ഒരാഴ്ച കൊണ്ട് ബ്രോക്കറുടെ സഹായത്തോടെ നല്ലൊരു ഷെയറിംഗ് അപ്പാർട്ട്മെന്‍റ് കണ്ടുപിടിക്കാൻ കഴിഞ്ഞു. പുതിയ ജോലി, പുതിയ നഗരം കാത്തിരിക്കുന്നത് ഒരുപാട് പുത്തൻ അനുഭവങ്ങൾ. എന്നെക്കൂടാതെ രണ്ടു പേരാണ് ആ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നത്. പ്രീതിയും, ഷർമിളയും ഞാനും നല്ല റൂംമേറ്റുകളായി മാറി. പ്രീതി ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ കണ്ടന്‍റ് റൈറ്ററായി ജോലി നോക്കുന്നു. ഷർമിള ഒരു ഫാഷൻ ഹൗസിൽ ഡിസൈനറാണ്. പോസ്മാസ്റ്റർ ജനറൽ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടിയപ്പോൾ അതുവരെ കേട്ടു പരിചയം മാത്രമുള്ള മുംബൈ നഗരത്തിൽ എങ്ങനെ പിടിച്ച് നിൽക്കുമെന്നോർത്ത് ആകെയൊരു പങ്കപ്പാടായിരുന്നു.
ധൈര്യം തന്നത് അമ്മയായിരുന്നു. “ശാലുവേ നീ എന്തിനാ ടെൻഷനാകുന്നേ. നിന്‍റെ അച്ഛൻ മരിച്ചതിനു ശേഷം നമ്മളിത്രയൊക്കെ പിടിച്ചു നിന്നില്ലേ. അത്രയൊന്നുമില്ലല്ലോ ഇത്. പിന്നെ ഒരു പുതിയ സ്‌ഥലത്തൊക്കെ പോയി ആളുകളോട് ഇടപഴകി ജീവിക്കുന്നത് നല്ലതാ. ജീവിതത്തിൽ കുറേ കാഴ്‌ചപ്പാടുകൾ ഉണ്ടായി വരുന്നത് ഇങ്ങനെയുള്ള മാറ്റങ്ങളീന്നാണ്.” ഒരു അധ്യാപികയായ അമ്മയ്ക്ക് ഈ ലോകത്തോടുള്ള വിശാല കാഴ്‌ചപ്പാടുകൾ എനിക്കൊരുപാട് ഗുണം ചെയ്തിട്ടുണ്ട്. പിന്നെ ഒന്നുമാലോചിക്കാതെ ഇങ്ങോട്ടേക്ക് വണ്ടി പിടിച്ചു.
ഉത്തരേന്ത്യക്കാർ പൊതുവെ തെക്ക് നിന്നും വരുന്നവരെ മദിരാശികൾ എന്ന് വിളിച്ച് കളിയാക്കാറുണ്ട്. പക്ഷേ എന്നോടിതുവരെ അങ്ങനെയാരും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ അപ്പാർട്ട്മെന്‍റിൽ ഇന്ത്യയിലെ വ്യത്യസ്‌ത തരത്തിലുള്ള മൂന്ന് സാംസ്കാരികതകൾ ഒന്നിച്ചു ചേർന്നു. പ്രീതി ഡൽഹിയിൽ നിന്നാണ് ഒരു വർഷം മുമ്പ് മുംബൈയിലെത്തിയത്. പ്രീതി പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ തന്നെ.
ഷർമിളയുടെ സ്വദേശം കൊൽക്കത്തയാണ്. ഷർമിളയ്ക്ക് ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നിങ്ങനെ പത്തോളം ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ട്. ഷർമിളയുടെ ഈ ഭാഷാ പാണ്ഡിത്യം പലപ്പോഴായി ഞങ്ങൾക്ക് ഗുണം ചെയ്തു. വ്യത്യസ്‌ത ദേശക്കാരായിരുന്നു ഞങ്ങളെങ്കിലും അതിന്‍റെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. കൂട്ടത്തിലേറ്റവും സ്‌മാർട്ട്നസ് പ്രീതിക്കായിരുന്നു. പ്രീതിയുടെ പുഞ്ചിരി ആരെയും ആകർഷിക്കും.
