ഹെയർ സ്റ്റൈൽ മാറുമ്പോൾ ആളെത്തന്നെ തരിച്ചറിയാൻ പറ്റാത്ത മാറ്റം. അതാണ് നല്ല ഹെയർ സ്റ്റൈലിന്‍റെ മാജിക്. ഹെയർ സ്റ്റൈൽ മാറുമ്പോൾ മുഖത്തിന്‍റെ ലുക്ക് തന്നെ മാറുന്നു. പരിചയക്കാരെപ്പോലും ഞെട്ടിക്കാൻ ഇനി നിങ്ങൾക്കുമാകാം ഒരു കിടിലൻ ഹെയർ സ്റ്റൈൽ.

മുടിയുടെ ഘടനയും സ്വഭാവവും

പുതിയ ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കുമ്പോൾ പുതിയ ട്രെൻഡിനാണ് പലരും മുൻതൂക്കം നൽകുന്നത്. ഇത് പാടില്ല. നിലവിലുള്ള ഫാഷൻ നിങ്ങൾക്ക് ഇണങ്ങുന്നതാകണമെന്ന് നിർബന്ധമില്ലല്ലോ. ഹെയർ സ്റ്റൈലിംഗ് ചെയ്യുമ്പോൾ മുടിയുടെ ഘടനയും സ്വഭാവവും ശ്രദ്ധിക്കുക തന്നെവേണം. മുടി നേർത്തതാണെങ്കിൽ അതിൽ ബൗൺസ് കൊണ്ടുവരാനായി ഹെയർ കട്ട് ചെയ്യുന്നതായിരിക്കും ഭംഗി.

ഇടതൂർന്ന ചുരുണ്ട മുടിയ്ക്ക് ഫ്ളാറ്റ് ലുക്ക് പകരുന്ന ഹെയർ സ്റ്റൈലാണ് യോജിക്കുക. തങ്ങൾക്കിണങ്ങുന്ന ഹെയർ സ്റ്റൈൽ ഏതെന്ന് കണ്ടുപിടിക്കാൻ കലാബോധവും യുക്തിയും പ്രയോഗിച്ചാൽ മാത്രം മതി.

വട്ടമുഖം

പെർഫക്ട് ഷെയ്പിൽ അല്ലെങ്കിൽ ഓവൽ ഷെയ്പിലുള്ള മുഖം ചുരുക്കം ചിലർക്കേ ഉണ്ടാകൂ. വട്ടമുഖം നീണ്ടതായി തോന്നിപ്പിക്കാനുള്ള ഹെയർ സ്റ്റൈലാണ് സ്വീകരിക്കേണ്ടത്. ഇത്തരം മുഖത്തിന് സെന്‍റർ പാർട്ടിനൊപ്പം സ്ട്രെയിറ്റ് സ്റ്റൈലാണ് യോജിക്കുക. ചെവിയ്ക്കരികിലായി മുഖം വലുപ്പമുള്ളതായി തോന്നിപ്പിക്കുന്ന ഹെയർ സ്റ്റൈൽ വട്ടമുഖത്തിന് ഒട്ടും യോജിക്കില്ല. ഇത്തരം മുഖങ്ങളിൽ മുടിച്ചുരുൾ നെറ്റിയിൽ ഇടാതിരിക്കുന്നതാണ് നല്ലത്. തോളറ്റം വരെ നീണ്ട് കിടക്കുന്ന മുടി വട്ടമുഖത്തെ ആകർഷകമാക്കും.

ചതുര മുഖം

മുഖത്തെ അൽപം മറച്ച് മുടിച്ചുരുൾ വീണ് കിടക്കുന്നത് ചതുരമുഖത്തെ ആകർഷകമാക്കും. ചതുരമുഖമുള്ളവർ ഒരിക്കലും മുടി പിന്നിൽ കെട്ടുകയോ പൊക്കി കെട്ടുകയോ അരുത്. മുഖത്തിന്‍റെ ചതുരാകൃതിയെ ഇത് എടുത്ത് കാട്ടും. മുടി സൈഡ് പാർട്ടിംഗ് ചെയ്ത് കവിൾ അൽപം മറച്ചിടുന്ന രീതി അവലംബിക്കാം. താടിയെല്ല് വരെ മുടി ചുരുട്ടി ചിതറിയിടുന്നതും ചതുരമുഖത്തിന് സോഫ്റ്റ് ലുക്ക് പകരും.

നീണ്ട മുഖം

നെറ്റിയിൽ ചിതറിക്കിടക്കുന്ന ഫ്രഞ്ച് കട്ട് ഹെയർ സ്റ്റൈലാണ് നീണ്ട മുഖത്തെ സുന്ദരമാക്കുന്നത്. നീണ്ട മുഖമുള്ളവർ മുടി സ്ട്രെയിറ്റായി ഇടാതിരിക്കുന്നതാണ് നല്ലത്. മുഖം കൂടുതൽ നീളമുള്ളതായി തോന്നിപ്പിക്കും. വശങ്ങളിൽ മാത്രം നീണ്ടതായി തോന്നിപ്പിക്കുന്ന ഹെയർ സ്റ്റൈലും ഇത്തരം മുഖങ്ങൾക്ക് ഇണങ്ങും. നീണ്ട മുഖമുള്ളവർ മുടി ട്രിം ചെയ്ത് ഷോർട്ടാക്കിയിടുന്നതാണ് ഉചിതം.

