വിപണിയിൽ എന്നും ഒരു പോലെ മാർക്കറ്റുള്ള സുഗന്ധവസ്തുവാണ് ചന്ദനം. വില കൂടുകയെന്നല്ലാതെ ചന്ദനത്തിന്‍റെ വിലയിൽ യാതൊരുവിധ കുറവും ഉണ്ടാകുന്നില്ല. സ്വർണ്ണത്തിന്‍റെ വിലയാണ് പലപ്പോഴും. ആരാധനാലയങ്ങളിലും വിശ്വാസങ്ങളിലും ചന്ദനത്തിന് അതിന്‍റേതായ ഒരിടമുണ്ട്. മരിച്ചാൽ ചന്ദനത്തടിയിൽ ദഹിപ്പിക്കണമെന്നത് പലരുടെയും സ്വകാര്യമായ ആഗ്രഹമാണ്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത് കൊണ്ടൊക്കെയാകാം തടി വംശനാശത്തിന്‍റെ വക്കിലെത്തി നിൽക്കുന്നതും.

ചന്ദനമരങ്ങളുടെ വേരുകളിൽ നിന്നും ലഭിക്കുന്ന എണ്ണ വരെ വളരെ വിലപിടിപ്പുള്ളതാണ്. അപൂർവ്വമായ സുഗന്ധം തന്നെയാണ് ചന്ദനത്തെ പ്രിയങ്കരമാക്കുന്നത്. നാല് സഹസ്രാബ്ദങ്ങളിലേറെയായി മനോഹരമായ കലാരൂപങ്ങളുടെ നിർമ്മാണത്തിന് ചന്ദനം ഉപയോഗിക്കാൻ തുടങ്ങിയിട്ട്. പെർഫ്യും, സോപ്പ്, സ്കിൻ കെയർ ഉൽപന്നങ്ങൾ, ചന്ദനത്തിരികൾ തുടങ്ങി എത്രയേറെ ചന്ദന ഉൽപന്നങ്ങളാണ് നമ്മുടെ ഹൃദയം കവർന്നിട്ടുള്ളത്.

ഗുണസമ്പുഷ്ടം

ഉന്നത ഗുണമേന്മയുള്ള ആന്‍റിസെപ്റ്റിക്കാണ് ചന്ദനം. വരണ്ട ചർമ്മം വിണ്ടു പൊട്ടുന്നതിനൊക്കെ ചന്ദനത്തിലടങ്ങിയിരിക്കുന്ന ഔഷധവസ്തുക്കൾ മികച്ച പ്രതിവിധിയാണ്. മുഖക്കുരു, എണ്ണമയമുള്ള ചർമ്മം, ശ്വസന നാളത്തിലെ വീക്കം, കഫം, ശബ്ദമിടച്ചിൽ, വയറിളക്കം, തളർച്ച, വിഷാദം, ഉറക്കമില്ലയ്മ, മാനസിക സമ്മർദ്ദം, പിരിമുറുക്കം എന്നിവയ്ക്കെല്ലാം ചന്ദനം ഔഷധമാണ്. രോഗാണുക്കളെ തടയാനും ചന്ദനം ഒരു ഉത്തമ പ്രതിവിധിയാണ്. സോപ്പ്, ഡിറ്റർജന്‍റ്, കോസ്മെറ്റിക്, പെർഫ്യും, ആഫ്റ്റർ ഷേവ് ക്രീം, ചന്ദനത്തിരി, സുഗന്ധപൂരിതമായ ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് പുറമേ സോഫ്റ്റ് ആൽക്കഹോളിക് ഡ്രങ്കിസിനെ സുഗന്ധഭരിതമാക്കാനും ചന്ദനം ഉപയോഗിക്കുന്നു.

ശാസ്ത്രഞ്ജരുടെ അഭിപ്രായത്തിൽ ചന്ദനം വിഷഹീനവും സന്താപമകറ്റുകയും ഉത്തേജനം നൽകുകയും ചെയ്യുന്ന പദാർത്ഥമാണ്. സെൻസിറ്റീവായ ചർമ്മത്തിന് ചന്ദനം നല്ലൊരു ബാലൻസർ ടോണർ ആണ്.

