സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞ് വീണതിനാൽ മത്സരത്തിൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണപ്പോൾ കൂട്ടുകാർ അവളെ കളിയാക്കിയതാണ്.

“എന്‍റെ കുഞ്ഞേ , നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം എന്‍റെ മോള് ഫസ്റ്റ‌് ആകും.” അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. അമ്മയുടെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ഊർജ്ജമാണ് നൽകിയത്. അവൾ അമ്മയ്ക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കളിക്കാനായി പുറത്തേക്ക് ഓടി.

10 ാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതിന്‍റെ സങ്കടത്തിലാണ് കിരൺ. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ അതിന്‍റെ പേരിൽ സങ്കടപ്പെട്ടിരിക്കുകയാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്. അവന്‍റെ മനസികാവസ്ഥയറിഞ്ഞ് മുത്തച്‌ഛൻ അവനെ ആശസിപ്പിച്ചു. എന്നാൽ അതിന് മറുപടിയായി അവൻ പൊട്ടിക്കരയുകയാണുണ്ടായത്. അവനത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.

“എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം താണ്ടി നാട്ടിൽ നിന്നും വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ച‌ വച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്. അതിലും മാർക്ക് കുറഞ്ഞ് പോയവരുടെ കാര്യം നീ ഓർത്തു നോക്കിക്കേ. അവർ അത് അതിജീവിച്ചു അടുത്ത മികച്ച വിജയത്തിനായി പ്രയത്‌നിക്കും.” ഇതും പറഞ്ഞ് മുത്തച്‌ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.

മുത്തച്ഛന്‍റെ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശാബോധത്തെ
തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിട വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ കടുത്ത നിരാശയിലേക്ക് പതിച്ചേനെ.

ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതേയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് പോലെയാണ് പ്രവർത്തിക്കുക. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലത് പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക. പ്രശംസ ഇഷ്ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ സൃഷ്ടിക്കാൻ പ്രശംസാവാക്കുകൾക്ക് ശക്തിയുണ്ട്.

6 വയസ്സായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉന്മേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല തന്നെ, ഒരു നല്ല കാര്യം ചെയ്തതാലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവർക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.

ആരോഗ്യകരമായി പ്രശംസിക്കുന്നത് നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. അത് നിങ്ങളിലും വലിയ മാറ്റം കൊണ്ടു വരും. വിശാലമായ മനഃസ്‌ഥിതി ഉണ്ടാവാനും സ്വയം പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു. വലിയ മുതൽ മുടക്കോ ഒരുപാട് സമയമോ ഒന്നും ഈ നല്ല കാര്യം ചെയ്യാൻ ആവശ്യവുമില്ല. പിന്നെ എന്തിനു മടിക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അഭിനന്ദനം ചൊരിഞ്ഞോളൂ. വീട്ടിലും നാട്ടിലും ഈ സൽസ്വഭാവം തുടരുക.

സങ്കടം മനസിലാക്കി പിന്തുണ നൽകാം

ദുഃഖിതനായ ഒരാളുടെ മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തകളാവും ഉണ്ടാവുക. അതിൽ നിന്ന് അയാളെ മോചിപ്പിക്കുവാൻ സാധിച്ചാൽ അത് ഒരു നല്ല കാര്യമാവും. നല്ല വാക്കുകൾ പറഞ്ഞ് ആത്‌മവിശ്വാസം വീണ്ടെടുക്കാൻ കഴിയും. നിരാശാബോധം മാറ്റാൻ ഇതാണ് നല്ല മരുന്ന്. ചുറ്റിലുമുള്ള സന്തോഷം അനുഭവിക്കാൻ നിരാശാഭരിതനായ ഒരു വ്യക്തിക്ക് കഴിയുകയില്ല. പിന്നെ എങ്ങനെ സ്വയം സന്തോഷം കണ്ടത്താൻ സാധിക്കും. ഇങ്ങനെയുള്ള ആ വ്യക്തിയ്‌ക്ക്‌ ഊർജ്ജ്ജം പകരാൻ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കൊണ്ടോ നല്ല വാക്കുകൾ കൊണ്ടോ സാധിക്കുന്നു. ഉറ്റവർ ഈ മാനസികാവസ്‌ഥയിൽ ആണെങ്കിൽ നിരന്തരം അവരുമായി സംസാരിക്കുക. കളി തമാശകൾ പറയുക. പ്രശംസ ചൊരിയുക. അവർ നിരാശയുടെ പടുകുഴിയിൽ നിന്ന് കയറി വരും. ജീവിതത്തിന്‍റെ നല്ല നിമിഷങ്ങൾ തിരിച്ചു പിടിക്കുകയും ചെയ്യും.

നല്ല വാക്കുകൾ പോസിറ്റിവിറ്റി നിറയ്ക്കും

ജീവിതത്തിൽ എല്ലായ്‌പ്പോഴും സങ്കടം നിലനിൽക്കണമെന്നില്ല. അതുപോലെ തന്നെ സന്തോഷവും. ഒന്നും സ്ഥായിയല്ല. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. എന്നെക്കൊണ്ട് മറ്റാർക്കും യാതൊരു പ്രയോജനവും ഇല്ലായെന്ന് വിചാരിക്കുന്ന ചിലരുണ്ട്. നെഗറ്റീവ് ചിന്താഗതികാർ. വിഷാദവതികളായ സ്ത്രീകൾ ആണ് പലപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ മാനസികാവസ്‌ഥയിൽ ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അവർക്ക് കൈത്താങ്ങ് നൽകുക, മാനസികമായ പിന്തുണ നല്ല വാക്കുകളായി നിങ്ങൾ അവരിൽ ചൊരിയുമ്പോൾ ക്രിയാത്‌മകമായ മാറ്റം അവരിൽ സംഭവിക്കുന്നു എന്നാണ് മനഃശാസ്ത്രജ്‌ഞന്മാർ പറയുന്നത്. നല്ല വാക്കുകൾ മൃതസഞ്ജീവനിയാണ്. ഉള്ളിലെ ഭയം, നിരാശ എല്ലാം പുറന്തള്ളാൻ ഇതിലൂടെ സാധിക്കുന്നു.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും

