ചില കാര്യങ്ങൾ അങ്ങനെയാണ്. അൽപം മിസ്‌റ്ററി അതിൽ ഉണ്ടാകും. അല്ലെങ്കിൽ ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് ഉള്ള കാർ യാത്രക്കിടയിൽ ബാങ്ക് ഉദ്യോഗസ്‌ഥനായ അമിത് കുമാറിന്‍റെ മനസ്സിൽ ഏകെ എന്ന കുറ്റാന്വേഷകൻ ജനിക്കില്ലായിരുന്നു. നടനെ മറികടന്നു ജനഹൃദയങ്ങളിൽ ജീവിക്കുന്ന സിനിമ കഥാപാത്രം പോലെ ഏകെ വളർന്നതും മറ്റൊരു മിസ്‌റ്ററി.
മലയാളത്തിൽ ഇറങ്ങിയ മികച്ച രണ്ടു ബാങ്കിംഗ് ക്രൈം ത്രില്ലറുകളുടെ ഉടമയാണ് ബാങ്കുദ്യോഗസ്‌ഥനായ അമിത് കുമാർ, ഏകെ, മിസ്‌റ്ററി @ മാമംഗലം എന്നിവയാണവ. ഫെഡറൽ ബാങ്കിന്‍റെ മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെന്‍റിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റാണ് അമിത്.
ആലുവയിൽ വെച്ച് കാണുമ്പോൾ ബാങ്കിംഗ് ക്രൈം ത്രില്ലർ നോവൽ ഏകെയുടെ നാലാമത്തെ എഡിഷൻ ഇറങ്ങാൻ പോകുന്ന സന്തോഷത്തിലായിരുന്നു അമിത്.
സസന്തോഷം ഏകെ
“ആദ്യ നോവലിന്‍റെ നാലാമത്തെ എഡിഷൻ എന്നൊക്കെ പറഞ്ഞാൽ വലിയ സന്തോഷം തരുന്ന കാര്യമല്ലേ. അതും ഈ രംഗത്ത് പുതുമുഖം എന്ന് പറയാവുന്ന എന്‍റെ പുസ്‌തകം. 2022 ഒക്ടോബറിലാണ് ഏകെയുടെ മൂന്നാം പതിപ്പ് ഇറങ്ങിയത്. അതുകഴിഞ്ഞ് വർഷം രണ്ടായി. നാലാം പതിപ്പെന്നത് എന്‍റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. വായിക്കേണ്ടവരെല്ലാം ഏകെ വായിച്ചു എന്നൊരു ചിന്തയിലായിരുന്നു ഞാൻ.”
“എന്നാൽ അടുത്തിടെ ഇറങ്ങിയ മിസ്‌റ്ററി @ മാമംഗലം വായിച്ച പലരും ഏകെ എന്നൊരു ത്രില്ലർ കൂടി ഞാനെഴുതിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. ചിലർക്ക് ആമസോൺ ലിങ്ക് അയച്ചു കൊടുത്തു. കോപ്പി ഒപ്പിട്ടു വേണമെന്നു പറഞ്ഞവർക്ക് കൊടുക്കാൻ എന്‍റെ പക്കൽ കുറച്ചു കോപ്പി ബാക്കിയുണ്ടായിരുന്നു.
പക്ഷേ നവംബർ ആദ്യമായപ്പോഴേക്കും എന്നെ സംബന്ധിച്ച് കാര്യങ്ങൾ കൈവിട്ടുപോയി. ഏകെയ്ക്ക് ഭയങ്കര ഡിമാൻഡ്. എന്നാലോ ഒറ്റക്കോപ്പി പോലും കയ്യിലില്ല. വായിക്കാൻ ആളുണ്ട്, പക്ഷേ പുസ്‌തകം കിട്ടാനില്ല എന്ന അവസ്‌ഥ. ഈ സാഹചര്യത്തിലാണ് ലോഗോസ് നാലാം പതിപ്പ് ഇറക്കിയത്. ഒരെഴുത്തുകാരന് കൂടുതൽ വായനക്കാരുണ്ടാകുക പുതിയ പതിപ്പുകൾ ഇറങ്ങുക ഇതിലും സന്തോഷം മറ്റൊന്നില്ല.”
