തടിച്ച ശരീരം സൗന്ദര്യത്തിന്‍റെ ആരോഗ്യത്തിന്‍റെയും പ്രതീകമായിരുന്ന കാലം പോയി. നീണ്ടുമെലിഞ്ഞ് വടിവൊത്ത ഉടലും ഹോട്ട് ലുക്കുമുള്ള നടിമാരുടെ ആരാധകരാണ് ഇന്നത്തെ പെൺകുട്ടികൾ. മെലിഞ്ഞ് സുന്ദരികളാകാൻ തയ്യാറെടുക്കും മുമ്പ് ശരീരത്തെ സ്വയമറിയുകയാണ് വേണ്ടത്. സ്വന്തം ഫിഗർ ടൈപ്പ് ഏതെന്ന് മനസ്സിലാക്കിയ ശേഷം ചില ലൈറ്റ് ടിപ്സിലൂടെ നിങ്ങൾക്കും ഉടലഴകിന്‍റെ മഹാറാണിയാകാം.
പിയർ ഷെയ്‌പ്
ശരീരത്തിന്‍റെ അഴകകളവുകൾ 34-30-42 ആണെങ്കിൽ പിയർ ഷെയ്‌പ് ആണെന്ന് നിശ്ചയിക്കാം. പിയർ ഷെയ്‌പുകാരുടെ ശരീരത്തിന്‍റെ അടിഭാഗമാവും തടിച്ചിരിക്കുക. അരക്കെട്ടിന് താഴെ വെയിറ്റ് കൂടും. ആകർഷകമായ ശരീര സൗന്ദര്യത്തിന് ഇവർ വ്യായാമം ചെയ്യേണ്ടിവരും. ഷോൾഡർ പ്രെസ്റ്റേജ്, വാക്കിംഗ്, സൈക്ക്ളിംഗ്, സ്കിപ്പിംഗ്, പുഷ്അപ്സ്, ചിൻ അപ്സ‌്, ലെഗ് ലിഫ്റ്റ്സ് തുടങ്ങിയ വ്യായാമങ്ങൾ ദിവസവും ചെയ്യുക. ലഘുവായ എയ്റോബിക്‌സ് വ്യായാമവും ഫലപ്രദമാണ്.
ലാറാദത്ത, പ്രീതി സിന്‍റ തുടങ്ങിയ ബോളിവുഡ് സുന്ദരിമാർ പിയർഷെയ്പി ലുള്ളവരാണ്. ബാക്ക് സ്ളിം, വെൽ ഡിഫൈൻഡ് അരക്കെട്ടുള്ള സ്ത്രീകൾക്ക് മറ്റൊരു കാരണം കൂടിയുണ്ട് സന്തോഷിക്കാൻ. ബ്രെസ്‌റ്റ് ക്യാൻസർ, ഡയബറ്റീസ്, ബ്ലെഡ്പ്രഷർ, ഗാൽബ്ലാഡർ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇവർക്ക് കുറവായിരിക്കും.
കോൺ ഷെയ്‌പ്
40-35-32 അളവുകോലുകളിലുള്ളവരാണ് കോൺ ഷെയ്‌പിലുള്ളവർ. വെയിറ്റ് കൂടുന്നതിന് അനുസരിച്ച് ഇവരുടെ ശരീരം അനാകർഷമായി തോന്നും. അരക്കെട്ട് ഒതുങ്ങിയും കാലുകൾ നീളമുള്ളതുമായിരിക്കുമെന്നതാണ് കോൺ ഷെയ്‌പുകാരുടെ പ്രത്യേകത. അതുപോലെ കൈകൾ വലുതും തടിച്ചുമിരിക്കും. ഇത്തരക്കാർ വണ്ണം വെയ്ക്കുമ്പോൾ മുഴുവൻ ഭാരവും ശരീരത്തിന്‍റെ മുകൾഭാഗത്താകും കേന്ദ്രീകരിക്കുക. അതോടെ തടിച്ച മേൽഭാഗം കീഴ്‌ഭാഗവുമായി യാതൊരു അനുപാതവുമില്ലാതെയാകും. സ്കിപ്പിംഗ്, അബ്‌ഡോമിനൽ ക്രൻചസ്, കോണിപ്പടികൾ കയറി ഇറങ്ങുക, സ്പിന്നിംഗ്, ലെഗ്ഗ് എക്സ് ടെൻഷൻ, ലെഗ്ഗ് കേൾ, ലെഗ്ഗ് പ്രെസ്റ്റേജ്, സ്റ്റേഷനറി ബൈക്കിംഗ്, എയറോബിക് തുടങ്ങിയ വ്യായാമങ്ങൾ കോൺ ഷെയ്‌പുകാർ ശീലിക്കണം.
