പണ്ട് കാലത്ത് ലോഹ പാത്രങ്ങളുടെ അഭാവം മൂലം ആളുകൾ തടി പാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. പ്രത്യേകിച്ചും കേരളത്തിലെ മിക്ക വീടുകളിലും പഴയകാലങ്ങളിൽ തടി പത്രങ്ങൾ സർവ്വസാധാരണമായിരുന്നു. ചിരട്ട തവി, അട പലക, മരത്തവി, ചട്ടുകം, മുളക്, മല്ലി തുടങ്ങിയ മസാലകൾ സൂക്ഷിച്ചു വയ്ക്കുന്ന മരം കൊണ്ടുള്ള കംപാർട്‌മെന്‍റുകൾ ഉള്ള പെട്ടികൾ ഒക്കെ ഒരു കാലത്തു കേരളീയ ജീവിത ശൈലിയുടെ ഭാഗങ്ങളായിരുന്നു. തനതായതും പ്രകൃതിദത്തവുമായ ജീവിതശൈലിയെയാണ് ഇത് പ്രതിനിധാനം ചെയ്‌തിരുന്നത്. എന്നാൽ കാലം മാറിയെങ്കിലും തടി പാത്രങ്ങൾക്കുള്ള ചില ഗുണങ്ങൽ മൂലം അവ ഏറെ ജനപ്രിയമായി.
നോൺ- സ്റ്റിക്ക് ഫ്രണ്ട്‌ലി ആയതിനാൽ നോൺ- സ്റ്റിക്ക് പാത്രങ്ങളിൽ തടി സ്പൂണുകളാണ് ഉപയോഗിക്കുക. രണ്ടാമതായി, ഇത് ചൂടാകില്ല എന്നതാണ്. അതുകൊണ്ട് ചൂട് പാത്രങ്ങളിലുള്ള വിഭവങ്ങൾ അനായാസം ഇളക്കാനും കോരാനും മരത്തവികൾ സൂപ്പർ ആണ്. തടി കൊണ്ടുള്ള തവികൾ, ഗ്ലാസ്സുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, ട്രേകൾ, മസാല കണ്ടെയ്‌നറുകൾ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നത് പുതിയ ജീവിതശൈലിയുടെ ഭാഗമായിരിക്കുകയാണ്. ഭക്ഷണം വിളമ്പാനും കറിയും മറ്റും ഇളക്കാനും സെർവ് ചെയ്യാനും ഒക്കെ തടി പാത്രങ്ങൾ ആണ് ഇന്ന് മിക്കവരും ഉപയോഗിക്കുന്നത്. അതിനാൽ തടി പാത്രങ്ങൾക്കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങൾ അറിയാം.
ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ തടി കൊണ്ടുള്ള പാത്രങ്ങൾ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. അവ മനോഹരവും വൈവിധ്യ പൂർണ്ണവുമാണ്, മാത്രമല്ല അവ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും.
ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ- തടിയിൽ ടാനിൻ സാന്നിദ്ധ്യം ഉള്ളതിനാൽ തടികൊണ്ടുള്ള പാത്രങ്ങൾക്ക് സ്വാഭാവിക ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പാത്രങ്ങളുടെ ഉപരിതലത്തിൽ ബാക്ടീരിയയുടെ വളർച്ചയെ ടാനിൻ തടയുന്നു. ഇത് ക്രോസ്- മലിനീകരണവും ഭക്ഷ്യവിഷബാധയും തടയാൻ സഹായിക്കുന്നു.
വിഷരഹിത മെറ്റീരിയൽ– പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, തടി പാത്രങ്ങൾ വിഷരഹിതമായ വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഭക്ഷണത്തിൽ അവ ഹാനികരമായ രാസവസ്തുക്കൾ കലർത്തുന്നില്ല എന്നാണ് ഇതിനർത്ഥം. ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും തടികൊണ്ടുള്ള പാത്രങ്ങൾ സുരക്ഷിതമായ ഓപ്ഷനാണ്.
