പുടവ അണിഞ്ഞ് കഴുത്തിൽ പൊൻതാലിയും സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി സുമംഗലിയായി ഓരോ പെൺകുട്ടിയും പടി ഇറങ്ങുമ്പോൾ മാതാപിതാക്കൾ മിക്കപ്പോഴും സന്തോഷവും ദുഃഖവും ഇടകലർന്ന ഒരു അവസ്ഥിയിൽ ആയിരിക്കും. ഇന്നലെ വരെ തങ്ങളുടേത് മാത്രമായിരുന്ന മകൾ ഇന്ന് മുതൽ പുതിയൊരു വീടിന്‍റെ വിളക്കായ് മാറുകയാണ്. താൻ കൈ പിടിച്ച് ഏൽപ്പിച്ച ആ പുരുഷനാണ് ഇനി അവളുടെ ജീവിതത്തിന്‍റെ നാഥനെന്ന് ഒരൽപ്പം വേദനയോടെ ആണെങ്കിലും ഓരോ പിതാവും മനസ്സാൽ അംഗീകരിക്കും.

സ്വഗൃഹം വിട്ട് ഭർതൃഗൃഹത്തിലേക്ക് യാത്ര തിരിക്കുന്ന പെൺകുട്ടിയുടെ മനസ്സിലും കാണും നൂറായിരും സങ്കൽപ്പങ്ങളും ആശങ്കകളും. ഇന്നലെ വരെ മകൾ, സഹോദരി തുടങ്ങിയ ഉത്തരവാദിത്തൾ ആയിരുന്നെങ്കിൽ ഇന്ന് മുതൽ ഭാര്യ, മരുമകൾ, കുടുംബിനി എന്നിങ്ങനെയായി മാറുകയാണ്. അച്ഛനമ്മമാരെ പിരിയുന്ന വേദന ഒരു വശത്ത് ഭർത്താവിന്‍റെ വീട്ടിലേക്ക് വലതുകാൽ വെച്ച് കടന്നു ചെല്ലുന്നതിന്‍റെ ഉത്സാഹം മറുവശത്ത്. രണ്ടും കൂടെ ബാലൻസ് ചെയ്യാൻ കഴിയാതെ പലപ്പോഴും നവവധും നിന്ന് വിയർക്കുന്നത് നാം കാണാറുണ്ട്.

സുഖദുഃഖ സമ്മിശ്രം

സുഖദുഃഖ സമ്മിശ്രം ആണല്ലോ ജീവിതം. വിവാഹവും അങ്ങനെ തന്നെ. ഒന്നിൽനിന്നും വേർപ്പെട്ട് മറ്റൊന്നിലേക്ക് ഒട്ടിച്ചേരുമ്പോൾ അവിടെ തീർച്ചയായും വേർപാടിന്‍റെ വേദയും സംഗമത്തിന്‍റെ സന്തോഷവും കാണും. സുമംഗലികളായ എല്ലാ പെൺകുട്ടികളും കടന്നുപോയ ദശാസന്ധിയാണ് ഇതെന്ന് ആദ്യമെ തിരിച്ചറിഞ്ഞ് അംഗീകരിച്ചാൽ ടെൻഷൻ ഒഴിവാക്കാൻ സാധിക്കും.

വിവേകപൂർവ്വം പെരുമാറുക

മിക്ക സ്ഥലങ്ങളിലും വിവാഹത്തോട് അനുബന്ധിച്ച് വരന്‍റെ വീട്ടിൽ രസകരമായ ചില കീഴ്വഴക്കങ്ങൾ കാണും. നവവരനെയും വധുവിനെയും തമാശയ്ക്ക് വേണ്ടി കളിയാക്കുക, വധുവിന് പായസത്തിൽ ഉപ്പിട്ട് നൽകുക തുടങ്ങി വരന്‍റെ കൂട്ടുകാരുടെ വക ചില്ലറ തമാശകൾ വരെ ഉൾപ്പെടും. നിർദോഷമായ ഇത്തരം തമാശകളെ ചിരിച്ച് തള്ളുകയാണ് വേണ്ടത്. രോഷത്തോടെ പ്രതികരിക്കാൻ പോയാൽ കല്യാണവീടിന്‍റെ ഉത്സവാന്തരീക്ഷം തന്നെ മാറിപ്പോകും. നിങ്ങളോട് വരന്‍റെ വീട്ടുകാർക്ക് അനിഷ്ടം തോന്നാനും അത് ഇടയാക്കും.

നിങ്ങളുടെ വിവാഹം നിങ്ങളുടെ ജീവിതത്തിലെ മാത്രമല്ല വരന്‍റെയും  സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും കൂടെ വലിയ സ്വപ്നം ആയിരിക്കും. ചിലപ്പോൾ ആ സ്വപ്നം സഫലമാകുമ്പോൾ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്ന രീതികൾ ആണ് മിക്കപ്പോഴും ഇത്തരത്തിലുള്ള ചില്ലറ തമാശകൾ.

വരന്‍റെ വീട്ടിലെ മറ്റൊരു കുസൃതിക്കൂട്ടം, ചിലപ്പോൾ വരന്‍റെ സഹോദരിമാരാകും. നാത്തൂന്മാരാകുന്ന ത്രില്ലിൽ അവർ ചേട്ടത്തിയമ്മയെ ചിലപ്പോൾ നന്നായൊന്ന് ‘കളിയാക്കി’ക്കളയാം എന്ന് കരുതിയാൽ അതിൽ എന്താണ് തെറ്റ്?

സ്നേഹയുടെ വിവാഹം ആഘോഷപൂർവ്വമാണ് നടന്നത്. ഭർതൃഗൃഹത്തിലേക്ക് കയറിച്ചെന്ന സ്നേഹയെ എതിരേറ്റത് വലിയൊരു ആൾക്കൂട്ടമാണ്. അൽപ്പം ചമ്മലോടെയും ടെൻഷനോടെയും വലതുകാൽ വെച്ച് അകത്തേക്ക് കയറുന്നതിന് ഇടയിലാണ് നാത്തൂൻകുട്ടി വീണയുടെ കമന്‍റ്…

“കയറാൻ വരട്ടെ, എനിക്കുള്ളത് എടുക്കൂ ചേട്ടത്തിയമ്മേ…” (അവരുടെ നാട്ടിൽ ഒരു ചടങ്ങുണ്ട് പോലും, വരന്‍റെ സഹോദരിക്ക് വധു പണം നൽകുന്ന ആചാരം) വീണ രംഗം കൊഴുപ്പിക്കാൻ പറഞ്ഞത് പക്ഷേ, സ്നേഹയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“വീട്ടിൽ വരുന്ന അതിഥികളെ ഇങ്ങനെ ആണോ സ്വീകരിക്കാറുള്ളത്?”

സ്നേഹയുടെ ചോദ്യം കേട്ട് കല്യാണവീടാകെ നിശ്ശബ്ദമായി. ചിരിച്ചു തള്ളാവുന്ന ഒരു തമാശ സ്നേഹ സീരിയസ്സായി എടുത്തതാണ് ഇവിടെ പ്രശ്നമായത്.

ഇന്ന് സ്നേഹപൂർണ്ണമായ പെരുമാറ്റം കൊണ്ട് വിവേകിന്‍റെ വീട്ടുകാർക്ക് സ്നേഹ പ്രിയപ്പെട്ടവൾ ആണെങ്കിലും ആദ്യ ദിവസത്തിന്‍റെ ഓർമ്മ എല്ലാവരുടെയും മനസ്സിൽ മുറിപ്പാടായി മായാതെ കിടക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...