ഓരോ യാത്രയും പുതിയ അറിവുകൾ പകരുമെന്നതിനാൽ മിക്കവാറും എല്ലാ അവധിക്കാലവും ഞാൻ കുടുംബാംഗങ്ങളുമൊത്ത് വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയാണ് പതിവ്. ഇത്തവണ യൂറോപ്യൻ പര്യടനം നടത്താനുള്ള അവസരമാണ് ഒത്തു വന്നത്. റോം നഗരത്തിൽ നിന്നും യാത്ര തിരിച്ച് ലോകത്തിലെ ഏറ്റവും ചെറിയ നഗരമായ വത്തിക്കാൻ സിറ്റി, പീസാ, ഫ്ളോറൻസ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്‍റ്, ജർമ്മനി എന്നീ മനോഹര നഗരങ്ങൾ ചുറ്റി ഫ്രാൻസിന്‍റെ തലസ്‌ഥാനമായ പാരീസിലെത്തി. ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽ വന്നിറങ്ങി. പ്രൗഢമനോഹരമായ കൂറ്റൻ കെട്ടിടം, വിമാനത്താവളം ഇത്രയും വൃത്തിയുള്ളതും അലംകൃതവുമാണെങ്കിൽ നഗരം എത്ര സുന്ദരമായിരിക്കും!

പാക്കേജ് ടൂർ യാത്രയായിരുന്നു ഞങ്ങളുടേത്. ഫോർ സ്‌റ്റാർ ഹോട്ടലിലാണ് താമസസൗകര്യം. ഓട്ടോമാറ്റിക് കവാടങ്ങളുള്ള അത്യാധുനിക ഹോട്ടൽ. അതിഥികളെ സ്വീകരിക്കാൻ ഹോട്ടൽ കവാടത്തിൽ ആരുമില്ല! എല്ലാം മെഷീൻ സഹായത്തോടെ സ്വയം ചെയ്യേണ്ടിയിരുന്നു. ഇവിടെ ജീവനക്കാർ കുറവായിരുന്നെങ്കിലും ഹോട്ടൽ അറേഞ്ച്മെന്‍റ്സിലും മാനേജ്മെന്‍റിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ദൃശ്യമായിരുന്നില്ല.

