ഹിസ്റ്റോ മാഷ് എന്ന് ഇഷ്ടക്കാർ വിളിക്കുന്ന ചെറുപ്പം സ്ഫുരിക്കുന്ന കോമളനായ ഡേവിസ് സാറ് എല്ലാവർക്കും സ്വീകാര്യനാണ്. സാമാന്യം തടി, ഉയരം, കലാപരമായ മീശ ഇവയൊക്കെയാലും അദ്ദേഹം ശ്രദ്ധേയനാണ്. തമിഴ് ടീച്ചർ കമലത്തിന് സാറിനെ പെരുത്ത ഇഷ്ടമാണ്. അതേ പോലെ തന്നെ ഷേക്മിസ് എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ് ടീച്ചർ ഷാർലറ്റ് വളരെ ഇഷ്ടപ്പെടുന്നു. ഡേവിസ് മാഷിനാകട്ടെ അങ്ങനെ ഇന്നാരെന്നൊന്നുമില്ല. എല്ലാവരോടും സ്നേഹവും എപ്പോഴും ചിരിയുമാണ്. ഞങ്ങൾ ജാക്കികൾക്ക് വെറും ഒരു പാവത്താൻ ആണ് അദ്ദേഹം.

തമിഴ് ഒഴുക്കോടെ സംസാരിക്കും. പ്രസംഗിക്കും. അതിനാൽ മാഷ് മാനേജ്മെന്‍റിനും പ്രിയങ്കരനാണ്. ആരെയും ദുഷിച്ചു സംസാരിക്കില്ല. വഴക്കില്ല. അത്ര വല്യ ദുശീലങ്ങളുമില്ല. പൊതുവെ പറഞ്ഞാൽ ഒരു എലിജിബിൾ ബാച്ചിലർ ആണ് കക്ഷി. ഇതിനൊരപവാദം ചെറിയ ക്‌ളാസിലെ മോളി മിസ്സ്‌ ഇദ്ദേഹം ഒരു ചാഴിയാണെന്ന് ഒരിക്കൽ പറഞ്ഞു കേട്ടതാണ്. വേറൊരിക്കൽ ഡ്രൈവർ വേലു കീച്ചിയ ഒരു ഡയലോഗ് ഉണ്ട്. “സാർ, അവങ്കൾ പോത്തിനെ കാണിച്ച് മാടിനെ വെട്ടുന്നവർ. അതുക്ക് നമുക്കെന്ന സാർ” ഈ വക വിലയിരുത്തലുകൾ തളളിക്കളയാൻ മാത്രം ജാക്കികൾക്ക്‌ വിവരമില്ല.

ഡേവിസ് മാഷ് കമലത്തിനെയും ഷാർലറ്റിനെയും നിരാശപ്പെടുത്തുന്നില്ല. ഇടക്ക് അസാരം രഹസ്യസംഗമങ്ങളൊക്കെ നടക്കാറുണ്ടെന്നും മറ്റും ശ്രുതിയുണ്ട്. ജാക്കികളിലെ ഹിന്ദിവിദ്വാൻ ജോഷി മാഷാണ് എന്നേക്കാൾ കുറച്ചുകൂടെ പപ്പരാസി. മിസ്സുമാരെ ചുറ്റിപ്പറ്റിയുള്ള ഒരുവിധപ്പെട്ട അപവാദങ്ങളെല്ലാം പുള്ളി മണത്തറിയും. ഞങ്ങൾ തമ്മിൽ ഒരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ടെങ്കിൽ കൂടി ഞാൻ ബോർഡിംഗ് പിള്ളേരുടെ തുണിഅലക്കുന്ന ലീലയുമായി സന്ധ്യാനേരത്ത് ശ്രുംഗാരം കൂടുതലാണെന്ന് കക്ഷി അത്യാവശ്യം വെളിയിൽ എത്തിച്ചു. മറ്റൊന്ന് കൊച്ചുക്‌ളാസിലെ ചിഞ്ചുവിന്‍റെ അമ്മ എപ്പോഴും ജോഗ്രഫി സാറിന്‍റെ പിന്നാലെയുണ്ട് എന്നൊരു പ്രചരണം തുടങ്ങിവച്ചത് അങ്ങേര് തന്നെ. ഇതൊക്കെ ആണെങ്കിലും ഞങ്ങൾ സുഹൃത്തുക്കളായി വർത്തിക്കുന്നു. സീനിയർ അധ്യാപകർ ഞങ്ങൾക്ക് ജാക്കീസ് എന്ന വിളിപ്പേര് കനിഞ്ഞു തന്നിട്ട് കുറച്ചു വർഷങ്ങൾ ആയി.

