പ്രിയങ്ക ചോപ്ര, പരിനീതി, മനാര ചോപ്ര എന്നിവരുടെ ബന്ധുവാണ് നടി മീര ചോപ്ര. കഴിഞ്ഞ 8 വർഷമായി സിനിമയിൽ സജീവമാണ്. അടുത്തിടെ സീ 5ൽ സന്ദീപ് സിംഗ് സംവിധാനം ചെയ്ത മീര ചോപ്ര അഭിനയിച്ച ‘സഫേദ്’ എന്ന സിനിമയിൽ ട്രാൻസ്‌മാനുമായി പ്രണയത്തിലാകുന്ന വിധവയുടെ വേഷത്തിലാണ് അവർ അഭിനയിച്ചത്. വിധവകളുടെയും നപുംസകങ്ങളുടെയും അപമാനകരമായ ജീവിതമാണ് അവരുടെ ഈ സ്നേഹത്തിന് കാരണമാകുന്നത്.

ഇതിന് മുമ്പ് ‘സെക്ഷൻ 365′ എന്ന സിനിമയിൽ മീര ചോപ്ര ബലാത്സംഗ ഇരയുടെ വേഷം ചെയ്തിരുന്നു. തന്‍റെ എട്ട് വർഷത്തെ കരിയറിൽ മീര വ്യത്യസ്തമായ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്, ആർക്കും ഗ്ലാമറസ് വേഷം ചെയ്യാൻ കഴിയും എന്നാൽ മറ്റാർക്കും ചെയ്യാൻ താല്പര്യം ഇല്ലാത്ത വേഷം ചെയ്യുന്നതിലാണ് രസം.

40 കാരിയായ മീര ചോപ്ര എല്ലാവരിൽ നിന്നും വ്യത്യസ്തയായി സ്വയം കണക്കാക്കുന്നു, കാരണം വ്യത്യസ്തമായ കഥയുള്ള സിനിമകൾ മാത്രമാണ് അവർ തിരഞ്ഞെടുക്കുന്നത്. നപുംസകത്തിന്‍റെയും വിധവയുടെയും പ്രണയകഥയെക്കുറിച്ച് പറയുന്ന ‘സഫേദ്’ എന്ന സിനിമ തന്നെ ഉദാഹരണം.

ആ കഥാപാത്രത്തെക്കുറിച്ചും ഇതുവരെയുള്ള തന്‍റെ അഭിനയ യാത്രയെക്കുറിച്ചും പ്രണയ ജീവിതത്തെക്കുറിച്ചും സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നപുംസകങ്ങളുടെ ദാരുണമായ ജീവിതയാത്രയെക്കുറിച്ചും അവർ തുറന്നു സംസാരിക്കുന്നു…

ചോദ്യം- സന്ദീപ് സിംഗ് സംവിധാനം ചെയ്ത സഫേദ്എന്ന ചിത്രത്തിൽ വിധവയുടെ കഥാപാത്രം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു?

ഉത്തരം- വിധവയുടെ റോൾ വെല്ലുവിളിയും അതോടൊപ്പം കൗതുകവും നിറഞ്ഞതായിരുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ അത്തരം ഒരു കഥാപാത്രം എനിക്ക് അഭിനയ സംതൃപ്തി നൽകി എന്നാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എനിക്കു സങ്കടം തോന്നി. വിധവ തെറ്റൊന്നും ചെയ്തില്ലെങ്കിലും സമൂഹം തിരസ്കരിച്ച് മോശമായ ജീവിതം നയിക്കേണ്ടി വരുന്നവരാണ്.

സമൂഹത്തിൽ അവഹേളിക്കപ്പെടുക മാത്രമല്ല, ട്രാൻസ് ജൻഡർ ആയതിന്‍റെ അനന്തരഫലങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്ന ദുഃഖകരമായ അവസ്ഥയും ഈ ചിത്രം കാണിച്ചു തരുന്നു. ഇന്നും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയാൽ അവിടെ വിധവകളുടെ അവസ്ഥ ഏറ്റവും മോശമായിരിക്കുന്നതായി കാണാം. വിധവകളായതിനാൽ ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. മുടി വളർത്താൻ അനുവദിക്കുന്നില്ല, മേക്കപ്പ് ഇടാൻ അനുവദിക്കുന്നില്ല, ശരിയായി ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കുന്നില്ല.

