തെന്നിന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നായിക നടിയാണ് അഞ്‌ജലി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അഞ്ജലി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇരട്ട എന്ന സിനിമയിലൂടെ മലയാളത്തിലും അഞ്ജലി ശ്രദ്ധ നേടിയിരുന്നു. ആന്ധ്രാ സ്വദേശി ആയ അഞ്ജലി 2008 ലാണ്  സിനിമ കരിയർ ആരംഭിച്ചത്. അത് ഒരു തെലുങ്ക് പടത്തിലൂടെ ആയിരുന്നു. പിന്നീട് അവർ തമിഴിൽ സജീവമായി. തമിഴിൽ അഭിനയിച്ച ആദ്യചിത്രം അഞ്ജലിയ്ക്ക് നല്ലൊരു ബ്രേക്ക് നൽകി. പിന്നീട് അങ്ങോട്ട് തമിഴിൽ നിന്നും നിരവധി അവസരങ്ങളാണ് അവരെ തേടിയെത്തിയത്.

സീതമ്മ വക്കീഞ്ഞോ സിരിമല്ലേ ചേട്ട്, യാത്ര, നിശബ്ദ്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ നായികയായി ഉയർന്നുവന്ന അഞ്ജലി അടുത്തിടെ ഗീതാഞ്ജലി മല്ലി വചിണ്ടി എന്ന ചിത്രത്തിലൂടെ തന്‍റെ കരിയറിലെ അൻപതാം  ചിത്രം പൂർത്തിയാക്കി. ഗൃഹശോഭയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഞ്ജ‌ലി തന്‍റെ കരിയർ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ 50 ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞപ്പോൾ എന്തു തോന്നുന്നു?

ഗീതാഞ്ജലി മല്ലി വചിണ്ടി (ഗീതാഞ്ജലി റിട്ടേൺസ്) എന്ന തെലുങ്ക് ചിത്രം 50-ാമത്തെ ചിത്രം ആയതിൽ സന്തോഷമുണ്ട്. സത്യത്തിൽ ഞാൻ ഈ യാത്ര ഏറെ ആസ്വദിക്കുന്നു. മാത്രവുമല്ല ഇതൊരു ഉത്തരവാദിത്തമായി കരുതുന്നു.

ഏതുതരം സിനിമകൾ ചെയ്യാനാണ് ഇഷ്‌ടപ്പെടുന്നത്?

അങ്ങനെ വേർതിരിച്ചിട്ടില്ല. ഏത് വിഭാഗമാണ് ഇഷ്‌ടപ്പെടുന്നതെന്ന് പറയാൻ പ്രയാസമാണ്. സത്യം പറഞ്ഞാൽ എനിക്ക് സിനിമകളോട് ഭ്രാന്താണ്. അതിനാൽ ആഗ്രഹിക്കുന്ന ഏത് ജോണറിലുമുള്ള സിനിമ ചെയ്യാനും ഞാൻ തയ്യാറാണ്. നല്ല കഥകൾ കിട്ടിയാൽ ഇനിയും ഇതുപോലെ ചെയ്യും. എനിക്ക് ചെയ്യാൻ കഴിയുന്ന സിനിമകളാണ് ഇതുവരെ ചെയ്ത‌ിരുന്നത്. ഭാഷ എനിക്ക് തടസ്സമേയല്ല.

നിങ്ങളുടെ എല്ലാ പുതിയ സിനിമകളും (മലയാളത്തിലൊഴിച്ച്) ‘ജി’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് അല്ലേ?

“ജി” എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചില സിനിമകൾ ഞാൻ ചെയ്‌തിട്ടുണ്ട്. അതിൽ ആദ്യത്തേത് ഗീതാഞ്ജലി. ആ ചിത്രം ഹിറ്റായി. കൂടാതെ ഗെയിം ചേഞ്ചർ, ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്നീ സിനിമകൾ. എന്നാൽ ഈ മൂന്ന് സിനിമകളും മൂന്ന് സ്വഭാവമുള്ളവയാണ്. എല്ലാത്തിനും മുമ്പേ ഞങ്ങൾ ഗെയിം ചേഞ്ചർ എന്ന സിനിമ തുടങ്ങിയിരിന്നു. പക്ഷേ, വൈകിയാണ് ഇറങ്ങിയത്. ഗാങ്‌സ് ഓഫ് ഗോദാവരി എന്ന ചിത്രത്തേക്കാൾ വൈകിയാണ് ‘ഗീതാഞ്ജലി മല്ലി വചിണ്ടി” എന്ന സിനിമ തുടങ്ങിയത്.

ഫിറ്റ്നസിന്‍റെ കാര്യത്തിൽ എന്ത്‌ മുൻകരുതലുകളാണ് സ്വീകരിക്കുന്നത്?

ഞാൻ സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. ഏതെങ്കിലും സിനിമയുടെ ചിത്രീകരണം തുടങ്ങിയാൽ കൂടുതൽ വർക്കൗട്ട് ചെയ്യും. ഫിറ്റ്നസ്സ് കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്താറില്ല. എന്‍റെ ഓരോ ചിത്രത്തിന് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്യാറുണ്ട്. സ്ക്രീനിൽ എന്നെ കാണുന്നവർ എന്നിൽ ഉണ്ടാകുന്ന ശാരീരിക മാറ്റത്തെക്കുറിച്ച് പറയാറുണ്ട്.

ഗോസിപ്പുകളെ എങ്ങനെയാണ് സമീപിക്കുന്നത്?

കൂടെ അഭിനയിച്ച നായകന്മാരെ ചേർത്ത് എന്നെപ്പറ്റി ധാരാളം ഗോസിപ്പുകൾ വരാറുണ്ട്. ഒരുപക്ഷേ ഒരേ നായകനൊപ്പം രണ്ടോ മൂന്നോ സിനിമകൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചത് കൊണ്ടാകാം അത്തരം ഗോസിപ്പുകൾ വരുന്നതെന്ന് തോന്നുന്നു. അവരെല്ലാം  പ്രൊഫഷണലുകളാണ്. വ്യക്തിപരമായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.

വിവാഹം ഉടനെ ഉണ്ടാകുമോ?

ഇപ്പോൾ മൂന്ന് തെലുങ്ക് ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഞാൻ. തമിഴിൽ പല നല്ല പ്രെജക്‌ടുകളും വരുന്നുണ്ട്. ഇപ്പോൾ തിരക്കിൽ ആയതിനാൽ തൽക്കാലം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ല.

और कहानियां पढ़ने के लिए क्लिक करें...