ഒരു പാറപ്പുറത്ത് എന്താണിത്ര കാണാൻ എന്ന് മനസ്സിൽ ചോദിച്ചായിരുന്നു ഞങ്ങൾ മാടായിപ്പാറയിൽ ബസ്സിറങ്ങിയത്. മഴ ചാഞ്ഞു പെയ്യുന്നുണ്ടായിരുന്നു. നീണ്ടു നിവർന്നു കിടക്കുന്ന മാടായിപ്പാറ പോലെ ആകാശത്ത് കരിമേഘങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നുമുണ്ട്. അങ്ങു ദുരെ കിഴക്കൻ മലമുകളിൽ മഴ ആർത്തു പെയ്യുന്നത് അവിടെ നിന്നു കാണാം. ആ മഴക്കോളു കൊണ്ടാവാം നല്ല തണുത്ത കാറ്റ്…

ഞങ്ങളവിടെ നിന്ന് കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുന്നോട്ടു നടന്നു. ദൂരെ ഒരു തീപ്പെട്ടി പോലെ മാടായിക്കാവ് ഇപ്പോൾ കാണാം. കാവിന്‍റെ മുന്നിൽ കണ്ണാടി പോലെ ഒരു കുളം, ഒരു വേനലിലും വറ്റാത്ത തെളിനീരാണിതെന്ന് ഇവിടുത്തുകാർ പറയുന്നു. കാവിനപ്പുറത്താണ് നീണ്ടു നിവർന്നു കിടക്കുന്ന ഏഴിമല, ഇപ്പോഴവിടെ നാവിക അക്കാദമിയുടെ ആസ്ഥാനമാണ്. പോർച്ചുഗീസുകാരനായ വാസ്കോഡഗാമ കടൽ വഴി ഇന്ത്യയിലേക്ക് വന്നപ്പോൾ ആദ്യം കണ്ട കരയായിരുന്നു ഏഴിമല എന്നത് ചരിത്രം.

മാടായിപ്പാറയിലേക്ക് കിതച്ചുകയറിയെത്തിയാൽ ആദ്യം കാണുക തകർന്നു വീഴാറായ ഒരു കെട്ടിടമാണ്. ഇവിടെയിരുന്നിട്ടാണത്രേ ഹെർമൻ ഗുണ്ടർട്ട് മലയാള ഭാഷാവ്യാകരണം എഴുതിത്തീർത്തത്. മാടായിപ്പാറയിലെ ഭൂമി സാക്ഷ്യം വഹിച്ചത് എന്തെല്ലാം ചരിത്ര സത്യങ്ങൾക്കാണ്! ഇവിടെ നിൽക്കുമ്പോൾ പോയകാലം നമ്മിൽ തിരതള്ളിവരുന്ന പോലെ അനുഭവപ്പെടും. കടലിൽ നിന്ന് ഏഴിമല കടന്ന് നല്ല കാറ്റടിച്ചു കയറി വരുന്നുണ്ട്.

മാടായിപ്പാറയിൽ നിന്ന് ഏഴിമലയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ‘രി റ്റി റ്റി റ്റി’ എന്നൊരു ശബ്ദം കേട്ടത്. ഒരു തിത്തിരിപ്പക്ഷി പാറക്കൂട്ടത്തിനിടയിലൂടെ ഞങ്ങളുടെ കണ്ണുവെട്ടിച്ച് നടന്നു പോവുകയാണ്. “ചെങ്കണ്ണി തിത്തിരിയെ അറിയില്ലേ? നിലത്ത് മുട്ടയിടുന്ന പക്ഷികളാണ് തിത്തിരികൾ. കുറച്ചു ദൂരം നോക്കിയപ്പോൾ ഒരുപാട് തിത്തിരി പക്ഷികൾ…. പെൺ തിത്തിരികൾ ചുള്ളിക്കമ്പുകൾ കൊണ്ട് നിലത്തുണ്ടാക്കുന്ന കൂടുകളിലിടുന്ന മുട്ട കാത്തുസൂക്ഷിക്കലാണ് ആൺ തിത്തിരികളുടെ പണി. ആരെങ്കിലും കൂടിനടുത്തു ചെന്നാൽ ആൺ തിത്തിരികൾ മുട്ടയിട്ടയിടത്തു നിന്നും ശ്രദ്ധ മാറ്റാൻ വേണ്ടി ശബ്ദമുണ്ടാക്കി ഓടിക്കളിക്കും.” കൂടെയുണ്ടായിരുന്ന പ്രകൃതി നിരീക്ഷകൻ വി.സി. ബാലകൃഷ്ണ‌ൻ പറഞ്ഞു.

