ജോലിസ്‌ഥലത്തെ വസ്ത്രധാരണ രീതികൾ എങ്ങനെ വേണം എന്നത് എക്കാലവും ചൂടുള്ള ചർച്ചാവിഷയമാണ്. ആകർഷകമായ വസ്ത്രധാരണം ഒരാളുടെ വ്യക്തിത്വം വർദ്ധിപ്പിക്കുമെന്നും, കരിയറിൽ മുന്നോട്ടു നയിക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ ഒരാളുടെ വസ്ത്രധാരണം അയാളുടെ സ്വകാര്യതയാണെന്നും അതിനെ ജോലിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും മാറ്റൊരു കൂട്ടർ. കംഫർട്ടായ വസ്ത്രം ധരിക്കുകയാണ് ഏറ്റവും പ്രധാനമെന്ന വാദമുഖത്തിനപ്പുറം ചില യാഥാർത്ഥ്യങ്ങൾ ഒരാളുടെ വസ്ത്രധാരണത്തിന് മുന്നിലും പിന്നിലും ഒളിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാം. എന്തൊക്കെയാണ് പൊതുവായി ജോലി സ്‌ഥലത്തെ ഡ്രസ്സിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നു നോക്കാം.

ബ്രാൻഡഡ് വ്യക്തിത്വം

ഒരു ഉല്പന്നത്തെ നമ്മൾ തിരിച്ചറിയുന്നത് അതിന്‍റെ ബ്രാൻഡ് നെയിമിലൂടെയും സിംബലുകളിലൂടെയുമാണ്. ജോലി സ്ഥലത്താവുമ്പോൾ നിങ്ങൾ തന്നെയാണ് നിങ്ങളുടെ ബ്രാൻഡ്. സ്വന്തം അപ്പിയറൻസാണ് നിങ്ങളുടെ ലോഗോ അല്ലെങ്കിൽ അടയാളം.

ഒരാളുടെ അപ്പിയറൻസ് വ്യക്‌തമായ ഒരു സന്ദേശം മറ്റുള്ളുവർക്ക് നൽകുന്നുണ്ട്. നിങ്ങളാരാണ്, എന്തു ചെയ്യുന്നു, കരിയറിൽ നിങ്ങളുടെ ലക്ഷ്യം എന്ത് ഇതെല്ലാം വസ്ത്രധാരണരീതി വെളിപ്പെടുത്തിത്തരും. അങ്ങനെയെങ്കിൽ വസ്ത്രത്തിലെന്തിരിക്കുന്നു എന്ന ചോദ്യം മാറ്റിവയ്‌ക്കേണ്ടി വരും, അല്ലേ.

ഒരു ഫാഷൻ ഡിസൈനർ മനോഹരമായ വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ എന്തായിരിക്കും മറ്റുള്ളവർ കരുതുക? സ്വയം നന്നായി ഡ്രസ്സ് ചെയ്യാൻ കഴിയാത്തയാൾ മറ്റുള്ളവർക്ക് എങ്ങനെ നല്ല വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു കൊടുക്കും എന്ന തോന്നൽ സ്വാഭാവികമായും കാഴ്ചക്കാർക്കുണ്ടാവും. ഒരു വ്യക്ത‌ിയുടെ കരിയറിനെത്തന്നെ വസ്ത്രധാരണത്തിലെ അപാകത ബാധിക്കുമെന്നതിന്‍റെ തെളിവാണിത്.

അധ്യാപകർ ചുരിദാർ ധരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് മലയാളികൾ ഒരിടയ്ക്ക് ഏറെ ചർച്ച ചെയ്തിരുന്നു. ശരീരം മുഴുവനും മറയ്ക്കുന്ന ചുരിദാർ നല്ല വസ്ത്രമാണ്. എന്നാൽത്തന്നെ ഫ്രിലും നെറ്റും മിറർ വർക്കും ഒക്കെ നിറഞ്ഞ ഇറുകിയ ചുരിദാറാണെങ്കിലോ? അതുപോലെ ടൈറ്റ് ജീൻസും ഷോർട്ട് ടോപ്പുമൊക്കെയായി വിദ്യാർത്ഥികൾക്കു മുന്നിൽ പഠിപ്പിക്കാൻ ചെന്നു നിൽക്കുന്നത് അത്ര സുഖകരമായ കാര്യമല്ല.