ആദ്യ ദിവസം ബസിലിരുന്ന് നഗരം ചുറ്റിക്കാണാൻ തീരുമാനിച്ചു. ഏകദേശം 60-65 വയസ്സു പ്രായമുള്ള പ്രൗഢയായ സ്ത്രീയായിരുന്നു ടൂറിസ്‌റ്റ് ഗൈഡ്. ഈ പ്രായത്തിലും നല്ല ചുറുചുറുക്ക്. അവർക്ക് അല്പസ്വല്പം ഹിന്ദിയും അറിയാം. അവർ മൈക്കിലൂടെ ഇംഗ്ലീഷ് ഭാഷയിൽ നഗരത്തിലെ പ്രമുഖ സ്‌ഥലങ്ങളെക്കുറിച്ചുള്ള വിവരം നൽകിക്കൊണ്ടിരുന്നു. ഗ്രാന്‍റ് ലുവേറ വഴി നോട്ടർഡേം കത്തീഡ്രൽ, കൺഷ്യേർജറി, ഈഫൽ ടവർ, ഓപ്പെറാ ഹൗസ് ഇവ സന്ദർശിച്ചു. 2000 വർഷത്തോളം പഴക്കമുള്ള പാരീസ് നഗരത്തിന്‍റെ ചരിത്ര പ്രാധാന്യവും അവർ പറഞ്ഞുതന്നു. ക്രിസ്തുവിന് 300 വർഷങ്ങൾക്കു മുമ്പ് (Parisii) പരീസി ഗോത്രവർഗ്ഗക്കാരായിരുന്നു ലുട്ടേഷ്യയിൽ താമസിച്ചിരുന്നത്. സീസർ ഈ നഗരമാക്രമിച്ച് അഗ്നിക്കിരയാക്കുകയും പിന്നീട് റോമൻ മാതൃകയിൽ പുതിയൊരു നഗരം പടുത്തുയർത്തുകയും ചെയ്തു‌. സെയിൻ നദീതീരത്തായി റോഡു കളും സൗധങ്ങളും പണിതീർത്തു. അങ്ങനെ പുതിയൊരു പാരീസ് ഉടലെടുത്തു. അത്യാധുനിക നഗരമെന്നുതന്നെ പാരീസിനെ വിശേഷിപ്പിക്കാം. ‘യൂറോ’ ആണ് ഇവി ടത്തെ നാണയം. ജൂൺ മാസത്തിലായിരുന്നു യാത്ര, ആ സമയം വേനലായിരുന്നുവെങ്കിലും വെയിലിന് തീക്ഷ്‌ണത കുറവായതിനാൽ സന്ദർശകരും മറ്റും ഇളംവെയിലേറ്റു നടക്കുന്ന കാഴ്ച കാണാമായിരുന്നു. റെസ്‌റ്റോറന്‍റനു പുറത്തുള്ള പുൽമൈതാനത്തിലും പാർക്കിലുമൊക്കെയായി ധാരാളം സന്ദർശകർ. ഫ്രഞ്ച് ഭാഷയിൽ റെസ്റ്റോറന്‍റന് ‘പിസ്ത്രോ’ എന്നാണ് പറയുന്നത്. വൈകുന്നേരം 6 മണിയാവുന്നതോടെ ഓഫീസുകളുടെയും കടകളുടെയും പ്രവർത്തന സമയം കഴിയും. ഇവിടത്തെ ഏറ്റവും വിലയേറിയ റെ‌സ്റ്റോറന്‍റ് ഓപ്പെറാ ഹൗസ് ആണ്. ലോകപ്രശസ്ത മായ കാർട്ടിയർ, റോളെക്‌സ്, അർമാനി, വർസോച്ചെ, ഷോസ്ലിസെ എന്നിവയുടെ പ്രമുഖ ഷോറുമുകളും സന്ദർശിച്ചു. സുഗന്ധദ്രവ്യങ്ങൾക്ക് പേരുകേട്ട നാടാണ് പാരീസ്. ഫാഷന്‍റെ ഈറ്റില്ലവും ഇവിടം തന്നെ.

പ്രമുഖ ടൂറിസ്‌റ്റ് സ്ഥ‌ലങ്ങൾ

ഗ്രാന്‍റ് ലെവിസ്

ഇതാദ്യം രാജകൊട്ടാരമായിരുന്നു. പിന്നീട് മ്യൂസിയമാക്കി. 14കി. മീറ്ററോളം നീളമുള്ള ഇടുങ്ങിയ പാതയുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. ലോകപ്രശസ്‌ത കൃതികളായ മോണാലിസ, വീനസ്, വിക്ടറി ഓഫ് സെമൊത്തെറെസ് എന്നിവ ഇവിടത്തെ മുഖ്യ ആകർഷണമാണ്. നീണ്ട മൂന്നുനിരകളിലായി ഈജിപ്ഷ്യൻ, ഗ്രീക്ക്, റോമൻ കലാകൃതികളുടെ ഉത്കൃഷ്ട രചനകളും സൂക്ഷിച്ചിട്ടുണ്ട്. ഈ മ്യൂസിയം മുഴുവനും ചുറ്റിക്കാണാൻ ഒരു ദിവസം മതിയാവുകയില്ല.

