ഭംഗിയുള്ള ക്രോക്കറി പാത്രങ്ങളിൽ രുചികരമായ വിഭവങ്ങൾ ഒരുക്കിവെക്കുന്നത് ഒരു കലയാണ്. ഭംഗിയുള്ള പാത്രങ്ങളിൽ ആവിപറക്കുന്ന വിഭവങ്ങൾ നിരന്നിരിക്കുന്നത് കണ്ടാൽ ആർക്കാണ് കൊതി തോന്നാത്തത്. ക്രോക്കറിക്ക് അനുയോജ്യമായ കട്ട്ലറിയും കൂടിയുണ്ടെങ്കിൽ സംഗതി കലക്കും.

ഇനി സ്റ്റൈലിലാവട്ടെ അതിഥി സൽക്കാരം. അതിനായി ഭംഗിയുള്ള വിരിപ്പോടുകൂടിയ ഒരു തീൻമേശയും വേണം. നാലുപേർ അടങ്ങുന്ന അതിഥി സംഘത്തിന് ഡൈനിംഗ് ടേബിളിൽ എത്ര പ്ലെയിറ്റുകളാണ് വെ‌ക്കേണ്ടത്, എത്ര സ്‌പൂണുകളും സർവിംഗ് സ്‌പൂണുകളും വേണം. ഇതെല്ലാം ഗൃഹനാഥ അറിഞ്ഞിരിക്കണം. സർബത്തിനും ജ്യൂസിനുമുള്ള ഗ്ലാസുകൾക്കും കത്തിക്കും ഫോർക്കിനും ടേബിളിൽ ഇടം കണ്ടെത്തേണ്ടതുണ്ട്.

എന്തെല്ലാം വിഭവങ്ങളാണ് വിളമ്പുന്നത്, സൂപ്പ് ഉണ്ടോ ഇല്ലയോ എത്ര തരം ഡെസർട്ട്സ് തുടങ്ങി മോക്‌ക്ടെയിൽ വരെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിനനുസൃതമായി പാത്രങ്ങൾ നിരത്തണം.

ടേബിൾ ക്ലോത്ത്

നല്ല വൃത്തിയും വെടിപ്പുമുള്ള ടേബിൾ ക്ലോത്താണ് ഏറ്റവുമാദ്യം ഒരു തീൻ മേശയ്ക്ക് വേണ്ടത്. ടേബിൾ ക്ലോത്തിൽ അഴുക്കു പുരളാതിരിക്കാൻ അതിന് മീതെയായി ഒരു ഷീറ്റ് വിരിച്ചിടാം. എന്നാൽ ഫോർമൽ ഡിന്നറിനായി ഷീറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി വിരിപ്പിന് മുകളിലായി മനോഹരമായ തീം അനുസരിച്ചുള്ള നാല് ടേബിൾ മാറ്റ് വെയ്ക്കാം.

ഓരോ ടേബിൾ മാറ്റിന് പുറത്തായി നാല് ബേസ് ഫുൾ പ്ലെയിറ്റ് വെയ്ക്കാം. അതിന് മുകളിലായി വേണം സൂപ്പ് ബൗൾ വെയ്ക്കാൻ. ഇതിന് ഇടത് വശത്തായി ക്വാർട്ടർ പ്ലെയിറ്റ്. നോൺവെജ് വിഭവമുണ്ടെങ്കിൽ അതോടൊപ്പം കത്തിയും ഫോർക്കും വെയ്ക്കണം. അല്ലെങ്കിൽ കത്തിയും ഫോർക്കും സ്‌പൂണും വലതു വശത്ത് സ്റ്റൈലായി വയ്ക്കാം.

ഏറ്റവുമാദ്യം വലിയ സ്പൂണും അതിനടുത്തായി ടേബിൾ സ്‌പൂണും ആപ്പിറ്റൈസർ കത്തിയും വയ്ക്കാം. വലതുഭാഗത്തായി വെള്ളം കുടിക്കാനുള്ള ഗ്ലാസും. ഇപ്രകാരം ഇടതുഭാഗത്തായി ഫ്രൂട്ട് ഫോർക്ക് സൈസിലുള്ള കുത്തികളും വെയ്ക്കാം. ഓംലെറ്റ്, സോസേജ്, നോൺവെജ് ഡിഷ് എന്നിവ കഴിക്കാനാണ് ഈ ഫോർക്ക്. ബേസ് പ്ലെയിറ്റിൽ നേരെ മുമ്പിലായി സ്‌പൂൺ, സ്വീറ്റ് ഡിഷ്, കാർഡ്, സുഫ്ളെ, പായസം, ഹലുവ എന്നിവ കഴിക്കാനുള്ള ടീസ്‌പൂണും കരുതണം.