എന്നാൽ അധ്യാപകർ സാരി മാത്രമേ ധരിക്കാവു എന്ന നിർബന്ധത്തിന്‍റെയും ആവശ്യമില്ല. അതേസമയം ഏറ്റവും മികച്ച ആക്സസറീസുകളോടെ ഭംഗിയായി ഉപയോഗിച്ചാൽ ഓഫീസ് വർക്കിന് ഏറ്റവും പ്രൗഢി നൽകുന്ന വസ്ത്രം സാരി തന്നെ. കൂടുതൽ പക്വത തോന്നുമെന്നതു തന്നെയാണ് കാരണം.

മതിപ്പ് തോന്നിക്കും

വീട്ടിലേയും ഓഫീസിലേയും ജോലിത്തിരക്കുകൾ തന്നെ ധാരാളം. ഇതിനിടയിൽ ഡ്രസ്സിംഗിനെക്കുറിച്ചും ഇമേജിനെക്കുറിച്ചുമോർത്ത് ആശങ്കപ്പെടേണ്ടതുണ്ടോ എന്നാണോ ചോദ്യം? എന്നാൽ ഉത്തരമിതാണ്: ആശങ്കപ്പെട്ടോളൂ, റിസൽട്ട് നല്ലതാവും.

ജോലിസ്ഥലത്തെ ഡ്രസ്കോഡ് പലരും സ്വയം നിശ്ചയിക്കുന്നതാണ്. ചില കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, ഐടി സ്ഥാപനങ്ങൾ എന്നിവയ്ക്കൊക്കെ അവരവരുടേതായ ഡ്രസ്കോഡുകൾ നിശ്ചയിച്ചിട്ടുണ്ടാകും. എന്നാൽ അതൊന്നുമില്ലാത്ത ഒരു സ്‌ഥാപനത്തിൽ ജോലിക്കു പോകുമ്പോൾ സ്വന്തം ഡ്രസ്കോഡ് സ്വയം തീരുമാനിക്കാം. എന്തായിരിക്കണം ആ വസ്ത്രധാരണ രീതിയുടെ മാനദണ്ഡം എന്നു നോക്കാം.

  • നിങ്ങളുടെ വസ്ത്രധാരണ രീതി മറ്റുള്ളവർക്ക് എന്തു സന്ദേശം നൽകുന്നു.
  • യഥാർത്ഥത്തിൽ എന്തു സന്ദേശമാണ് നൽകേണ്ടത്.
  • ഓഫീസിൽ ബോസ്, സഹപ്രവർത്തകർ കൂടുതലും പുരുഷന്മാരാണോ? (മറിച്ചും).

ചുരുങ്ങിയത് ഈ മൂന്നു കാര്യങ്ങളെങ്കിലും സ്വയം ചോദിക്കുകയും തൃപ്‌തികരമായ ഉത്തരം മനസ്സിൽ കരുതുകയും ചെയ്യുക. ഇനി നിശ്ചയിച്ചോളൂ ഏത് ഡ്രസ് വേണമെന്ന്. ഒരിക്കലും മോശമാവില്ല നിങ്ങളുടെ സെലക്ഷൻ.

ജോലിസ്‌ഥലത്ത് സ്ത്രീക്ക് നല്ല ഇംപ്രഷനുണ്ടാവണമെങ്കിൽ പുരുഷനേക്കാൾ കൂടുതൽ പ്രൊഫഷണലിസവും വ്യക്ത‌ിത്വവും പ്രകടിപ്പിക്കേണ്ടി വരും. കർമ്മശേഷി, ആഭിജാത്യം, ആത്മവിശ്വാസം എന്നിവയും കൂട്ടി വായിക്കപ്പെടുന്ന ഘടകങ്ങളാണ്. കാണുന്ന മാത്രയിൽ തന്നെ മേൽപ്പറഞ്ഞ ഗുണങ്ങളെല്ലാം സംവേദിപ്പിക്കാൻ ഒരു പരിധിവരെ നല്ല ഡ്രസ് സെൻസിനു കഴിയും.