“എന്‍റെ പരിചയത്തിലുള്ള ഒരു നോർത്തിന്ത്യൻ സുഹൃത്ത് പറയാറുണ്ട് അവിടെ പുതിയ പുസ്‌തകം ഹിന്ദിയിൽ ഇറങ്ങിയാൽ 1500 കോപ്പി ഒക്കെ പോകാറുള്ളു എന്ന്. പക്ഷേ മലയാളത്തിൽ വലിയ സാഹിത്യകാരന്മാർക്കൊപ്പം തന്നെ ചെറിയ എഴുത്തുകാരുടെയും പുസ്‌തകങ്ങൾ ഇറങ്ങുന്നുണ്ട്. അത്യാവശ്യം മൂവ് ചെയ്യുന്നുമുണ്ട്. യഥാർത്ഥത്തിൽ സോഷ്യൽ മീഡിയ വന്നതോടെ സംഗതി കുറച്ചൊക്കെ എളുപ്പം ആയി എന്ന് പറയാം. ഇങ്ങനെ ഒരു പുസ്‌തകം ഉണ്ടെന്ന് കുറഞ്ഞത് ഫേസ്ബുക് ഫ്രണ്ട്സിനെ എങ്കിലും അറിയിക്കാൻ ഒരു വഴിയുണ്ടല്ലോ.”
ചെറുപ്പം മുതൽ അമിത്തിന് കഥ എഴുതാൻ താൽപര്യം ഉണ്ടായിരുന്നു. സ്‌കൂൾ കോളേജ് മത്സരങ്ങൾക്ക് സമ്മാനങ്ങൾ കിട്ടാറുമുണ്ടായിരുന്നു. ഡിഗ്രിയും പിജിയും ചേർത്തല എസ്എന്നിലും എറണാകുളം മഹാരാജാസിലും ആയിരുന്നു. തുടർന്ന് ഫെഡറൽ ബാങ്കിൽ കർണാടകയിൽ ജോലിയിൽ പ്രവേശിച്ചു. അപ്പോഴും എഴുത്ത് കൈവിട്ടിരുന്നില്ല.
ബ്ലോഗെഴുത്തിന്‍റെ തുടക്കം
“ആ കാലത്ത് ഓൺലൈൻ ബ്ലോഗ് എഴുത്തൊക്കെ പോപ്പുലർ ആയി വരുന്നതെയുള്ളു. അതിൽ എന്തെങ്കിലുമൊക്കെ കുറിക്കും. വായനക്കാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും തുടർന്ന് എഴുതാൻ ഒരു സന്തോഷം ലഭിച്ചത് ബ്ലോഗെഴുത്ത് വഴിയാണ്. 2015 വരെ അങ്ങനെ ഒക്കെ മുന്നോട്ട് പോയി. പിന്നെ പലരും പറഞ്ഞു തുടങ്ങി ഇങ്ങനെ ബ്ലോഗിൽ മാത്രം ഒതുങ്ങാതെ പ്രിന്‍റ് മാധ്യമത്തിൽ എഴുത്ത് വേണം. അങ്ങനെ സമകാലിക മലയാളം, പ്രസാധകൻ ഇതിലൊക്കെ കഥ എഴുതി തുടങ്ങി. ‘സ്വപ്നലോകത്തെ രാജകുമാരൻ’ എന്ന കുട്ടികൾക്കുള്ള നോവലാണ് ആദ്യ കൃതി. ചെറുകഥാസമാഹാരമായ ‘ഒരു ജാതി ആൾക്കാർ’, കന്നഡ ഭാഷാ പഠനസഹായിയായ ‘മലയാളികൾക്ക് ഈസി കന്നഡ’ എന്നിവയും എഴുതിയിട്ടുണ്ട്.
