പ്രശസ്‌ത പോപ് ഗായിക ബ്രിട്ന സ്‌പിയേഴ്‌സും കളിക്കൂട്ടുകാരനായിരുന്ന ജാസൺ അലക്‌സാണ്ടറും തമ്മിലുള്ള വിവാഹ ജീവിതത്തിന് കേവലം 48 മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കൻ നടി ജീൻ ഏക്കറും ഇറ്റാലിയൻ നടൻ റുഡോൾഫ് വെലോറ്റിനയും തമ്മിലുള്ള ദാമ്പത്യത്തിന്‍റെ ദൈർഘ്യം വെറും 6 മണിക്കൂർ മാത്രവും! അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ പക്ഷേ, ഇതൊന്നും അത്ര അസാധാരണമല്ല. ദാമ്പത്യബന്ധങ്ങൾ വസ്ത്രം മാറുമ്പോലെ മാറാൻ അവർക്കൊരു മാനസിക‎ ബുദ്ധിമുട്ടുമില്ല.

നിസ്സാരവും വിചിത്രവുമായ കാരണങ്ങളുടെ പേരിലാണ് പാശ്ച്ചാത്യനാടുകളിൽ വിവാഹമോചനങ്ങൾ ഏറെയും നടക്കുന്നത്. ഭർത്താവ് ഉച്ചത്തിൽ സംസാരിച്ചു. ഭാര്യ ഉറക്കത്തിൽ കൂർക്കം വലിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടിയാവും ഒരുനാൾ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ദാമ്പത്യം മതിയാക്കി ഇറങ്ങിപ്പോവുക.

കേരളത്തിലും വിവാഹമോചനങ്ങളുടെ എണ്ണം നാൾക്കുനാൾ പെരുകി വരികയാണെന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. എത്രയെത്ര വിവാഹ മോചനക്കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്.

ജോലിക്രമം, വീട്ടിൽ ചെലവഴിക്കാൻ സമയമില്ലായ്മ, അവിഹിത ബന്ധങ്ങൾ, കുത്തഴിഞ്ഞ ജീവിതം, മദ്യപാനം, പുകവലി, പണം അമിതമായി ചെലവഴിക്കൽ തുടങ്ങിയ നിസ്സാര പ്രശ‌നങ്ങളാണ് പല വിവാഹബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്ന് മനഃശാസ്ത്രജ്ഞ‌ന്മാർ ചൂണ്ടിക്കാട്ടുന്നു.

മാറുന്ന ബന്ധങ്ങൾ

സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ ഇന്ന് വളരെ ബുദ്ധിപൂർവ്വമാണ് വീട്ടിലേയും പുറത്തേയും ചുമതലകൾ നിർവഹിക്കുന്നത്. വീട്ടമ്മയുടെ റോളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകൾ ഇന്ന് കടന്നുചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. വീട്ടിലെ മുഴുവൻ ജോലിയും ചെയ്യുന്നതും കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കിയയയ്ക്കുന്നതും ഭർത്താവിന്‍റെ കാര്യങ്ങൾ നോക്കിനടത്തുന്നതുമായിരുന്നു അവളുടെ ജീവിതക്രമം. എന്നാലിന്ന് വീടിന് വെളിയിലും ഒരു ലോകമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ദമ്പതിമാരായ ഹരിയും നിമ്മിയും. വിവാഹം കഴിഞ്ഞതു മുതൽ അടുക്കള ജോലികളിൽ നിമ്മിയെ സഹായിക്കാൻ ഹരി എന്നും ഒപ്പം കൂടും. നിമ്മിക്ക് അത് വലിയ ആശ്വാസമായിരുന്നു. ജോലികൾ എളുപ്പത്തിൽ ചെയ്‌തു തീർക്കാനും ഭർത്താവിന്‍റെ സാന്നിധ്യം സഹായിച്ചിരുന്നു. അടുക്കള സ്ത്രീകളുടേത് മാത്രമായ ഒരു ലോകമാണെന്ന് ധരിക്കുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. എന്നാൽ ജോലികളിലൊന്നും സഹായിച്ചില്ലെങ്കിലും അടുക്കളയിൽ ഭർത്താവിന്‍റെ സാന്നിധ്യം വലിയൊരാശ്വാസമാണ് ഉണ്ടാക്കുന്നതെന്ന് ഭൂരിഭാഗം വീട്ടമ്മമാരും വിശ്വസിക്കുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള കൊച്ചു കൊച്ചു വർത്തമാനങ്ങളും തമാശകളും അടുക്കളയിലെ മുഷിപ്പൻ അന്തരീക്ഷത്തിൽ ആഹ്ളാദം പകരുന്നുവെന്നാണ് അവർ പറയുന്നത്.