ഷർമിളയുടെ ഇടയ്ക്കിടയ്ക്കുള്ള ആജ്‌ഞാപിക്കലുകളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ ഇടപെട്ട് വളരെ ബുദ്ധിപൂർവ്വം പരിഹാരം നിർദ്ദേശിക്കുന്നത് പ്രീതിയാണ്. ഇതുകൊണ്ടല്ലാം പ്രീതി ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു. ജോലി കഴിഞ്ഞ് ഒന്നിച്ചു കൂടുന്ന സമയമെല്ലാം കൂടുതൽ സന്തോഷകരമായ നിമിഷങ്ങളായി മാറി. ദിവസം ചെല്ലുന്തോറും പരസ്‌പരം വിട്ടുപിരിയാനാകാത്ത ആത്മസുഹൃത്തുക്കളുടേതായി ഞങ്ങളുടെ ബന്ധം. പിന്നീടെപ്പോഴും ജോലി സമയം പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയെന്നായി ഞങ്ങൾ മൂവർക്കും. ഒരു ഞായറാഴ്‌ച ദിവസം അവധി ദിവസത്തിന്‍റെ ആലസ്യങ്ങൾക്കൊപ്പം ഞങ്ങൾ പരസ്‌പരം അവരവരുടെ കോളേജ് വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടിരുന്നു. അന്നത്തെ ഗോസിപ്പുകളും തമാശകളും ഓർമ്മകളും കലാലയ ജീവിതത്തെ ആ അപ്പാർട്ട്മെന്‍റിലേക്ക് പറിച്ചു നട്ടതുപോലെ തോന്നി. ഇതിനിടയ്ക്കാണ് ഷർമിള താൻ പ്രീതിയെ പരിചയപ്പെടുന്ന സമയത്ത് മണ്ടത്തരങ്ങളും വൈകാരികതകളും എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന പെൺകുട്ടിയായിരുന്നെന്നും പിന്നീട് പ്രീതിയുടെ കൂടെ ഇടപഴകിയതിനു ശേഷമാണ് ഇപ്പോൾ കാണുന്ന പക്വതയിലേക്ക് എത്തിയതെന്നും എടുത്തു പറഞ്ഞു. പ്രീതി ആളുകളോട് എത്ര മനോഹരമായാണ് സംസാരിക്കുന്നതെന്നും ഇത്രയൊന്നും കാര്യഗൗരവത്തോടെ ആശയവിനിമയം നടത്താൻ തനിക്കാകില്ലെന്ന് ഷർമിള വീണ്ടും ഒരു സത്യം പറയുന്ന ഭാവത്തിൽ വെളിപ്പെടുത്തി. ഞാൻ ഷർമിള പറഞ്ഞതിനോട് യോജിച്ചു.
“അല്ലെങ്കിലും നമ്മുടെ ഗ്രൂപ്പിലെ സൂപ്പർ സ്‌റ്റാർ പ്രീതി തന്നെയാ.” ഇതൊക്കെ കേട്ട് പ്രീതിയൊന്നു മന്ദഹസിച്ചു. പിന്നെ എപ്പോഴത്തേയും പോലെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു
“ജീവിതം എനിക്കു തന്ന വലി യൊരു പാഠമുണ്ട്. ഞാനതെപ്പോഴും കൂടെ കൊണ്ടു നടക്കുന്നു.” ഞങ്ങൾ ചെറിയൊരു ആകാംക്ഷയോടെ പ്രീതി പറയുന്നത് ശ്രദ്ധിച്ചു.
“എന്തായിരുന്നു അത്” ഷർമിള ചോദിച്ചു.
“എന്‍റെ ഇപ്പോഴുള്ള പക്വതയ്ക്കും ബുദ്ധിപൂർവ്വമുള്ള പെരുമാറ്റത്തിനും പിന്നിൽ ഒരു കഥയുണ്ട്. ഞാൻ ഡിഗ്രി ചെയ്‌തു കൊണ്ടിരുന്ന ആദ്യവർഷങ്ങളിൽ കോളേജിൽ വച്ചാണ് ആ സംഭവം നടക്കുന്നത്.”
“എന്താ സംഭവിച്ചത് ”
പ്രീതിയുടെ മുഖഭാവം മാറി.. എന്നാൽ ആ കഥ കേൾക്കാനെന്നോണം ഞാൻ വീണ്ടും ചോദിച്ചു.
പ്രീതി വീണ്ടും മൗനത്തി ലായി. പിന്നെ പതിയെ ഞങ്ങൾക്കരികിലുള്ള ജനാലയുടെ സമീപത്തേക്ക് നീങ്ങി നിന്നു കൊണ്ട് ആ കഥ വിവരിച്ചു.