നഷ്ടപ്പെടുന്ന അസ്തിത്വം

ഒരു ചന്ദനമരം പൂർണ്ണ വളർച്ചയിലെത്താൻ ചുരുങ്ങിയത് 30 വർഷമെടുക്കും. എന്നാൽ ചന്ദനക്കൊള്ളക്കാർ അവ ശരിക്കും വലുതാകുന്നതിന് മുമ്പുതന്നെ മുറിച്ചെടുക്കുന്നു. ഭാരത സർക്കാർ നിയമവിരുദ്ധമായി ചന്ദനം മുറിച്ചെടുക്കുന്നത് തടയാൻ നിയമനടപടികൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ചന്ദനക്കൊള്ള പൂർണ്ണമായി തടയാൻ ഈ നിയമാവലികൾക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. ചന്ദനമരത്തിൽ നിന്നും ചന്ദനത്തൈലമെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം 50- 60 വർഷമാണ്. എന്നാൽ അത്രയും കാലം ആയുസ്സുള്ള ചന്ദനമരങ്ങൾ ഇന്ത്യയിൽ കുറവാണ്. വർദ്ധിച്ചുവരുന്ന ചന്ദനക്കൊള്ള കാരണം അമൂല്യമായ ഔഷധഗുണമുള്ള ഈ വൃക്ഷം വംശനാശത്തിന്‍റെ വക്കിലാണ്.

മധ്യപൂർവേഷ്യയിൽ ലിക്വിഡ് ഗോൾഡ് എന്നാണ് ചന്ദനം അറിയപ്പെടുന്നത്. ചന്ദനസുഗന്ധത്തിന്‍റെ ആരാധകരിൽ ഒരാളായിരുന്നു മൈസൂർ സുൽത്താൻ. തന്‍റെ നഗരത്തിന് ചന്ദന നഗരമെന്ന് പേര് നൽകിയതിനോടൊപ്പം തന്നെ 1792 ഓടെ ചന്ദനത്തിന് രജകീയവൃക്ഷമെന്ന സ്ഥാനം നൽകുകയും ചെയ്തു. ഇന്നും മൈസൂർ ജനത ചന്ദനത്തെ കാണുന്നത് രാജകീയവൃക്ഷം എന്ന രീതിയിലാണ്. ഈ ചന്ദനമരങ്ങളെ ആശ്രയിച്ചാണ് മൈസൂരിലെ നല്ലൊരു വിഭാഗം ജനങ്ങളും ഇന്നും ജീവിക്കുന്നത്. വെച്ചുപിടിപ്പിക്കുന്ന ഓരോ ചന്ദനമരവും സർക്കാറിന്‍റെ സ്വത്തായി കണക്കാക്കപ്പെടുന്നു. മരത്തിന്‍റെ വളർച്ച പൂർണ്ണമായതിന് ശേഷം മാത്രമേ കർഷകനത് മുറിച്ച് മാറ്റാനാകൂ.

കാരണവന്മാർ നട്ട മരത്തിന്‍റെ ഫലമാണ് അടുത്ത തലമുറയ്ക്ക് കിട്ടുന്നത്. ഇന്നത്തെ തലമുറ നടുന്ന മരത്തിന്‍റെ ഫലം അടുത്ത തലമുറയ്ക്ക്. പാരമ്പര്യവും പൗരാണികവുമായ ഈ കീഴ്വഴക്കിലാണ് മൈസൂരിലെ ചന്ദന കർഷകർ ഇന്നും ജീവിക്കുന്നത്.

