മദ്യത്തിന് കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറായിക്കൊള്ളൂ, പേരുകേട്ട ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ടാണിത്. വിഷം കുടിച്ച് സ്വന്തം കീശയുടെ ഭാരം കുറയ്ക്കൂ എന്ന്. ഇതേ പത്രത്തിൽ മറ്റൊരു വാർത്തയും ഉണ്ടായിരുന്നു. മദ്യപാനിയായ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്തകളിലെ ഈ വൈരുദ്ധ്യം മദ്യപാനത്തിന്റെ സാമൂഹിക പ്രശ്നങ്ങളിലേക്കും വിരൽചൂണ്ടുന്നു.
സ്റ്റാറ്റസ് സിംബൽ
മദ്യലഹരി മൂത്ത് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊന്നു, ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തുടങ്ങിയ വാർത്തകൾ ഇന്ന് സാധാരണമാണ്. മദ്യപാനം കൊണ്ട് എത്രയെത്ര കുടുംബങ്ങളാണ് നശിക്കുന്നത്. അതുകൊണ്ട് ആർക്കാണ് പ്രയോജനം? മദ്യ വ്യവസായത്തിനും സർക്കാരിനും കോടികളുടെ നേട്ടമാണ് ഉണ്ടാകുന്നത്. പണം മുടക്കുന്നവരെ തൃപ്തിപ്പെടുത്താൻ സംഗതി കലക്കനാക്കുന്നതിൽ മദ്യരാജാക്കൻമാരും മത്സരിക്കുന്നു.
ദൈനംദിന ജീവിതം അടിമുടി സ്റ്റൈലാവണമെന്ന് ആഗ്രഹിക്കുന്നവരാണ് യുവതലമുറ. എന്ത് അണിയണം, എന്ത് കഴിക്കണം എന്നിങ്ങനെ എന്തിലും ആധുനികതയുടെ സ്പർശം വേണമെന്ന് അവർക്ക് നിർബന്ധമാണ്. അവരെ സംബന്ധിച്ച് മദ്യം കഴിക്കാത്തവർ ആണല്ല. വൈകുന്നേരം ഒരല്പം അല്ലെങ്കിൽ ആഴ്ചയൊടുവിലുള്ള രണ്ട് പെഗ്ഗ് സ്റ്റാറ്റസ് സിംബലിന്റെ ഭാഗമാണ്. എന്നാൽ ഈ കൊലയാളി ശീലം സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് അവരെ സംബന്ധിച്ച് രണ്ടാമതായി വരുന്ന കാര്യം മാത്രമാണ്.
വെറുമൊരു രസത്തിനായി തുടങ്ങുന്ന മദ്യപാനം ക്രമേണ വ്യക്തിയുടെ ആരോഗ്യത്തെയും ഉറച്ച സാമൂഹിക ബന്ധങ്ങളെയും സാമ്പത്തിക സ്ഥിതിയെയും തകിടംമറിക്കുന്നു. മദ്യപാനം ഒരു വ്യക്തിയെ എല്ലാത്തരത്തിലും തകർക്കുന്നു എന്നർത്ഥം.
ഫാഷൻ
മദ്യത്തിന് പൂർണ്ണമായും അടിപ്പെടുന്ന വ്യക്തിക്ക് ലഹരിയില്ലാതെ ഒരു നിമിഷം പോലും പിടിച്ച് നില്ക്കാനാവില്ല. എവിടെ വേണമെങ്കിലും ആർക്കൊപ്പവും ഇരുന്ന് മദ്യപിക്കാൻ ഇത്തരക്കാർക്ക് മടിയുണ്ടാവില്ല. പണ്ട് ഷാപ്പ് എന്നു വെച്ചാൽ നാട്ടിൻപുറത്തെ കള്ളുകുടിയന്മാരുടെ കേന്ദ്രമായാണ് കരുതിയിരുന്നത്. ഇന്ന് അതിനൊരു ബാർ കൾച്ചർ പരിവേഷം തന്നെ ലഭിച്ചു കഴിഞ്ഞു.