“നിങ്ങൾക്കറിയാമോ ഞാനൊരു വലിയ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. എനിക്കു ചുറ്റും എപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും. സഹോദരങ്ങളും എന്താവശ്യത്തിനും ഓടിയെത്തുമായിരുന്നു. ചണ്ഡീഗഡിലെ യൂണിവേഴ്സിറ്റിയിൽ വിചാരിച്ച പോലെ എനിക്ക് അഡ്മിഷൻ ശരിയായപ്പോൾ എല്ലാവർക്കും സന്തോഷമായി. പക്ഷേ വീട്ടിൽ നിന്ന് മാറി നിൽക്കണമെന്നോർത്തപ്പോൾ അതും ഒരു സങ്കടമായിരുന്നു. എനിക്ക് അവരിൽ നിന്നൊക്കെ അകന്ന് നിൽക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതായി. എന്നാലും ഞാൻ യൂണിവേഴ്‌സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലിൽ അഡ്‌മിഷൻ എടുത്തു. ബംഗാളിൽ നിന്ന് വരുന്ന ചാരുലതയായിരുന്നു എന്‍റെ റൂമേറ്റ്. ചാരുവും ഞാനും ഒരേ ക്ലാസ്സിലായിരുന്നു.”
സംസാരത്തിനിടെ ഷർമിളയ്ക്കിട്ട് ഒന്നു ആക്കി പറയാൻ വേണ്ടി ഞാനാ സന്ദർഭം ഉപയോഗിച്ചു.
“അതു ശരി, അപ്പോ ഈ ബംഗാളികളെ എങ്ങനെ മാനേജ് ചെയ്യാമെന്ന് പ്രീതി ചാരുവിൽ നിന്നാണ് പഠിച്ചതല്ലേ!”
ഷർമിള എന്നെ കൊഞ്ഞനം കുത്തുന്നു. ഞങ്ങൾ ഇരുവരും ഷർമിളയുടെ ആംഗ്യം കണ്ട് ചിരിക്കുന്നു. ഒന്നു നിർത്തിയതിനു ശേഷം പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.
“യഥാർത്ഥത്തിൽ അന്ന് ചാരുവിനെപ്പോലെ ബംഗാളിൽ നിന്നൊരാളുമായി ഞാനെങ്ങനെ യോജിച്ചു പോകുമെന്ന് കുറേ ആലോചിച്ചിരുന്നു. എന്‍റെ സഹോദരങ്ങൾ എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നത് ബംഗാളികൾ മറ്റുള്ളവരുമായി അത്ര എളുപ്പത്തിൽ കൂടുന്ന ആളുകളല്ല, പരമാവധി അവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ല തെന്നാണ്. അവർ പറഞ്ഞു തന്ന പല മാനറിസങ്ങൾക്കും ചാരു അനുയോജ്യയായിരുന്നു. പതിയെ ചാരുവുമായി അധികമടുത്ത് പെരുമാറണ്ട എന്ന തോന്നൽ എന്‍റെയുള്ളിൽ വളർന്നു വന്നു. ഒരേ റൂമിലായിരുന്നുവെങ്കിലും വളരെ അപൂർവ്വമായാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നത്. സിലബസ്സുമായി ബന്ധപ്പെട്ട പലവിധ കാര്യങ്ങൾ ചെയ്ത് അവരവരുടെ തിരക്കുകളിലേക്ക് സമയം നീക്കി. ക്ലാസ്സിൽ ചാരുവും ഞാനും വേറെവേറെ സ്‌ഥലത്താണ് ഇരുന്നത്. ഞാൻ ക്ലാസ്സിലുള്ള വേറൊരു ഗ്രൂപ്പിന്‍റെ കൂടെ കൂട്ടായി. ഞങ്ങൾ ആൺകുട്ടികളെയും കോളേജിനെ ചുറ്റിപ്പറ്റിയുള്ള എല്ലാത്തിനേയും പറ്റി ഗോസിപ്പുകൾ പറഞ്ഞ് രസിച്ചു. പക്ഷേ ചാരുലത ഞങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്‌തയായിരുന്നു. അവൾ അത്യാവശ്യത്തിനു മാത്രം സംസാരിക്കും. ആൺപെൺ ഭേദമില്ലാതെ എല്ലാവരോടും നന്നായി പെരുമാറാനുള്ള ഒരു പ്രത്യേക കഴിവ് ചാരുവിനുണ്ടായിരുന്നു. എല്ലാവർക്കും കൈകൊടുത്ത് അഭിവാദ്യം ചെയ്യാനും ഗൗരവത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാനും ചാരു ശ്രമിച്ചിരുന്നു. ചാരുവിനോട് എന്തെങ്കിലും ചോദിച്ചാൽ അളന്നു മുറിച്ച് വളരെ കൃത്യമായുള്ള മറുപടിയാണ് പറയുക. ഇത്തരം സ്വഭാവ സവിശേഷതകൾ കൊണ്ട് ആൺകുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ചാരു മാറി.
