ഈറൻ പടർന്ന ഉച്ചനേരം. പുലർകാലത്തെ കുളിര് സൂര്യശകലങ്ങൾ ഏറ്റിട്ടും കുറഞ്ഞിരുന്നില്ല. അന്തരീക്ഷത്തിൽ മങ്ങിയ പുക പോലെ മഞ്ഞ് തളം കെട്ടി നിൽക്കുന്നു. മേലോട്ട് ഉയർന്നു നിൽക്കുന വൻമരങ്ങൾ സൂര്യനെ ഏറെക്കുറെ തടുത്തു നിർത്തുന്നതായി തോന്നിച്ചു.
പച്ച തഴച്ച് നിബിഡമായ കാടിന്‍റെ പരിസരത്ത് ഷൂട്ടിംഗ് സംഘം തമ്പടിച്ചിരിക്കുന്നു. കാടിന്‍റെ പരിസരമായിട്ടാണോ എന്തോ ഷൂട്ടിംഗ് സംഘത്തിൽ ഏറെ ആളുകളില്ല. ഞാൻ അവിടെ എത്തിയപ്പോൾ കാണുന്നത് ഒരു ട്രോളി ഷോട്ട് വിവിധ ആംഗിളുകളിൽ ചിത്രീകരിച്ച കൊണ്ടിരിക്കുകയാണ് ക്യാമറമാനും കൂടെയുള്ളവരും. അത്ര പ്രശസ്തരായ നടീനടന്മാരല്ല ചിത്രവുമായി സഹകരിക്കുന്നത്. പ്രധാന നടനെ ഒന്നോ രണ്ടോ ചിത്രത്തിൽ കണ്ടതായി ഓർക്കുന്നു.
ഈ സിനിമയുടെ പ്രൊഡക്ഷനിൽ പ്രവർത്തിക്കുന്ന സുഹൃത്ത് തോമാച്ചന്‍റെ അതിഥിയായി ഞാൻ രണ്ടു ദിവസമായി സെറ്റിലുണ്ട്. ഒരു പ്രധാന കാര്യം സംസാരിക്കുവാനുണ്ടെന്നു തോമാച്ചൻ പറഞ്ഞിരുന്നു. അതിനാൽ ദൈനംദിന നിത്യജീവിതത്തിൽ നിന്നും ഒരു മാറ്റം കാംക്ഷിച്ച് വന്നതായിരുന്നു ഞാൻ. കുറച്ചു ദിവസമായി വിരസമായ ദിനരാത്രങ്ങൾ ആണ് എനിക്ക് മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ തോമാച്ചൻ ഇങ്ങനെ ഒരാവശ്യം എനിക്കു മുന്നിൽ വക്കുകയും കാറയക്കുമെന്നു കൂടി പറഞ്ഞപ്പോൾ ഞാൻ ഏറെ ചിന്തിക്കാതെ പുറപ്പെടുകയായിരുന്നു. ഇവിടെ ഉന്മേഷകരമായ പരിസരം. പുതുമയേറിയ കാഴ്ചകൾ. എണ്ണയിട്ട യന്ത്രം കണക്ക് പ്രവർത്തിക്കുന്ന ഷൂട്ടിംഗ് ക്രൂ പിന്നെ ഒന്നാന്തരം ഭക്ഷണം.
ഇപ്പോൾ തന്നെ നോക്കൂ. രാവിലെ അഞ്ചിലേറെ പ്രാതൽ വിഭവങ്ങൾ. ഇടക്കിടെ ചായയും സ്നാക്സും. പൊതുവെ ഷൂട്ടിംഗ് പരിസരം തീർത്തും രസകരമായി തോന്നി. എന്നാൽ തോമാച്ചൻ എന്നെക്കൊണ്ടുള്ള ആവശ്യം എന്താണെന്ന് ഇതുവരെ പറഞ്ഞില്ല. അതിൽ എനിക്കയാളെ കുറ്റപ്പെടുത്താൻ കഴിയില്ല. രാവേറെ ചെല്ലുവോളം തിരക്കിലാണ് അയാൾ. അയാളുടെ പോസ്റ്റ് എന്താണെന്ന് എനിക്കറിയില്ല. എന്നാൽ സെറ്റിലെമ്പാടും അയാൾ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്നുണ്ട്.
