ഒരു സ്ത്രീ നാലഞ്ചു വയസ്സു പ്രായത്തിൽ അനാഥാലയത്തിൽ കൊണ്ടാക്കിയതാണ് അമലിനെ. അത്തരമൊരു പ്രവൃത്തിക്ക് ആ സ്ത്രീയെ പ്രേരിപ്പിച്ചതെന്താണ്? വിശദമായ ഒരന്വേഷണം ആവശ്യപ്പെടുന്ന ഒന്നാണിത്. ഒരു പക്ഷേ അമലിന്‍റെ ദാരുണമായ മരണത്തിന്‍റെ ഉത്തരവും ആ അന്വേഷണത്തിൽ നിന്നും ലഭ്യമായേക്കാം.
ആരാണവർ? തീർച്ചയായും അനാഥാലയത്തിലെ രേഖകളിൽ അവരുടെ പേരും വിലാസവും ഉണ്ടാകും. അതു ലഭിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തണം. ഒരു തുമ്പ് എന്നു പറയാൻ ഇതു മാത്രമേ എന്‍റെ മനസ്സിൽ തോന്നുന്നുള്ളൂ. തോമാച്ചന് ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ കഴിയില്ലെന്നത് തീർച്ചയാണ്. കാരണം അത്തരമൊരു പ്രശ്നങ്ങൾക്കു നടുവിലാണ് അയാളുള്ളത്. ഒന്നും തന്നെ വിട്ടു പറയാൻ അയാൾക്ക് പരിമിതികളുണ്ട്. ആദ്യമേ തന്നെ അയാളത് വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ കാരണം തേടി പോകുന്നത് ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.
അയാളുടെ സംസാരരീതി ഈയൊരു വസ്തുത അടിവരയിടുന്നതാണ് ഓർഫനേജ് അധിക്യതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യമല്ല തോമാച്ചനുള്ളത്. മാത്രമല്ല പോലീസ് അന്വേഷണം തുടങ്ങിയിരിക്കാൻ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരുറപ്പ് പറയാൻ എനിക്ക് കഴിയില്ല എങ്കിലും. ആർക്കും പരാതികൾ ഒന്നുമില്ല എങ്കിൽ തന്നെയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ഗൗരവതരമായ സംഭവം ഉത്തരവാദിത്വപ്പെട്ടവരുടെ അന്വേഷണ പരിധിയിൽ വരാതിരിക്കാൻ മതിയായ കാരണമൊന്നുമില്ല.
ചിലപ്പോൾ അമൽ ആ സ്ത്രീയുടെ മകനല്ലായിരിക്കാം. വലിയൊരു സമ്പത്തിന്‍റെ അനന്തരാവകാശി ഒരു പക്ഷേ അമലായിരുന്നിരിക്കണം. ആ സ്ത്രീയുടെ ഭർത്താവിന്‍റെ അവിഹിത ബന്ധത്തിലെ മകനായിരിക്കാം അമൽ. ഒരു കുട്ടിയെ അനാഥാലയത്തിൽ എൽപ്പിക്കാൻ മാത്രം കഠിനഹൃദയയായ ആ സ്ത്രീ പിന്നീട് എന്തു ദുഷ്കർമ്മം ചെയ്യാനാണ് സാധ്യത ഇല്ലാത്തത്? തന്‍റെ മക്കൾക്ക് ലഭിക്കേണ്ടുന്ന വമ്പിച്ച സമ്പത്ത് മറ്റൊരു സ്ത്രീയുടെ മകന് ഭാവിയിൽ വന്നു ഭവിക്കാനുള്ള സാഹചര്യം ആ സ്ത്രീ മുളയിലേ നുള്ളിക്കളഞ്ഞു എന്ന പ്രഥമദൃഷ്ടിയാൽ മനസ്സിലാകുന്ന സാധ്യത തള്ളിക്കളയാൻ സാധ്യമല്ല.