ചോദ്യം-സിനിമയിൽ വിധവയായ സ്ത്രീ നപുംസകവുമായി പ്രണയത്തിലാകുന്നു. അവരുടെ ദുഃഖം നിങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്താണ് അതെക്കുറിച്ച് പറയാനുള്ളത്?

ഉത്തരം- ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം ട്രാൻസ് ജൻഡർ വിഭാഗത്തോടുള്ള എന്‍റെ മനോഭാവം മാറി. ഇനി കാറിന്‍റെ മുന്നിൽ ഒരു നപുംസകൻ വന്നാൽ ശകാരിക്കുകയല്ല വേണ്ടത് കാറിന്‍റെ ചില്ലു താഴ്ത്തി അവനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക, കാരണം ‘സഫേദിൽ’ ജോലി ചെയ്തതിനു ശേഷമാണ് ട്രാൻസ് ജൻഡർ വളരെ മികച്ചവരാണെന്ന് എനിക്ക് മനസ്സിലായത്. അവർക്ക് ബഹുമാനം വേണം, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു, അവർക്ക് നിങ്ങളിൽ നിന്ന് മറ്റൊന്നും ആവശ്യമില്ല. അവർ അങ്ങനെ ആയി പോയത് അവരുടെ തെറ്റല്ല. അതുകൊണ്ട് അവർക്ക് ആദരവെങ്കിലും നൽകാം.

ചോദ്യം – ഈ ചിത്രത്തിന് മുമ്പ് സെക്ഷൻ 365′ എന്ന ചിത്രത്തിൽ ബലാത്സംഗ ഇരയുടെ വേഷം ചെയ്തിട്ടുണ്ട്. താങ്കളുടെ സിനിമകളിലെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമാണ്. അത്തരം വേഷങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതാണോ?

ഉത്തരം- സത്യം പറഞ്ഞാൽ, അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ധൈര്യം ആവശ്യമാണ്. ഗ്ലാമറസ് വേഷം ആർക്കും ചെയ്യാം. അത്തരത്തിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്നെ ഒരു വെല്ലുവിളിയാണ്, വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം. സിനിമകളുടെ കാര്യത്തിൽ ഞാൻ വളരെ സെലക്റ്റീവ് ആയതിനു കാരണം ഇതാണ്. വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. 8 വർഷമായി ഞാൻ സിനിമയിൽ എത്തിയിട്ടും വളരെ കുറച്ച് സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ എന്നാൽ ഞാൻ ചെയ്ത സിനിമകൾ അർത്ഥവത്തായ സിനിമകളാണ്.

ചോദ്യം- സഹോദരിമാരായ പ്രിയങ്ക, പരിനീതി, മനാര ഇവർ സിനിമകളിൽ സജീവമാണ്. പ്രിയങ്ക ചോപ്രയുടെ സഹോദരിയായതിന്‍റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്?

ഉത്തരം- എനിക്ക് നേട്ടമോ നഷ്ടമോ ഇല്ല. ഞങ്ങൾ ചോപ്ര സഹോദരിമാർ തീർച്ചയായും ഞങ്ങളുടെ അഭിനയ ജീവിതത്തിൽ സജീവമാണ്, പക്ഷേ ഞങ്ങളെല്ലാം സ്വന്തം ശക്തിയിൽ ഉയർന്നു വന്നവരാണ്. പ്രിയങ്ക ആരുടെയും സഹായം തേടുകയോ ഞാൻ പ്രിയങ്കയോട് സഹായം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പ്രിയങ്ക എന്നെ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ സഹായം കിട്ടിയിരുന്നെങ്കിൽ കഴിഞ്ഞ 8 വർഷമായി ഞാൻ സ്വന്തമായി ഐഡന്‍റിറ്റി ഉണ്ടാക്കുന്നതിൽ സജീവമാകുമായിരുന്നില്ല. പ്രിയങ്കയുടെ സഹോദരിയായതുകൊണ്ട് എനിക്ക് ഗുണമോ ദോഷമോ ഇല്ല. ഇന്ന് ഞാനെന്തായോ അത് എന്‍റെ കഠിനാധ്വാനം കൊണ്ടാണ്.

