പ്രായമെത്രയായാലും ശാരീരിക സൗന്ദര്യവും ആകർഷകത്വവും നിലനില്ക്കണമെന്ന് ആഗഹിക്കാത്തവരായി ആരുണ്ട്? പ്രായമേറുന്നതിന് അനുസരിച്ച് ശരീരഘടനയിലും ശാരീരിക ക്ഷമതയിലും മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന രൂപമാറ്റത്തോട് പൊരുത്തപ്പെടാൻ സ്ത്രീകൾക്ക് പ്രയാസമായിരിക്കും. പ്രത്യേകിച്ചും ശരീരത്തിൽ കൊഴുപ്പ് (സെല്യൂലൈറ്റ്) അടിഞ്ഞുകൂടിയുള്ള പ്രശ്നം ഉള്ളവർക്ക്.
എന്താണ് സെല്ലുലൈറ്റ്
സ്ത്രീയിലും പുരുഷനിലും ഈ അവസ്‌ഥ ഉണ്ടാവാം. പക്ഷേ, പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിലിത് കൂടുതലായിരിക്കും. ഓറഞ്ച് പീൽ സിൻഡ്രോം, കോട്ടേജ് ചീസ് സ്‌കിൻ എന്നിങ്ങനെയും സെല്യൂലൈറ്റിനെ വിശേഷിപ്പിക്കാറുണ്ട്. ഗർഭകാലം, പ്രസവാനന്തരം തുടങ്ങി ഹോർമോൺ പരിവർത്തനങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലും പ്രായമേറുമ്പോഴും ശരീരത്തിൽ സെല്ലുലൈറ്റിന്‍റെ സ്വാധീനം പ്രകടമാകുന്നു. മുട്ടുകൾ, തുടകൾ, അടിവയർ, കൈകൾ തുടങ്ങിയ സ്തീകളുടെ ചില പ്രത്യേക ശരീരഭാഗങ്ങളിൽ കൊഴുപ്പ് അമിതമായി ശേഖരിക്കപ്പെടുന്നു.
പണ്ട് ഗർഭിണികളോടും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളോടും ഉദരത്തിൽ ചൊറിയരുതെന്ന് മുതിർന്ന സ്ത്രീകൾ പ്രത്യേകം നിഷ്‌കർഷിക്കാറുണ്ടായിരുന്നു. ചൊറിഞ്ഞാൽ വരകളും പാടുകളുമുണ്ടാവുമെന്ന ധാരണയിലായിരുന്നു ഈ വിലക്ക്. ചർമ്മത്തിനുള്ളിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടുന്നതു കൊണ്ടാണ് ഇങ്ങനെ വരകളും പാടുകളുമുണ്ടാവുന്നതെന്നാണ് സെല്യൂലൈറ്റ് വിദഗ്‌ധർ പറയുന്നത്.
വിദഗ്‌ധരുടെ അഭിപ്രായം
സെല്യൂലൈറ്റിനെ സംബന്ധിച്ച് ഗവേഷകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനില്ക്കുന്നുണ്ട്. ഗവേഷകരിൽ ചിലർ ഇതിനെ വെറും കൊഴുപ്പായാണ് കണക്കാക്കുന്നത്. ചർമ്മത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന അമിത കൊഴുപ്പും വെള്ളവും വിജാതീയ പദാർത്ഥങ്ങളുമാണ് സെല്യൂലൈറ്റ് എന്ന് മറ്റുചില ഗവേഷകരും കരുതുന്നു. ശരീരത്തിലെ ചില ലോലഭാഗങ്ങളിലും കഠിനമായ കൊഴുപ്പുള്ള ഇടങ്ങളിലും അത് നിറഞ്ഞ് പുറത്തേയ്ക്ക് തള്ളിനില്ക്കുന്നു. ചർമ്മത്തിന്റെ ബാലൻസ് നിലനിർത്തുന്ന പേശികളെ നീക്കി കൊഴുപ്പ്, പേശികൾക്ക് മുകളിലായി രൂപംകൊള്ളുന്നു. അതിന്‍റെ ഫലമായാണ് ചർമ്മം ഓറഞ്ച് തൊലിപോലെ നിരപ്പില്ലാതെ ഉയർന്നും താണുമിരിക്കുന്നത്.
സ്ത്രീക്കും പുരുഷനും ഒരുപോലെ സെല്യൂലൈറ്റ് പ്രശ്നമുണ്ടാകുമെങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീയിലിത് ഹോർമോൺ പരിവർത്തനം മൂലമാണ് സാധാരണയായി ഉണ്ടാകുന്നത്. ഇതൊരു പാരമ്പര്യ പ്രശ്നമായും കാണുന്നവരുണ്ട്. ജീവിതചര്യ ചിട്ടപ്പെടുത്തുകയാണെങ്കിൽ ഈ പ്രശ്നത്തിൽ നിന്നും അനായാസം മോചനം നേടാനാകും. ഇത് എങ്ങനെ, എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന് മനസ്സിലാക്കണം.
ലക്ഷണങ്ങൾ
ശാരീരികവും മാനസികവുമായ പിരിമുറുക്കവും ശരിയായ ഭക്ഷണരീതിയുടെ അഭാവവുമാണ് സെല്ലുലൈറ്റ് പ്രശ്നത്തിന്‍റെ പ്രധാനകാരണം. ശരീരത്തിന് വ്യായാമം ലഭിക്കാത്തതും മറ്റൊരു കാരണമാണ്.