നിർഭാഗ്യവശാൽ ആ കുട്ടിയുടെ അപ്പൻ നിലവിൽ ജീവിച്ചിരിക്കാനുള്ള സാധ്യത ഇല്ല എന്നു തന്നെ അനുമാനിക്കാം. ജീവിച്ചിരിപ്പുണ്ടെങ്കിൽ മകനെ അനാഥാലയത്തിൽ വളർത്തേണ്ടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ആ സ്ത്രീ തന്നെയാണ് സംശയമുനയിൽ നിൽക്കുന്നത്. അച്ചടക്കത്തോടെ നടത്തപ്പെടുന്ന ഒരു സ്ഥാപനത്തിൽ ആ സ്ഥാപനത്തിൽ ഉള്ളവരിൽ നിന്നും ഇത്തരമൊരു നിഷ്ഠൂര കൃത്യത്തിന് സാധ്യത കുറവാണ്.
എന്തിനു വേണ്ടി എന്ന ചോദ്യം ആ ഒരു സാധ്യതക്കുറവിനെ സാധുകരിക്കുന്നു. അപ്പോൾ ആ സ്ത്രീ! അമലിനെ അനാഥാലയത്തിൽ ഏൽപ്പിച്ചു പോയ സ്ത്രീ. ആ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ തേടണം. അതെങ്ങനെ എന്ന ചോദ്യം വലിയൊരു ചോദ്യചിഹ്നമായി മനസ്സിൽ ഉയർന്നു വരുന്നു. സമയമുണ്ട്.
മനോഹരമായ വെളുത്ത തളികയിൽ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ബംഗാളിപ്പയ്യൻ കൊണ്ടുവന്നു. അലങ്കാരത്തിന് നേർമ്മയായി അരിഞ്ഞ സവാളയും ചെറുനാരങ്ങാ മുറിച്ചതും പിന്നെ വട്ടത്തിൽ കുക്കുംബർ അരിഞ്ഞതും ഏറെ മസാല ചേർക്കാതെ ഗ്രിൽ ചെയ്തെടുത്ത മീൻ വിഭവം ഏറെ രുചികരമായി തോന്നി. നേർത്ത എരിവുള്ള സോസിൽ മുക്കിക്കഴിച്ചത് നാവിലെ രസമുകുളങ്ങളെ ഉണർത്തുന്നതായി. ഒരു ക്ലിയർ മഷ്റും സൂപ്പുകൂടി കഴിച്ച് കൈ കഴുകി പുറത്തിറങ്ങാനൊരുമ്പെടുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
എന്‍റെ അന്വേഷണങ്ങൾക്ക് കൂട്ടായി ഒരു സഹായിയെ എന്‍റെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട് എന്നറിയിക്കാനായിരുന്നു തോമാച്ചൻ വിളിച്ചത്. തോമാച്ചനാകട്ടെ തിരക്കിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു തിരിയാൻ സമയമില്ല.
ശരി. ഞാനതു കണ്ടതാണ്. അന്തരീക്ഷം ചൂടുപിടിച്ചു വരുന്നതേ ഉള്ളൂ. ഞാൻ ഒരു ഓട്ടോ പിടിച്ച് ഓഫീസിലേക്ക് പോകാൻ തീരുമാനിച്ചു. വഴിത്താരയെ പിന്നോട്ടാക്കി മുന്നോട്ടു പോകുമ്പോൾ തൊട്ടു മുമ്പേ തോമാച്ചൻ പറഞ്ഞ ഒരു പേര് എന്‍റെ മനസ്സിലുടക്കി. അമലിന്‍റെ പേര്. അമലിന്‍റെ പൂർണ്ണമായ പേര്. മുൻപ് അയാൾ ഒരു തവണ അമലിന്‍റെ പൂർണ്ണമായ പേര് പറഞ്ഞിട്ടുണ്ടെങ്കിലും ഞാനതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടായിരുന്നില്ല. ഇത്രമാത്രം അശ്രദ്ധയും ഉദാസീനതയും പുലർത്തിയതിൽ എനിക്ക് ഖേദം തോന്നി. ഒരു ചെറിയ പിടിവള്ളി അത്രമാത്രം. ആ പിടിവള്ളി ദുർബലമായ ചിതലുകയറിയ ഒന്നു തന്നെയാണ്. എങ്കിലും ചിലപ്പോൾ ആ പിടിവള്ളിയിൽ കയറി കരപറ്റിക്കൂടെന്നില്ല. ഏതായാലും ഏതു ദിശയിലേക്കാണ് പോകേണ്ടതെന്നറിയാതെ ഉഴറി നടന്ന എനിക്കു മുന്നിൽ യാദൃശ്ചികമായി വന്നു പെട്ട ദിശാ സൂചകമായി അമലിന്‍റെ പൂർണമായ നാമം.
