മഞ്ഞുമൂടിയ പർവ്വതങ്ങളുടെ വിദൂര ദൃശ്യങ്ങൾ അവയിൽ ബാലസൂര്യൻ ഇളംവെയിലും അസ്തമയ സൂര്യന്‍റെ പോക്കുവെയിലും സൃഷ്ടിക്കുന്ന രക്തച്ഛവി കലർന്ന അഗ്നി തിളക്കം. ഉച്ചനേരങ്ങളിൽ വെള്ളിയുരുക്കി ഒഴിച്ചതുപോലെ കാണപ്പെടുന്ന വൻഹിമാനികളുടെ ഭീതിദമായ നിർജ്ജനത. ഇതെല്ലാം കുട്ടിക്കാലത്ത് തന്നെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിന്‍റെ നൈനി ജയിൽവാസകാലത്ത് തന്‍റെ കുടുസ്സുമുറിയുടെ ചെറിയ ജനലിൽ കൂടി അദ്ദേഹം ഈ ദൃശ്യങ്ങൾ ആസ്വദിച്ചിരുന്നതിന്‍റെ വിവരണം വായിച്ചതു മുതൽ. അതിനാൽ ഹിമാലയത്തിലേക്കുള്ള യാത്രകൾ എനിക്കെന്നും ഹരമായിരുന്നു. കൊടും തണുപ്പും നാവിന് തീരെ പിടിക്കാത്ത ഭക്ഷണവും ഒക്കെ സഹിക്കേണ്ടി വന്നിരുന്നു എങ്കിലും. അങ്ങനെ ഹിമാലയ പ്രാന്ത പ്രദേശങ്ങളിലേക്കുള്ള എന്‍റെ നാലാമത്തെ (കുളു -മണാലി) യാത്രയിലേക്ക്. മണാലിയിലേക്ക് പോകാൻ വളരെ മുമ്പേ ഒരു തവണ ശ്രമിച്ചു എങ്കിലും നടന്നില്ല. ഒന്നിൽ പിഴച്ചാൽ 3 എന്ന ചൊല്ല് അനർത്ഥമായി. മൂന്നാം തവണ ഇക്കഴിഞ്ഞ മെയ് 29ന് കൊച്ചിയിലെ 31 ഡിഗ്രി സെൽഷ്യസിൽ നിന്ന് ഡൽഹിയിലെ 40 ഡിഗ്രി സെൽഷ്യസിലേക്കും, പിന്നെ അവിടെ നിന്ന് അമൃത്സർ വഴി മണാലിക്കും.
അമൃത്സറിൽ സുവർണ്ണ ക്ഷേത്രത്തിന്‍റെ രാത്രി കാഴ്ച കണ്ണിന് സ്വർഗീയ വിരുന്നായിരുന്നു. അവിടുത്തെ അച്ചടക്കവും ശുദ്ധിയും ആരെയും ആകർഷിക്കും. ഭക്തി മൂത്ത് ഭ്രാന്തായ ആരെയും ഞാൻ അവിടെ കണ്ടില്ല. ബ്ലൂസ്റ്റാർ ഓപ്പറേഷന്‍റെ ബാക്കിപത്രങ്ങളായ, വെടിയുണ്ട തറച്ച പാടുകൾ കുറേയെണ്ണം ഇപ്പോഴും അവിടെ നിലനിർത്തിയിട്ടുണ്ട്. ചരിത്രം അത്രവേഗം മറക്കരുതല്ലോ.
അടുത്തു തന്നെയുള്ള ജാലിയൻവാലാബാഗ് സായാഹ്നങ്ങളിൽ ആളുകൾക്ക് ചെന്നിരുന്ന് സമയം കൊല്ലാനുള്ള ഒരു പാർക്ക് ആണ് ഇപ്പോൾ. പക്ഷേ ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഭിത്തിയിലെ വെടിയുണ്ട പാടുകളും അസംഖ്യം പേർ ചാടി (രക്ഷ നേടാൻ) മരിച്ച കിണറും ഒക്കെ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. അന്നവിടെ നിരായുധരായ ഇന്ത്യക്കാരുടെ നേർക്ക് നിറയൊഴിച്ച പട്ടാളക്കാരിൽ ജന.ഡയർ ഒഴികെ മുഴുവൻ പേരും ഇന്ത്യക്കാർ ആയിരുന്നു എന്നത് ലജ്ജാകരമായ മറ്റൊരു വേദന. (അവരിൽ ഒരാൾ തിരിഞ്ഞു നിന്ന് ഡയറെ വെടിവെച്ച് വീഴ്ത്തിയിരുന്നെങ്കിലോ എന്ന ചിന്ത അപ്രസക്തം) പഞ്ചാബിലെ മറ്റൊരു കാഴ്ച പഞ്ചാബ് വാർ മ്യൂസിയം ആണ്. പഞ്ചാബികളുടെ പാരമ്പര്യവും സമരവീര്യവും ഇന്നവർ രാജ്യരക്ഷയ്ക്ക് നൽകുന്ന നിസ്വാർത്ഥ സേവനവും ഒക്കെ പ്രദർശിപ്പിക്കുന്ന ഒരു ശാല.