അധ്യാപകരുടെ ഈ വക അല്ലറചില്ലറ സല്ലാപങ്ങളും വികൃതികളും ഹെഡ്മാസ്റ്റർ അടുപ്പക്കാരിലൂടെ അറിയുന്നുണ്ട്. അതിലും ഒരാൾ ജോഷി മാഷ് തന്നെ. ലെസ്സൺ പ്ലാൻ, സബ്സ്ടിട്യൂഷൻ, ഇന്‍റർവെൽ ഡ്യൂട്ടി, ടെർമിനേഷൻ എന്നീ ക്രിയകൾകൊണ്ട് അത്യാവശ്യം ഡിസിപ്ലിൻ നിലനിർത്തുന്നതിൽ എച്ച്.എം. ബദ്ധശ്രദ്ധനാണ്. വർഷാവർഷം പത്താം ക്ലാസ് വിജയം 100% അദ്ദേഹം ഉറപ്പാക്കുന്നു. എന്നാൽ ഈ കഥയിൽ അദ്ദേഹത്തിന് പറയത്തക്ക റോൾ ഒന്നുമില്ല. അതേപോലെ തന്നെയാണ് കുട്ടികളുടെ കാര്യവും. ഈ കഥയ്ക്കുള്ളിലേക്ക് വിദ്യാർത്ഥികളെ വലിച്ചിഴക്കുന്നില്ല.

അങ്ങനെ ഇരിക്കെ, ഒരു ചിങ്ങമാസത്തിൽ, കമലം മിസ്സിന്‍റെ വിവാഹ നിശ്ചയം നടന്നു. കുറച്ചു പേർ പങ്കെടുത്തു. സ്റ്റാഫ് റൂമിൽ മധുരം വിളമ്പിയത് ഷാർലറ്റ് മിസ് ആയിരുന്നു. ഷണ്മുഖം മാഷ്, വെങ്കി മാഷ്, ഡേവിസ് മാഷ്, ഗീതാ മിസ്സ്‌, ബോർഡിംഗ് മിസ്, ജാക്കീസ് അങ്ങനെ എല്ലാവർക്കും അത് സന്തോഷം നിറഞ്ഞ ദിനമായിരുന്നു.

“ഹിസ്‌റ്റോ മാഷേ, എന്‍റെ വീട്ടിലും ആലോചനക്കാർ വരുന്നുണ്ട്.” ഷേക്ക്‌മിസ് ഒന്ന് രണ്ടു തവണ പരിഭവം പറയുന്നത് കേട്ടവരുണ്ട്. അപ്പോഴൊക്കെ നല്ല സങ്കടം മുഖത്ത് വായിക്കാമായിരുന്നു എന്ന് ഇതേപ്പറ്റി സാക്ഷാൽ ജോഷി ജി പറഞ്ഞിട്ടുണ്ട്. ആ സമയങ്ങളിൽ ഡേവിസ് മാഷിന്‍റെ സ്വതസിദ്ധമായ ചിരി കണ്ടു പഠിക്കേണ്ടതാണ്. താമസിയാതെ അദ്ദേഹത്തിന് സർക്കാർ സ്കൂളിൽ സ്ഥിരം നിയമനം ലഭിക്കുകയാണ്. എന്നാൽ ഈ വിവരം അദ്ദേഹം വെളിയിൽ വിട്ടിട്ടില്ല. അന്നൊരു തിങ്കളാഴ്ച ഡേവിസ് മാഷിന്‍റെ ചെലവുണ്ടായിരുന്നു. തുടർന്ന് ജോഷി ജി വെടി ഉതിർത്തു. കാര്യം വെളിപ്പെടുത്തി.

സീനിയർ ടീച്ചർമാരെല്ലാം ഡേവിസ് മാഷിനെ അടുത്ത് ചെന്ന് അനുമോദിച്ചു. ഞാൻ ഷാർലറ്റ് മാഡത്തെ ശ്രദ്ധിക്കുകയായിരുന്നു. അക്കാലത്ത് തേപ്പ് എന്ന പ്രയോഗം പ്രചാരത്തിലില്ല. പാവം മിസ്, അവർ കണ്ണീർ പൊഴിക്കുന്നതാണ് കണ്ടത്. തൊട്ടടുത്ത ദിവസം ഡേവിസ് മാഷ് സ്ഥലം വിടുകയാണ്. ഷാർലറ്റ് സ്റ്റാഫ്‌ റൂമിൽ കുറെനേരം തല കുമ്പിട്ടിരുന്നു.