ഈഫൽ ടവർ

സപ്താദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്‍റെ ഉയരം 321 മീറ്ററോളം വരും. താഴെനിന്ന് നോക്കുമ്പോൾ മുകളിലെത്തിച്ചേരാൻ ഒരു മാർഗ്ഗവുമില്ലെന്നെ തോന്നുകയുള്ളൂ. എന്നാൽ മുകളിലെത്തുന്നതിന് ലിഫ്റ്റുണ്ടെന്ന് അടുത്തെത്തുമ്പോൾ മനസ്സിലാകും. ഒന്നാം നിലയിൽ വലിയൊരു റെസ്‌റ്റോറന്‍റ് തന്നെയുണ്ട്. രണ്ടാം നിലയിൽ കഫേ, മൂന്നാം നിലയിൽ നിന്നു നോക്കിയാൽ പാരീസ് നഗരത്തിന്‍റെ മനോഹരമായ ദൃശ്യമാസ്വദിക്കാം.

രാത്രി കൃത്യം 9 മണി മുതൽ വെറും 6 മിനിറ്റുനേരത്തേയ്ക്ക് ഈഫൽ ടവർ നിയോൺ ലൈറ്റുകളുടെ പ്രകാശത്തിൽ മിന്നിത്തിളങ്ങും. ഈഫൽ ടവർ നിലാവിൽ കുളിച്ചു നിൽക്കുന്ന അവിസ്‌മരണീയമായ കാഴ്ചയും കാണാം.

സെയിൻ നദി

പാരീസ് നഗരത്തെ ചുറ്റി വളഞ്ഞു പുളഞ്ഞൊഴുകുന്ന മനോഹരമായ നദിയാണിത്. ഇതിനു കുറുകെ 36 പാലങ്ങളുണ്ട്. ഏറെ ജനത്തിരക്കുള്ള പ്രദേശമാണിത്. ഇതിൽ പോൺട് നോഫിലാണ് ഏറ്റവും തിരക്ക്. ഒരു സായംകാലം മനോഹരമായ സെയിൻ നദിയി ലൂടെ ബോട്ട് സവാരി നടത്തുവാൻ ഞങ്ങൾക്കവസരം കിട്ടി.

ഡിസ്‌നി ലാന്‍റ് റിസോർട്ട്

ഒരു ദിവസം മുഴുവനും ഡിസ്നി ലാന്‍റിൽ ചെലവഴിച്ചു. ഈ റിസോർട്ടിൽ മാനം മുട്ടുന്നത്ര ഉയരത്തിൽ നീങ്ങുന്ന വലിയ ഇലക്ട്രിക് ഊഞ്ഞാലുകളുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകം വിനോദോപാധികളും. ഒരു ചെറിയ തീവണ്ടിയിൽ യാത്ര ചെയ്ത് റിസോർട്ട് മുഴുവനും ചുറ്റിക്കാണുവാനുള്ള സൗകര്യവുമുണ്ട്. ഇവിടെ ധാരാളം കടകളും റെസ്റ്റോറന്‍റുകളും കാണാം. ബോക്സ്, പെൻസിൽ, റബർ, ഡിസ്ന‌ി കഥാപാത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയ പുസ്‌തകങ്ങൾ, വലിയ വലിയ കളിപ്പാട്ടങ്ങൾ, കുടകൾ, വാട്ടർ ബോട്ടിൽ എന്നു വേണ്ട സ്കൂ‌ൾ കുട്ടികൾക്കു വേണ്ടതെല്ലാം ഇവിടെകിട്ടും.

ഡിസ്‌നിയിലെ മറ്റൊരു ആകർഷക ഇനമാണ് ഡിസ്‌നി പരേഡ്. റിസോർട്ടിന്‍റെ പ്രമുഖ വീഥിയിലാണ് പരേഡ് നടക്കുന്നത്. റിസോർട്ടിലെ ജോലിക്കാരെല്ലാം ഈ പരേഡിൽ പങ്കെടുക്കും. ഡിസ്‌നി കഥാപാത്രങ്ങളുടെ വർണ്ണവൈവിധ്യമാർന്ന വസ്ത്രങ്ങളണിഞ്ഞ് അവർ ഡിസ്ന‌ി ചരിത്രത്തിന്‍റെ തന്നെ ഭാഗമായിത്തീരും. യുവജനങ്ങൾ മനോഹരമായ ഉടയാടകളണിഞ്ഞും നൃത്തം ചെയ്‌തും ഈ പ്രകടനത്തിനു കൊഴുപ്പേകും.