പോർച്ചുഗീസ് കഫേക്കു മുന്നിലാണ് ഓട്ടോ ഇറങ്ങിയത്. നേരിയ ചൂടുണ്ട്. ശരീരത്ത് വിയർപ്പു പൊടിയുന്നു. പോർച്ചുഗീസ് കഫേയിൽ നിന്നും ഉള്ളു തണുപ്പിക്കാൻ എന്തെങ്കിലും കഴിക്കാമെന്നു കരുതി ഞാൻ കഫേയിലേക്കു കടന്നു. പലതരം പഴങ്ങൾ സമചതുരാകൃതിയിൽ മുറിച്ച് അടരുകൾ തീർത്ത കപ്പിൽ മേലാപ്പായി ഐസ്ക്രീമും അതിനു മുകളിൽ ചെറിപ്പഴം തൊങ്ങൽ ചാർത്തിയ ഷേക്ക് ഉള്ളം തണുപ്പിച്ചു കൊണ്ടിരിക്കെ സേവ് ചെയ്യാത്ത ഒരു നമ്പർ ഫോണിൽ തെളിഞ്ഞു. അതെ ഇതു തോമാച്ചൻ പറഞ്ഞ സഹായി തന്നെ. ഹോണെടുത്തു.
മറുതലക്കൽ ഒരു പരുക്കൻ ശബ്ദം ഇവിടെ നിന്നും ഏറെ ദൂരെയല്ലാത്ത ഒരിടത്തു നിന്നും വിളിക്കുകയാണ്. അയാൾക്ക് ഈ സ്ഥലം അത്ര പരിചിതമല്ല. തോമാച്ചന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് വരുന്നത്. ഞാനുടനെ എന്‍റെ ഓഫീസ് ഇരിക്കുന്നിടത്തെ ലൊക്കേഷൻ അയാൾക്ക് അയച്ചുകൊടുത്ത് കഫേയിൽ പണം നല്കി പുറത്തിറങ്ങി.
ഉച്ചനേരം വഴിത്താരയിൽ ഏറെ ആളുകളില്ല, ചൂടിൽ മയങ്ങിക്കിടക്കുന്ന പ്രദേശം റോഡ് മുറിച്ചുകടന്ന് ചുറ്റു ഗോവണി കയറി ഓഫീസു തുറന്നു ഫ്രിഡ്ജ് തുറന്ന് അല്പം തണുത്ത വെള്ളം കുടിച്ചു. ഓഫീസിനു താഴെ തട്ടുകട നടത്തുന്ന ബംഗാളിപ്പയ്യനെ വിളിച്ച് മസാലച്ചായയും കോക്കനട്ട് ബിസ്ക്കറ്റും ഏർപ്പാടാക്കി. തെല്ലിട കഴിഞ്ഞപ്പോൾ ചുറ്റു ഗോവണി മുരളുന്ന ശബ്ദം കേട്ടു. സഹായി വരുന്നുണ്ടെന്നു തോന്നുന്നു. ഞാൻ വാതിൽക്കലേക്കു നോക്കി. തടിച്ചു കുറുകിയ ഒരാൾ വെളുത്ത ഷർട്ടും വെളുത്ത പാന്‍റും ധരിച്ചിട്ടുണ്ട്. തോളിൽ ഒരു ബുദ്ധിജീവി സഞ്ചി തൂക്കിയിട്ടുണ്ട്. നാല്ലതിലേറെ പ്രായം തോന്നിക്കില്ല. എങ്കിലും ജീവിത അനുഭവങ്ങളുടെ ഒരു സാഗരം ആ മുഖത്തു പ്രകടമായിരുന്നു.
വാതിൽക്കൽ അപരിചിതത്വം കൊണ്ട് പരുങ്ങി നിന്ന അയാളെ ഞാൻ അകത്തേക്കു വിളിച്ചു. ഇരിക്കാനാവശ്യപ്പെട്ടു. മുഖം വീർത്തു നിൽക്കുന്ന ഫാനിനു കീഴെ അയാൾ ആശ്വാസത്തോടെ ഇരിപ്പുറപ്പിച്ചു. അയാളുടെ വെളുത്ത വസ്ത്രം വിയർപ്പിൽ കുളിച്ചിരുന്നു. അപ്പോഴേക്കും ബംഗാളിപ്പയ്യൻ മസാല ചായയും ബിസ്ക്കറ്റും കൊണ്ടുവന്നു. ഒപ്പും ചെറിയ രണ്ടു പ്ലേറ്റുകളിൽ കേക്ക് കഷണങ്ങളും. അയാളെ അല്പനേരം വിശ്രമിക്കാനനുവദിച്ച് ഞാൻ പരിചയപ്പെടാൻ വേണ്ടി സംസാരിക്കാൻ തീരുമാനിച്ചു.