കുറച്ചു നേരം തിത്തിരിപ്പക്ഷിയുടെ കുസൃതികൾ നോക്കി നിന്ന ശേഷം ഞങ്ങൾ മാടായിക്കാവിന്‍റെ പിറകിലേക്ക് നടന്നു. നോക്കെത്താ ദൂരത്തോളം കാക്കപ്പൂവും കൃഷ്ണപ്പൂവും മത്സരിച്ച് വിരിഞ്ഞു നിൽക്കുന്നു. ഇതിനിടയിൽ ഞാനിവിടെയുണ്ടേയെന്ന ഭാവത്തിൽ ബട്ടൺഗ്രാസും തലപൊക്കി നിൽക്കുന്നുണ്ട്. പാറപ്പുറത്തെ ഓരോ മഴനൂൽകുഴികളിൽ നിന്നും ഓരോ നിറത്തിലുള്ള പൂക്കൾ ‘എന്നെ കാണാനെന്തു ചന്തം’ എന്ന് ചോദിക്കുന്നതുപോലെ തോന്നി. മാടായിപ്പാറയുടെ ഏറ്റവും വലിയ സവിശേഷത ഇതുതന്നെയാണ്. പ്രകൃതി ഓരോ ഓണക്കാലത്തും ഇവിടുത്തെ കരിമ്പാറപ്പുറത്ത് ഓണപ്പൂക്കളമിടും. പ്രകൃതിയൊരുക്കിയ ഈ പൂക്കളത്തിനു നടുവിലൂടെ ഞങ്ങൾ കുറേ ദൂരം നടന്നു.

മാടായിപ്പാറ സംസ്ക‌ാരങ്ങളുടെ ഒരു സംഗമഭൂമിയാണ്. വർഷങ്ങൾക്കുമുമ്പ് ഇവിടെ ജൂതമതക്കാർ കൂട്ടംകൂട്ടമായി താമസിച്ചിരുന്നതായി ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്. അതിന്‍റെ ശേഷിപ്പെന്നോണം ഇപ്പോഴും ഈ പാറയുടെ മുകളിൽ ജൂതക്കുളം വറ്റാതെ കിടക്കുന്നു! ചെങ്കൽപ്പാറകൾ വെട്ടിത്താഴ്ത്തിയാണ് ഈ കുളമുണ്ടാക്കിയിരിക്കുന്നത്.

ചരിത്രത്തിന്‍റെ പടയോട്ടകാലങ്ങളിലും മാടായിപ്പാറയ്ക്ക് വലിയ സ്‌ഥാനമുണ്ട്. ചേര സാമ്രാജ്യത്തിന്‍റെ ദക്ഷിണ ആസ്ഥാനമായിരുന്നു മാടായിപ്പാറ. ചേര രാജാക്കൻമാരുടെ കൊട്ടാരവും മാടായിപ്പാറയിലായിരുന്നു. ഒരു കാലത്തിനും കാലാവസ്ഥഥയ്ക്കും മായ്ച്ചുകളയാനാകാത്ത അവശിഷ്‌ടങ്ങൾ ഇപ്പോഴും പച്ചപ്പുൽമെത്തയ്ക്കുള്ളിൽ ഇവിടെ ഉറങ്ങിക്കിടപ്പുണ്ട്. കടലിലേയ്ക്കു നീളുന്ന തുരങ്കങ്ങളും ഈ കോട്ടയിലുണ്ടായിരുന്നതേ. കാലത്തിന്‍റെ മണ്ണൊലിപ്പിൽ ഗുഹാമുഖങ്ങളെല്ലാം മൂടിപ്പോയിരിക്കുന്നു. എങ്കിലും ഒരു കിണറുപോലെ അതിന്‍റെ അസ്ഥിവാരം ഇന്നും ഇവിടെയുണ്ട്.