ലീഡോ ഷോ

ലീഡോ ഷോ കണ്ടിട്ടില്ലെങ്കിൽ പാരീസ് യാത്ര അപൂർണ്ണമെന്നു തന്നെ പറയാം. ഇവിടത്തെ കാബറെ നൃത്തം പ്രശസ്തമാണ്. വർഷങ്ങൾക്കു മുമ്പ് ലീഡോ ഷോ കാണണമെങ്കിൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കണമായിരുന്നു. കൊച്ചു കുട്ടികൾക്ക് പ്രവേശനവും നിഷിദ്ധമായിരുന്നു. ഇപ്പോൾ വിലക്കുകൾക്ക് അയവു വന്നിട്ടുണ്ട്.

ലീഡോ ഷോ കാണുന്നതിന് നീണ്ട ക്യൂവിൽ നിന്ന് വലിയ തുക മുടക്കി ഞങ്ങളും ടിക്കറ്റ് വാങ്ങി. വലിയൊരു ഹാളിലായിരുന്നു പരിപാടി. സ്‌റ്റേജിനു ചുറ്റുമായിട്ടാണ് അവിടെ സീറ്റ് അറേഞ്ച് ചെയ്തിരുന്നത്. കണ്ണഞ്ചിക്കുന്ന ഹാളിലാകമാനം മിന്നിത്തിളങ്ങിനിന്ന അലങ്കാര വിളക്കുകൾ ഓരോന്നായി അണഞ്ഞു. സ്‌റ്റേജിലെ കർട്ടൻ നീങ്ങി. സംഗീത മാധുര്യത്തിനൊപ്പം ഭംഗിയുള്ള വസ്ത്രങ്ങളണിഞ്ഞ നർത്തകർ കാണികളുടെ മനംകവർന്നു. അർദ്ധനഗ്നരായ ആൺകുട്ടികളും പെൺകുട്ടികളുമായിരുന്നു നൃത്തസംഘത്തിൽ. ബാലേ ടൈപ്പായിരുന്നു പരിപാടി. നിമിഷനേരത്തിനകം ദൃശ്യങ്ങൾ മാറി മറയും. വീടിന്‍റെ പശ്ചാത്തലം, ഗോവണി പടിയിൽ നൃത്തം ചെയ്യുന്ന കലാകാരന്മാർ. ചിത്രശലഭങ്ങൾ കണക്കെ ഇടയ്ക്ക് പെൺകുട്ടികൾ പറന്നെത്തും. ആൺകുട്ടികൾ വണ്ടുകൾ പോലെ അവർക്ക് ചുറ്റും നൃത്തം ചെയ്യും. ഇടയ്ക്ക് സ്റ്റേജിൽ ജലധാര പ്രത്യക്ഷപ്പെടും. അല്പ‌നേരം കഴിയുമ്പോൾ സ്‌റ്റേജിന്‍റെ ഉയരം കൂടും. പിന്നെ സ്‌റ്റേജ് താഴ്ന്നുപോകും.

ഞങ്ങൾ കലാപരിപാടികളിൽ ലയിച്ചിരുന്നു. വിമാനത്തിൽ പറന്നെത്തിയ യുവതരുണി സർക്കസ്സിലെന്നപോലെ ഒരു ചരടിൽ തൂങ്ങി ഏയ്റൊബിക് ചെയ്യുന്നതുകണ്ട് ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങി വീഥിയിലൂടെ നടന്നപ്പോൾ നേരം വെളുത്തോ എന്നുതോന്നിപ്പോയി. ചുറ്റും നല്ല വെളിച്ചമുണ്ടായിരുന്നു. ഉറക്കമില്ലാത്ത നഗരമാണ് പാരീസ് എന്ന് പറയുന്നതെത്ര വാസ്ത‌വം…

और कहानियां पढ़ने के लिए क्लिक करें...