വീട്ടിൽ നിന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് മാറി നിൽക്കേണ്ടി വന്നിട്ടില്ലേ? ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ കളവു നടക്കുമെന്ന ഭയം നിങ്ങളെ അലട്ടിയിട്ടുണ്ടാവും. ഇനി ആ പേടി വേണ്ട. വീടിന്‍റെ സുരക്ഷയ്ക്കായുള്ള അതിനുതന ഉപകരണങ്ങളെക്കുറിച്ച്…

ഈ ഉപകരണങ്ങളിൽ ചിലത് ‘ആക്‌സസ് കൺട്രോൾ ഡിവൈസ്’ എന്നാണറിയപ്പെടുന്നത്. റീഡർ, കൺട്രോളർ, ലോക്ക് സിസ്‌റ്റം എന്നിവയാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. റീഡർ വിവരം രേഖപ്പെടുത്തി മുമ്പ് രേഖപ്പെടുത്തിയ വിവരവുമായി ഒത്തു നോക്കുന്നു. വിവരങ്ങൾ ശരിയാണോയെന്നു പരിശോധിച്ചശേഷം റീഡർ കൺട്രോളറെ അറിയിക്കുന്നു. കൺട്രോളറുടെ നിർദ്ദേശമനുസരിച്ചാണ് ലോക്ക് പ്രവർത്തിക്കുന്നത്.

അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ഇവ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വില അല്‌പം കൂടുതലാവുമെന്നു മാത്രം. നിങ്ങളുടെ കണ്ണ്, കൈ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ശേഖരിക്കും. പിന്നീട് ഇവ രേഖപ്പെടുത്തിയ വിവരങ്ങളുമായി മാച്ച് ചെയ്യുന്നുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് അകത്തു പ്രവേശിക്കാം.

സി.സി.ടി.വി. ക്യാമറ

പലതരം സി.സി.ടി.വി. ക്യാമറകൾ വിപണിയിൽ ലഭ്യമാണ്. ഈ സാങ്കേതിക സംവിധാനം ഗൃഹസംരക്ഷണത്തിന് ഏറെ ഫലവത്താണ്. സ്ക്രീനിന് വലുപ്പമുള്ളതിനാൽ വ്യക്‌തമായ ചിത്രങ്ങൾ ലഭിക്കും.

വലിയ സി.സി.ടി.വി. ക്യാമറ വേണ്ടാത്തവർക്ക് ചെറിയ ക്യാമറ ലഭ്യമാണ്. പുറമെ നിന്ന് ഇതെളുപ്പം കാണാനും സാധിക്കില്ല. ചെറുതാണെങ്കിലും ഇതിന്‍റെ റെസല്യൂഷൻ പവർ ഒട്ടും കുറയുന്നുമില്ല. കമ്പ്യൂട്ടറുമായോ ടെലിവിഷനുമായോ ബന്ധിപ്പിക്കാം, ഒരിടത്ത് ഇരുന്നുകൊണ്ട് മറ്റുസ്‌ഥലങ്ങൾ നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

വയർലെസ്സ് ക്യാമറ ഓപ്ഷനുമുണ്ട്. വയർലെസ്സ് ക്യാമറ ചെറിയൊരു ഡിവൈസ് ആണ്. ഇഷ്‌ടമുള്ള സ്‌ഥലത്ത് സെറ്റ് ചെയ്‌തു വച്ചാൽ പ്രവർത്തിക്കാൻ തുടങ്ങും. ചില വയർലെസ്സ് ക്യാമറകൾക്കൊപ്പം ചെറിയൊരു എൽ.സി.ഡി. ഡിവൈസും ലഭിക്കും. ചുറ്റുമുള്ള സ്‌ഥലം വ്യക്തമായി കാണാൻ ഇതു സഹായിക്കും. എൽ.സി.ഡി. ഡിവൈസിൽ പല ഓപ്ഷനും ഉണ്ട്. ക്യാമറയുടെ ആങ്കിളിൽ മാറ്റം വരുത്തുവാനും സാധിക്കും. എന്നാൽ നിശ്ചിത പരിധിയ്ക്കുള്ളിലാവുമിതിന്‍റെ പ്രവർത്തന മേഖല.