ആഗ്രഹിക്കാത്ത ശ്രദ്ധിക്കപ്പെടൽ

കെയർലെസ് ആയതോ, പ്രായത്തിന് യോജിക്കാത്തതോ ആയ വസ്ത്രധാരണ രീതി ചിലപ്പോൾ കീഴ്ജീവനക്കാരുടെ പോലും നേരിട്ടുള്ള കമന്‍റfന് വഴിയൊരുക്കാം. പിന്നീടത് അനാവശ്യമായ പെരുമാറ്റത്തിലേക്കും വിലയിരുത്തലിലേക്കും വഴിമാറാം. ഡ്രസ്കോഡ് നിബന്ധന ഇല്ലാത്ത ഹൈഫൈ സ്‌ഥാപനങ്ങളിൽ വരുന്ന ചില വനിതകൾ ആധുനികതയുടെയും ഫാഷന്‍റെയും പേരിൽ കഴുത്തിറങ്ങിയതും ഇറക്കം കുറഞ്ഞതുമായ ഡ്രസുകൾ ഉപയോഗിക്കാറുണ്ട്.

സാരി വളരെ ഇറുക്കിയുടുക്കുക, കനം കുറഞ്ഞ സാരി സിംഗിൾ ലെയറായി ഇടുക ഇതൊക്കെ ഓഫീസ് അന്തരീക്ഷത്തിന് യോജിച്ചതല്ല.

ജോലിസ്ഥ‌ലത്ത് ഒരാളുടെ ഡ്രസ്സിംഗ് മറ്റൊരാളുടെ ശ്രദ്ധയെ കൂടെക്കൂടെ ആകർഷിക്കുന്ന തരത്തിലുള്ളതാവരുത് എന്നർത്ഥം. സ്‌കൂളുകളിൽ യൂണിഫോം ഏർപ്പെടുത്തിയതിന്‍റെ അതേ മനഃശാസ്ത്രം തന്നെയാണ് ജോലിസ്‌ഥലത്ത് ശ്രദ്ധാപൂർവ്വമായ ഡ്രസ്സിംഗ് വേണമെന്ന് പറയുന്നതിനു പിന്നിലുമുള്ളത്.

സ്ത്രീകൾക്കു മാത്രമുള്ളതാണ് ഇത്തരം നിബന്ധനകളെന്ന് തെറ്റിദ്ധരിക്കല്ലേ. ഹവാലിയൻ ടീഷർട്ടും ഷോർട്ട്സും ഇട്ട് കാതുകുത്തി കമ്മലിട്ട് ചെത്തു പയ്യനായി പാർട്ടിക്കു പോകാൻ കൊള്ളാം. പക്ഷേ ഓഫീസിൽ ഇത്തരം പരീക്ഷണങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ബോസിനു മുന്നിൽ കാതിൽ കടുക്കനുമിട്ട് അശ്ലീലച്ചുവ കലർന്ന എഴുത്തുള്ള ടീഷർട്ടുമിട്ട് ഞെളിഞ്ഞു നിന്നാൽ എപ്പോൾ പണികിട്ടി എന്നേ സംശയിക്കേണ്ടതുള്ളൂ.

ഓഫീസുകളിലെ ഇമ്മാതിരിയുള്ള പുലിവാലുകളും കസർത്തുകളും ഒഴിവാക്കാനാണ് പല കമ്പനികളും സ്വന്തമായി ഡ്രസ്കോഡ് നിശ്ചയിച്ച് നടപ്പാക്കുന്നത്. അതാത് നഗരത്തിന്‍റെ ഫാഷന് അനുസരിച്ചാണ് ഓരോ സ്‌ഥലത്തെയും ഡ്രസ്കോഡ് എന്നുമാത്രം.

ഇനി വൈകേണ്ട, നല്ല ബ്രാൻഡിലുള്ള യോജിച്ച വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക. വിലയല്പം കൂടിയതാണെന്ന് വാങ്ങുമ്പോൾ തോന്നും. എങ്കിലും ഇവ ക്ലാസി, സ്മാർട്ട് ലുക്ക് നൽകുകയും ദീർഘകാലം ഈടു നിൽക്കുകയും ചെയ്യും. ജോലിസ്ഥലത്ത് ഭംഗിയായി വസ്ത്രധാരണം ചെയ്യുക എന്നത് നിങ്ങളുടെ കരിയർ സ്വപ്‌നങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണെന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ട് മടിക്കേണ്ട, ഉടനെയായിക്കോളൂ…