ചോദ്യം- സഹോദരി മനാര ചോപ്ര ബിഗ് ബോസ് 17′ൽ തരംഗമായി. ബിഗ് ബോസിൽപോകാൻ ഓഫർ വന്നാൽ?

ഉത്തരം- ഇല്ല ഒരിക്കലും ഇല്ല. എനിക്ക് ബിഗ് ബോസിൽ പോകുന്നത് ഒട്ടും ഇഷ്ടമല്ല.

ചോദ്യം- സഫേദ്എന്ന ചിത്രത്തിലെ സംവിധായകൻ സന്ദീപ് സിംഗ്, നടൻ അഭയ് വർമ എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവം എങ്ങനെയായിരുന്നു?

ഉത്തരം- സംവിധായകനെന്ന നിലയിൽ സന്ദീപ് സിംഗിന്‍റെ ആദ്യ ചിത്രമാണിത്. അനുഭവപരിചയമുള്ള സംവിധായകനെ പോലെ അദ്ദേഹം ഈ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അനുഭവം വളരെ മികച്ചതായിരുന്നു, എനിക്ക് ഒരുപാട് പഠിക്കാൻ അവസരം ലഭിച്ചു. അഭയ് വർമ്മ നല്ലൊരു നടനാണ്. അദ്ദേഹം തന്‍റെ കഥാപാത്രത്തെ നന്നായി ജീവിച്ചു കാണിച്ചു. വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം വളരെ ശാന്തനും ഫ്രണ്ട്‌ലിയുമാണ്.

ചോദ്യം-സഫേദ്നു ശേഷം എന്താണ് പദ്ധതി?

ഉത്തരം –ഇത്തരം നല്ല സിനിമകൾ എനിക്ക് വീണ്ടും ലഭിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമയിലൂടെയെങ്കിലും സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ ശ്രമിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടുകാരുടെയും മാതാപിതാക്കളുടെയും നിർബന്ധത്തിന് വഴങ്ങി സമൂഹത്തെ ഭയന്ന് സ്വയം ക്രൂശിക്കാൻ തയ്യാറായ പെൺകുട്ടികളെ നമ്മുടെ സിനിമകളിലൂടെ നമുക്ക് പഠിപ്പിക്കാം.

ചോദ്യം- സമൂഹത്തെ ബോധവൽക്കരിക്കുന്ന അർത്ഥവത്തായ സിനിമകൾക്ക് താങ്കൾ പ്രാധാന്യം നൽകിയിട്ടുണ്ട്. അത്തരം സിനിമകളിൽ പ്രവർത്തിക്കുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും എന്താണെന്ന് കരുതുന്നു?

ഉത്തരം- ഒരു അഭിനേത്രി എന്ന നിലയിൽ എന്‍റെ അഭിനയത്തിന് അഭിനന്ദനവും അംഗീകാരവും ലഭിച്ചു എന്നതാണ് നേട്ടം. അതേ സമയം ഞാൻ ഇപ്പോഴും എന്നെത്തന്നെ സിനിമയിൽ നിലനിർത്താൻ പാടുപെടുന്നു എന്നതാണ് പോരായ്മ.

ചോദ്യം- താങ്കൾ അവിവാഹിതയായി തുടരുന്നത് എന്തു കൊണ്ടാണ് എന്ന് ചോദിക്കാമോ

ഉത്തരം- അമേരിക്കയിൽ കുറേക്കാലം പഠിച്ച ശേഷമാണ് കരിയർ ഉണ്ടാക്കിയത്. തുടർന്ന് കഴിഞ്ഞ 15 വർഷമായി ഞാൻ മുംബൈയിൽ തനിച്ചാണ്. 2024ൽ വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ആരെ വിവാഹം കഴിക്കുമെന്നു പിന്നീട് പറയാം.

ചോദ്യം-അഭിനയത്തിന് പുറമെ സിനിമയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലകളിൽ താൽപ്പര്യമുണ്ടോ?

ഉത്തരം- എന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു, അതുവഴി നല്ല രസകരവുമായ കഥകളിൽ എനിക്ക് സിനിമകൾ ചെയ്യാൻ കഴിയും.

और कहानियां पढ़ने के लिए क्लिक करें...