ഇതൊക്കെ കണ്ട് ഞങ്ങളെപ്പോലുള്ളവരുടെ കൂട്ടത്തിൽ ഒരു ഗോസിപ്പിനുള്ള വിഷയമായി ചാരുവിന്‍റെ വ്യക്തിത്വം. ഞാനുൾപ്പെടെ എല്ലാവരോടും യാതൊരു പ്രത്യേക പരിഗണനയും തോന്നിപ്പിക്കാതെ ഒരു പോലെയാണ് ചാരു പെരുമാറിയിരുന്നത്. ഞാനും ചാരുവും വലപ്പോഴുമേ റൂമിനുള്ളിൽ സംസാരിച്ചിരുന്നുള്ളൂ. ചാരുവിന്‍റെ ആശയവിനിമയത്തിലുള്ള പ്രാഗത്ഭ്യം എന്നെ അസൂയാലുവാക്കിയിരുന്നു. ചാരുവിന്‍റെ പക്വതയാർന്ന വീക്ഷണവും സ്വന്തം അഭിപ്രായങ്ങളും എന്നെ അത്ഭുതപ്പെടുത്തി.
ഒന്നിനേയും പറ്റി ചാരു ഗോസിപ്പ് പറയാറില്ല. കോളേജിലെ ആരേയും ചാരു കുറ്റം പറഞ്ഞ് കേട്ടതില്ല. ചാരുവിന് ബംഗാളിൽ തന്നെയുള്ള ആൺസുഹ്യത്തുമായി അടുപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ ചാരു വ്യക്‌തമായി എന്നോട് പറഞ്ഞു. കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യവും വ്യക്തിത്വത്തിലെ ഊർജ്ജസ്വലതയും എന്‍റെയുള്ളിൽ ചാരുവിനോട് കുശുമ്പ് വളർത്തി.”
ഇത്രയൊക്കെ കേട്ടിരുന്ന ഞാനും ഷർമിളയും വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. പ്രീതി തന്നെക്കുറിച്ച് തന്നെയാണോ ഈ പറയുന്നതെന്ന സംശയവും ഇടയ്ക്കുണ്ടായി. തങ്ങൾക്ക് അറിയാവുന്ന പ്രീതിയുമായി ഒരു സാമ്യവുമില്ലല്ലോ എന്നോർത്തപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്. കഥ മുഴുവൻ കേൾക്കാൻ പ്രീതി പറയുന്നത് തന്നെ വീണ്ടും ശ്രദ്ധിച്ചിരുന്നു.
പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.
“എനിക്കിത് പറയാൻ തന്നെ നാണമാകുന്നു. ഞാൻ ചാരുവിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് ചില സംശയങ്ങൾ ഊഹിച്ച് വളർത്തിയെടുത്തു. എന്‍റെ അസൂയയും കുശുമ്പും നാൾക്കുനാൾ വർദ്ധിച്ചു വന്നു. ഒരു ദിവസം ചാരുവിന്‍റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. എന്‍റെ ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വാക്കുകളായി വന്നു. ചാരുവിന്‍റെ ഫോൺ എന്‍റെ പഠനത്തിന് തടസ്സമാകുന്നുവെന്ന് പറഞ്ഞു തുടങ്ങിയത് വലിയൊരു സംവാദത്തിലേക്ക് എത്തിച്ചേർന്നു.
