എല്ലാ ഓഗസ്റ്റിലും, കോട്ടയത്തെ മലരിക്കലിലെ നെൽപ്പാടങ്ങളിൽ ആമ്പൽ എന്ന പിങ്ക് വാട്ടർ ലില്ലി പരവതാനി പുതപ്പിക്കും… അതിശയകരമായ സൗന്ദര്യം നിറച്ച് കണ്ണെത്താ ദൂരത്തോളം പിങ്ക് പെയിന്‍റ് അടിച്ച പോലെ ആമ്പൽ പൂക്കൾ… തെളിഞ്ഞ നീലാകാശത്തിനും സമൃദ്ധമായ പച്ചപ്പിനും ഇടയിലായി ഈ വാട്ടർ ലില്ലികളുടെ അതി മനോഹരമായ കാഴ്ച മലരിക്കൽ എന്ന ഗ്രാമത്തിനു സ്വന്തം..
ഏതാനും വർഷങ്ങൾക്ക് മുൻപ് മലരിക്കൽ ഗ്രാമം പുറംലോകം അറിയാത്ത ഒരു ഉൾനാടൻ ഗ്രാമം ആയിരുന്നു. കനത്ത മൺസൂൺ മഴയിൽ കർഷകർ തങ്ങളുടെ കൃഷിയിടങ്ങൾ വെള്ളം കയറി കിടക്കുന്നത് നോക്കിനിൽക്കും. കോട്ടയത്ത് മീനച്ചിലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് 2017 വരെ ബോട്ടിൽ മാത്രമേ എത്തിച്ചേരാനാകുമായിരുന്നുളൂ. പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതിന് 2017 ൽ പാലം എത്തിയതോടെ ഗ്രാമത്തിന്‍റെ തലവര മാറി.
എന്തായാലും 2019-ൽ മലരിക്കൽ ഗ്രാമവാസികളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചു. തദ്ദേശവാസികൾക്ക് വർഷം തോറും അവിടെ ആമ്പൽപ്പൂക്കൾ പൂക്കുന്നത് പരിചിതമായ ഒരു സംഭവമായിരുന്നു. പാലം കടന്നെത്തിയ ഏതോ സന്ദർശകർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഗ്രാമത്തിന്‍റെ മാസ്മരിക ചിത്രങ്ങളും വീഡിയോകളും പങ്കിടാൻ തുടങ്ങിയപ്പോൾ ആ വർഷം മലരിക്കൽ ലോകശ്രദ്ധ പിടിച്ചുപറ്റി.
നാടൻ ഇനമായ ഈ ആമ്പൽ, ഒരു കള പോലെ നെൽകൃഷി കൃഷി ചെയ്ത വയലുകളിൽ മാത്രം പൂക്കുന്നു. ഓഗസ്റ്റ് അവസാനം മുതൽ സെപ്തംബർ വരെ ആണ് ആ സമയം. അപ്പോൾ അതിലോലമായ ആമ്പൽ പൂക്കൾ കുലകളായി പ്രത്യക്ഷപ്പെടാൻ തുടങ്ങും, വയലുകളെ പിങ്ക്, വെള്ള നിറത്തിലുള്ള ഷേഡുകൾ കൊണ്ട് മൂടുന്നു. നെല്ല് വിളവെടുക്കുമ്പോൾ, പാടത്ത് നേരത്തെ നിക്ഷേപിച്ച ആമ്പലിന്‍റെ വിത്തുകൾ വളരുകയും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അവയുടെ ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നത് കൊണ്ടാണിത്.
സോഷ്യൽ മീഡിയ കൊടുത്ത ഹൈപ്പ് കൊണ്ട് ഇന്ന് മലരിക്കൽ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. പിങ്ക് ആമ്പൽ കൊണ്ട് അലങ്കരിച്ച 650 ഏക്കർ നെൽവയലുകൾ സീസണൽ വിസ്മയമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കൃഷിക്കായി വൃത്തിയാക്കിയിരുന്ന പ്രദേശം ഇന്ന് ബോട്ട് സവാരി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ പൂക്കൾ വിൽക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരികൾക്ക് ഫോട്ടോഷൂട്ടുകൾ നടത്താം. ഇതൊക്കെ ഇപ്പോൾ ഇവിടത്തെ ഗ്രാമീണരുടെ വരുമാന സ്രോതസ്സാണ്.