കൃഷി എളുപ്പമല്ല

ഉത്തര- മധ്യമ ഇന്ത്യയിലെ ചില പ്രദേശങ്ങളിലാണ് ചന്ദനകൃഷി സാധാരണയായി കണ്ടുവരുന്നത്. മേൽത്തരം ജനിതക സ്വഭാവമുള്ളതിനാലും കൊച്ചുചന്ദനത്തൈകൾ കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ കഴിയാത്തതിനാലും ചന്ദനമരങ്ങൾ തീരെ കുറഞ്ഞുവരികയാണ്. വേനലിലെ കഠിന ചൂടിനെ അതിജീവിക്കാനുള്ള കഴിവ് ഈ ചന്ദനത്തൈകൾക്ക് കുറവാണ്. കാട്ടുത്തീയിൽപ്പെടാതെ ചന്ദനമരങ്ങൾ സംരക്ഷിക്കുക എന്നതാണ് മറ്റൊരു പ്രയാസമേറിയ കാര്യം.

30 വർഷത്തിനുള്ളിൽ ഇവയ്ക്ക് 15 സെ.മീ വണ്ണമുണ്ടാകും. ഇതിൽ നിന്ന് ഏകദേശം 50 കിലോ വരെ തടി ലഭ്യമാണ്. 40 വർഷത്തിനുള്ളിൽ ഒരു ചന്ദനമരത്തിന്‍റെ ശരാശരി വണ്ണം 25 സെ.മീ ആകും. ഇതിൽ നിന്നും 250 കിലോ വരെ ചന്ദനത്തടി ലഭിക്കും. ചന്ദനമരത്തിൽ നിന്നും നല്ല വിത്ത് കിട്ടണമെങ്കിൽ അതിന് 20 വർഷത്തെ വളർച്ചയെങ്കിലും വേണം.

ഒരു കായയിൽ ഒരു വിത്ത് എന്ന രീതിയിലാണ് ഇതിന്‍റെ വിത്തുകൾ കാണപ്പെടുക. പുരാതന രീതിയിൽ സൂക്ഷിക്കുന്ന വിത്തിന് രണ്ട് വർഷം വരെ ഗുണം നിൽക്കും. വിത്ത് സൂക്ഷിക്കുന്ന മുറിയുടെ താപനിലയും വിത്തിന്‍റെ ഗുണമേന്മയെ ബാധിക്കും.

തൈകളെ ബാധിക്കുന്ന രോഗങ്ങളാണ് പാത്തജെനിക് ഫംഗസ്, ഫ്യൂസെറിയം, ഫൈകൊപത്തെറോ നിമോറ്റെഡ്സ് എന്നിവ. കീടബാധകൾ കൊണ്ടും തൈകൾ നശിക്കാം. അതുകൊണ്ട് തന്നെ ചന്ദനത്തൈകളെ പരിപാലിക്കുമ്പോൾ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അമൂല്യമായ ഈ ഔഷധവൃക്ഷം നശിക്കാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരരുത്തരുടെയും ഉത്തരവാദിത്തമാണ്.

ചന്ദനം അതുല്യം

  • ചന്ദനമരത്തിലുണ്ടാകുന്ന കായ ഭക്ഷ്യയോഗ്യമാണ്. ഇതിന്‍റെ ഇലകൾ മൃഗങ്ങൾക്ക് കഴിക്കാൻ നൽകാറുണ്ട്.
  • പണ്ടുകാലത്ത് രാജക്കന്മാരുടെ ഭവനങ്ങളും കട്ടിലുകളും മറ്റും ചന്ദനത്തിൽ തീർത്തതായിരുന്നു. ഏറെനാൾ ഈടു നിൽക്കുന്നതാണ് ചന്ദനത്തടി.
  • ഇതിന്‍റെ കാമ്പ് ശിൽപനിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
  • ചന്ദനത്തൊലിയിൽ 12- 14 ശതമാനം വരെ ടാനിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാനിംഗ് ഇൻഡസ്ട്രിയിൽ ചന്ദനത്തിന് ഏറെ ഡിമാന്‍റുണ്ട്.
  • ചന്ദനക്കുരു പെയിന്‍റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
  • ചന്ദനത്തിന്‍റെ കാമ്പിൽ നിന്നും വേരിൽ നിന്നുമാണ് ചന്ദനത്തൈലം ശേഖരിക്കുന്നത്. വേരിലെ എണ്ണയാണ് കുറേക്കൂടെ ഔഷധ ഗുണമേറെയുള്ളത്.
और कहानियां पढ़ने के लिए क्लिक करें...