ചാരുവിനോട് തല്ലു കൂടുന്നതിനിടയിൽ എന്‍റെ ദുഷ്‌ടചിന്തയിൽ തോന്നിയ ചീത്തകാര്യങ്ങളൊക്കെ ഞാൻ വിളിച്ച് പറഞ്ഞു. അവസാനം ഹോസ്‌റ്റൽ വാർഡന്‍റെ അടുത്തെത്തി. ഞങ്ങൾക്ക് ഇരുവർക്കും റൂം മാറണമെന്ന് പറഞ്ഞു. പക്ഷേ ഒരു വർഷം അവസാനിക്കാതെ അത് പറ്റില്ലെന്നു മനസ്സിലാക്കിയതോടെ ആശ്രമം ഉപേക്ഷിച്ചു. അതിനുശേഷം ഞങ്ങൾ പരസ്‌പരം മിണ്ടാതെയായി. ചാരുവിനെ കാണുന്നതു തന്നെ എനിക്ക് ദൃഷ്‌ടി ദോഷമായി തോന്നി. അവളോടുള്ള ദേഷ്യത്തിന് ഗ്രൂപ്പിലെ കൂട്ടുകാരെയൊക്കെ പലപ്പോഴായി റൂമിലേക്ക് വിളിച്ചു വരുത്തി അവൾക്ക് ശല്യമാകുന്ന രീതിയിൽ പെരുമാറി. പതിയെ ചാരുവിന് ഹോസ്‌റ്റലിലെ കോമൺ ഹാളിൽ സമയം ചെലവഴിക്കാതെ നിവൃത്തിയില്ലെന്നായി. രാത്രി ഏറെ വൈകി മാത്രം റൂമിൽ ഞങ്ങൾ കഴിച്ചു കൂട്ടി.”
ഇതിനിടയിൽ പെട്ടെന്ന് ഇടയ്ക്ക കയറിയ ഷർമിള “എന്‍റെ പ്രീതി, നീ ഒരു കാന്താരി തന്നെയായിരുന്നല്ലേ.” പ്രീതി പുഞ്ചിരിച്ചു കൊണ്ട് ഇതുവരെ പറഞ്ഞ ഓളത്തിൽ തന്നെ തുടർന്നു.
“പിന്നീട് ഞങ്ങൾ ചാരുവിനെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്തി. ചാരുവിന് ബയോടെക്ക് ഡിപ്പാർട്ട്മെന്‍റിലെ വിക്രം സാറുമായി നല്ല സൗഹൃദമായിരുന്നു. ഈ അവസരം ഉപയോഗിച്ച് സാറിനേയും ചാരുവിനേയും ബന്ധപ്പെടുത്തി പുതിയ സംഭവങ്ങൾ മെനഞ്ഞെടുത്തു. ഒരിക്കൽ ഇതിനെ ഊട്ടിയുറപ്പിക്കുവാൻ തക്കവണ്ണം ചാരുവിനെ ഉച്ചസമയത്ത് വിക്രം സാറിന്‍റെ കൂടെ കാറിനുള്ളിൽ തോളിൽ തല വച്ചിരിക്കുന്നതായി കണ്ടുവെന്ന് ഒരു സുഹൃത്ത് വന്ന് പറഞ്ഞു. എനിക്ക് ചാരുവിനോടുള്ള ദേഷ്യം നാൾക്കുനാൾ വർദ്ധിച്ചു വന്നു. ലൈബ്രറിയിൽ കൂടുതൽ സമയം ചെലവഴിച്ച് വൈകി റൂമിലെത്തുന്ന ചാരുവിനെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.
ഇരുട്ടിയ നേരത്ത് ലൈബ്രറിക്കുള്ളിലെ കോർണറിൽ വിക്രം സാറുമൊത്ത് ചാരുവിനെ കണ്ടു. ഗോസിപ്പ് വാർത്തകൾ അതിവേഗം കോളേജിലാകെ പരന്നു. ക്ലാസ്സിൽ പലരും ചാരുവിനോട് മിണ്ടാൻ മടി കാണിച്ചു തുടങ്ങി. ചാരുവിന്‍റെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ അവളെ പല അവസരത്തിലും ഒഴിവാക്കി. ചാരുലത ക്ലാസ്സിലെ ഒറ്റപ്പെട്ട കുട്ടിയായി മാറി. അവളുടെ അടുത്ത് പോയി ഇരിക്കാൻ എല്ലാവർക്കും മടിയായി. പതിയെ ചാരുവിന്‍റെ അക്കാദമിക്ക് നിലവാരവും താഴ്ന്ന് തുടങ്ങി. ചാരുവിന്‍റെ റൂം മേറ്റാവേണ്ടി വന്നതിന്‍റെ നിർഭാഗ്യമോർത്ത് ഞാൻ എന്നെ തന്നെ പഴിചാരി. എനിക്ക് ചുറ്റും സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നതു കൊണ്ട് ഞാൻ അവരോടൊത്ത് കോളേജിലെ ദിവസങ്ങൾ ആസ്വദിച്ചു.”