എന്നാൽ അമിത്തിന്‍റെ ജീവിതത്തിലെ ടേണിംഗ് പോയിന്‍റായ നോവലെഴുത്തിലേക്ക് കടന്നുവന്നത് തികച്ചും യാദൃശ്ചികം ആയാണ്.
“ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ചുള്ള കുറിപ്പുകൾ പത്രങ്ങളിൽ തുടർച്ചയായി എഴുതാൻ എനിക്ക് അവസരം വന്നു. ബാങ്കിംഗിൽ എക്സ്പേർട്ടുകൾ ഉണ്ടെങ്കിലും കാര്യങ്ങൾ അടുക്കായി എഴുതാൻ കൂടി കഴിയുന്നവർ കുറവാണ്. ബാങ്കിംഗ് രംഗത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ച് എഴുതുമ്പോൾ അൽപം കഥ പോലെ ഒക്കെ ആണ് ഞാൻ എഴുതുക. ഇത് കണ്ടിട്ട് പല ബ്രാഞ്ചുകളിലേയും ആളുകൾ വിളിച്ച് അവിടത്തെ ഓരോ സംഭവങ്ങൾ പറയാൻ തുടങ്ങി. അങ്ങനെ ഇഷ്ടം പോലെ വിഷയങ്ങളായി ഇതിനിടയിൽ എന്‍റെ ഒരു സുഹൃത്ത് കുട്ടികൾക്ക് വേണ്ടി കൃഷിയുമായി ബന്ധപ്പെട്ട് ഒരു പുസ്‌തകം എഴുതാമോ എന്ന് ചോദി ച്ചു. എന്നാൽ എനിക്ക് കൃഷിയുമായി കാര്യമായ ബന്ധം ഇല്ലാത്തതിനാൽ ആ എഴുത്ത് എനിക്ക് അൽപം വിഷമം പിടിച്ച കാര്യമായി തോന്നി. എന്നാലും നോക്കാം എന്ന് കരുതി എഴുതാനിരിക്കുമ്പോൾ ആണ് പെട്ടെന്ന് എന്‍റെ മനസിലേക്ക് ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ സംബന്ധിച്ചു ഒരുപാട് വിവരങ്ങൾ എന്‍റെ കൈയിലുള്ള കാര്യമോർത്തത്.”
യാത്രയക്കിടയിലെ മിസ്‌റ്ററി
“അങ്ങനെ ഒരു ദിവസം ഭാര്യ ബിനിയുടെ ചേർത്തലയിലെ വീട്ടിൽ പോയി മടങ്ങുമ്പോഴാണ് ഒരു സ്‌പാർക് പോലെ ബാങ്കിംഗ് ക്രൈം ത്രില്ലറിലെ വിജിലൻസ് അന്വേഷകനായ ഏകെ എന്ന കഥാപാത്രവും കഥയും മനസ്സിൽ രൂപപ്പെട്ടത്. ഒരു മണിക്കൂർ കൊണ്ട് കഥയുടെ മെയിൻ പ്ലോട്ടുകളെല്ലാം മനസ്സിൽ കുറിച്ചിട്ടു. രണ്ടു മാസം കൊണ്ട് ഫിനിഷ് ചെയ്തു. ഏകെ എഴുതുമ്പോൾ ഞാൻ ഈ ഒരു നോവൽ മാത്രമെ എഴുതൂ എന്ന ചിന്തയായിരുന്നു. ബാങ്കിംഗ് കഥ ആയത് കൊണ്ട് സാധാരണ ആളുകൾ ക്ക് മനസ്സിലാകുമോ എന്നൊക്കെയുള്ള സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാൻ എഴുതിക്കഴിഞ്ഞ ശേഷം ആദ്യം വായിച്ചത് ബിനി ആണ്. അവൾക്ക് അത് ഏറെ ഇഷ്ടമായി. ത്രില്ലർ നോവലുകളിൽ കൊലപാതകവും വയലൻസും ഒക്കെയാണ് കൂടുതലും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ഒരു ലൈഫ് ഉണ്ട് എന്ന് ബിനി പറഞ്ഞപ്പോൾ എനിക്ക് കോൺഫിഡൻസ് ആയി.”