മഴ മാറി മാനം തെളിഞ്ഞാൽ കൂട്ടം കുട്ടമായി പറക്കുന്ന ആൽബട്രോസ് ശലഭങ്ങളും വനദേവതയും ഇവിടെ കാണാം. ഒരിടത്തും ഇരിക്കപ്പൊറുതിയില്ലാതെ പാറിപ്പറന്നു നടക്കുന്ന വിറവാലനും കേരളത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭവും ഇവിടെയുണ്ട്. ശലഭ സാങ്ച്വറിയുടെ അടുത്ത് വലിയ ഒരു പാറയുടെ മുകളിൽ ഞങ്ങൾ വെറുതെ ഇരുന്നു. ചാഞ്ഞു പെയ്‌തു കൊണ്ടിരുന്ന നേർത്ത മഴ ഇപ്പോൾ മാറിയിരിക്കുന്നു. കനം വച്ചിരുണ്ടു വന്ന മഴമേഘങ്ങൾ വഴിമാറിപ്പോയിരിക്കുന്നു. കരിമേഘങ്ങളുടെ ഘോഷയാത്ര കഴിഞ്ഞപ്പോൾ സൂര്യൻ പതിയെ പുറത്തേക്കെത്തി നോക്കി. വെയിൽ, നനഞ്ഞ ആ പാറപ്പുറത്തു വീണ് തിളങ്ങുന്നുണ്ട്. കുറച്ചു സമയത്തിനുശേഷം, എവിടെ നിന്നെന്നറിയില്ല ഇതുവരെ കാണാത്ത നിരവധി ചിത്രശലഭങ്ങൾ ഉയർന്ന് കൂട്ടം കൂടി പറക്കാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾക്കു ചുറ്റും നിറയെ ശലഭങ്ങളാണ്. പേരറിയാ ശലഭങ്ങൾ, ഞങ്ങൾ സ്വ‌പ്നം കാണുകയാണെന്ന് തോന്നി. ശലഭ ഘോഷയാത്രയും നോക്കി മണിക്കൂറുകളോളം ഞങ്ങൾ പാറപ്പുറത്തു തന്നെയിരുന്നു.

ഇപ്പോൾ നേരമേറെ കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ പതിയെ എഴുന്നേറ്റു. അപ്പോൾ ശലഭങ്ങളും തിത്തിരിപ്പക്ഷികളും കാക്കപ്പൂവും കൃഷ്ണപ്പൂവും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇളം കാറ്റിൽ.

അങ്ങനെ ഒടുക്കം മഴ തകർത്തു പെയ്തൊഴിഞ്ഞ് വെയിൽ പൊങ്ങുമ്പോൾ അടുത്ത ഓണക്കാലത്ത് വീണ്ടും വരണമെന്ന് മനസ്സിൽ കുറിച്ച് ഞങ്ങളവിടെ നിന്നുമിറങ്ങി. അപ്പോഴും മനസ്സുനിറയെ പല നിറത്തിലുള്ള ശലഭങ്ങൾ പറന്നു കൊണ്ടേയിരുന്നു.

മാടായിക്കാഴ്ചകൾ

  • ജൂതക്കുളം
  • വടുകുന്ദ ക്ഷേത്രം
  • മാടായിക്കാവ്
  • മാടായിക്കുളം
  • ശലഭസാങ്ച്വറി
  • ഏഴിമല
  • ഇരപിടിയൻ സസ്യങ്ങൾ
  • ചേരസാമ്രാജ്യത്തിന്‍റെ കോട്ടയുടെ അവശിഷ്ട‌ങ്ങൾ
  • ഹെർമൻ ഗുണ്ടർട്ട് ‘മലയാള ഭാഷാ വ്യാകരണം’ എഴുതിയ ബംഗ്ലാവ്

മാടായിപ്പാറയിലേക്ക് എങ്ങനെ എത്താം

ജില്ല- കണ്ണൂർ
എയർ പോർട്ട്- കോഴിക്കോട്
ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷൻ- പഴയങ്ങാടി
കണ്ണൂർ ബസ് സ്റ്റാൻറിൽ നിന്ന് പഴയങ്ങാടി- മാടായിപ്പാറ ബസ് സർവീസ് ഉണ്ട്.
സീസൺ- ആഗസ്‌റ്റ് മുതൽ ഡിസംബർ വരെ (ഏറ്റവും നല്ല സമയം സെപ്റ്റംബർ).

और कहानियां पढ़ने के लिए क्लिक करें...