പാം റീഡർ

അത്യാധുനിക സാങ്കേതിക വിദ്യയല്ലാത്ത ഒരു ഡിവൈസാണ് പാം റീഡർ. കൈയുടെ ഡിജിറ്റൽ മാപ്പിന്‍റെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ കൈയിലുള്ള ഡിജിറ്റൽ മാപ് ഈ ഡിവൈസിൽ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, ഡോർ തുറക്കാൻ സാധ്യമല്ല. അപരിചിതർ അകത്തു കടക്കാൻ ശ്രമിച്ചാൽ അലാറം മുഴക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

ബയോമീറ്റർ റീഡർ

ബയോമീറ്റർ റീഡറും പാം റീഡറിന്‍റെ അതേ ശൈലിയിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ തള്ളവിരലിന്‍റെ പ്രിന്‍റ് അനിവാര്യമാണ്. ഇത് വിരലടയാളത്തോടു കൂടിയ ഡിജിറ്റൽ മാപ്പ് തയ്യാറാക്കുന്നു. വിരലുകൊണ്ട് സ്‌പർശിക്കുമ്പോൾ അതിൽ രേഖപ്പെടുത്തിയ മാപ്പുമായി യോജിക്കുന്നുവെങ്കിൽ മാത്രമേ അകത്തേയ്ക്ക് പ്രവേശിക്കാൻ സാധിക്കൂ. ഈ ഡിവൈസ് ഇൻസ്‌റ്റാൾ ചെയ്യുന്ന വേളയിൽത്തന്നെ ഫിംഗർ പ്രിന്‍റ് റീഡ് ചെയ്യുന്നു. ഫിംഗർ ഡിജിറ്റൽ മാപ്പിനെക്കുറിച്ചുള്ള വിവരവും അതോടൊപ്പം ഉണ്ടാവും.

ബയോമെട്രിക് ലോക്ക്

ഇതുകൊണ്ട് പലതരത്തിലുള്ള പ്രയോജനമുണ്ട്. താക്കോൽ സൂക്ഷിക്കേണ്ടതായി വരുന്നില്ല. അപരിചിതർ ഡോർ തുറന്ന് കടക്കുമെന്നോ താക്കോൽ നഷ്ടപ്പെടുമെന്നോ ഉള്ള ഭയം വേണ്ട. നേരത്തെ തന്നെ എന്‍റർ ചെയ്‌ത (thumb impression) ഡിജിറ്റൽ മാപ്പിന്‍റെ സഹായത്തോടെ മാത്രമേ ഇതു തുറക്കാനാവു. വൈദ്യുതി തടസ്സമുണ്ടായാലും ബാറ്ററി സഹായത്തോടെ സ്വയം പ്രവർത്തിക്കും.

അലാറം സിസ്റ്റ‌ം

ഏറെ പഴക്കം ചെന്ന, എന്നാൽ ഏറെ ചെലവു കുറഞ്ഞ ഡിവൈസാണ് അലാറം സിസ്റ്റം. ഭിത്തിയിൽ ചുവരിനോടു ചേർത്ത് ഘടിപ്പിക്കുന്നു. ഇതുമുറിച്ചു കടക്കാനോ, ഇതിലൂടെ കടന്നുപോകാനോ ശ്രമിക്കുമ്പോൾ അലാറം മുഴങ്ങിത്തുടങ്ങും.

ഡോർ കോണ്ടാക്റ്റ് മാഗ്നെറ്റ്

ചെറിയൊരു ഡിവൈസാണിത്. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. ഇത് ഗെയ്റ്റിലാണ് ഘടിപ്പിക്കുന്നത്. ഗെയ്റ്റ് തുറന്നാലുടൻ ഇത് മുഴങ്ങിത്തുടങ്ങും. സ്വിച്ച് ഉപയോഗിച്ച് നിയന്ത്രിക്കാം.