പബ്ബ് കൾച്ചർ വ്യാപകമായാൽ കള്ളുകുടിയന്മാർക്ക് അതൊരു അടിയാകാനാണ് സാധ്യത. പബ്ബുകളിൽ ഹാർഡ് ലിക്കർ നിഷിദ്ധമാണെന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാൽ ആ നിയന്ത്രണവും ക്രമേണ പബ്ബുകൾ മറികടന്നേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. കേവലം ബിയറിലും ബ്രഡ്ഡിലും മാത്രമൊതുങ്ങാതെ റം, ബ്രാൻഡി, വിസ്കി, വോഡ്ക തുടങ്ങിയ ‘ഹോട്ടു’കളും പബ്ബുകളിൽ സ്ഥാനം പിടിച്ചേക്കാം. പുതിയ കാലത്തിന്റെ ജീവിതരീതി എന്ന ലേബലിൽ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം കാര്യങ്ങൾ സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ജീവിതം ആസ്വദിക്കാൻ മദ്യപാനമാണ് ഉചിതമായവഴി എന്നാണ് പലരും വിശ്വസിക്കുന്നത്. എല്ലാ വേദനകളും മറക്കാനായി മദ്യത്തെ ‘സ്ട്രെസ്സ് ബസ്റ്റർ തെറാപ്പി’യായാണ് അവർ കരുതുന്നത്. മകന് 10-ാം ക്ലാസിൽ നല്ല മാർക്ക് കിട്ടിയാൽ, കൊച്ചുമകന്റെ പിറന്നാളിന് എന്നുവേണ്ട, ‘ഇവനില്ലാതെ’ എന്ത് ആഘോഷം എന്നു വിശ്വസിക്കുന്നവരാണ് മദ്യപർ. വേദന മറക്കാനും സന്തോഷിക്കാനുമൊക്കെ മദ്യം അടുത്ത കൂട്ടുകാരനാവുന്നു. മദ്യപാനം ഒരു ശീലമാകുന്നതോടെ കുടുംബത്തിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അഭിപ്രായഭിന്നതകൾ രൂക്ഷമായി ക്രമസമാധാനം നഷ്ടമാവും. മക്കളുടെ രോഗവും ട്യൂഷൻ ഫീസുമൊന്നും കുടുംബനാഥന് ഒരു പ്രശ്നമേ അല്ലാതാവും. മദ്യത്തിനു മുന്നിൽ വ്യക്തി ബന്ധങ്ങളും സാമൂഹ്യ മര്യാദകളും തികച്ചും നിഷ്പ്രഭമാവും.
സാമൂഹിക വിപത്ത്
റോഡപകടങ്ങളിൽ 30 ശതമാനവും മദ്യപാനം മൂലം സംഭവിക്കുന്നവയാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ അപേക്ഷിച്ച് സമ്പന്ന കുടുംബങ്ങളിലുള്ളവരാണ് മദ്യം കൂടുതലായി ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ മധ്യവർത്തി കുടുംബങ്ങളിലുള്ളവർ ഒട്ടും പിന്നിലല്ല. മദ്യപാനം ഒരു ശീലമായി മാറുന്നതോടെ മദ്യപാനിയ്ക്ക് സ്ഥലകാല ബോധം നഷ്ടപ്പെടുന്നു. അയാൾ രാവിലെ തൊട്ട് മദ്യം കഴിച്ചു തുടങ്ങും. അയാളുടെ ജോലിയും നഷ്ടപ്പെടുന്നതോടെ ഭാര്യയും കുഞ്ഞുങ്ങളും ബലിയാടുകളാവുന്നു.
ഡൽഹിയിലെ ഡി-അഡിക്ഷൻ സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഡോ.ജിതേന്ദ്ര നാഗ്പാൽ പറയുന്നു. കടുത്ത മദ്യപാനിയായ ഒരാളെ മോചിപ്പിച്ചെടുക്കുക ശ്രമകരമാണ്. 65 മുതൽ 70% മദ്യപാനികളുടെയും ദാമ്പത്യജീവിതം തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. 10ൽ മൂന്ന് കേസ്സുകളിലും ഭർത്താവിന്റെ മദ്യപാനമാണ് വിവാഹമോചനത്തിന് പ്രധാന കാരണം. ചിലർ മദ്യലഹരിയിൽ ഭാര്യമാരെ അതിക്രൂരമായി മർദ്ദിക്കുന്നു. മറ്റുചിലർ വീട്ടുസാധനങ്ങൾ തകർത്താവും പക തീർക്കുക.