തോമാച്ചന്‍റെ ജൂനിയർ ആർട്ടിസ്റ്റ് ബാച്ചിലെ ഒരംഗമാണ് . പേര് ജോണി. സിനിമാ മോഹം തലക്കുപിടിച്ച് പഠനമുപേക്ഷിച്ച് അഭിനയിക്കാൻ അവസരം തേടിയിറങ്ങിയതാണ്. പല പ്രമുഖ നടന്മാരുടേയും കൂടെ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ഞാൻ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്. ഡയലോഗുള്ള ഒരു സിനിമാ അവസരം ലഭിക്കുന്നതു വരെ മാത്രമേ ഇദ്ദേഹത്തിന്‍റെ സേവനം എനിക്ക് ലഭിക്കൂ. ഞാൻ തലകുലുക്കി സമ്മതിച്ചെങ്കിലും എനിക്കതു പെട്ടന്നു മനസ്സിലായില്ല.
പിന്നീടയാൾ വിവരിച്ചപ്പോൾ കാര്യം മനസ്സിലായി. സംഭാഷണമുള്ള ഒരു കഥാപാത്രത്തെ ലഭിച്ചാൽ ഉടൻ ജോണി സ്ഥലം വിടും. സിനിമാ ഷൂട്ടിംഗിൽ ആൾക്കൂട്ടത്തിൽ നിൽക്കാൻ ജോണിയെക്കിട്ടില്ല. അത്യാവശ്യം സംസാരമൊക്കെയുള്ള വേഷം ചെയ്യാൻ മാത്രമേ ജോണിയുള്ളൂ. ജോണിയുടെ ആ ഒരു ആവശ്യം പ്രശ്നമുള്ളതായി എനിക്കു തോന്നിയില്ല. കാരണം ഡയലോഗുള്ള വേഷം ജോണിയെ ഏൽപ്പിക്കുന്നത് തോമാച്ചനാണല്ലേ? ഇനി എന്‍റെ അന്വേഷണ കാലയളവിൽ ഡയലോഗുള്ള വേഷം ലഭ്യമായാൽ തന്നെ ജോണിയെ ഏൽപ്പിക്കണോ എന്നത് തീരുമാനിക്കുന്നത് തോമാച്ചനും പിന്നെ ഞാനും ആയിരിക്കും. ഏതായാലും എന്‍റെ അന്വേഷണം തീരും വരെ ജോണി ഇവിടെത്തന്നെ കാണും
സത്യത്തിൽ ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് സങ്കടകരമാണ്. ഇത്തരം ആളുകളെ ഒരു പാട് കണ്ടിട്ടുമുണ്ട്. സിനിമയിലേക്കും ക്രിക്കറ്റിലേയും അതിപ്രശസ്തരും അതിസമ്പന്നരുമായ സെലിബ്രിറ്റികളെ കണ്ട് അതു പോലെയാകാൻ കൊതിച്ച് തുനിഞ്ഞിറങ്ങുന്നവർ. അവർ മനസ്സിലാക്കുന്നില്ല കോടിക്കണക്കിന് ആളുകളിൽ നിന്ന് എത്ര പേർ അതിപ്രശസ്തരും സമ്പന്നതയും കൈവരിക്കുന്നുണ്ടെന്ന്. ഒടുവിൽ ഒരു നാൾ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടപ്പെട്ട ജീവിതം മാത്രമാകും അവശേഷിക്കുന്നത്. അന്ന് ചിന്തിക്കും സാമാന്യരീതിയിൽ ജീവിച്ചുപോകുവാൻ എന്തെങ്കിലും ജീവിതമാർഗത്തിനുവേണ്ടി ശ്രമിക്കാമായിരുന്നു എന്ന്. യാതൊരു കഴിവുമില്ലെന്ന് സമൂഹം വിധിച്ചവർ ജീവിതവിജയം നേടുന്നത് കണ്മുൻപിൽ കാണേണ്ടിവരും. സുഹ്യത്തുകൾക്ക് ഉറ്റ ബന്ധുക്കൾക്ക് എന്തിനേറെ മാതാപിതാക്കൾക്ക് വരെ നമ്മൾ ഒരു പുകഞ്ഞ കൊള്ളിയായിരിക്കും
ബംഗാളിപ്പയ്യൻ കൊണ്ടുവന്ന മസാല ചായയും ബിസ്കറ്റും കൊണ്ട് ജോണിയെ സൽക്കരിച്ച ശേഷം ഓഫീസിനോടു ചേർന്നുള്ള മുറി ജോണിയെ ഏൽപ്പിച്ചു. ഞാൻ എന്‍റെ ഡയറി തുറന്ന് അവശ്യം അറിയേണ്ട വിവരങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചു. ജോണിയെക്കൊണ്ട് ആദ്യമായി ചെയ്യിക്കേണ്ട ജോലി ഞാൻ മുന്നേ നിശ്ചയിച്ചിരുന്നു.