അപ്പോഴത്തെ ആ പെൺകുട്ടിയുടെ അവസ്ഥയെ സങ്കൽപിച്ച് “പാവം ചാരുലത” എന്ന് പറഞ്ഞു കൊണ്ട് പിന്നീട് അവൾക്കെന്താ സംഭവിച്ചതെന്ന ചോദ്യ രൂപേണ ഞാൻ പ്രീതിയുടെ മുഖത്ത് നോക്കി. പ്രീതി ഒരു ബ്ലാക്ക് കോഫിയിട്ട് ഞങ്ങൾക്ക് നൽകിയതിനു ശേഷം സംഭവകഥയുടെ ബാക്കി പറഞ്ഞു തുടങ്ങി.
“ചാരുവിന്‍റെ അച്ഛനേയും അമ്മയേയും ഞാൻ അഡ്‌മിഷന്‍റെ സമയത്ത് കണ്ടിരുന്നു. അന്ന് അവരെനോട് വളരെ നന്നായാണ് പെരുമാറിയത്. എനിക്ക് അവരെ വിളിച്ച് ചാരു ഒരു ദുർനടപ്പുകാരിയാണ് എന്ന് പറയുവാൻ തോന്നി. മകളെ ശ്രദ്ധിച്ചില്ലെങ്കിൽ വഴി തെറ്റിപോകുമെന്ന മുന്നറിയിപ്പ് കൊടുത്ത് അവരെ ഭയപ്പെടുത്തിയാലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ എന്തോ കാരണത്താൽ അതൊക്കെ വേണ്ടെന്നു വെച്ചു.
അങ്ങനെ കൊല്ലപ്പരീക്ഷ ആകാറായി. പരീക്ഷ കഴിഞ്ഞാൽ ഉടനെ തന്നെ റൂം മാറണമെന്ന ചിന്തയാണ് എന്‍റെയുള്ളിലുണ്ടായിരുന്നത്. പരീക്ഷ അടുക്കാറായ ഒരു ദിവസം രാത്രി ഞാൻ ബുക്കെടുത്ത് വച്ച് വളരെ ശ്രദ്ധയോടെ പഠിക്കാനിരിക്കുകയായിരുന്നു. ചാരു ലൈബ്രറിയിൽ നിന്ന് അപ്പോഴും എത്തിയിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ എന്‍റെ ഉറക്കം തൂങ്ങലിനിടയിൽ റൂമിനുള്ളിൽ ചാരുവിന്‍റെ സാന്നിദ്ധ്യം അറിഞ്ഞു. ഞാൻ അലാറം വച്ച് ബുക്കിൽ കമിഴ്ന്നു കിടന്നു. ഇടയ്ക്ക് അലാറമടിച്ചെഴുന്നേറ്റപ്പോൾ ചാരു ഫോണിൽ എന്തൊക്കെയോ വിഷമത്തോടെ സംസാരിക്കുന്നു.”
“അയ്യേ പരീക്ഷാ അടുത്ത സമയത്ത് ഇവൾ ബോയ്ഫ്രണ്ടുമായി തല്ലു കൂടുകയാണോ! ഇവൾക്ക് വെറേ പണിയൊന്നുമില്ലേ” അപ്പോഴെനിക്ക് തോന്നി. ഞാൻ അലാറം ഓഫ് ചെയ്‌ത് കുറച്ചു നേരം ഉറങ്ങാൻ കിടന്നു. വീണ്ടും ചാരൂലതയുടെ ഫോണിലെ മുറുമുറുപ്പ് കേട്ടാണ് ഉണർന്നത്. എനിക്ക് ദേഷ്യം വന്നു ഉടനെ എഴുന്നേറ്റ് റൂമിലെ ലൈറ്റിട്ടു. ചാരു ഞാൻ എഴുന്നേറ്റത് കണ്ടെങ്കിലും എന്‍റെ മുഖത്ത് നിന്നും കണ്ണ് മാറ്റി. മുഖം ഞാൻ കാണാതെയിരിക്കാൻ അവൾ ഫോൺ മാറ്റി വച്ച് തിരിഞ്ഞിരുന്നു.
പെട്ടെന്ന് എന്തോ അപാകത തോന്നി അവളുടെ മുഖം ഒരു നിമിഷം എന്‍റെയുള്ളിലൂടെ കടന്നുപോയി. ആകെ വാടിപ്പോയി കണ്ണുകളൊക്കെ നിറഞ്ഞ്. കരഞ്ഞു തളർന്നd വാടിയ മുഖഭാവം അഴിഞ്ഞു വീണ മുടിയിഴകളും ആകെയൊരു മന്ദത. ഞാൻ അവളെ തന്നെ നോക്കുന്നു എന്ന് തോന്നി ഇടയ്‌ക്കെപ്പോഴോ ചാരു മുഖം തിരിച്ച് എന്നെ നോക്കി.