ഓഡിയോ വീഡിയോ ഡോർ എൻട്രി

നിലവിലുള്ളതിൽ ഏറ്റവും സുരക്ഷിതമായ ഡോർ എൻട്രി ഡിവൈസാണിത്. മാർക്കറ്റിൽ ഏറെ ഡിമാന്‍റുള്ള ഇതിന് ഒട്ടനവധി പ്രയോജനങ്ങളുണ്ട്. ഗൃഹനാഥന്‍റെഅനുവാദം ഇല്ലാതെ ആർക്കും വീടിനകത്തു പ്രവേശിക്കാനാവില്ല. ഇതിനെ മറികടന്ന് ആരെങ്കിലും നിങ്ങളുടെ അടുത്ത് എത്തിയാൽ അവരുടെ ചിത്രം ക്യാമറയിൽ പതിയും. പുറത്തുനില്ക്കുന്ന വ്യക്തിയെ ക്യാമറയുടെ സഹായത്തോടെ കാണുവാനും അയാളോടു സംസാരിക്കുവാനും സാധിക്കുമെന്നതും ഇതിന്‍റെ സവിശേഷതയാണ്. സംഭാഷണം റെക്കോർഡ് ചെയ്യപ്പെടും. ഇത്തരം ഡോർ ഫോണുകളിൽ സിറ്റിമാക്‌സ്, ഒളിമ്പോ ഫ്ളസ്, ലോഫ്റ്റ് എന്നീ മോഡലുകൾ ഉൾപ്പെടും. എ.ടി.എസ്. സിസ്റ്റം അനുസരിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഇലക്ട്രോ മാഗ്നെറ്റിക് ലോക്ക്

താക്കോലുപയോഗിച്ച് വീടിനകത്ത് കളവു നടത്താൻ ഇനി സാധ്യമല്ല. ഇലക്ട്രോ മാഗ്നെറ്റിക് ലോക്ക് ഡിവൈസ് ഇതിനെയൊക്കെ പ്രതിരോധിക്കുന്ന ഒരു സാങ്കേതിക സംവിധാനമാണ്. ലോക്കിനു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്ന താക്കോലുപയോഗിക്കാതെ ഇതു തുറക്കാനാവില്ല. ഇതിനകത്ത് ഘടിപ്പിച്ചിരിക്കുന്ന റീഡർ ഇതിന്‍റെ താക്കോൽ തിരിച്ചറിയുവോളം ഡോർ തുറക്കാൻ സാധിക്കില്ല.

ന്യൂമെറിക് ലോക്ക്

തീർത്തും പുതുമയുള്ള ഒരു സംവിധാനമാണ് ന്യൂമെറിക് ലോക്ക് കൺസെപ്റ്റ്. മാർക്കറ്റിൽ ദ്രുതഗതിയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സംവിധാനമാണിത്. വീടിന്‍റെ അലമാരയിലും വാതിലിലുമൊക്കെയാണ് ഇത് ഘടിപ്പിക്കാറ്. ഇതിലുള്ള നമ്പറുകൾ (കോഡ്) ക്രമീകരിച്ചാൽ മാത്രമേ വാതിൽ തുറക്കാൻ സാധിക്കൂ. ഓരോ ന്യൂമെറിക് ലോക്ക് നമ്പറും വ്യത്യസ്തമായിരിക്കും. സുരക്ഷിതത്വം കണക്കിലെടുത്താണിങ്ങനെ ചെയ്യുന്നത്. ഇതിൽ നമ്പർ ഫീഡ് ചെയ്യേണ്ടതായുണ്ട്. ലോക്ക് ആയ ശേഷം ഇതേ നമ്പറിന്‍റെ സഹായത്തോടെ മാത്രമേ ഇതു തുറക്കാനാവു. ഇതിന്‍റെ അത്യാധുനിക മോഡലുകൾ വിപണിയിൽ ലഭ്യമാണ്. ഇതിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇനി നമ്പർ മനസ്സിലാക്കി ഗെയ്‌റ്റ് തുറന്ന് അകത്തു കടന്നാൽത്തന്നെ രഹസ്യക്യാമറ ചിത്രങ്ങൾ ഒപ്പിയെടുക്കും. പക്ഷേ, ഇതിൽ നേരത്തെ തന്നെ പ്രോഗ്രാം സെറ്റാക്കി വയ്ക്കണമെന്നു മാത്രം.

और कहानियां पढ़ने के लिए क्लिक करें...