അറിയേണ്ട വിവരങ്ങൾ
അനാഥാലയത്തിൽ എത്ര ജോലിക്കാർ ഉണ്ട്?
അവരുടെ വിശദാംശങ്ങൾ?
പുതുതായി വന്ന സ്റ്റാഫുകൾ?
ആ സ്ഥാപനത്തിലെ ദൈനം ദിന പ്രവർത്തനങ്ങളുടെ ലഘു വിവരണം?
അവിടെ പഠിപ്പിക്കുന്നതെന്താണ്?
പഠനശേഷമുള്ള കുട്ടികൾക്കായി ഉള്ള തുടർ പദ്ധതികൾ?
അങ്ങനെ ഒരു ലിസ്റ്റ് തയ്യാറാക്കി വിവരങ്ങൾ ലഭിക്കാൻ എന്തു ചെയ്യേണ്ടു എന്ന് ആലോചിച്ചപ്പോഴാണ് സഹായിയെത്തന്നെ ഇക്കാര്യത്തിലേക്ക് നിയോഗിച്ചു കൂടെന്ന് ചിന്തിച്ചത്.
വീട്ടുകാരെ ധിക്കരിച്ച് പ്രണയ വിവാഹം ചെയ്ത ജോണിക്ക് ദൗർഭാഗ്യവശാൽ ഭാര്യ മരണപ്പെട്ടതിനാൽ മകനെ ഒരനാഥ മന്ദിരത്തിൽ ചേർക്കേണ്ടതായ ആവശ്യം വന്നു ചേരുന്നു. ദൂരസ്ഥലത്ത് ജോലി നോക്കുന്ന ജോണിക്ക് മകനെ കൂടെക്കൂട്ടാൻ പറ്റാത്ത അവസ്ഥയാണ്. ഒരു മികച്ച നടൻ കൂടിയായ ജോണി ഈയൊരു കഥാപാത്രത്തെയും നിസ്സഹായാവസ്ഥയേയും ഒന്നാന്തരമായി അഭിനയിച്ചു ഫലിപ്പിക്കുമെന്നുറപ്പ്.
രണ്ടു മൂന്നു ദിവസത്തിനകം ജോണിയെ അനാഥാലയത്തിലേക്ക് അയക്കണം. പിന്നീടുള്ളത് അവിചാരിതമായി കിട്ടിയ പിടിവള്ളിയിൽ തൂങ്ങലാണ് അമലിന്‍റെ പൂർണ്ണമായ പേര്. അതിലൊളിഞ്ഞിരിക്കുന്ന ചെറിയ സാധ്യതകൾ ആ സാധ്യതകൾ കണ്ടെത്താനായി ഞാൻ തന്നെ പുറപ്പെടുന്നതാണ് നല്ലത്. അതിനായി സമയം ഏറെ വൈകിക്കണ്ട. ഏതായാലും സഹായി ജോണി ഇന്ന് വിശ്രമിക്കട്ടെ ചെയ്യേണ്ട കാര്യങ്ങൾ നാളെ വിശദമായി അയാളെ ഏൽപ്പിക്കാം.
