കേരളത്തിൽ കോവിഡും നിപ്പയും ഉയർത്തിയ ഭീഷണിക്ക് ശേഷം ഉണ്ടായ മറ്റൊരു ആരോഗ്യ ഭീഷണി ആണ് ബ്രെയിൻ ഈറ്റിംഗ് അമീബ ഉണ്ടാക്കുന്ന അമീബിക് മെനിഞ്ചയ്റ്റീസ്. നേരത്തെ കെട്ടിക്കിടക്കുന്ന കുളങ്ങളിൽ കുളിച്ചവർക്കാണ് രോഗബാധ ഉണ്ടായത്. എന്നാൽ ഇപ്പോൾ കിണർ വെള്ളം മാത്രം ഉപയോഗിച്ച കുട്ടികൾക്ക് വരെ രോഗം വന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ നിരവധി മരണങ്ങളും സംഭവിച്ചു. കേരളത്തിൽ വർഷം തോറും വർദ്ധിക്കുന്ന താപനിലയും മാലിന്യം വർധിച്ച ജലസ്രോതസുകളും ആണ് വില്ലൻ. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലും വെള്ളം ശരിയായി ശുദ്ധീകരിക്കാത്തപ്പോഴും കിണർ വെള്ളം ബ്രെയിൻ ഈറ്റിഗ് അമീബയുടെ ഉറവിടമായേക്കാമെന്നതിന് മതിയായ തെളിവുകളുണ്ട്. എന്നാൽ ഇത് ഭയക്കേണ്ട കാര്യമില്ല. സ്വയം ശ്രദ്ധിച്ചാൽ അപകടസാധ്യത വളരെ കുറവാണ് എന്ന് മാത്രമല്ല രോഗം വരാതെയിരിക്കുകയും ചെയ്യും.
കിണർ വെള്ളം സുരക്ഷിതമാക്കാം
ചൂടുള്ള മലിനമായ വെള്ളത്തിൽ വളരുന്ന അപൂർവ ജീവാണുവാണ് ഈ അമീബ എന്നതിനാൽ ശുദ്ധമായ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുക എന്നതാണ് പ്രധാനം. വെറുതെ വെള്ളം കുടിച്ചാൽ രോഗം വരില്ല. അമീബ ഉള്ള വെള്ളം മൂക്കിലൂടെ കയറുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. കുടിക്കുന്ന വെള്ളം വഴി രോഗം പകരില്ല എന്നറിയുക.
ലക്ഷണങ്ങൾ ശ്രദ്ധിക്കുക
അമീബിക് ബാധ ഉണ്ടായാൽ തീർച്ചയായും ചില ലക്ഷണങ്ങൾ ശരീരം കാണിക്കും. അണുബാധയുള്ള വെള്ളത്തിൽ കുളിച്ചതിനുശേഷം 1-7 ദിവസത്തിനുള്ളിൽ ശക്തമായ തലവേദന, പനി, ഛർദ്ദി, ഗന്ധത്തോടും വെളിച്ചത്തോടുമുള്ള അസഹിഷ്ണുത, കഴുത്ത് വേദന, അകാരണമായ അസ്വസ്‌ഥത, സംസാരത്തിലും നടപ്പിലും അസ്വാഭാവികത തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സാധാരണ പനി എന്ന് കരുതി ചികിത്സ വൈകിപ്പിക്കാതെ ഉടൻ ആശുപത്രിയിൽ പോകുക.
സുരക്ഷാ നടപടികൾ
രോഗബാധ വരാതിരിക്കാൻ നമുക്ക് ലളിതമായി ചെയ്യാവുന്ന കാര്യങ്ങൾ ഉണ്ട്. കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണർ വെള്ള സ്രോതസ്സ് മൂടി വയ്ക്കുക. മാസത്തിൽ ഒരിക്കൽ കുളം, കിണർ ക്ലോറിനേഷൻ നടത്തുക. വെള്ളം ശരിയായ രീതിയിൽ ഫിൽട്ടർ ചെയ്‌ത് ഉപയോഗിക്കുക.
കുളിയും നീന്തലും
ചൂട് കാലാവസ്‌ഥയിൽ തടാകം, കുളം, കിണർ ഇവിടങ്ങളിൽ കുളിക്കാൻ ആളുകൾ പോകുന്നത് സാധാരണമാണ്. എന്നാൽ വെള്ളം മലിനം ആണെന്ന് തോന്നിയാൽ അവിടെ കുളിക്കരുത്. വെള്ളം മൂക്കിൽ കയറുന്ന തരത്തിൽ വെള്ളത്തിൽ ഡൈവിംഗ്- ജംപിംഗ് ഒഴിവാക്കുക. വെള്ളത്തിൽ മുങ്ങേണ്ടി വന്നാൽ നോസ് ക്ലിപ്പ് ഉപയോഗിക്കുക. മൂക്ക് ക്ലീൻ ചെയ്യാൻ സ്‌റ്റെറിലൈസ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ച് ആറ്റിയ വെള്ളമോ തണുപ്പിച്ച വെള്ളമോ ഉപയോഗിക്കാം.
കിണറിലെ വെള്ളം നേരിട്ട് ഉപയോഗിക്കരുത്
കിണറിലെ വെള്ളം ടെസ്റ്റിംഗിനും ക്ലോറിനേഷനും വേണ്ടി ഗ്രാമ പഞ്ചായത്തിനും ഹെൽത്ത് സെന്‍ററിനും അറിയിക്കുക. ആരോഗ്യ വകുപ്പിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുക.
ഇനി നമുക്ക് ഈ രോഗത്തെ കുറിച്ചുള്ള ചില മിത്തുകളും സത്യങ്ങളും എന്തൊക്കെ എന്ന് നോക്കാം.
- മിത്ത് – രോഗം ഒരാളിൽ നിന്ന് മറ്റൊരാൾക്ക് പകരും.
സത്യം – പകരില്ല. രോഗം പരിസ്‌ഥിതിയിൽ നിന്നാണ് ഉണ്ടാകുന്നത്.
- മിത്ത് – കുടിക്കുന്ന വെള്ളം മൂലം രോഗം വരും.
സത്യം – വരില്ല. മൂക്കിലൂടെ വെള്ളം കയറുമ്പോഴാണ് അപകടം.
- മിത്ത് – രോഗിയുമായി താമസിച്ചാൽ രോഗം പകരും.
സത്യം – പകരില്ല. സ്പർശം, ഭക്ഷണം, ചുമ, തുമ്മൽ വഴി പകരില്ല
- മിത്ത് – കാഴ്ച്ചയിൽ നല്ലതായി തോന്നുന്ന വെള്ളം സുരക്ഷിതമാണ്.
സത്യം – അങ്ങനെ ആവണം എന്നില്ല. വെള്ളം ചൂടായി കിടക്കുകയാണെങ്കിലും മലിനമാണെങ്കിലും അപകട സാധ്യതയുണ്ട്.