മലരിക്കലിനടുത്തുള്ള അമ്പക്കുഴിയിലെ പ്രാദേശിക ഹോട്ടൽ ഉടമ അഖിൽ കൃഷ്ണ ടൂറിസത്തിന്‍റെ സ്കോപ്പ് വളരെ വർദ്ധിച്ചതായി പറയുന്നു. സീസണിൽ പ്രതിദിനം ശരാശരി 100നു മുകളിൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. “സോഷ്യൽ മീഡിയ വഴിയുള്ള ഫോട്ടോകൾ ഗ്രാമത്തിന് വലിയ ശ്രദ്ധ നൽകി. പലരും ഈ വരുമാനം കൊണ്ട് ജീവിതം മെച്ചപ്പെടുത്തി. ഇത് എന്നെപ്പോലുള്ള ചെറുകിട ബിസിനസ്സുകളെ പിന്തുണച്ചു,” അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഗ്രാമത്തിലെ 1,800 ഏക്കർ നെൽവയലുകളിൽ 650 ഏക്കർ വാട്ടർ ലില്ലി ഉൾക്കൊള്ളുന്നു, ഇത് D1-1285 നെൽ ഇനം കൃഷി ചെയ്യുന്ന വയലാണ്. അതിമനോഹരമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല സമയം സൂര്യോദയമാണ്, സാധാരണയായി രാവിലെ 6 മുതൽ 9 വരെ. സൂര്യൻ തെളിയുമ്പോൾ ആമ്പൽ കൂമ്പി നിൽക്കും. പിന്നെ വൈകിട്ടായാൽ മാത്രമേ അവ മിഴി തുറക്കു. ഒരാൾക്ക് 100 രൂപയ്ക്ക് വയലുകളിലൂടെയുള്ള വഞ്ചി യാത്ര ആസ്വദിക്കാം.
നിർമ്മാണത്തൊഴിലാളിയും നെൽവയൽ ഉടമയും ബോട്ടുകാരനുമായ 50കാരനായ ബിജു ടികെ, വിനോദസഞ്ചാരം കാരണം തങ്ങളുടെ ജീവിതം എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് പറയുന്നു “ഞങ്ങൾ ഭക്ഷണം തയ്യാറാക്കുന്നു, പൂക്കൾ വിൽക്കുന്നു, ബോട്ടിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകാൻ പരമാവധി ശ്രമിക്കുന്നു. ഞങ്ങളുടെ ജീവിതം ഇപ്പോൾ വളരെ മികച്ചതാണ്, പ്രത്യേകിച്ച് മഴക്കാലത്ത്.”
ഓരോ ദിവസവും നൂറുകണക്കിന് സന്ദർശകരാണ് ഈ പ്രകൃതിദൃശ്യം കാണാൻ മലരിക്കലിലേക്ക് ഒഴുകിയെത്തുന്നത്. സെപ്തംബർ മുതൽ ഒക്ടോബർ വരെയാണ് പൂക്കുന്നത്, മഴക്കാലത്തിന്‍റെ അവസാനത്തോട് അനുബന്ധിച്ച്. മീനച്ചിൽ പുഴ- മീനന്തറ- കോടൂർ പുഴ പുനർനിർമാണ പദ്ധതിയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് മലരിക്കൽ വാട്ടർ ലില്ലി ഫെസ്റ്റ്.
വിനോദ സഞ്ചരികൾക്കായി സ്ത്രീകൾ വാട്ടർ ലില്ലി കുലകൾ വിൽക്കുന്നു. 2019-ൽ 80,000-ത്തോളം ആളുകൾ മലരിക്കൽ സന്ദർശിച്ചു, കോവിഡ് കാലം കഴിഞ്ഞ് വീണ്ടും സജീവമായി. ഇത്തവണ ഈ ഓണക്കാലത്ത് വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.
മലരിക്കലിലെ സ്ത്രീകൾക്ക് പണം സമ്പാദിക്കാനുള്ള അവസരമാണ് സീസൺ നൽകുന്നത്. അവർ പാർക്കിംഗ് സൗകര്യങ്ങളും പണമടച്ച് ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളും വാഗ്ദാനം ചെയ്യുന്നു, ഇത് അവരുടെ കുടുംബ വരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നു. സീസൺ അവസാനിക്കുമ്പോൾ, ഗ്രാമം പഴയ തിരക്കില്ലാത്ത സാധാരണ പ്രദേശം ആയി മാറുന്നു.
മൂന്നാറിലെ നീലക്കുറിഞ്ഞി പ്രതിഭാസത്തോട് കിടപിടിക്കാൻ മലരിക്കലിലെ അല്ലിയാമ്പൽപ്പൂവിന് കഴിവുണ്ട് എന്ന് പറഞ്ഞാൽ അതിശയോകതിയല്ല. ദൂരദിക്കുകളിൽ നിന്നുള്ള സഞ്ചാരികളെ വരെ ഇവിടം ആകർഷിക്കുന്നു. ആംസ്റ്റർഡാമിലെ തുലിപ് ഫെസ്റ്റിവലിന് സമാനമായി സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് മാസം നീണ്ടുനിൽക്കുന്ന പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവലിനുള്ള പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു . കോട്ടയം ജില്ലയിലെ 15 ലധികം സ്ഥലങ്ങൾ ഈ പുഷ്പ വിസ്മയം പ്രദർശിപ്പിക്കുന്ന ഒരു ടൂറിസം സർക്യൂട്ട് രൂപീകരിക്കും, ഇത് മലരിക്കലിനും അതിന്‍റെ രൂപാന്തരപ്പെട്ട സമൂഹത്തിനും മികച്ച ഭാവി വാഗ്ദാനം ചെയ്തേക്കാം. പ്രകൃതിയെ അതിന്‍റെ ആവാസ വ്യവസ്ഥയെ ഹനിക്കാതെ ഉള്ള ടൂറിസം ആണ് ഇവിടെ ആവശ്യം…