സെല്ലുലൈറ്റ് രൂപം കൊള്ളാതിരിക്കാനും നിയന്ത്രിക്കാനും ചിട്ടയായ ഭക്ഷണരീതിയ്ക്ക് സാധിക്കും. എണ്ണയിൽ വറുത്തതും പൊരിച്ചതും കൊഴുപ്പുള്ളതുമായ ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുക. ചോക്ളേറ്റ്, ലഹരി വസ്തുക്കൾ, കേക്ക്, പേസ്ട്രി, അച്ചാർ തുടങ്ങിയവയ്ക്ക് പകരമായി നാരുള്ള ഫലവർഗ്ഗങ്ങൾ, പച്ചക്കറികൾ, തവിടുള്ള ധാന്യങ്ങൾ തൊലിയുള്ള പരിപ്പ് എന്നിവ ഭക്ഷണത്തിൽ കൂടിയ അളവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
മാർദ്ദവമുള്ള ചർമ്മമാണ് നിങ്ങളുടെ ശരീരത്തെ ആകർഷകമാക്കുന്നത്. സെല്ലുലൈറ്റ് മൂലം നിങ്ങളുടെ ശരീരം അനാകർഷകമായിട്ടുണ്ടെങ്കിൽ ഉചിതമായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും നിങ്ങൾക്ക് ആകർഷകമായ ശരീരഘടന വീണ്ടെടുക്കാവുന്നതേയുള്ളൂ.
ശരീരസൗന്ദര്യം കൂട്ടാൻ ചില വഴികൾ
- ശരീരത്തിലുള്ള ടോക്‌സിനുകളെയും സെല്ലുലൈറ്റിനെയും നീക്കം ചെയ്ത് മസിലുകളെ ദ്യഢമാക്കാനും ബോഡിഷെയിപ് വീണ്ടെടുക്കാനും സഹായകമായ ഡീപ് ടിഷ്യു തെറാപ്പി ചികിത്സ വിദേശരാജ്യങ്ങളിൽ ലഭ്യമാണ് അലപം ചെലവേറിയ ചികിത്സാ രീതിയാണിത്.
- മസ്സാജിലൂടെയും സെല്ലുലൈറ്റ് പ്രശനമൊഴിവാക്കാം. അതിനായി ആന്‍റി സെല്യൂലൈറ്റ് മസാജ് ചെയ്യാം. ശരീരത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കാനും കൊഴുപ്പകലാനും സഹായകമായ പച്ചമരുന്ന് അടങ്ങിയ ധാരാളം എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ചർമ്മം മാർദ്ദവമുള്ളതാക്കാനും കൊളാജൻ ഫൈബറിന്‍റെ നിർമ്മാണത്തെ സങ്കോചിപ്പിക്കാനും ഇത് ഉപകരിക്കും.
- ശരീരത്തിലെ അമിത കൊഴുപ്പ് അകലാനും രക്‌തസഞ്ചാരം വർദ്ധിപ്പിക്കാനും വ്യായാമം ശീലിക്കുക. എയ്‌റോബിക്‌സ്, നൃത്തം എന്നിവയിലൂടെ ആകർഷകമായ ശരീരാകൃതി വീണ്ടെടുക്കാം..
- ഏതെങ്കിലും പ്രത്യേകാവയവത്തെയാണ് സെല്യൂലൈറ്റ് സ്വാധീനിച്ചിരിക്കുന്നതെങ്കിൽ ആ അവയവത്തിന് മാത്രമായുള്ള വ്യായാമത്തിലൂടെ സെല്യൂലൈറ്റ് പുറന്തള്ളാനാകും.
- പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ജ്യൂസ് പതിവായി കഴിക്കുന്നത് ഫലവത്താണ്. ഒഴിഞ്ഞ വയറിലാണ് ജ്യൂസ് കഴിക്കുന്നതെങ്കിൽ കൂടുതൽ പ്രയോജനം ചെയ്യും.
- കുളിക്കുന്ന സമയത്ത് കൊഴുപ്പ് അടിഞ്ഞുകൂടിയ ഇടങ്ങളിൽ നാരുകളുള്ള സപഞ്ചോ ഇഞ്ചയോ ഉപയോഗിച്ച് വട്ടത്തിൽ തേച്ച് കുളിക്കുന്നത് രക്തത സഞ്ചാരം വർദ്ധിപ്പിക്കാനും സെല്യൂലൈറ്റ് അലിഞ്ഞില്ലാതെയാകാനും ഉപകരിക്കും.
- ഡയറ്റിംഗുകൊണ്ട് സെല്ലുലൈറ്റ് ഇല്ലാതാക്കാനാവില്ല. വണ്ണം കുറയ്ക്കാനായി ചെയ്യും പോലെ സെല്യൂലൈറ്റ് ഇല്ലാതാ ക്കാൻ ഡയറ്റിംഗ് ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഡയറ്റിംഗ് ചെയ്യുന്നവേളയിൽ ആവശ്യമായ പോഷകങ്ങളോടൊപ്പം ഊർജ്ജവും നഷ്ടപ്പെടുന്നത് ശാരീരികക്ഷമതയെ ബാധിക്കും.