“പിന്നീട് ഞാൻ ഫേസ്ബുക്ക് സുഹൃത്തും എഴുത്തുകാരനും കൂടിയായ മണികണ്‌ഠന് നോവൽ വായിക്കാൻ കൊടുത്തു. അവതാരിക എഴുതിക്കുക ആയിരുന്നു ലക്ഷ്യം അൽപം വൈകി ആണെങ്കിലും “അമിത് ഗംഭീരം!” എന്ന മറുപടി തന്നപ്പോൾ എന്‍റെ ആശങ്ക പൂർണമായും മാറി. ബാങ്കുമായി ബന്ധം ഇല്ലാത്ത ആളാണ് മണികണ്ഠൻ പിന്നെ ബാങ്കിന്‍റെ എച്ച്ആറിൽ വായിക്കാൻ കൊടുത്തു പെർമിഷൻ വാങ്ങി. അവിടെയും നല്ല അഭിപ്രായം ലഭിച്ചപ്പോൾ ആണ് പബ്ലിഷറെ തിരയുന്നത്. ഡബ്ബിംഗ് ആർട്ടിസ്‌റ്റ് കൂടിയായ ദാമോദർ രാധാകൃഷ്‌ണൻ മുഖേന ലോഗോസിലേക്കെത്തി. ഞങ്ങളുടെ എംഡി തന്നെ ആണ് ബുക്ക് റിലീസ് ചെയ്‌തത്. അതിന്‍റെ രണ്ടു പതിപ്പ് ഇറങ്ങിയപ്പോ എനിക്കും ഉറപ്പായി ഇനിയും എഴുതാം എന്ന്. അങ്ങനെ ഒരു വർഷത്തെ ഇടവേളയിൽ അടുത്ത ബുക്ക് എഴുതി. അതാണ് മിസ്‌റ്ററി @ മാമംഗലം. ഡിസി ബുക്സ‌് ആണ് പ്രസാധകർ.
ട്രസ്‌റ്റ് ബട്ട് വെരിഫൈ
“ബാങ്കിന്‍റെ അകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള കഥ ആയതിനാൽ പലരും പല സംശയങ്ങളും എന്നോട് ചോദിക്കുകയുണ്ടായി. കഥയിൽ പറയുന്ന പോലെ അഞ്ചുമണി കഴിഞ്ഞ് ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യുമോ എന്നൊരു സംശയവും ഒരു വായനക്കാരൻ ഉന്നയിച്ചു. സാധാരണ 5 മണിവരെയാണ് സമയം എന്ന് പറയാറുണ്ട്. എന്നാൽ 24 മണിക്കൂറും അക്കൗണ്ട് ഓപ്പൺ ആക്കാം എന്നാണ്. ബാങ്കിലെ ജോലി വളരെ സുഖകരം ആണെന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ ഈ ജോലിക്ക് എത്ര റിസ്‌ക് ഉണ്ടെന്ന് പലർക്കും ഈ പുസ്‌തകം വായിച്ചപ്പോഴാണ് മനസിലായത് എന്ന് പറഞ്ഞവരും ഉണ്ട്. ബാങ്കുകളിലെ പല പ്രശ്‌നങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കാതെ വരുത്തി വയ്ക്കുന്നതാണ്. പണ്ടൊക്കെ തട്ടിപ്പുകൾക്ക് പരിധിയും പരിമിതിയും ഉണ്ടായിരുന്നു. ഓൺലൈൻ സൗകര്യം വ്യാപകമായപ്പോൾ തട്ടിപ്പുകൾ നടക്കുന്ന രീതിയും മാറി, വിജിലൻസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ടാഗ് ലൈൻ തന്നെ “ട്രസ്‌റ്റ് ബട്ട് വെരിഫൈ” എന്നാണ്.