നീണ്ട് മെലിഞ്ഞ മുഖം

മുടി ഷോർട്ടാക്കി ഇടുന്നതാണ് നീണ്ട് മെലിഞ്ഞ മുഖമുള്ള ഉയരം കുറഞ്ഞ സ്ത്രീകൾക്ക് ഇണങ്ങുക. നല്ല പൊക്കവും വണ്ണവുമുള്ള സ്ത്രീകൾക്ക് തോളറ്റം വരെ മുടി സ്റ്റെപ്പുകളായി കിടക്കുന്നതാണ് കൂടുതൽ ഭംഗി. ഉയരം കുറഞ്ഞ് വണ്ണമുള്ളവർക്ക് താടിയെല്ല് വരെ മുടി ഭംഗിയായി ലെവൽ ചെയ്തിടാം. കഴുത്തിന് നിളം തോന്നിപ്പിക്കാൻ ഈ ഹെയർ സ്റ്റൈൽ നല്ലതാണ്. സ്വന്തം ഫിഗറും ബോഡി പ്രപ്പോർഷനും പരിഗണിച്ചാൽ ഹെയർ സ്റ്റൈൽ പല കുറവുകളെയും മാറയ്ക്കും.

ഹെയർ കട്ട്

ഒരു ഹെയർ കട്ട് ഏകദേശം 6 ആഴ്ച വരെ നിലനിൽക്കും. അതിനുശേഷം മുടിയുടെ അറ്റം പിളർന്ന് ഹെയർ സ്റ്റൈൽ വികലമാകാം. മുടിയുടെ വളർച്ചയെ ആശ്രയിച്ചിരിക്കുമിത്.

റോളേഴ്സ് ഉപയോഗിച്ച് സെറ്റ് ചെയ്യേണ്ടി വരുന്ന ഹെയർ കട്ടാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഉദാ- ചുരുണ്ട മുടിക്ക് വലിയ റോളറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ നീണ്ട മുടിയിഴകൾക്ക് ചെറിയ റോളറുകളാകും ചേരുക. മുടി അൽപ്പാൽപ്പമെടുത്ത് റോളർ പിടിപ്പിക്കാം. മുടി നന്നായി ഉണങ്ങാനും റോൾ ചെയ്യാനും ഈ രീതി സഹായിക്കും.

എണ്ണയും അഴുക്കുമുള്ള കേശം വ്യക്തിത്വത്തെ അനാകർഷകമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് മുടി വൃത്തിയാക്കുന്നതിലും കണ്ടീഷൻ ചെയ്യുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. നീളമുള്ള മുടി ഭംഗിയായി കെട്ടിയിടണം. അല്ലെങ്കിൽ മുടി ചിതറിക്കിടന്ന പൊട്ടിപ്പോകാൻ അതിടയാക്കും. മുടിയിൽ ഹെയർ ബൺ ചൂടുകയോ പിന്നിയിടുകയോ ചെയ്യാം. മനോഹരമായ ഹെയർ ക്ലിപ്പുകളും ഉപയോഗിക്കാം. കഴുത്ത് ആകർഷകമാക്കാനും ലുക്കിന് പാരമ്പര്യത്തനിമ പകരാനും ഈ ഹെയർ സ്റ്റൈലിനോളം മറ്റൊന്നിനുമാവില്ല.

പെർമനെന്‍റ് വേവി അല്ലെങ്കിൽ പേമിംഗ് മുടി സ്റ്റൈൽ ചെയ്യുന്നതിനുള്ള വേറിട്ട ഒരു ശൈലിയാണ്. പേമിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പേമിംഗിനായി ഉപയോഗിക്കുന്ന ലോഷനിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ ഘടനയെ മാറ്റിമറിക്കും. ഈ പ്രക്രിയയിൽ സെറ്റിംഗ് റോഡ്സും ഉപയോഗിക്കുന്ന പതിവുണ്ട്. അതുകൊണ്ട് ഏതെങ്കിലും നല്ല പാർലറിൽ പേമിംഗ് ചെയ്യുന്നതായിരിക്കും ഉചിതം. മുടി വരണ്ടുപോകാനും ജീവസറ്റതാകാനും പേമിംഗ് ഇടയാക്കും. പേമിംഗിനുശേഷം മുടി നന്നായി ശ്രദ്ധിക്കണം. ഹെയർ ഡ്രയർ, വയർ ബ്രഷ്, റോളർ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

സമയം ലാഭം

ജീവിതശൈലിക്ക് അനുസരിച്ചുള്ള ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വേണ്ടത്ര സമയമില്ലാത്തവരാണെങ്കിൽ സെറ്റിംഗിന് അധികനേരം വേണ്ടിവരാത്ത ഏതെങ്കിലും ലളിതമായ ഹെയർ സ്റ്റൈൽ സ്വീകരിക്കാം. ഫോർമർ സ്റ്റൈലിലുള്ള സെറ്റിംഗിന് തീർച്ചയായും റോളേഴ്സും ഡ്രയറും ആവശ്യമായി വരും. അതിന് ധാരാളം സമയം വേണ്ടിവരുകയും ചെയ്യും. റോളറും മറ്റും വേണ്ടിവരാത്ത ഹെയർ കട്ടുകൾ ഇന്ന് നിലവിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്.

और कहानियां पढ़ने के लिए क्लिक करें...