കുടുംബാംഗങ്ങളിൽ ഒരാൾ നല്ലതു പറയുകയും മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുന്ന ആളായാൽ ഒരു കൗൺസിലറുടെ റോളിലേയ്ക്കും അദ്ദേഹം ഉയരാം. ചെറിയ നിരാശകൾ, മൂഡ് ഓഫുകൾ എല്ലാം ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതാക്കാനും സാധിക്കുന്നു. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. ചെറിയ കൂട്ടികൾക്ക് മാത്രമേ അഭിനന്ദനത്തിന്‍റെ ആവശ്യം ഉള്ളൂ എന്ന്. നല്ല വാക്കുകൾ കേൾക്കാൻ ഇഷ്‌ടപ്പെടാത്ത ആരും തന്നെ കാണില്ല. പ്രോത്സാഹനം മുതിർന്നവരും അർഹിക്കുന്നുണ്ട്. പ്രായവുമായി പ്രോത്സാഹനത്തിന് യാതൊരു ബന്ധവുമില്ല.

60 ാം വയസ്സിൽ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാലും നമ്മൾ ആ വ്യക്തിയെ അഭിനന്ദിക്കില്ലേ? 10-ാം വയസ്സിലെ നേട്ടങ്ങൾക്കും അഭിനന്ദനം നൽകില്ലേ. പക്ഷേ നാം മുതിർന്നവരെ അഭിനന്ദിക്കാൻ പലപ്പോഴും മനസ്സ് വയ്ക്കാറില്ലെന്ന് മാത്രം. അമ്മ നല്ല കറിയുണ്ടാക്കിയാൽ വീട്ടിൽ എത്ര പേർ നല്ലതു പറയും. അമ്മ വീട്ടിൽ ചെയ്യുന്ന ജോലിയെ എത്രപ്പേർ മനസ് നിറഞ്ഞു അഭിനന്ദിക്കാറുണ്ട്?

നിരാശ രോഗമാണ്

പ്രശസ്ത മനഃശാസ്ത്രജ്‌ഞനായ സുനിൽ മിത്തൽ പറയൂന്നത്, നമ്മുടെ രാജ്യത്ത് ഡിപ്രഷനിൽ അകപ്പെടുന്നവരുടെ എണ്ണം വളരെ കൂടി വരികയാണെന്നാണ്. അത് സർവ്വ വ്യാപകമായതോടെ ഇതൊരു രോഗമാണെന്ന് പോലും ആളുകൾ കരുതുന്നില്ലത്രെ. എന്നാൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്തിയെ എത്രയും പെട്ടെന്ന് കൗൺസിലിംഗിനു വിധേയമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ആധുനിക ജീവിത സംഘർഷങ്ങളും ഫുഡ് ഹാബിറ്റും മത്സര ബുദ്ധിയേറിയതും ആളുകൾക്കിടയിൽ മനസ്സാമാധാനം കെടുത്തുന്നുമുണ്ടെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞ‌ർ കരുതുന്നത്. പരസ്പ‌രം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും വീട്ടുകാരുടെ പ്രശ്ന‌ങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് ഇത്തരം ടെൻഷൻ ഒഴിവാക്കാനുള്ള കുറുക്കു വഴി. ഓരോ വ്യക്തിയും തന്‍റെ പ്രശ്‌നം ചർച്ച ചെയ്യാനും തയ്യാറാവണം. ജീവിതത്തിൽ ഇതുവരെ തന്നെ പറ്റി നെഗറ്റീവ് കമന്‍റുകൾ മാത്രം കേൾക്കുന്ന ഒരാൾക്ക് സമൂഹത്തെ വലിയ വിശ്വാസം ഉണ്ടാവില്ല. പുറത്തിറങ്ങി കൂട്ടുകാരെ സമ്പാദിക്കാനും സാമൂഹ്യമായ ഇടപെടൽ നടത്താനും ഇത്തരക്കാർ വിമുഖരായിരിക്കും. മനസ്സിനെ ഉണർത്തുന്ന കാര്യങ്ങൾ ഇവരോട് സംസാരിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

കൗതുകകരമായി തോന്നാവുന്ന ഒരു കാര്യം കൂടി പറയാം. അമേരിക്കയിലും കാനഡയിലും എല്ലാ വർഷവും ഫെബ്രുവരി 6 അഭിനന്ദന ദിനമായാണ് ആചരിക്കുന്നത്. ഈ ദിവസം വളരെ വിശേഷപ്പെട്ട രീതിയിൽ ആണ് കൊണ്ടാടുന്നത്. അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ഗ്രീറ്റിംഗ് കാർഡുകൾ പ്രിയപ്പെട്ടവർക്ക് അയക്കും. ഓഫീസുകളിലും വലിയ ആഘോഷമാണ്. ബോസും ജീവനക്കാരും തമ്മിൽ നല്ല വർത്തമാനങ്ങൾ പറയാനുള്ള വേദിയൊരുക്കുകയും ചെയ്യും. ഇനി നിങ്ങളും ആരേയും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട. നിങ്ങളുടെ നല്ല വാക്കുകൾ കേട്ട് ആരെങ്കിലുമൊക്കെ നന്നായി വരുമെങ്കിൽ നന്നായിക്കോട്ടെ…

और कहानियां पढ़ने के लिए क्लिक करें...