ചൂട് പ്രതിരോധിക്കുന്നു- തടികൊണ്ടുള്ള പാത്രങ്ങൾ ചൂട് പ്രതിരോധിക്കും, ഉയർന്ന ഊഷ്മാവിൽ ഉരുകുകയോ വളഞ്ഞുപോകുകയോ ചെയ്യില്ല. അതുകൊണ്ട് ഭക്ഷണം പാക൦ ചെയ്യാനും ബേക്കിംഗിനും ഉപയോഗിക്കാൻ അവ അനുയോജ്യമാണ്. ഓവനിലെ ചൂടിനെ നേരിടാൻ തടികൊണ്ടുള്ള പാത്രങ്ങൾക്ക് കഴിയും.
കുക്ക് വെയറിൽ അനായാസം ഉപയോഗിക്കാം– തടികൊണ്ടുള്ള പാത്രങ്ങൾ കുക്ക് വെയറിൽ സുഖമായി ഉരുപയോഗിക്കാം. അവ നോൺ- സ്റ്റിക്ക് പ്രതലങ്ങളിൽ സ്‌ക്രാച്ചുകൾ വീഴ്ത്തുകയോ കേടുവരുത്തുകയോ ചെയ്യില്ല.
ഇത് നിങ്ങളുടെ പാത്രങ്ങളുടെയും ചട്ടികളുടെയും ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കുക്ക് വെയറിന്‍റെ ഗുണനിലവാരം നിലനിർത്തുന്നതിനുള്ള മികച്ച ഒരു ഓപ്ഷൻ ആണ് തടികൊണ്ടുള്ള പാത്രങ്ങൾ.
ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ, നോൺ- ടോക്സിക് മെറ്റീരിയൽ, ചൂട് പ്രതിരോധം, നോൺ സ്റ്റിക്ക് പാത്രങ്ങളിൽ സുരക്ഷിതമായ ഇവയുടെ ഉപയോഗം എന്നിവ ഉൾപ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ തടി പാത്രങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആരോഗ്യകരമായ അടുക്കളയ്ക്ക് തടി പാത്രങ്ങൾ ഉപയോഗിക്കുന്നത് ശീലമാക്കുക.
ഏത് തരം മരത്തടികൾ
റോസ്‌വുഡ്, അക്കേഷ്യ, വാൽനട്ട് എന്നിവയുടെ തടി വളരെ ശക്തവും കടുപ്പമുള്ളതുമാണ്, അതിനാൽ അവകൊണ്ട് നിർമ്മിച്ചിട്ടുള്ള പാത്രങ്ങൾ കടുപ്പമേറിയതാണ്. രണ്ടാമതായി, അവയയിൽ പ്രകൃതിദത്ത എണ്ണയുണ്ട്, അതിനാൽ അവ വരണ്ടുപോകില്ല. ബാക്ടീരിയ, ഫംഗസ് എന്നിവയെ തടിപ്പാത്രങ്ങൾ പ്രതിരോധിക്കും.
കടയിൽ നിന്നും ശരിയായതും കേടുപാടുകൾ ഇല്ലാത്തതുമായ തടി പാത്രങ്ങൾ വാങ്ങുക. വിള്ളലുകൾ ഉള്ള മരപാത്രങ്ങൾ ഒഴിവാക്കാം. ഇത് അഴുക്ക് നിറയാൻ കാരണമാകുകയും ആരോഗ്യത്തിന് ഹാനിയും സൃഷ്ടിക്കും.
പോളിഷ് ചെയ്ത തടി പാത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം പോളിഷ് ചെയ്യാത്ത പാത്രങ്ങൾ ഉപയോഗിക്കുക, കാരണം ആരോഗ്യത്തിന് ഹാനികരമായ പോളിഷ് ഭക്ഷണത്തിൽ ലയിച്ച് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.
എങ്ങനെ ഉപയോഗിക്കാം
പുതിയ പാത്രം നേരിട്ട് ഉപയോഗിക്കുന്നതിന് പകരമായി ആദ്യം ശുദ്ധജലത്തിൽ കഴുകി കോട്ടൺ തുണികൊണ്ട് തുടച്ച ശേഷം ഉപയോഗിക്കുക. ദ്രവരൂപത്തിലുള്ള ഭക്ഷണ സാധനങ്ങൾ തടി പാത്രങ്ങളിൽ ദീർഘനേരം വിളമ്പി വയ്ക്കരുത്. ഭക്ഷണം കഴിക്കാൻ നേരത്ത് മാത്രം വിളമ്പുക.
