ഹായ്, പനങ്കുല പോലത്തെ മുടി.” മറ്റുള്ളവരുടെ അതിശയം കണ്ട് ത്രില്ലടിച്ചു നിൽക്കുന്ന സുന്ദരി കുട്ടിയുടെ പോലെ നീണ്ട മുടി നിങ്ങൾക്കും ഉണ്ടായാലോ? ഇടതൂർന്ന നീണ്ട മുടി ഭംഗിയായി സംരക്ഷിക്കുക അത്ര എളുപ്പമല്ല. കാലാവസ്‌ഥ മാറുന്നതിനനുസരിച്ച് മുടിക്ക് കാര്യമായ പരിചരണം ലഭിക്കേണ്ടതുണ്ട്.
ഷാമ്പു കൈ വെള്ളയിലെടുത്ത് തലയോട്ടിയിലേക്ക് നേരി ട്ട് തേച്ചു പിടിപ്പിക്കരുത്. ഷാമ്പൂ നേർപ്പിച്ച ശേഷമേ നനഞ്ഞ മുടിയിൽ തേച്ചു പിടിപ്പിക്കാവു. ഇനി ശുദ്ധജലം ഉപയോഗിച്ച് മുടി കഴുകുക. ഷാമ്പു, പൊടി, മൃതകോശങ്ങൾ, അഴുക്ക് എന്നിവ നീങ്ങാനായി ധാരാളം വെള്ളം ഉപയോഗിച്ച് മുടി കഴുകണം. ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കരുത്.
കഴുകിയ ശേഷം കൈ കൊണ്ട് മുടിയുടെ അറ്റത്തുള്ള വെള്ളം പിഴിഞ്ഞു കളയണം. ഉണങ്ങിയ ടവ്വൽ കൊണ്ട് മുടി മൃദുവായി തോർത്തി ഉണക്കാം. മുടിയിൽ ടവ്വൽ കെട്ടിവയ്ക്കുകയുമാവാം. നനഞ്ഞ മുടി ചീകരുത്. മുടി എളുപ്പം പൊട്ടിപ്പോകാൻ ഇത് ഇട വരുത്തും. മുടി അഴിച്ചിട്ട് സ്വാഭാവികമായി ഉണക്കുക. നീണ്ട മുടി ഉണങ്ങിക്കിട്ടാൻ താമസമെടുക്കുമെന്നതിനാൽ ഡ്രൈയർ ഉപയോഗിക്കാം. മുടിയിൽ നിന്നും 16 ഇഞ്ച് അകലത്തിൽ ഡ്രൈയർ പിടിക്കണം. ഇത് ഒരേ ദിശയിൽത്തന്നെ പിടിച്ച് മുടി ഉണക്കരുത്. അമിത ചൂട് മുടിക്ക് ദോഷം വരുത്തും.
പ്രീ ഷാമ്പു ട്രീറ്റ്‌മെന്‍റ്
സാധാരണ മുടി/ ഡ്രൈ ഹെയർ രാത്രി ഉറങ്ങുന്നതിനു മുമ്പ് വെളിച്ചെണ്ണ/ വെജിറ്റബിൾ എണ്ണ/ ഒലിവ് ഓയിൽ ഇവയിലേതെങ്കിലുമൊന്ന് സ്‌കാൽപിൽ നന്നായി തേച്ചു പിടിപ്പിക്കുക. പിറ്റേന്ന് കഴുകിക്കളയാം. മസാജിംഗ് മുടി വേരുകളിലേക്കുള്ള രക്തപ്രവാഹം ദ്രുതഗതിയിലാക്കുന്നു. ശക്തിയായി തുവർത്തുന്നതും കൂടുതൽ നേരം മസാജ് ചെയ്യുന്നത് മുടിക്ക് ദോഷമേ വരുത്തൂ. സ്‌കാൽപിലും മുടിയിഴകളിലും ഇളം ചൂടുള്ള എണ്ണ തേച്ചു പിടിപ്പിക്കാം. ഇനി ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവ്വൽ തലയിൽ 5 മിനിറ്റോളം കെട്ടി വയ്ക്കാം. ഈ പ്രോസസ് മൂന്നു നാലു തവണ ആവർത്തിക്കാം.
ഡ്രൈ ഹെയർ: വരണ്ട മുടിയുള്ളവർ കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് മുട്ടയോ തൈരോ തലയിൽ തേച്ചു പിടിപ്പിക്കുക. ഇനി ഷാമ്പു ഉപയോഗിച്ച് മുടി കഴുകാം. മുടിക്ക് നല്ല തിളക്കവും പോഷണവും ലഭിക്കും.
ഓയിലി ഹെയർ: ഷാമ്പു ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് മുട്ടയുടെ വെള്ള മുടിയിൽ തേച്ചു പിടിപ്പിക്കുക. പോഷക സമ്യദ്ധമായ ക്ലെൻസർ കൂടിയാണിത്.
തിളക്കം കിട്ടാൻ: തേയില വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് കഴുകുന്നത് മുടിക്ക് തിളക്കം നൽകും. ഇതിനായി ഉപയോഗിച്ച തേയില തന്നെ വീണ്ടും തിളപ്പിച്ച് തണുപ്പിച്ച് ഉപയോഗിക്കാം. ഏകദേശം നാലു കപ്പ് തേയിലവെള്ളം തണുപ്പിച്ച് അരിച്ചെടുക്കണം. ഇതിൽ നാരങ്ങാ നീരും ചേർക്കാം. ഷാമ്പൂ ചെയ്ത് കഴുകിയ മുടി വീ ണ്ടും തേയില വെള്ളമുപയോഗിച്ച് കഴുകിയാൽ നല്ല തിളക്കം കിട്ടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ടെൻഷൻ, സ്ട്രെസ്സ് ഒഴിവാക്കുക.
- മതിയായ വിശ്രമം, ശരിയായ ഉറക്കം.
- നീണ്ട മുടി യഥാസമയം അറ്റം വെട്ടി സംരക്ഷിക്കാം.
- ഷവറിനടിയിൽ മുടി കഴുകാം.
- കാലാവസ്‌ഥയ്ക്കും മുടിയുടെ ഘടനയ്ക്കും അനുയോജ്യമായ ഷാമ്പൂ/ കണ്ടീഷനിംഗ് പ്രൊഡക്ട്സ് ഉപയോഗിക്കാം.
- രാസപദാർത്ഥങ്ങളടങ്ങിയ സൗന്ദര്യ വർദ്ധക ഉൽപന്നങ്ങൾ ഒഴിവാക്കുക.
- റബ്ബർ ബാന്‍റും തുരുമ്പ് പിടിച്ച ക്ലിപ്പും ഉപയോഗിക്കരുത്.
- യാത്ര ചെയ്യുമ്പോൾ പൊടിയും മറ്റും പറ്റിപ്പിടിക്കാതിരിക്കാനും അമിത വെയിൽ ഏൽക്കാതിരിക്കാനും സ്‌കാർഫ് കെട്ടി വയ്ക്കാം.