കവിളകൾ ഇത്രയും ഒട്ടിയപോലെ ചാരുലതയെ ഇതിനു മുമ്പ് അങ്ങനെ കണ്ടിട്ടില്ല. ഞങ്ങളുണ്ടാക്കിയ ഗോസിപ്പുകൾ പോലും ചാരുവിൽ ഇത്രയധികം മാറ്റമുണ്ടാക്കിയിട്ടില്ല. എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. അവളുടെ ബോയ്ഫ്രണ്ടുമായും വികം സാറുമായും പ്രശ്നം ഉണ്ടോ? ചാരുവിന്‍റെ ചത്ത പോലെയുളള ഇരിപ്പ് കണ്ടിട്ട് എനിക്ക് വിഷമമായി. എന്നിട്ടും ഞാൻ ഉറച്ച ശബ്ദത്തിൽ ചാരുവിനോട് എന്താ പറ്റിയതെന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം പൊത്തി കരഞ്ഞു.
ഒരുപാട് നാളായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്. തേങ്ങിക്കൊണ്ട് അവൾ തലചായ്ച്ചിരുന്നു. അവളുടെ കണ്ണുകളിൽ നൊമ്പരം നിറഞ്ഞു നിന്നിരുന്നു. പതിയെ സാവധാനത്തിൽ അടുത്തിരുന്ന് ചാരുവിനോട് വീണ്ടും കാരണമെന്താണെന്ന് അന്വേഷിച്ചു. ഇത്രയും അനുകമ്പയോടെ ഞാൻ ആദ്യമായിട്ടാണ് ചാരുവിനോട് ഇങ്ങനെ സംസാരിക്കുന്നത്. അവളുടെ തോളിൽ സമാധാനിപ്പിക്കാൻ ഞാൻ കൈ വച്ചു.
ചാരു ഒരുനിമിഷം എന്നെ നോക്കി പറഞ്ഞു. “എന്‍റെ അച്‌ഛൻ ഇന്നലെ മരിച്ചു പോയി. കാൻസർ ആയിരുന്നു.” ഞാൻ ഞെട്ടിത്തരിച്ചു പോയി. അവളടെ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കി. എനിക്കെന്ത് ചെയ്യണമെന്നറിയാതെ ഞാനൊരു കുട്ടിയെപ്പോലെ ചാരുവിനെ കെട്ടിപ്പിടിച്ചു. അവൾ എന്‍റെ തോളിൽ കിടന്ന് കരഞ്ഞു.
ഇടയ്ക്ക് വിക്രം സാറിന്‍റെ ഫോൺ വന്നു. മറുതലയ്ക്കൽ നിന്ന് വിക്രം സാറ് പറയുന്നത് അവൾ കേട്ടിരുന്നു. കോൾ കട്ട് ചെയ്യുന്നതിനു മുമ്പ് എച്ച്‌ഒഡിയോട് പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് കൊണ്ടു പോകാമോ ഭയ്യാ എന്ന് പറഞ്ഞു.
ചാരു ഇത് പറഞ്ഞതും എന്‍റെ മനസ്സിലൂടെ പെട്ടെന്നൊരു കൊള്ളിയാൻ പാഞ്ഞു പോയി. എന്തൊക്കെയാണ് ഞാൻ വിക്രം സാറിനെയും ചാരുവിനെയും പറ്റി പറഞ്ഞുണ്ടാക്കിയത്. ചാരുവിന്‍റെ അച്ഛന് സംഭവിച്ചതിന്‍റെ വിശദാംശങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി. അവളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ നിന്നും എത്രത്തോളം ഒറ്റപ്പെട്ടാണ് ചാരുലത കഴിയുന്നതെന്ന് അന്ന് ഞാൻ മനസ്സിലാക്കി.
ചാരുവിന് സംഭവിച്ചതെന്താണെന്ന് എനിക്ക് വ്യക്തമായി. ചാരുവിന്‍റെ ക്ലാസ്സിലെ ശ്രദ്ധ കുറഞ്ഞു പോയതും വിക്രം സാറുമായി അടുപ്പത്തിലായതും എന്തുകൊണ്ടാണെന്ന് പെട്ടെന്നു തന്നെ ഒരുത്തരം ലഭിച്ചു. എത്ര നീചമായാണ് ഞാൻ ചാരുവിനോട് പെരുമാറിയത്. ഒരു നല്ല സഹപാഠിയോ റൂം മേറ്റോ ഒക്കെ ആകുവാൻ എനിക്കു സാധിക്കുമായിരുന്നു. പക്ഷേ ഞാനതിനു മുതിർന്നില്ല.