ആർ ഗ്ലാസ് ഷെയ്‌പ്
നിങ്ങൾ ആർ ഗ്ലാസ് ഷെയ്‌പിലുള്ളവരാണോ? എങ്കിൽ ഭാഗ്യവതിയാണ്. നിങ്ങളുടെ ശരീരം ശരിയായ അനുപാതത്തിലുള്ളതായിരിക്കും. 36-24-36 അഴകളവുകളിലുള്ള ആർ ഗ്ലാസ് ഷെയ്പ്‌പുകാരികളെ സംബന്ധിച്ച് രണ്ട് പ്ലസ് പോയിന്‍റുകളുണ്ട്. ബോഡി ഷെയ്പ് ബോളിവുഡിലെ ഹോട്ട് സെക്‌സിയായ ബിപാഷ ബസു, ടെന്നീസ് റാണി സാനിയ മിർസാ, ഹോളിവുഡിന്‍റെ ഹൃദയ സ്‌പന്ദനമായ ഹെല്ലിബെറി തുടങ്ങിയ സുന്ദരികളുടെ അഴകളവുമായി സാമ്യതയുണ്ടായിരിക്കും. ആർ ഗ്ലാസ് ഷെയ്‌പുകാരുടെ ശരീരം പൊതുവേ ആരോഗ്യമുള്ളതായിരിക്കും. ചുരുക്കത്തിൽ പെർഫെക്ഷനോട് ഏറ്റവും അടുത്തു നിൽക്കുന്നുവെന്നർത്ഥം. അതുകൊണ്ട്, ഓസ്റ്റിയോ പോറോസിസ് പുറംവേദന തുടങ്ങിയ അസുഖങ്ങൾ കുറവായിരിക്കും.
ആർ ഗ്ലാസ് ഷെയ്‌പിലുള്ള സ്ത്രീകൾ വണ്ണം വയ്ക്കുകയാണെങ്കിൽ അരയിലും നെഞ്ചിലുമായിരിക്കും വണ്ണം വയ്ക്കുക. ഇത്തരം സ്ത്രീകൾക്ക് സ്‌കിപ്പിംഗിനൊപ്പം സ്വിമ്മിംഗും ബൈസെപ്‌സ് കേളേഴ്‌സ്, സ്ക്വാട്ട്സ്, ഷോൾഡർ പ്രെസ്റ്റേജി, ജോഗിംഗ് തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടാം.
ആപ്പിൾ ഷെയ്‌പ്
ഈ ഷെയ്പ്‌പിലുള്ള സ്ത്രീകളുടെ ശരീരത്തിന്‍റെ മേൽഭാഗത്താവും വണ്ണം കൂടുക. അതായത് നെഞ്ചിലും ഉദരത്തിലും. എലിസാബേത്ത് ഹേർളി, സ്‌മൃതി ഇറാനി എന്നിവർ ഈ ഗണത്തിൽപ്പെടുന്നവരാണ്. സ്വന്തം ഫിഗറിനെക്കുറിച്ച് മാത്രമല്ല ആരോഗ്യസ്ഥിതിയെക്കുറിച്ചും ഈ വിഭാഗം ശ്രദ്ധിക്കേണ്ടതായുണ്ട്.
നടക്കുക, ഓടുക, കോണിപ്പടികൾ കയറി ഇറങ്ങുക, ലെഗ്ഗ് സ്ക്വാട്ട്സ്, ലെഗ്ഗ് പ്രെസ്റ്റേജ്, ഡെഡ് ലിഫ്റ്റ്സ്, സ്വിമ്മിംഗ് തുടങ്ങിയ വ്യായാമങ്ങളിൽ ആപ്പിൾ ഷെയ്‌പുകാർ പതിവായി ഏർപ്പെടണം. ദിവസവും എയ്‌റോബിക്‌സ് ചെയ്യുന്നതും നല്ലതാണ്. ഇത്തരക്കാർ ഭാരം വെയ്ക്കുമ്പോൾ ശരീരത്തിന്‍റെ മേൽഭാഗത്തും പിൻഭാഗത്തുമാവും വെയിറ്റ് വെയ്ക്കുക.
അതുകൊണ്ട് നിങ്ങളുടെ ഷെയ്‌പ് ഏതാണെന്ന് സ്വയം പരിശോധിച്ചറിഞ്ഞ് യോജിച്ച വർക്കൗട്ടിന് തയ്യാറാവുക. വർക്കൗട്ട് ചെയ്യുംമുമ്പ് ഒരു കാര്യം ശ്രദ്ധിക്കുക. ഏതെങ്കിലും വിദഗ്‌ധൻ മേൽനോട്ടത്തിലാവണമത്.