ഷാംപെയിൻ ഫ്ളൂട്ട്, വൈറ്റ് വൈൻ ഗ്ലാസ്, വാട്ടർ ഗോസലെറ്റ്, ആപ്പിറ്റൈസർ കത്തി, സൂപ്പ് സ്‌പൂൺ, സാലഡ് കുത്തി, ബട്ടർ നൈഫ്, ബട്ടർ പ്ലെയിറ്റ്, ബേസ് പ്ലെയിറ്റ്, സൂപ്പ് പ്ലെയിറ്റ്, സൂപ്പ് ബൗൾ ഡെസർട്ട് ഫോർക്ക്, സ്‌പൂൺ, നാപ്‌കിൻ ഹോൾഡർ എന്നിവയാണ് ഒരു സ്റ്റൈലൻ ബേസിക് ടേബിൾ സെറ്റിംഗിന് ആവശ്യം.

ബ്രേക്ക്ഫാസ്റ്റ് സർവിംഗ് ബൗൾ അഥവാ ഡിഷുകൾ മനോഹരമായി അണിനിരത്തുന്നതിലും ചില ചിട്ടവട്ടങ്ങളുണ്ട്. പാൽ എടുക്കാൻ സിൽവർ മെറ്റലിന്‍റെ ജഗ്ഗ് അല്ലെങ്കിൽ സെറാമിക്കിന്‍റെ അത്യാകർഷകമായ ഹാൻഡിലുകളുള്ളതും വയ്ക്കാം.

കോഫിക്കുള്ള കപ്പും മറ്റും പ്ലെയിറ്റിന് ഇടതുവശത്തായി വെയ്ക്കണം. പുഡ്‌ഡിംഗ് പോലുള്ള മെയിൻ ഡിഷ് ടേബിളിന് ഒത്തനടുവിൽ സെറാമിക്ക് ഡിഷിൽ വിളമ്പാം. പലയിനം വിഭവങ്ങളുണ്ടെങ്കിൽ ചെറിയ ചെറിയ ഹോൾഡറുകളിലായി പലഹാരങ്ങൾ നിരത്തിവെയ്ക്കാം.

സർവിംഗ് ‌സ്പൂൺ

വിഭവങ്ങൾ വിളമ്പിയെടുക്കാൻ സർവിംഗ് സ്‌പൂണും കരുതണം. ഇടിയപ്പം, ന്യൂഡിൽസ് പോലുള്ള വിഭവങ്ങൾ വിളമ്പാൻ സ്‌പൂണിനൊപ്പം ഫോർക്കും കരുതണം.

മോഡേൺലൂക്ക് നൽകുന്നതിനായി മനോഹരമായ കെയിൻ ബാസ്ക്‌കറ്റുകളിൽ ബ്രഡ്, സാൻഡ്‌വിച്ച്, ബർഗർ, ഡിന്നർ റോൾസ് എന്നിവ നല്ല ഭംഗിയായി അണിനിരത്താം. ബട്ടർ ചുരണ്ടിയെടുക്കുന്ന ബട്ടർ നൈഫ് ഉപയോഗശേഷം തിരികെ ബട്ടർ പ്ലെയിറ്റിൽ വെയ്ക്കാൻ മറക്കരുത്.

കത്തി വലതുകൈ കൊണ്ടും ഫോർക്ക് ഇടതു കൈകൊണ്ടും ഉപയോഗിക്കണം. ഓരോ വിഭവവും കഴിച്ചുകഴിഞ്ഞാൽ ആ പ്ലെയിറ്റ് മാറ്റിയശേഷം ബേസ് പ്ലെയിറ്റിൽ ഭക്ഷണം കഴിക്കുന്നത് തുടരാം. അതാണ് ശരിയായ തീൻമേശ മര്യാദ. ഡിന്നർ അവിസ്മരണീയമാക്കാൻ ഇത്രയും തന്നെ ധാരാളം.

और कहानियां पढ़ने के लिए क्लिक करें...