കുളിച്ച് പ്രസന്നനായി വന്ന ജോണിയെക്കൂട്ടി ഞാൻ ചുറ്റു ഗോവണിയിറങ്ങി റോഡിലേക്കിറങ്ങി. ഓഫീസിലൊരാളായല്ലോ എന്നു വിചാരിച്ച് ഓഫീസിലെ ചാവി ഞാൻ ജോണിക്ക് കൈമാറി. വൃത്തിക്ക് ആഹാരം തയ്യാറാക്കുന്ന ബംഗാളിപ്പയ്യൻന്‍റെ ചെറു റസ്റ്ററന്‍റ് ജോണിക്ക് പരിചയപ്പെടുത്തിയതിനു ശേഷം ഞാൻ വീട്ടിലേക്ക് പുറപ്പെടാൻ തയ്യാറായി. ഓട്ടോയിൽ കയറുമ്പോൾ വീട്ടിലെവിടെയോ സൂക്ഷിച്ചു വച്ചിട്ടുള്ള തടിച്ച ടെലഫോൺ ഡയറക്ടറിയായിരുന്നു എന്‍റെ മനസ്സിൽ. അതു കണ്ടെത്താനായാൽ എനിക്ക് ഒരു ചെറു പ്രതീക്ഷയുണ്ട്.
വിരസമായ ദിവസം വാരിവലിച്ചിട്ട പുസ്തകക്കുമ്പാരത്തിനരികിൽ ഞാൻ ആകാംക്ഷയോടെ ഡയറക്ടറി തേടിക്കൊണ്ടിരുന്നു. അത്യാവശ്യം പഴക്കമുള്ളതാണ്. പണ്ടെങ്ങോ തൂക്കി വിറ്റിരിക്കാമെന്ന നിർഭാഗ്യകരമായ ചിന്ത എന്നെ വന്നു കൂടി. അങ്ങനെ ഒരു ദിവസം മുഴുവൻ വീടരിച്ചു പെറുക്കി അരികുകൾ ചിതലരിച്ച ഡയറക്ടറി കണ്ടെത്തി. ഭാഗ്യത്തിന് അരികേ ചിതലുകൾ കരണ്ടിട്ടുള്ളു. തെല്ലാശ്വാസത്തോടെ ആ തടിയൻ പുസ്തകം വൃത്തിയാക്കി ഞാൻ സൂക്ഷ്മതയോടെ പരതാനാരംഭിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ആ പേരു ഞാൻ കണ്ടെത്തി…
തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞതിനാൽ പിറ്റേന്ന് ഏറെ വൈകിയാണ് ഉണർന്നത്. ജനലഴിയിലൂടെ പ്രസരിക്കുന്ന സൂര്യകിരണങ്ങൾ ഇളം തണുപ്പിൽ സുഖകരവും ഉന്മേഷദായകവുമായി തോന്നി. ഉണർന്നെങ്കിലും അല്പനേരം കൂടി കിടക്കാൻ തോന്നി എങ്കിലും എന്‍റെ അന്വേഷണത്തിന് നേരിയ വെളിച്ചം വീശുന്ന തലേന്നത്തെ കണ്ടുപിടുത്തം സുഖാലസ്യത്തിനായി കൊതിച്ച എന്‍റെ പ്രജ്ഞയേയും ശരീരത്തേയും ഉണർത്തി ഞാൻ ധൃതിയിൽ എഴുന്നേറ്റു. ഏറെ വൈകാതെ വീട്ടിൽ വിവരം പറഞ്ഞ് ഞാൻ യാത്ര തിരിച്ചു. ഓഫീസാണ് പ്രഥമ ലക്ഷ്യം ആദ്യം സഹായി ജോണിനെ ഞാൻ എഴുതിത്തയ്യാറാക്കിയ ചോദ്യാവലി എൽപ്പിക്കണം. അനാഥാലയത്തിലേക്ക് അയക്കണം. അതിനുശേഷം എന്‍റെ യാത്ര.