സമൂഹം മുമ്പത്തേക്കാൾ മദ്യത്തിന് അടിപ്പെടുന്നുവെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ കൊഴുക്കുന്ന മദ്യ വില്പന അതിന് തെളിവാണല്ലോ. ബിയറിൽ നിന്നുള്ള ലൈറ്റ് തുടക്കം അപകടകരമായ ‘ഹാർഡ് ഡ്രിങ്കി’ലേക്കാണ് പലരേയും നയിക്കുന്നത്. ഒരു കുപ്പി ബിയർ ഒരു പെഗ്ഗ് ഹാർഡ്ലിക്കറിന് തുല്യമാണ് എന്ന് തുടക്കക്കാർ പലപ്പോഴും തിരിച്ചറിയാറില്ല.
എന്തിനാണ് മനുഷ്യർ മദ്യത്തിന് അടിമകളാവുന്നത്? ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാവാം. മദ്യപാനം ദോഷകരമാണെന്ന് അറിയാമെങ്കിലും മദ്യത്തെ സ്നേഹിക്കുന്നയാൾ ഏതെങ്കിലും വിധത്തിലുള്ള വേദനയനുഭവിക്കുന്നവരായിരിക്കും. മദ്യത്തെ സ്നേഹിക്കുന്നവർക്ക് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവില്ലെങ്കിലും മദ്യംകൊണ്ട് എന്തെങ്കിലുമൊരു പ്രയോജനമുണ്ടായതായി അവർക്കും ചൂണ്ടിക്കാട്ടാനാവില്ല. തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനുഷ്യന്റെ കഴിവിനെ ഇല്ലായ്മ ചെയ്യുക മാത്രമാണ് മദ്യം കൊണ്ടുള്ള ഏക ഗുണം. മദ്യം കുറഞ്ഞയളവിൽ കുടിച്ചാലും മസ്തിഷ്കത്തിന് സ്വന്തം തെറ്റുകളെ തിരിച്ചറിയാനോ തിരുത്താനോ കഴിയില്ല.
ഒരു വ്യക്തിയിൽ തെറ്റ് ചെയ്യാനുള്ള പ്രവണത 4.8% ആണെങ്കിൽ അതേ വ്യക്തി മദ്യപിച്ച ശേഷം തെറ്റ് ചെയ്യാനുള്ള പ്രവണത 19.8% ആയി വർദ്ധിക്കുന്നു. മദ്യപാനം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
ദീർഘകാല മദ്യപാനം മസ്തിഷ്ക നാശമുണ്ടാക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി അത് വലുതാക്കാനും അമിതമായ മദ്യപാനം ഇടവരുത്തും. കരളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ പ്രാരംഭ അവസ്ഥയാണിത്. കരളിനുണ്ടാവുന്ന തകരാറുമൂലമുണ്ടാകുന്ന രോഗമാണ് സീറോസിസ് ഓഫ് ലിവർ. മദ്യ സംസ്കാരം ശാരീരികവും മാനസികവും സാമൂഹികവുമായ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും. മദ്യപിക്കുന്നവരുടെഎണ്ണം കൂടി വരുന്നതിനനുസരിച്ച് ഡി-അഡിക്ഷൻ സെന്ററുകളുടെ എണ്ണവും കൂടി വന്നേക്കാം. അറിഞ്ഞുകൊണ്ട് ഈ അപകടത്തെ ക്ഷണിച്ചുവരുത്തി സുന്ദരമായ ജീവിതത്തെ നശിപ്പിക്കണോ?
മദ്യപാനം വ്യക്തിക്കും സമൂഹത്തിനും യാതൊരു ഗുണവും ചെയ്യുന്നില്ല. അതിനാൽ ആർക്കും പ്രയോജനകരമല്ലാത്ത ഈ ‘ഏർപ്പാട്’ ഇന്നുതന്നെ ഉപേക്ഷിക്കുന്നതല്ലേ നല്ലത്?