പാവം ഞങ്ങൾ ജാക്കികൾ എന്താ ചെയ്ക! ഞങ്ങൾ മിസ്സിനെ സമാധാനിപ്പിച്ചു. “നമുക്ക് ഒരു ലെറ്റർ ഇടാം മിസ്സ്‌ ” ജോഷി പറഞ്ഞു. ഷാർലറ്റ് അര സമ്മതം മൂളി.

“എന്‍റെ പ്രിയ ഹിസ്‌റ്റോ മാഷ്, സുഖമാണോ?” ഞാനാണ് കത്ത് തയ്യാറാക്കുന്നത്.

“സാർ, ഇത് കേൾക്കണം. എനിക്ക് അതിനുള്ള ഗട്സ് ഇല്ലായിരുന്നു. അങ്ങനെ പറയാനുള്ള ഗട്സ്. അതിനാലിപ്പോൾ ഞാനെഴുതുകയാണ്. ഹിസ്‌റ്റോ മാഷിനെ ഭയങ്കരമായി ഇഷ്ടമുണ്ട്. പറയാൻ അന്ന് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. നമ്മുടെ വിവാഹം സമ്മതിക്കണം. അല്ലെങ്കിൽ… എനിക്ക് താങ്ങാൻ കഴിയില്ല മാഷേ. നമുക്ക് ഒരുമിച്ചൊരു ജീവിതം ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട മാഷ്, സമ്മതിച്ചു എന്നുള്ള മറുപടി പ്രതീക്ഷിക്കുന്നു.”

ഒരാഴ്ച കഴിഞ്ഞു മറുപടി വന്നിരിക്കുന്നു. വിഷമത്തിലായിരുന്ന ഷാർലറ്റ് മിസ്സിനരികിൽ ചെന്ന് ഒരുപാട് നിർബന്ധിച്ചപ്പോൾ കാണിച്ചതാണ്.

“പ്രിയ ഷാർലറ്റ്,

മിസ്സിന്‍റെ കത്ത് വായിച്ച് എനിക്കാകെ മനോവ്യഥയായി… നോക്കു, ഷേക്ക്‌ മിസ്, നമുക്ക് എന്നെന്നത്തേക്കും ഇഷ്ടത്തോടെ കഴിയാം. എനിക്ക് വിവാഹം ഒന്നും ഉടനെ പറഞ്ഞിട്ടില്ല. ദയവായി മനസിലാക്കൂ… ഉടനെങ്ങും ചിന്തിക്കാൻ കൂടി പറ്റില്ല. അങ്ങനെയാണെന്‍റെ അവസ്ഥ. ധൈര്യമായിരുന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകു… ലവ് യു.. മിസ്സ്‌ യൂ!” ഇങ്ങനെ ആയിരുന്നു കത്തിന്‍റെ പോക്ക്.

സ്റ്റാഫ് റൂമിൽ വീണ്ടും ശാന്തമായ ദിനങ്ങൾകടന്നു പോയി.

ഒരു മാസം കഴിഞ്ഞില്ല. ജോഷി മാഷ് കുറച്ചു കുറിയുമായി ആണ് എത്തിയിരിക്കുന്നത്.

“ആദ്യം ഗീത മിസിനിരിക്കട്ടെ!” ടീച്ചർമാർക്കെല്ലാം ജിജ്ഞാസയായി.

“ഹിസ്‌റ്റോ മാഷിന്‍റെ കല്യാണമോ!” ഗീതാ മിസ് ആശ്ചര്യപ്പെട്ടു. സ്റ്റാഫ് റൂം ഒന്നാകെ ഇളകിവശായി.

കുറച്ചു കഴിഞ്ഞു കണ്ണുകൾ കലങ്ങിയാണ് ഷാർലറ്റ് എത്തിയത്. അവർ കൈയിൽ ഇരുന്ന പുസ്തകം ടേബിളിലേക്ക് നീട്ടി എറിഞ്ഞു. മുഖം കുനിച്ചു തലകുമ്പിട്ടിരുന്നു. ജാക്കീസ് പതിവു പോലെ അടുത്ത് കൂടി.