സത്യമായും അങ്ങനെയല്ല
ബാങ്കിൽ അങ്ങനെ തന്നെ നടന്ന സംഭവങ്ങൾ ആണോ എഴുതിയത് എന്ന ചോദ്യവും വന്നു. അതിനുത്തരം അല്ല എന്നാണ്. എന്നാൽ എവിടൊക്കെയോ എന്തൊക്കെയോ നടന്ന കേസുകൾ കഥയുടെ ത്രെഡിൽ പ്രേരണയായിട്ടുണ്ട്. എന്ന് മാത്രം.
യഥാർത്ഥത്തിൽ എകെയും ഹരിമാധവും ബാങ്കിന്‍റെ വിജിലൻസ് ഡിപ്പാർട്ട്മെന്‍റിൽ ഉണ്ടോ? എന്നും ചോദിക്കുന്നവരുണ്ട്. എന്നാൽ അങ്ങനെയും ആരുമില്ല. ഏകെയെ നേരിട്ട് കാണാൻ പറ്റുമോ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. എകെ ശരിക്കുമുള്ള ആളാണോ എന്നും എന്നോടു ചോദിക്കാറുണ്ട്. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന ഒരു സുഹൃത്ത് കുറച്ചുകൂടി കടന്ന ഒരു ചോദ്യം ചോദിച്ചു. അതായത് ഏകെ എന്നോടു പറഞ്ഞ കാര്യങ്ങളാണോ കഥയാക്കി ഞാനെഴുതുന്നത് എന്നാണ് അവർ ചോദിച്ചത്.
ഇത് നമ്മുടെ ബാങ്കിൽ നടന്ന കഥയാണോ എന്നാണ് മിസ്‌റ്ററിയുടെ കോപ്പി കൈപ്പറ്റുമ്പോൾ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്‌ടർ ആയ ശാലിനി മാഡം പോലും ചോദി ച്ചത്. നമ്മുടെയെന്നല്ല ഒരു ബാങ്കിലും നടന്നിട്ടില്ലാത്ത കഥയാണ് എന്ന് ഞാൻ പറഞ്ഞു. ഇതിനിടെ എന്‍റെ സഹ പ്രവർത്തകൻ മുഖേന എനിക്ക് അയച്ചു തന്ന മെസേജ് കണ്ടപ്പോൾ വിസ്‌മയം തോന്നി. ഏകെയെ നേരിട്ട് കാണാൻ ചാൻസ് ഉണ്ടോ എന്നാണ് ചോദ്യം.
ഏകെയെ കാണാൻ
എന്തായാലും മിസ്‌റ്ററിയെക്കുറിച്ച് പലരും എഴുതിയ കുറിപ്പുകളിൽ ഏകെയാണ് നിറഞ്ഞു നിന്നത്. ഞാൻ എന്ന എഴുത്തുകാരൻ എങ്ങും വന്നില്ല. എല്ലാവരും ഏകെ എന്നൊരാൾ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഞാനും ആഗ്രഹിച്ചു പോകുന്നു അങ്ങനെ യഥാർത്ഥത്തിൽ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. കഴിഞ്ഞ ദിവസം വിജിലൻസ് ഡിപ്പാർട്ട്മെന്‍റ് വഴി പോകേണ്ട കാര്യമുണ്ടായിരുന്നു. പോകും വഴി അടഞ്ഞുകിടന്ന കാബിൻ ഞാൻ കണ്ടു. അകത്ത് ഏകെ കാണില്ല എന്നറിയാമെങ്കിലും അങ്ങനൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാനും വല്ലാതെ ആശിച്ചു പോയി.
