ഉറങ്ങി. പോസിറ്റീവായി ചിന്തിക്കുകയും സ്വയം സന്തോഷിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനുപുറമെ മെറ്റബോളിസം വേഗത്തിലാക്കാൻ ചെറുജീരകം, പെരുംജീരകം എന്നിവയിട്ടു തിളപ്പിച്ച വെള്ളം, ഗ്രീൻ ടീ, ഡീടോക്‌സ് പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കാനും അവർ മറന്നില്ല.

और कहानियां पढ़ने के लिए क्लिक करें...