ഏത് വിഷയത്തിനും സെറ്റിലുള്ളവരുടെ നാവിൽ വരുന്നത് തോമാച്ചന്‍റെ പേരാണ്. ഏതായാലും രണ്ടു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ച വിവരം പറയാമെന്ന് അയാൾ പറഞ്ഞിട്ടുണ്ട്. അന്ന് ഷൂട്ടിംഗ് സംഘാംഗങ്ങൾക്ക് അവധിയാണ്. ആ ഞായറാഴ്ചക്കു ശേഷം ലൊക്കേഷനും മറ്റും മാറുന്നുണ്ടെന്നാണ് അറിഞ്ഞത്. അതുവരെ തോമാച്ചൻ എനിക്കായി കല്ലിച്ചു നല്കിയ സ്ക്രിപ്റ്റ് അസിസ്റ്റന്‍റ് സ്ഥാനവും വഹിച്ച് കാഴ്ചകൾ കണ്ട് ഞാൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഭക്ഷണ സമയത്ത് അടുക്കു തട്ടുകളിൽ കൊണ്ടുവരുന്ന വിവിധങ്ങളായ ആഹാരപദാർത്ഥങ്ങൾ ആസ്വദിച്ച്, ഷൂട്ടിംഗിന്‍റെ രസച്ചേരുവ കണ്ടു മനസ്സിലാക്കി വല്ലപ്പോഴും ക്യാമറാമാന്‍റെ പുറകിൽ നിന്ന് ക്യാമറാക്കണ്ണുകളിലൂടെയുള്ള ദൃശ്യങ്ങൾ നിരീക്ഷിച്ച് സമയം അങ്ങനെ കടന്നു പോയി.
തോമാച്ചന്‍റെ ആളെന്ന പരിഗണന എനിക്കവിടെ ലഭിച്ചു. എന്‍റെ ചെയ്ത്‌തുകൾക്ക് ആരും തടസ്സമൊന്നും പറഞ്ഞില്ല. ഷൂട്ടിംഗ് വേളയിൽ നടീനടന്മാർ വരുത്തുന്ന അബദ്ധങ്ങളും തമാശകളും ക്യാമറയിൽ നോക്കരുതെന്ന നിരന്തരമായ താക്കീതുകളും എല്ലാവരിലും ചിരി പടർത്തി. മികച്ച ഒരു കാഴ്ചാനുഭവം പ്രേക്ഷകന് നല്കുക എന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ടീമിനെയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്. ആ ഒത്തൊരുമ എന്നെ ആഹ്ളാദഭരിതനാക്കി.
അങ്ങനെ ഒടുവിൽ ഞായറാഴ്ച വന്നെത്തി. കടുത്ത ഷൂട്ടിംഗ് നടപടിക്രമങ്ങളിൽ പരിക്ഷീണരായ സംഘം താത്കാലികമായി പണിത വാസസ്ഥലത്ത് വിശ്രമത്തിലാണ്. വിശദമായി സംസാരിക്കാനായി ഒരിടത്ത് പോകാനുണ്ടെന്ന തോമാച്ചന്‍റെ നിർദേശപ്രകാരം നേരത്തെ തന്നെ ഞാൻ തയ്യാറായിരുന്നു. പ്രാതൽ കഴിക്കാനായി പുറപ്പെട്ടു. പ്രാതൽ സപ്ലെ ചെയ്യുന്നിടത്ത് ഏറെ തിരക്കില്ല. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തിരക്കുണ്ടാകുക എന്ന് പുട്ടും കടലയും എന്‍റെ പ്ലേറ്റിലേക്ക് എടുത്തു തരുന്നതിനിടെ പ്രാതൽ കൗണ്ടറിൽ നിൽക്കുന്ന പയ്യൻ പറഞ്ഞു. ഒരു പുഴുങ്ങിയ മുട്ട പിളർന്ന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് സ്നേഹപൂർവ്വം ആ പയ്യൻ എന്‍റെ പിഞ്ഞാണത്തിൽ വച്ചു.
