മഴയും അയാളും!
“നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നണില്ലേ”
“എന്തിന് ?”
“എത്ര നേരം ഞാൻ നിർത്താതെ പെയ്ത് നിങ്ങളെ നനയ്ക്കുന്നു, നിങ്ങളുടെ യാത്ര മുടക്കുന്നു? അപ്പോൾ ഞാൻ കാരണം നിങ്ങൾക്ക് ശല്യമായില്ലേ, അരിശം വന്നില്ലേ!”
“ഇല്ലാ, വന്നില്ലാ!”
“അതെന്നാ?”
“നീ നിർത്താതെ പെയ്തതുകൊണ്ടല്ലേ അവൾ കുടയുമായി വന്നത്. ആ കുടയിൽ എന്നെ കയറ്റിയത്? എനിക്ക് അവളോടൊപ്പം ചേർന്ന് നടന്നുപോകാൻ കഴിഞ്ഞത്!”
“ആഹാ കൊള്ളാല്ലോ?”
“എനിക്ക് നിന്നോട് സ്നേഹമാണ് മഴയേ നന്ദിയാണ് നീ പെയ്തതിൽ!”
ഒരു പ്രണയം കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ മഴ ദൂരേയ്ക്ക് പോയി!
അയാൾ അവളോടൊപ്പം അവളുടെ നനവാർന്ന മേനിയുടെ കൗതുകത്തിൽ അവളുടെ സുഗന്ധമേറ്റു നടന്നു!
ഇഷ്ടവും ഇഷ്ടക്കേടും!
“എനിക്ക് നിന്നോടിഷ്ടം”
“എന്നോട് ഇഷ്ടമോ! എന്തിഷ്ടം?”
“ഒരിഷ്ടം!”
“എന്നെ ഇഷ്ടപ്പെടണ്ടാ, എനിക്ക് നിങ്ങളെ ഇഷ്ടമില്ല!”
“ഞാൻ ഇഷ്ടപ്പെടും, എനിക്കിഷ്ടാണ്!”
“ഇനി ഞാൻ നിങ്ങളോട് മിണ്ടില്ല! ഞാൻ പോവാണ്.” അവൾ ദേഷ്യപ്പെട്ടുപോയി, അയാൾ വിഷമിച്ചു നിന്നു!
പിന്നാലെ പോകാനോ മിണ്ടനോ അയാൾ പേടിച്ചു അവൾ ചൂടാകും. അവൾ പിന്നെ മുന്നിൽ വന്നില്ല.
അങ്ങനെ ഒരു ദിവസം അവൾ വീണ്ടും മുന്നിൽ വന്നു.
“എന്താ നിങ്ങടെ ഉദ്ദേശം?”
“എന്ത് ഉദ്ദേശം?”
“നിങ്ങൾ കാണാനോ മിണ്ടാനോ വന്നില്ല എന്താ, നിങ്ങടെ ആ ഇഷ്ടം പോയോ? എന്നോട് പറഞ്ഞത്!”
“ഇല്ലാ, അതുപോകില്ല! ഇപ്പോഴും ആ ഇഷ്ടം ഉണ്ട്, പക്ഷേ പറയില്ല!”
“അതെന്താ?”
“താൻ ചൂടാവും ദേഷ്യപ്പെടും വഴക്കുപറയും!”
“ഇല്ല ദേഷ്യപ്പെടില്ല. ഇഷ്ടം ഉണ്ടോ, പറ?”
“ഉ…!”
പെട്ടന്ന് അവൾ അയാളെ കെട്ടിപ്പിടിച്ചു.
“എനിക്ക് നിങ്ങളെ ഇഷ്ടമാണ്!”
വഴക്കും വക്കാണവും!
പ്രണയിച്ചു പ്രണയിച്ചു പിന്നാലെ നടന്ന് ഒടുവിൽ കല്യാണം നടന്നു. പെണ്ണ് സുന്ദരി, സ്നേഹപനിനീർപുഷ്പം. ചെറുക്കൻ സമ്പന്നൻ, സൗന്ദര്യകോമളൻ!
“പെണ്ണേ, നീയെന്തു ഭംഗിയാ. നിന്നെ ഇങ്ങനെ നോക്കിയിരുന്നാൽ ഉറക്കം വരുന്നപോലും നേരം വെളുക്കുന്നപോലും അറിയത്തില്ല പെണ്ണേ!”
“ചേട്ടാ ഞാൻ എത്ര ഭാഗ്യവതിയാ, നമ്മുടെ പ്രണയനാളുകൾ എത്ര മനോഹരമായിരുന്നു? ഇനിയും അതുപോലെ തന്നെയാവണം നമ്മുടെ ജീവിതമെന്നും.” അവൾ പറഞ്ഞു.
“നിയെന്നെ വിട്ടെങ്ങാൻ പോകുമോന്ന് ഞാൻ ഭയന്നിരുന്നു!”അയാൾ അവളോട് പറഞ്ഞരികിൽ ഇരുന്നു.
ആറുമാസം കഴിഞ്ഞു, ഇന്നും പണ്ടുള്ള പ്രണയകാലവും അവളോർത്തു!
ഇന്ന്: നിന്നെ കെട്ടിയതെന്‍റെ കഷ്ടകാലം!
അന്ന്: നീയില്ലാതെ എനിക്ക് ജീവിതമില്ല!
ഇന്ന്: ലഷ്മി എന്നുപേരും മൂധേവിയുടെ സ്വഭാവവുമാണ് നിനക്ക്!
അന്ന്: ദേവതയുടെ രൂപമാണ് നിനക്ക്!
ഇന്ന്: ചിലയ്ക്കാതെ ഒന്ന് കിടക്കാമോ? എനിക്ക് ഒന്നുറങ്ങണം.
അന്ന്: നീയൊന്നു ചിരിച്ചേ? ആ ചിരി കണ്ട് എനിക്ക് മടിയിൽ കിടക്കണം !
ഇന്ന്: എന്നെ തൊട്ട് പോകരുത് ഇനി നീ!
അന്ന്: നിന്‍റെ വിരൽ കോർത്ത് നടക്കണം!
ഇന്ന്: വിയർപ്പിന്‍റെ മണവും അടുക്കളക്കരിയുടെ നിറവുമാണ് നിനക്ക്!
അന്ന്: പാരിജാതത്തിന്‍റെ മണവും ചന്ദനത്തിന്‍റെ നിറവുമാണ് നിനക്ക്!
ഇന്ന്: ഈ നാശം കാരണം ഞാൻ ആത്മഹത്യ ചെയ്യേണ്ടിവരും!
അന്ന്: എന്‍റെ മരണം വരെ നീയെന്‍റെ കൂടെയുണ്ടാവണം!
ഇന്ന്: മോന്തേം വീർപ്പിച്ച് കരഞ്ഞിരിയ്ക്കും എപ്പോഴും, ഒന്ന് എഴുന്നേറ്റു എങ്ങോട്ടെങ്കിലും പോകാമോ?
അന്ന്: സങ്കടം വന്നാൽ കരഞ്ഞ് ഒറ്റയ്ക്കിരിയ്ക്കരുത് എന്‍റെ അരികിൽ തന്നെ ഉണ്ടാവണം!
പടിയിറങ്ങുമ്പോൾ ഇനി ഒരു തിരിച്ച് പോക്ക് തനിക്കില്ലായെന്ന് അവൾ തീരുമാനിച്ചിരുന്നു.