“മിസ്സ്‌, ഷേക്ക്‌ മിസ്! ” ജോഷിയുടെ മൃദുവായ വിളി വന്നാൽ കേൾക്കാത്തവരില്ല. അവർ തല ഉയർത്തി. “വരൂ നമ്മൾക്ക് അപ്പുറത്തെ റൂമിലേക്ക് പോവാം.” ജയയും നിർബന്ധിച്ചു. അവർ പതിയെ എഴുന്നേറ്റു. “ടീച്ചർ ഇങ്ങനെ വിഷമിക്കാതെ. നമക്കെന്ത് ചെയ്യാനാവും. സമാധാനം കിട്ടാൻ പ്രാർഥിക്കാം. ഹായ്, കമോൺ ടീച്ചർ എന്തെങ്കിലുമൊന്നു പറയൂ.”

കുറച്ചു നേരത്തേക്ക് നിശബ്ദത. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“മാഷേ നമുക്ക് ഒരു കത്തൂടെ എഴുതാം,” ഷാർലറ്റ് തന്നെ ആണ് പറഞ്ഞത്.

“യ്യോ, അതു വേണോ. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞതല്ലേ,” ജയ പേടിച്ചു.

“വേണം. ഞാൻ പറഞ്ഞു തരാം. ജോഗ്രഫി മാഷ് ഒന്നെഴുതിയാൽ മതി,” അവർ കണ്ണീർ തുടച്ചു.

ഞങ്ങൾ വഴങ്ങി.

“പ്രിയ ഹിസ്‌റ്റോ മാഷ്,

എന്‍റെ നില തെറ്റുന്നു. എനിക്കിനി ജീവിക്കണ്ട… എന്‍റെ മാർഗം തീരുമാനിച്ചു കഴിഞ്ഞു. അത് അങ്ങ് കുഴിമാടത്തിലേക്ക്‌ തന്നെ. മാഷ് പറ്റുമെങ്കിൽ എന്നെ ഒന്ന് വന്നു കണ്ടിട്ട് പോകണം.

അന്നത് ഞാൻ ചെയ്യുക തന്നെ ചെയ്യും. എനിക്ക് അങ്ങനെ പറയാൻ ഇപ്പോൾ ധൈര്യം വരുന്നുണ്ട്, സത്യം. അവസാനമായി പറയുന്നു, ഡേവിസ് മാഷ്, ഞാൻ പോകട്ടെ!

ഷാർലറ്റ് ”

എഴുതിയ പേപ്പർ അവർ വാങ്ങി ചുംബിച്ചു. “ഇന്ന് തന്നെ അയയ്ക്കട്ടെ!” അവർ കത്തുമായി ധൃതിയിൽ പുറത്തേക്ക് പോയി. അവരുടെ മുഖഭാവം ഞങ്ങളെ അങ്കലാപ്പിലാക്കി. മിസ് അവിവേകം ഒന്ന് കാട്ടരുതേ!

ആ കത്തിന് മറുപടി വന്നതായി അറിവില്ല. ഏതായാലും ജോഷി ജി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഡേവിസ് ഇതിനകം കക്ഷിയോട് ബന്ധപ്പെട്ടിട്ടുണ്ടോ ആവോ! ഞങ്ങൾ കുറച്ചു പേർ ഹിസ്‌റ്റോ മാഷിന്‍റെ കല്യാണം കൂടി. “സാർ പെണ്ണ് സുന്ദരിക്കുട്ടി,” സോമി മിസ്സ്‌ പറഞ്ഞു. “ഹിസ്‌റ്റോ മാഷ്, ബെസ്റ്റ് ചോയിസ്,” കാതറിൻ കൂട്ടിച്ചേർത്തു. “ഉഗ്രൻ പാർട്ടി, സാർ” ജോഷി ജി അഭിപ്രായപ്പെട്ടു. എച്ച്.എം. ഭാര്യയെയും കൂട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. വീണ്ടും കണ്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷം.

സ്കൂളിൽ തുടർന്നുള്ള വർഷങ്ങളിലും പലരുടെയും കല്യാണം നടന്നു. പലരും പാർട്ടികൾ നടത്തി പുതിയ ജോലി സ്ഥലങ്ങളിലേക്ക് പോയി. ഇപ്പോൾ പലരും തമ്മിൽ കാര്യമായ ബന്ധം ഒന്നുമില്ല. മൊബൈൽ കാലത്തിനും മുമ്പേ നടന്നിട്ടുള്ള കാര്യങ്ങളാണെ!

ജാക്കീസ് പല ദേശങ്ങളിൽ മര്യാദക്കാരായി കഴിയുന്നു. ബാക്കിയുള്ളവരും സന്തുഷ്ടരായി കഴിയുന്നുണ്ടാവും എന്ന് കരുതുന്നു.

और कहानियां पढ़ने के लिए क्लिक करें...