ഒരു ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്‌ഥയാണ് തിരുവനന്തപുരം സ്വദേശിനി ബിന്ദു. ഭർത്താവ് അനിൽകുമാർ ബിസിനസ്സ് രംഗത്തും. വീടിനോട് ചേർന്നുള്ള ഓഫീസിലിരുന്നാണ് അനിൽ ബിസിനസ്സ് നിയന്ത്രിച്ചിരുന്നത്. രാവിലെ തനിക്ക് ഓഫീസിലും കുട്ടികൾക്ക് സ്‌കൂളിലും പോകേണ്ടതുകൊണ്ട് വീട്ടിൽ ഒരു സഹായിയെ നിർത്തിയിട്ടുണ്ട്. ഭർത്താവും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതുകൊണ്ട് വലിയൊരാശ്വാസമാണെന്ന് ബിന്ദു പറയുന്നു. ആവശ്യം വരുന്ന സാഹചര്യങ്ങളിൽ ഭർത്താവ് വീട്ടുജോലികളും ചെയ്യും. കുടുംബത്തോട് പൂർണ്ണമായ അർപ്പണ മനോഭാവവും സ്നേഹവും പുലർത്തു ന്നതുകൊണ്ട് ജീവിതം ഇവർ ആസ്വദിക്കുകയാണ്.

കൂട്ടായ് എന്നെന്നും

ബന്ധങ്ങൾ ദൃഢമാക്കുന്നതിന് വർഷങ്ങൾ തന്നെ വേണ്ടിവരും. എന്നാലത് തകരാൻ നിമിഷങ്ങൾ മാത്രം മതി. ദാമ്പത്യബന്ധം തകരുന്നത് പങ്കാളികളുടെ മനസ്സിനെ വർഷങ്ങളോളം അലട്ടുമെന്ന് പറയുന്നത് സത്യമാണ്. അതുകൊണ്ട് ദാമ്പത്യത്തിലുണ്ടാവുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെ പങ്കാളികൾ ബോധപൂർവ്വം പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള ആത്മാർത്ഥമായ ശ്രമം ഇരു ഭാഗത്തുനിന്നുമുണ്ടാവണം. പ്രശ്‌നങ്ങൾ എന്തൊക്കെയാണ്, അത് എപ്രകാരമാണ് തിരുത്തേണ്ടതെന്ന് ഇരുവരും വിലയിരുത്തണം. തികച്ചും സ്വതന്ത്രരായ രണ്ട് വ്യക്തികളാണ് ഭാര്യയും ഭർത്താവും. ഇരുവർക്കും അവരുടേതായ വ്യക്തിത്വവുമുണ്ട്. അതുകൊണ്ട് ദാമ്പത്യത്തിൽ ‘ഈഗോ ക്ലാഷിനുള്ള’ സാധ്യത തികച്ചും സ്വാഭാവികം. സുഖകരവും സുദൃഢവുമായ ദാമ്പത്യത്തിന് വ്യക്ത‌ിത്വങ്ങളിൽ ചില അഴിച്ചു പണികൾ നടത്താൻ ദമ്പതികൾ സ്വയം തയ്യാറാകണം.

ഉദ്യോഗസ്‌ഥ ദമ്പതികളുള്ള ഒരു വീട്. ഭാര്യ പുലർച്ചേ എഴുന്നേറ്റ് വീട്ടിലെ സകല ജോലിയും ചെയ്യുന്നു. ഭർത്താവ് ഈ സമയം സുഖമായി മുടിപ്പുതച്ച് കിടക്കുകയാവും. പാവം ഭാര്യ ഈ സമയമത്രയും ഒരു യന്ത്രം കണക്കെ വീട്ടുജോലികളൊക്കെയും ചെയ്ത‌ത് കുട്ടികളെ സ്‌കൂളിലേക്കയച്ചതിന് ശേഷമാവും ഓഫീസിലേക്ക് ഓടുക. ഇതിനിടയിൽ ഭാര്യ എത്രമാത്രം പിരിമുറുക്കമനുഭവിക്കുന്നുണ്ടെന്ന കാര്യം ആരാണ് മനസ്സിലാക്കുക? ചില ദിവസങ്ങളിൽ ശാരീരികാസ്വാസ്‌ഥ്യങ്ങളോടെയാവും അവൾ ജോലികളെല്ലാം ചെയ്‌തു തീർക്കുക. ഇങ്ങനെയുള്ള ഭാര്യയ്ക്ക് സ്വന്തം ജീവിതത്തെ സ്നേഹിക്കാനാവുമോ?