ഏതെങ്കിലും ലിക്വിഡ് സോപ്പ് ഉപയോഗിച്ച് തടി പാത്രങ്ങൾ കഴുകിയ ശേഷം അവ ഒരു നെറ്റ് സ്റ്റാൻഡിൽ സൂക്ഷിക്കുക, തുടർന്ന് തുടച്ച് ഭക്ഷണം വിളമ്പുക.
ചിപ്‌സ്, ബിസ്‌ക്കറ്റ്, പക്കോഡ, കച്ചോഡി തുടങ്ങിയ സ്‌നാക്ക്‌സ് നേരിട്ട് തടി പാത്രത്തിൽ ഇടുന്നതിന് പകരം അതിൽ ടിഷ്യൂ പേപ്പർ വിരിച്ച ശേഷം പലഹാരം വയ്ക്കുക. പത്രത്തിന്‍റെ ഉപരിതലത്തിൽ എണ്ണ മയം പുരളുന്നത് ഇത് തടയും.
കൂടുതൽ നേരം സിങ്കിലോ വെള്ളത്തിലോ ഇത്തരം പാത്രങ്ങൾ ഇട്ടുവയ്ക്കരുത്, ഉപയോഗത്തിന് ശേഷം ഉടൻ തന്നെ കഴുകുക, അങ്ങനെ ചെയ്‌താൽ അവ ദീർഘകാലം സുരക്ഷിതമായി ഉപയോഗിക്കാനാവും. അവ വൃത്തിയാക്കാൻ, ഏതെങ്കിലും തരത്തിലുള്ള കെമിക്കൽ ഡിറ്റർജന്‍റോ ലിക്വിഡ് സോപ്പോ ഉപയോഗിക്കുന്നതിന് പകരമായി ഏതെങ്കിലും ഡിഷ് വാഷ് സോപ്പ് ഉപയോഗിക്കുക. അവ വൃത്തിയാക്കാൻ വിനാഗിരി, നാരങ്ങ നീര് അല്ലെങ്കിൽ ബേക്കിംഗ് സോഡ എന്നിവയും ഉപയോഗിക്കാം. ഇവയിൽ ഏതെങ്കിലും ഒന്ന് തുല്യ അളവിൽ വെള്ളത്തിൽ കലർത്തി അതിൽ കോട്ടൺ അല്ലെങ്കിൽ മൃദുവായ തുണി മുക്കി പാത്രത്തിൽ തടവുക. പാത്രം പുതിയത് പോലെ തിളങ്ങും. വയർ സ്‌ക്രബ്ബർ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുന്നതിന് പകരം മൃദുവായ ബ്രഷ് ഉപയോഗിച്ച് പാത്രം നന്നായി കഴുകി ഉണക്കുക.
അവയിൽ ഏതെങ്കിലും തരത്തിലുള്ള കറയുണ്ടെങ്കിൽ, ലിൻസീഡ്, വാൽനട്ട്, പോപ്പി സീഡ് അല്ലെങ്കിൽ വെളിച്ചെണ്ണ എന്നിവയിൽ തുല്യ അളവിൽ വിനാഗിരി കലർത്തി കോട്ടൺ അല്ലെങ്കിൽ മൃദുവായ തുണി ഉപയോഗിച്ച് പാത്രങ്ങളിൽ തടവുക, തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകി ഉണക്കുക.
ഈ പാത്രങ്ങൾ ഡിഷ് വാഷർ, മൈക്രോവേവ്, ഒടിജി മുതലായവയിൽ വയ്ക്കരുത്. അതുപോലെ ഗ്യാസിന് സമീപം തടി പാത്രങ്ങൾ സൂക്ഷിക്കരുത്, അല്ലാത്തപക്ഷം അവ കത്തിപോകാം.
പാത്രങ്ങൾ എപ്പോഴും നനഞ്ഞിരിക്കരുത്. അല്ലാത്തപക്ഷം അവയിൽ പൂപ്പൽ വളരും, ഇത് ആരോഗ്യത്തെയും പാത്രങ്ങളെയും ദോഷകരമായി ബാധിക്കും.
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽ ഈ സീസണിൽ തടിപ്പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഈർപ്പ൦ തട്ടാതെ സംരക്ഷിക്കുന്നതിന് പാത്രങ്ങൾ പത്രത്തിൽ പൊതിഞ്ഞ് സൂക്ഷിക്കുക.