സിനിമ, വെബ്‌സീരിസ്
ഏകെ എന്ന നോവൽ സിനിമയാക്കാൻ ഒരു ഡിസ്‌കഷൻ ഒക്കെ നടന്നു. എന്നാൽ എനിക്ക് അതിനൊന്നും അത്ര സമയം കിട്ടിയില്ല. ഏകെ വെബ് സീരീസ് ആക്കാൻ ചില ചാനലുകൾ സമീപിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ പുറത്ത് നിന്ന് ഉള്ള കുറ്റകൃത്യങ്ങൾ വയലൻസ് അടക്കം ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്‍റേണൽ ക്രൈം അങ്ങനെ സുപരിചിതമല്ല. തിരക്കഥയൊക്കെ എഴുതിയുണ്ടാക്കാൻ സമയം വേണം.
വായനക്കാരനും എഴുത്തുകാരനും
ഞാൻ കഥകൾ വർഷത്തിൽ ഒന്നോ രണ്ടോ ഒക്കെ ചെയ്യാറുള്ളു എന്നാൽ വായന ധാരാളം ഉണ്ട്. ബാങ്കിൽ ധാരാളം വാർഷിക പതിപ്പുകളും ഓണപ്പതിപ്പുകളും വരാറുള്ളതിനാൽ വായിക്കാൻ ധാരാളമുണ്ട്. വായിക്കുകയും ചെയ്യും. ഞാൻ എഴുതുമ്പോൾ എന്‍റെ ഉള്ളിലെ വായനക്കാരൻ പുറത്തോട്ടുവരും. ഇതെന്ത് കഥയെന്ന് ആ വായനക്കാരൻ ഉള്ളിലിരുന്നു ചോദിക്കും. ഇത്രയധികം എന്നെ ദ്രോഹിച്ച ഒരു വായനക്കാരനുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. ഒരു വരിയെഴുതിത്തീരുന്നതിനു മുമ്പു തന്നെ തുടങ്ങും എന്നിലെ വായനക്കാരന്‍റെ വിമർശനം. തുടർന്നൊരു വാക്കെഴുതാൻ പറ്റാത്ത രീതിയിൽ ആ വായനക്കാരൻ മടുപ്പിച്ചുകളയും. എന്നിട്ടും എഴുതുന്നു എന്നു പറയുമ്പോൾ ഊഹിക്കാമല്ലോ, ഞാൻ പെടുന്ന കഷ്ടപ്പാട് രസമെന്താന്ന് വെച്ചാൽ ആ കഷ്‌ടപ്പാടിന്‍റെ ഒക്കെ തിക്‌ത ഫലം അനുഭവിക്കുന്നത് ചിലപ്പോഴൊക്കെ ബിനിയും കുട്ടികളും ഒക്കെയാണ് എന്ന് മാത്രം!
പുതിയ എഴുത്തുകാർ
ഇക്കാലത്തു നന്നായി എഴുതുന്ന ഒരുപാടു പുതിയ എഴുത്തുകാരുണ്ട്. ഷിനിലാൽ, അഖില, മണികണ്‌ഠൻ, സെബാസ്റ്റ്യൻ, ഇന്ദുചൂഡൻ കിഴക്കേടം ഇങ്ങനെ ഒരുപാട് പേർ. പുതിയ ആളുകളുടെ കഥ വായിക്കാൻ ഇഷ്‌ടം ഉള്ള വരുണ്ട്. എന്നാൽ ആ കഥകളെ കുറിച്ചുള്ള ആ എഴുത്തുകാരെ കുറിച്ചുള്ള ലളിതമായ വിവരങ്ങൾ എങ്കിലും ലഭ്യമായാൽ മാത്രമേ കൂടുതൽ പേര് വായിക്കുകയുള്ളു. അർഹിക്കുന്ന വരെ പ്രൊമോട്ട് ചെയ്യാൻ ഒരു സംവിധാനം ഇല്ല എന്ന് തന്നെ പറയാം. ആകെ ഉള്ളത് സോഷ്യൽ മീഡിയ ആണ്.