നല്ല പോലെ വെന്ത് മയമുള്ള പുട്ടിൻമേൽ നല്ല മസാല ചേർത്ത ചൂടുകടലക്കറി ഒഴിച്ച് കുഴച്ച് ഒപ്പം പപ്പടം പൊട്ടിച്ചു ചേർത്ത് കഴിക്കുന്നതിനിടെ എന്നെ സാകൂതം ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ പയ്യനെ ഞാൻ പരിചയപ്പെട്ടു. ഒരു ഹിന്ദി സൂപ്പർ താരത്തെ അനുസ്മരിക്കുന്ന മുഖം ഭാവി സൂപ്പർ താരത്തിന്‍റെ പേര് അച്ചു. അടങ്ങാത്ത സിനിമാ അഭിനയമോഹവുമായി നാടുവിട്ടു വന്നവനാണ് അവൻ. അവന്‍റെ സുഹൃത്തുക്കളും ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നി. എന്നാലാകട്ടെ സിനിമയൊന്നും തരപ്പെട്ടില്ല. സൗന്ദര്യവും അധ്വാനശേഷിയും മുതൽക്കൂട്ടായി ഉണ്ടെങ്കിലും ഗോഡാദർമാർ ഭരിക്കുന്ന സിനിമാലോകത്ത് പാവം അച്ചു എന്ത് ചെയ്യാൻ?
സംവിധായകരുടെ വീടുകളിലും ഷൂട്ടിംഗ് സ്ഥലത്തും കുറെ അലഞ്ഞു എന്തെങ്കിലും പണിയെടുത്ത് ഷൂട്ടിംഗ് സംഘത്തോടൊപ്പം കൂടുന്നത് നടനാകുകയെന്ന തന്‍റെ മോഹം പൂവണിയാൻ ഗുണം ചെയ്യുമെന്ന് അച്ചു ഇപ്പോൾ വിശ്വസിക്കുന്നു. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സിനിമയിൽ ഒരു വേഷം ലഭിച്ചതായി അവൻ സസന്തോഷം അറിയിച്ചു. അവന്‍റെ ആ സന്തോഷമാകാം കുരുമുളകുപൊടി തൂവിയ പുഴുങ്ങിയ മുട്ടയുടെ രൂപത്തിൽ എന്‍റെ പ്ലേറ്റിലെത്തിയത്. തെല്ലിട കഴിഞ്ഞ് തോമാച്ചനും ആഹാരം കഴിഞ്ഞെത്തി. കഴിച്ചയുടൻ സമയം കളയാതെ അല്പദൂരം നടക്കാമെന്ന് നിശ്ചയിച്ചു.
വന്യമായ തണവാഴ്ന്നിറങ്ങിയ കാനനഭംഗി. ശബ്ദാരവത്തോടെ സഹർഷം പുതുദിവസത്തെ വരവേൽക്കാനൊരുങ്ങി സഹസ്രങ്ങളായ ജീവബിന്ദുക്കൾ. വേരുകൾ കൈത്താങ്ങു തീർത്ത പച്ചതഴച്ച ചെടിപ്പടർപ്പ്. തെല്ലു നടന്നപ്പോൾ ഒരരുവിയുടെ കളകളാരവം കേട്ടു. ആ നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ കാഴ്ച കാണാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. തെല്ലു ഉയിർന്നു നിൽക്കുന്ന പാറക്കൂട്ടങ്ങളെ പകുത്ത് തിരതല്ലുന്ന തെളിനീരുറവ. വെള്ളത്തിന്‍റെ തലോടലിൽ സാന്ദ്രമായ സുതാര്യമായ വെള്ളാരങ്കല്ലുകൾ. തീരങ്ങളിലെ വെള്ളാരങ്കല്ലുകൾ സൂര്യ സ്പർശമേറ്റ് മുഖം മിനുക്കുന്നു.