ഈ മിസ്റ്റേക്കുകൾ ഒഴിവാക്കാം

  • സ്ലീവ്‌ലെസ് ടോപ്പ്: ജോലിസ്‌ഥലത്ത് സ്ലീവ്ലെസ് ഡ്രസ്സുകൾ ധരിക്കുന്നത് ശരിയായ വസ്ത്രധാരണരീതിയല്ല. ശരീരം കൂടുതൽ പുറത്തു കാണുന്നത് ഏതെങ്കിലും തരത്തിലുള്ള കമന്‍റുകൾ ക്ഷണിച്ചുവരുത്താം. ചൂടുകാലമാണെങ്കിൽ മാത്രം കോട്ടൺ മെറ്റീരിയലുകൾ കൊണ്ടുള്ള സ്ലീവ്‌ലെസ് കുപ്പായങ്ങൾ ധരിക്കാം.
  • ഇറുകിയത്, ഇറക്കം കുറഞ്ഞത്: ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്നതും ഇറക്കം കുറഞ്ഞതുമായ സ്കർട്ട്, ടോപ്പ്, ഷോർട്‌സ് ഇവയൊക്കെ പാർട്ടികൾക്കും വീട്ടിലും അനുയോജ്യമാണ്. ഒരിക്കലും ഓഫീസിൽ ഇണങ്ങില്ല.
  • തിളങ്ങുന്ന നെയിൽപോളിഷ്, മേക്കപ്പ്: എടുത്തു കാണിക്കുന്നത്ര തിളക്കമുള്ള മേക്കപ്പുകൾ ഓഫീസിൽ ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ച് കടും കളർ ലിപ്സ്റ്റിക്ക്, ഐ മേക്കപ്പ് എന്നിവ. സഹപ്രവർത്തകരുടെ ശ്രദ്ധ മാറാനും ഓഫീസിൽ പാർട്ടി മൂഡ് സൃഷ്‌ടിക്കാനും ഇത് വഴിവയ്ക്കാം. ഗ്ലിറ്ററിംഗ് മേക്കപ്പിട്ട് വന്നാൽ ഒരു സോഷ്യൽ ഗാതറിംഗിൽ പങ്കെടുക്കുമ്പോഴെന്ന പോലെ കാഴ്ചക്കാർ പെരുമാറാൻ സാധ്യത കൂടുതലാണ്. അതേസമയം വൃത്തിയില്ലാത്തതോ, പെർഫെക്ഷനില്ലാത്തതോ ആയ മേക്കപ്പും വൃത്തിഹീനമായ അറ്റം പിളർന്ന നഖങ്ങളും നിങ്ങളെക്കുറിച്ച് ഛെ! എന്ന തോന്നൽ ഉണ്ടാക്കും.
  • കിലുങ്ങുന്ന ആക്‌സസറീസ്: ശബ്ദം ഉണ്ടാക്കുന്ന തരത്തിലുള്ള വളകൾ, പാദസരം, മാല, കമ്മൽ ഇവയെല്ലാം ഒട്ടും ട്രെൻഡിയല്ല. ഇത്തരം ആഭരണങ്ങൾ വീട്ടിൽ ഉപേക്ഷിക്കുക. വലിയ കമ്മലുകളും വേണ്ട.
  • വില കുറയ്ക്കുന്ന വസ്ത്രം: കുട്ടികൾക്കു ചേരുന്ന ക്യൂട്ട് വസ്ത്രങ്ങൾ മുതിർന്നവർ ധരിച്ചാൽ സീരിയസ്നെസ്സ് കുറയും. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് വെല്ലുവിളികൾ ധാരാളമുള്ളപ്പോൾ കുട്ടി ലുക്ക് അപകടം ചെയ്യും.
  • കനം കുറഞ്ഞവ: അടിവസ്ത്രങ്ങൾ തെളിഞ്ഞു കാണുന്നത്ര നേർത്ത വസ്ത്രങ്ങൾ ഒഴിവാക്കുക. ബ്ലൗസ്, കുർത്ത, ഷർട്ട് ഏതു തെരഞ്ഞെടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.
  • നഗ്നമായ കാത്: കാത് കുത്തിയിട്ടുണ്ടെങ്കിൽ കമ്മൽ ധരിക്കാതെ ഓഫീസിൽ പോകുന്നത് നിങ്ങളുടെ ഡ്രസ്സിംഗ് ലുക്കിന് പൂർണ്ണത നൽകില്ല. സ്‌റ്റഡുകൾ, ചെറിയ ഞാത്തുള്ള കമ്മലുകൾ ഇവ എപ്പോഴും കാതിലുണ്ടാവട്ടെ.
और कहानियां पढ़ने के लिए क्लिक करें...