എന്നാൽ വായിച്ചു തുടങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പ്രശസ്‌തരെ റെക്കമെന്‍റ് ചെയ്യുന്നതാണ് നല്ലത്. നന്നായി വായിച്ചു തുടങ്ങിയ ശേഷം പുതിയ എഴുത്തുകാരിലേക്ക് പോകാമല്ലോ. പിന്നെ സെക്ഷൻ തിരിച്ച് വായിക്കാൻ കഴിയും. ഉദാഹരണം ക്രൈം ത്രില്ലർ, സഞ്ചാര സാഹിത്യം ഇങ്ങനെ. ഓരോരുത്തർക്കും ഇഷ്‌ടം ഉള്ള വിഷയം തെരെഞ്ഞെടുക്കാമല്ലോ.
ഫാമിലി സപ്പോർട്ട്
എഴുത്ത് ഇനി ഗൗരവമായി തുടരണം എന്ന് തന്നെ ആണ് ആഗ്രഹം. അടുത്ത വർഷത്തെ പ്ലാൻ ആയി വരുന്നു. ക്രൈം ത്രില്ലർ അല്ലാതെ വേറെ കഥയിലേക്ക് ഒക്കെ പോകണം. ഫാമിലി ആണ് എന്‍റെ ശക്‌തി. അവർ കട്ട സപ്പോർട്ടാണ്. ബിനിയും മക്കൾ അഭിമന്യുവും ആരുണിയും. പ്രത്യേകിച്ച് ഏതാനും വർഷമായി ശാരീരികമായി ചില ചലഞ്ചുകൾ ഉള്ളതിനാൽ ഫാമിലിയുടെ പിന്തുണ വളരെ വിലപ്പെട്ടതാണ്. പുറത്തേക്ക് പോകലും യാത്രയും ഒക്കെ വളരെ കുറഞ്ഞു. എഴുത്ത് പോലെ തന്നെ വായനയും എനിക്ക് പ്രിയപ്പെട്ടതാണ്. ബേസിക്കലി ഞാൻ ഒരു വായനക്കാരൻ ആണ്. സത്യം പറയട്ടെ വീട്ടിൽ ഞങ്ങൾ ടിവി കാണാറില്ല. 2007 മുതൽ വീട്ടിൽ ടിവിയും ഇല്ല. പുതിയ വീടു പണിതപ്പോൾ ടിവി വെച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ അത് യൂസ്‌ഡ് ആയി. അതിനാൽ കുട്ടികളും കാണുന്നില്ല. അതുകൊണ്ട് സമയം ഇഷ്‌ടം പോലെയുണ്ട്. പിന്നെ നേരം പോക്കിന് രണ്ടു പൂച്ചകൾ ഉണ്ട്. സിംബയും നിദ്രയും. ഇടയ്ക്കൊക്കെ ഓടക്കുഴൽ വായിക്കും. അത് ലംഗ്സ് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചു മാത്രമാണ്.
ഏകെ എന്ന കഥാപാത്രത്തെ കുറിച്ച് അഭിലാഷ് പീതാംബരൻ എഴുതിയ കുറിപ്പ്…
‘മിസ്‌റ്ററി @ മാമംഗലം’ വായിക്കുമ്പോൾ ഏകെ എന്ന കഥാപാത്രത്തിന്‍റെ ഗരിമ ആലോചിക്കുകയായിരുന്നു ഞാൻ.
