മനുഷ്യ ശരീരത്തിലെ സുപ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് ദഹനം. പോഷകാംശങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അനാവശ്യ വസ്തുക്കളെ പുറന്തള്ളാനുമുള്ള ശാരീരിക പ്രക്രിയയാണത്. ശരീരത്തിലെ പല രോഗങ്ങളുടെയും മൂലകാരണം നമ്മുടെ ദഹന വ്യവസ്ഥയാണ്. ഇത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ മലബന്ധം, ഗ്യാസ്, പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.

ദഹനത്തിന് സഹായിക്കുന്ന എൻസൈമും ആസിഡുമാണ് ഭക്ഷ്യ വസ്‌തുക്കളെ ദഹിപ്പിച്ച് പോഷകാംശങ്ങളെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. പൂർണ്ണമായ രീതിയിൽ ദഹിക്കാത്ത ഭക്ഷണം ശരീരത്തിന് അനാവശ്യങ്ങളാകുന്നു.

വായിൽ വച്ചു തന്നെ ദഹന പ്രക്രിയ ആരംഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. നല്ലതു പോലെ ചവച്ചരച്ച ഭക്ഷണം ചെറിയ ചെറിയ ഘടകങ്ങളായി ഉമിനീരിൽ ചേരുന്നു. ഉമിനീരുമായി ചേർന്ന ഈ ലഘുഘടകങ്ങൾ നന്നായി ദഹിക്കുന്നു. അതിനുശേഷം ശരീരത്തിന് പോഷണം നൽകാനായി ചെറുകുടലിൽ എത്തിച്ചേരുന്നു.

നന്നായി ദഹിക്കണം എന്നുണ്ടെങ്കിൽ ശരിയായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുക മാത്രമല്ല ചെയ്യേണ്ടത്. അവ നന്നായി ചവച്ചരച്ച് തിന്നുകയും വേണം. പോഷകാംശങ്ങളെ ആഗിരണം ചെയ്യപ്പെടുന്ന വിധം ദഹന പ്രക്രിയ സുഗമമായിരിക്കാൻ ഇതുകൊണ്ട് കഴിയും.

ഭക്ഷണം നന്നായി ചവയ്ക്കാതെ വലിയ കഷ‌ണങ്ങളായി വിഴുങ്ങുന്നതു കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുകയില്ല. ഭക്ഷണം നന്നായി തയ്യാറാക്കുന്നതിന് നാം എത്ര സമയവും പണവുമാണ് ചെലവഴിക്കുന്നത്. ഇത്തരം ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരത്തിന് വളരെയേറെ പ്രയത്നം ചെയ്യേണ്ടതായി വരുന്നു. സ്വസ്‌ഥമായി ഇരുന്ന് ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ നാം മെനക്കെടാത്തതിനാൽ ഭക്ഷണം ദഹിക്കാതെ തന്നെ പുറന്തള്ളപ്പെടുകയും ശരീരത്തിന് വേണ്ട പോഷകാംശങ്ങൾ ലഭിക്കാതെയും വരുന്നു.

ഭക്ഷണം കഴിക്കുന്നതിനൊപ്പം ഏതെങ്കിലും സോഫ്റ്റ് ഡ്രിങ്ക് കഴിക്കുകയാണ് എങ്കിൽ ദഹന വ്യവസ്‌ഥയെ അത് ദോഷകരമായി ബാധിക്കും. ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാലും ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുക്കാം. അതുകൊണ്ട് ഭക്ഷണം കഴിച്ച് 30 മിനിറ്റിനു ശേഷമോ കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പോ വെള്ളം കുടിക്കുന്നതാണ് നല്ലത്.

ജീരകം, കായം, അശ്വഗന്ധം, ചുക്ക്, മല്ലി, മഞ്ഞൾ, പുദിന, കുരുമുളക്, ഏലയ്ക്കാ, കറുവാപ്പട്ട, ജാതിക്ക പോലെയുള്ള മസാലകൾ ദഹന പ്രക്രിയയെ സുഗമമാക്കുന്നവയാണ്. അനായാസം ദഹിപ്പിക്കുന്നതിനൊപ്പം ദഹന വ്യവസ്‌ഥയെ ഇത് ശുദ്ധീകരിക്കുകയും വായു കോപം തുടങ്ങിയ പ്രശ്‌നങ്ങളെ ഒഴിവാക്കുകയും ചെയ്യും.

കാത്സ്യം, അയൺ, വിറ്റാമിനുകൾ തുടങ്ങിയവ ശരീരത്തിൽ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാൻ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കേണ്ടത് ആവശ്യമാണ്. അങ്ങനെയാകാത്ത പക്ഷം പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാം. ഉദാ: അസ്വസ്ഥത, തളർച്ച, വിഷാദം എന്നിവ.

സുഗമമായ ദഹന പ്രക്രിയയ്ക്ക്

  • ഫ്രഷ് പഴങ്ങളും പച്ചക്കറികളും കൂടിയ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
  • 2- 3 തവണ വയറു നിറച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം ഭക്ഷണം 4- 5 തവണകളിലായി അല്‌പാല്‌പമായി കഴിക്കാം. ഉദരത്തിന്‍റെ അമിതമായ അദ്ധ്വാനമൊഴിവാക്കാൻ ഇത് സഹായിക്കും.
  • ഭക്ഷണം പതിയെ നന്നായി ചവച്ചരച്ച് കഴിയ്ക്കുക.
  • പ്രാതൽ കഴിക്കുന്നത് ഒരിക്കലും ഒഴിവാക്കരുത്.
  • ഇഞ്ചി ചേർത്ത നാരങ്ങാവെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ സുഗമമാക്കും.
  • ലഹരി വസ്തുക്കളും കാർബണേറ്റഡ് ഭക്ഷ്യവസ്തുക്കളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.

ദഹനമില്ലായ്‌മയുടെ മുഖ്യ കാരണങ്ങൾ

  • തിരക്ക് നിറഞ്ഞ ജീവിത ശൈലിയും ശാരീരികാദ്ധ്വാനം ഇല്ലാതിരിക്കുകയും ചെയ്യുക.
  • മുഴുവൻ സമയവും ഇരുന്ന് ജോലി ചെയ്യുന്നത്.
  • അമിതമായി ഭക്ഷണം കഴിക്കുന്നത്.
  • രാത്രിയിൽ അമിതമായി ഭക്ഷണം കഴിച്ച ശേഷം ഉടൻ തന്നെ ഉറങ്ങുന്നത്.
और कहानियां पढ़ने के लिए क्लिक करें...