തെളിനീരിലിറങ്ങി മുഖവും കാലും കഴുകി. ചെറുമീനുകളുടെ പറ്റങ്ങൾ പാദത്തെ ഇക്കിളി കൂട്ടി. ഹരിതകത്തിന്‍റെ ജൈവ സാന്ദ്രതയെ തഴുകി വരുന്ന നീരിന്‍റെ കുളിർമ്മ. പുഴങ്കരയിലെ നിരപ്പായ പാറപ്പുറത്ത് ഞങ്ങളിരുന്നു. അരുവിയിലെ അലകൾ നോക്കിയിരിക്കുന്ന തോമാച്ചൻ. എനിക്കു ആകാംക്ഷ അടക്കാനായില്ല. ക്ഷമകെട്ട് ഞാൻ ആരാഞ്ഞു.
“തോമാച്ചാ വന്ന കാര്യം പറയൂ. കുറച്ചു ദിവസമായി ഞാൻ നിങ്ങളുടെ ഷൂട്ടിംഗ് സംഘത്തൊപ്പം ഉണ്ട്. അതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. സന്തോഷമേ ഉള്ളൂ. എന്നിരുന്നാലും എന്നെ ഇവിടെ വരുത്തിച്ചതെന്തെനെന്നറിയാൻ ആകാംക്ഷയുണ്ട്. ”
തോമാച്ചൻ കൈയ്യിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്ന് ചായയെടുത്ത് ഒരു ചായ ഫ്ലാസ്ക്കിന്‍റെ മൂടിയിലും മറ്റൊരു ഗ്ലാസ്സിലുമായി ഒഴിച്ചു. ഗ്ലാസ്സിലൊഴിച്ച ചായ എനിക്കു നല്കിയ ശേഷം ഫ്ലാസ്കിന്‍റെ മുടിയിലൊഴിച്ച ചായ അല്ലാൽപ്പം മൊത്തിക്കുടിച്ചു തുടങ്ങി. എന്നിട്ടു ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്ത് കവർ പൊളിച്ച് എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
“ഇതു കഴിക്കു എല്ലാം ഞാൻ പറയാം.”
ഞാൻ ഒന്നെടുത്ത് ചായയിൽ മുക്കി കഴിച്ചു. തുടർന്ന് തോമാച്ചന്‍റെ മുഖത്ത് ഉറ്റുനോക്കി. ഒരു മുഖവുരയെന്നോണം അയാൾ പറഞ്ഞു തുടങ്ങി.
‘എന്നെ ഈ വിവരങ്ങൾ ഏൽപ്പിച്ചതാരാണെന്നോ അതുപോലെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ എന്നോട് ചോദിക്കരുത്. എങ്കിലും എനിക്ക് പരിമിതമായ അറിവേ ഇക്കാര്യത്തിലുള്ളൂ. തീർത്തും ഒഴിവാക്കാനാവാത്തതായി സാമിന് തോന്നുന്ന വിവരങ്ങൾ പറ്റാവുന്ന തരത്തിൽ ഞാൻ കണ്ടെത്തിത്തരാം. അതേ ഇപ്പോൾ മുൻകൂറായി പറയാനാകൂ. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് ഈയൊരു വിഷയം എന്നെ ഏൽപ്പിച്ചത്.
തോമാച്ചന്‍റെ മുഖഭാവം കണ്ടപ്പോൾ എന്തോ കുഴഞ്ഞ പ്രശ്നത്തിനുള്ള ഉത്തരമാണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
“എന്താണെങ്കിലും തോമാച്ചൻ പറയു. കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം.” ഞാൻ പറഞ്ഞു.
തോമാച്ചൻ ചായ കുടിച്ചു തീർത്ത് പതുക്കെ പറഞ്ഞു തുടങ്ങി…