അധികം പഴയതല്ലാത്ത എന്‍റെ ബാങ്ക് ജോലിക്കാലത്ത് കർണ്ണാടക ഹാസ്സനിൽ ജോലി ചെയ്യവെ ചെറുപ്പക്കാരനായ ഒരു റീജിയണൽ മാനേജർക്കൊപ്പം (അദ്ദേഹം ഈ പ്രൊഫൈലിൽ ഉണ്ട്) ജോലി ചെയ്യാനായി. ആളും അർത്ഥവുമുള്ള മറ്റു സ്ഥാപനങ്ങളുമായി മത്സരിക്കുമ്പോൾ ഉള്ള പ്രഷർ ഓർമ്മയുണ്ട്. എന്നാൽ മേൽപ്പറഞ്ഞ ആർഎം ഇടപെടുന്ന പൊപ്പോസൽ ചെയ്യുക എപ്പോഴും കേക്ക് വാക് ആയിരുന്നു. ബാങ്കിന്‍റെ എല്ലാ ഗൈഡ്‌ലൈനും പാലിച്ചു എന്ന് നേരിട്ട് ഉറപ്പ് വരുത്തിയിട്ട് പ്രൊപ്പോസൽ നമുക്ക് തന്നിട്ട് തിരിഞ്ഞു നടപ്പുണ്ട്. തൊണ്ണൂറ് മിനിറ്റ് മിഡ് ഫീൽഡ് കളിക്കുന്ന ചില കളിക്കാരെ ഓർമ്മിപ്പിക്കുന്നു അദ്ദേഹം. ഏകെയ്ക്ക് ഒപ്പം നടക്കുമ്പോൾ ഹരി അനുഭവിക്കുന്നതും ഇത് തന്നെയാണ്. ഏകെ ഒരു കൾട്ട് ആയി മാറുകയാണ്. ഫിക്ഷന് പുറത്ത് ഏകെയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. എന്തായിരിക്കും ഏകെയുടെ വിജയം. അദ്ദേഹത്തിന് സമ്മർദ്ദം ഇല്ലെന്നത് തന്നെ ആവാം.
തന്‍റെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും മറച്ചു വെക്കാതെ എന്നാൽ അലോസരപ്പെടുത്താതെ കൃത്യമായി പ്രകടിപ്പിച്ചുകൊണ്ട് അയാൾ അങ്ങനെ നിറഞ്ഞു നിൽക്കുന്നു. അയാൾ സ്വന്തം മനസ്സ് പ്രകടിപ്പിക്കുന്നതിന് ആരെയും ഭയക്കുന്നില്ല. അന്വേഷണത്തിൽ ആരെയും ആദ്യം തന്നെ കുറ്റപ്പെടുത്തി ഒഴിവാക്കുന്നില്ല. ചില പതിവുകളോടും ആഹാരങ്ങളോടുമുള്ള അയാളുടെ ഒബ്സെഷൻ പോലും അനുവാചകരെ അകറ്റുന്നില്ല. അയാളെ സംബന്ധിച്ച് അറിയാത്ത കാര്യങ്ങൾ അറിയില്ല. എന്ന് സമ്മതിക്കുവാൻ യാതൊരു മടിയുമില്ല. ഇപ്രാവശ്യം ആദ്യ ട്വിസ്റ്റ് അത്ര ഏശിയില്ലെങ്കിലും അത് നമുക്ക് മാത്രമാണ്. ഏകെയെ അത് ബാധിക്കുന്നതേയില്ല. അയാളുടെ വഴിയിൽ അയാൾ കൊണ്ടുവരുന്നത് തന്നെയാണ് അത്ഭുതങ്ങൾ. നിത്യജീവിതത്തിൽ എപ്പോഴും അത്ഭുതങ്ങൾക്കായി വാശിപിടിക്കാനാവില്ലല്ലോ. ശാലുവുമായുള്ള പ്രേമം തുടങ്ങാൻ ഉള്ള പ്ലോട്ടായി കൂട്ടി വിടുന്നു അതിനെ.
നമുക്ക് ഏകെയെക്കുറിച്ച് സംസാരിക്കാം
തീർച്ചയായും ഏകെ ഷെർലക്ക് പോലെയോ മറ്റ് ഏതെങ്കിലും കുറ്റാന്വേഷകരുടെയോ കോപ്പി അല്ല. സ്വന്തം ഐഡന്‍റിറ്റി ഉള്ള തനി മലയാളി വിത്ത് ദാറ്റ് പ്രത്യേക ആക്സന്‍റ്. അമിത ആഘോഷമോ അമിതദുഃഖമോ ഇല്ലാത്ത ഒരു പ്ര ത്യേക ജീവി. അയാൾ ഇവിടെ കുറച്ചു നാൾ കാണും. എല്ലാവരെയും ബേസിക്സ് ഓർമ്മിപ്പിച്ചുകൊണ്ട്.