ഒരു നിമിഷം ഒന്നു നിർത്തിയതിനു ശേഷം പ്രീതി നെടുവീർപ്പിട്ടു. അന്നത്തെ ഓർമ്മകൾ പ്രീതിക്ക് ഒരുപാട് നൊമ്പരങ്ങൾ സമ്മാനിക്കുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
എന്‍റെയും ഷർമിളയുടേയും മുഖത്ത് പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള താൽപര്യം കണ്ട് പ്രീതി വീണ്ടും തുടർന്നു.
“ചാരു എക്സാമൊന്നും എഴുതിയില്ല. കോളേജീന്ന് ആ ആഴ്ച്‌ച തന്നെ പോയ ചാരു കുറച്ച് നാളുകൾക്ക് ശേഷം ബംഗാളിലുള്ള മറ്റൊരു കോളേജിൽ ചെന്ന് അഡ്‌മിഷനെടുത്തു. വിക്രം ചാരുവിന്‍റെ ബന്ധുവാണെന്നും 6 മാസത്തോളമായി ചാരുവിന്‍റെ അച്ഛൻ കാൻസറിന് ചികിത്സയിൽ ആയിരുന്നുവെന്നും മനസ്സിലായി. യൂണിവേഴ്‌സിറ്റിയിൽ നിന്നും ചാരു സർട്ടിഫിക്കറ്റ് വാങ്ങി പോകുന്നതിന് മുമ്പ് ഒരു തവണ നേരിൽ കണ്ടിരുന്നു. അന്ന് കണ്ടപ്പോൾ ചാരു കുറേക്കൂടി നന്നായി എന്നു തോന്നി.
ചാരുവിന്‍റെ ബോയ്‌ഫ്രണ്ടുമായി അടുത്തു തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. കുടുംബം വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ബോയ്ഫ്രണ്ട് നല്ല പോലെ സപ്പോർട്ട് ചെയ്‌തിരുന്നുവെന്ന് വിശേഷം പറയുന്ന കൂട്ടത്തിൽ ചാരു അന്ന് സൂചിപ്പിച്ചു. എന്നോട് സംസാരിക്കാൻ പറ്റിയതിൽ ചാരു വളരെയധികം സന്തോഷം അറിയി ച്ചു. അതോടൊപ്പം മുമ്പ് തല്ലു കൂടേണ്ടി വന്നതിൽ ഖേദം പറഞ്ഞു. ചാരുവിന്‍റെയടുത്ത് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അതെങ്ങനെ പറയുമെന്നോർത്ത് ആശയക്കുഴപ്പത്തിലായി.
എല്ലാത്തിനും മറുപടിയെന്നോണമായി ചെറിയൊരു പുഞ്ചിരി കൊണ്ട് ചാരുവിനെ നേരിട്ടു. അന്ന് ചാരുവിന് നൽകിയ തന്‍റെ സാമീപ്യം അവൾ തിരിച്ച് തനിക്ക് സ്നേഹത്തിന്‍റെ ഭാഷയിൽ പകരമായി തരുന്നതു പോലെ തോന്നി. ചാരു യാത്ര പറയുന്നതിന് മുമ്പ് എന്നെ കെട്ടിപ്പിടിച്ചു. പിന്നീട് ഞാൻ ചാരുവിനെ കണ്ടിട്ടില്ല. എന്‍റെ പ്രാർത്ഥനകളിൽ അവൾക്ക് നല്ലതുവരുത്തണമെന്നും ചാരുവിനോട് ഞാൻ ചെയ്തിട്ടുള്ള എല്ലാത്തിനും മാപ്പ് തരണമെന്നും ദൈവത്തോട് ഇപ്പോഴും അപേക്ഷിക്കാറുണ്ട്.”
പ്രീതി തന്‍റെ അനുഭവകഥ പറഞ്ഞവസാനിപ്പിച്ചു. ഞങ്ങളുടെ കണ്ണുകളിൽ ചെറിയ മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ പറ്റിപ്പിടിച്ചിരുന്നു. പ്രീതി ഞങ്ങൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സന്ധ്യയിലേക്ക് സഞ്ചരിക്കുന്ന സൂര്യനെ നോക്കി ജനാലയ്ക്കരികിൽ നിന്നു.