ഇവിടെ സ്വന്തം ശീലത്തെ ഒരലിപ് തിരുത്തിയാലെന്ത് കുഴപ്പമാണ് ഭർത്താവിനുണ്ടാവുക? അര മണിക്കൂർ കുറച്ച് ഉറങ്ങിയതുകൊണ്ടോ, ഭാര്യയെ ഒന്ന് സഹായിച്ചതുകൊണ്ടോ ആകാശം ഇടിഞ്ഞുവീഴില്ലല്ലോ. അതുകൊണ്ട് ഭാര്യയ്ക്കുണ്ടാവുന്ന ആശ്വാസവും ആഹ്ളാദവും എത്രമാത്രമാണെന്ന് ഊഹിച്ചുനോക്കൂ. വല്ലപ്പോഴുമൊരിക്കൽ വെളുപ്പിനെ ഉണർന്ന് ഭാര്യക്ക് ഒരു ചൂടൻ ബെഡ് കോഫി സമ്മാനിക്കുന്നതിലുമില്ലേ ദാമ്പത്യത്തിന്‍റെ ഒരു ത്രിൽ? ഓഫീസ് തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ ഭാര്യയെ മൊബൈലിൽ വിളിച്ച് നടത്തുന്ന കുശലാന്വേഷണത്തിലുമില്ലേ ഒരു രസം!

പരസ്‌പരം കരുതൽ

ഭാര്യ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് വീട്ടിൽ എത്തിയ ഭർത്താവ് ഒരു ചായ കുടിക്കാൻ ഭാര്യ വരുന്നതും നോക്കിയിരിക്കേണ്ടതുണ്ടോ? ഭാര്യയ്ക്ക് നൽകാൻ ഒരു കപ്പ് ചായയുമായി കാത്തിരിക്കുന്ന ഭർത്താവിനോട് ഭാര്യയ്ക്ക് എന്നെങ്കിലും പരിഭവം തോന്നുമോ? ക്ഷീണിച്ച് തളർന്നെത്തുന്ന ഭാര്യയുടെ മുഖത്ത് അപ്പോൾ വിടരുന്ന സന്തോഷം സ്വയം വായിച്ചറിയൂമ്പോൾ ഏതു ഭർത്താവിനാണ് സന്തോഷമുണ്ടാവാതിരിക്കുക?

ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്തതാണ് തിരക്കുകളെങ്കിലും, ജീവിതത്തെ കീഴടക്കാൻ തിരക്കുകളെ അനുവദിക്കരുത്. അതിനുള്ള ബോധപൂർവ്വമായ ശ്രമം ഭാര്യയുടെയും ഭർത്താവിന്‍റെയും ഭാഗത്തുനിന്നുണ്ടാവണം. ഒരല്പം സമയം കണ്ടെത്തി ഇഷ്ടമുള്ള ഇടങ്ങളിൽ ചുറ്റിക്കറങ്ങി വരുമ്പോഴോ, ഒരു മിനിഷോപ്പികൾ ചെയ്‌ത് വരുമ്പോഴോ ഉള്ള ഊർജ്‌ജവും ആവേശവും ഏത് വിഷമത്തേയും അലിയിച്ച് കളയും.

സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും അർപ്പണ മനോഭാവത്തിന്‍റെയും കൂട്ടായ്‌മയാണ് ദാമ്പത്യത്തെ കെട്ടുറപ്പുള്ളതാക്കുന്നത്. അതാണ് ഓരോ ദമ്പതിയും മനസ്സിലാക്കേണ്ടത്. എന്ത് പ്രശ്നവും പരസ്‌പരം ചർച്ചചെയ്‌ത്‌ പരിഹരിക്കുമെന്ന ദൃഢമായ തീരുമാനം ഇരുവർക്കുമുണ്ടായിരിക്കണം. എന്നാലേ, ജീവിതമെന്ന കൊച്ചു വണ്ടിയിൽ ഇരുവർക്കും സുഖകരമായ യാത്ര നയിക്കാനാവൂ.

और कहानियां पढ़ने के लिए क्लिक करें...