വഴിയരികിൽ നിന്നും നാരായണേട്ടന്‍റെ കടയിൽ നിന്നും സമോവറിൽ തിളച്ചു കിടന്ന ചായ കുടിച്ചു. ഓഫീസിലെത്തുമ്പോൾ ജോണി പ്രസന്നവദനനായി എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറക്കം ആഹാരം തുടങ്ങി പതിവു കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കാര്യത്തിലേക്കു കടന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ഉത്സാഹത്തോടെയും അതിലുപരി ഉദ്യോഗത്തോടെയും കേട്ടിരിക്കുന്ന ജോണിയെ ഞാൻ സാകൂതം ഉറ്റുനോക്കി. ദൃഷ്ടി പതറാതെ കണ്ണിമയനക്കാതെ ഞാൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന ജോണിയിൽ എനിക്ക് വിശ്വാസം തോന്നി. ഒരു സംവിധായകൻ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുക്കുമ്പോൾ അത് അഭിനയിച്ചു ഫലിപ്പിക്കാൻ തയ്യാറെടുക്കുന്ന അഭിനേതാവിന്‍റെ ഉത്സാഹത്തിളക്കം ഞാൻ ജോണിയുടെ കണ്ണുകളിൽ കണ്ടു.
ഞാൻ അറിയാനാഗ്രഹിച്ച വിവരങ്ങൾ ഇയാൾ ഒന്നും തന്നെ വിട്ടു പോകാതെ, അതല്ല എങ്കിൽ ഞാൻ അറിയാൻ ആഗ്രഹിച്ചതിലേറെ വിവരങ്ങൾ ഇയാൾ എനിക്കായി എത്തിച്ചു തരുമെന്ന് എന്‍റെ മനസ്സു പറഞ്ഞു. ഒരു നല്ല കഥാപാത്രത്തെ ജീവിതത്തിൽ അഭിനയിക്കാനായി ലഭിച്ച സന്തോഷത്താൽ ഉത്സാഹഭരിതനായ ജോണിയെ യാത്രയാക്കിയതിനു ശേഷം ഞാൻ എന്‍റെ യാത്രക്കായി പുറപ്പെടാനൊരുങ്ങി.
കൃത്യമായ സ്ഥലം എന്‍റെ ഓഫീസിലിരിക്കുന ലാൻഡ് ലൈൻ നമ്പറിൽ നിന്നും വിളിച്ച് ഉറപ്പു വരുത്തി. ഓഫീസ് താഴിട്ട് പൂട്ടി ഗോവണിയിറങ്ങി ഞാൻ വഴിത്താരയിലേക്കിറങ്ങി. പെട്ടന്നാണ് ജോണിക്ക് നല്കാനായി കൊണ്ടുവന്ന പേന അയാൾക്ക് നല്കിയില്ല എന്ന കാര്യം ഓർമ്മ വന്നത്. ഉടനെത്തന്നെ ഞാൻ ജോണിയെ വിളിച്ചു ഭാഗ്യവശാൽ അയാൾ സമീപത്തുള്ള ഒരു ഷേക്ക് ഷോപ്പിൽ ഉണ്ടായിരുന്നു. ഓടിക്കിതച്ച് എന്‍റെ അടുത്തെത്തിയ ജോണിക്ക് ഞാൻ പേന നല്കി അതിന്‍റെ പ്രവർത്തനം വിശദീകരിച്ചു കൊടുത്തു. വിദേശത്തുള്ള എന്‍റെ പഴയ സുഹൃത്ത് ഗബ്രി എനിക്കു സമ്മാനിച്ചതായിരുന്നു ആ പേന. അത്തരം രണ്ടു പേനകൾ എന്‍റെ കൈവശം ഉണ്ടായിരുന്നു. അതു രണ്ടും ഗബ്രി സമ്മാനിച്ചതായിരുന്നു. അതു കൂടാതെ ക്യാമറാക്കണ്ണു പിടിപ്പിച്ച ഷർട്ടിലെ ബട്ടൻ സൂക്ഷ്മമായ ദൃശ്യങ്ങൾ ഒപ്പിയെടുക്കാനുതകുന്ന മോതിരം എന്നിവ കുടി എനിക്കായി അയച്ച വിവരത്തിന് ഗബ്രിയുടെ കത്ത് എനിക്കു ലഭിച്ചിരുന്നു.
വെയിലിന് ചൂടു പിടിക്കുന്നു. ആ തീഷ്ണത ഒഴിവാക്കാനായി. ഞാനുടനെ ഓട്ടോയിൽ കയറി. ബസ് സ്റ്റോപ്പാണ് എന്‍റെ ലക്ഷ്യം അവിടുന് ബസ്സു പിടിക്കണം. ഏകദേശം പത്തിരുപത് കിലോമീറ്റർ ദൂരമുണ്ട് പ്രധാന ലക്ഷ്യസ്ഥാനത്തിന്…