പഞ്ചാബിൽ പോയാൽ വാഗ – അട്ടാരി അതിർത്തിയിലെ ബീറ്റിംഗ് ദ റിട്രീറ്റ് സെറിമണി കാണാതെ ആരും മടങ്ങാറില്ല. അതിർത്തിയിലെ നോ മാൻസ് ലാന്‍റിൽ സൂര്യോദയത്തിന് ഇരുവശത്തെയും സൈനികർ അവരവരുടെ കൊടി ഉയർത്തുന്നു. ആ ചടങ്ങിൽ ജനങ്ങൾക്ക് പ്രവേശനമില്ല. വൈകുന്നേരം സൂര്യാസ്തമയ വേളയിൽ ഇരുകൂട്ടരും ഒരു ഗംഭീര ആഘോഷത്തോടെ പതാകകൾ താഴ്ത്തി അഴിച്ചെടുത്ത് മടക്കി, ബഹുമാനപൂർവ്വം ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. അത്യന്തം ഉത്സാഹപൂർവ്വം വർണ്ണശബളിമയോടെ എല്ലാ ദിവസവും ഇത് നടത്തുന്നു. ഇതുപോലൊരു ചടങ്ങ് ലോകത്ത് മറ്റൊരിടത്തും ഇല്ല. ഇരു കൂട്ടരും ഇരുവശത്തും വളരെ വാശിയോടെ പരേഡ് ചെയ്യുന്നു. ദേഹത്തുനിന്നും കൈകാലുകൾ പറിഞ്ഞു പോകുമോ എന്ന് നാം ഭയന്നു പോകും എന്ന വിധമാണ് മാർച്ച്. ഒരു സൈനികൻ ഗാലറിയിൽ ഇരിക്കുന്ന നമ്മെയൊക്കെ ആവേശഭരിതരാക്കാൻ വേണ്ടതെല്ലാം ചെയ്യുന്നു. സത്യം പറഞ്ഞാൽ എല്ലാവർക്കും നല്ല ആവേശവും ദേശസ്നേഹവും ഒക്കെ മനസ്സിൽ അധികരിക്കും. അപ്പോൾ ഒരു കാര്യം എന്‍റെ മനസ്സിൽ പൊന്തിവന്നു. ശത്രു രാജ്യങ്ങളിലെ ഈ സൈനികർ എത്ര ഒരുമയോടെ, ഒരേപോലെ അണുവിട തെറ്റാതെ, അതിർത്തിയുടെ ഇരുവശത്തുനിന്നും ഈ പരേഡും മറ്റും ചെയ്യുന്നു. ഒരു മനസ്സും ഇരുമെയ്യും പോലെ.
പിന്നെ എന്തൊക്കെയായാലും എത്രയോ നൂറ്റാണ്ടുകൾ ഒന്നായിരുന്നവരല്ലേ നമ്മൾ എന്ന ഒരു നൊമ്പരവും. എങ്കിലും ഒന്ന് പറയാതെ വയ്യ നമ്മുടെ വശത്തുള്ളതിന്‍റെ നാലിൽ ഒന്ന് ആവേശമോ കാണികളോ അപ്പുറത്ത് ഇല്ല.
പിറ്റേന്ന് മണാലിയിലേക്ക്, റോഡ് മാർഗ്ഗം. അനേകായിരം ഏക്കർ ഗോതമ്പ് പാടങ്ങളുടെ നടുവിലൂടെ. കൊയ്ത്ത് കഴിഞ്ഞിരിക്കുന്നു. അവിടെയെല്ലാം ശേഷിച്ച കറ്റകൾ തീയിട്ട് കരിക്കുന്നു. മൈലുകളോളം ആകാശം മുട്ടെ കട്ടിയുള്ള പുകപടലം. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിലേക്ക് പഞ്ചാബിന്‍റെ ഉദാര സംഭാവന.
എനിക്ക് അത്ഭുതം തോന്നിയ ഒരു കാര്യം പഞ്ചാബ് -ഹിമാചൽ പ്രദേശ് വഴിനീളെ ഇരുവശത്തും സമൃദ്ധമായി വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടികളുടെ കാഴ്ചയാണ്. കളകൾ പോലെ അവ തഴച്ചു വളർന്നു നിൽക്കുന്നു. അവിടെയെങ്ങും പോലീസോ എക്സൈസുകാരോ നാട്ടുകാരോ ആരും തന്നെ ഇതിനെപ്പറ്റി വേവലാതിപ്പെടാറില്ലെന്ന് തോന്നുന്നു. ഇവിടെ നമ്മുടെ നാട്ടിലെങ്ങാനും ഒരു കഞ്ചാവ് ചെടി അധികാരികളുടെ കണ്ണിൽ പെട്ടാലോ എന്താ പുകിൽ.
മണാലിയിൽ റോത്തംഗ് പാസ് അടച്ചിരുന്നു. ഗ്ളേസിയറിന്‍റെ മുകളിൽ വീണുരുണ്ടും മഞ്ഞു വാരിയും കളിക്കാൻ അടൽ ടണൽ വഴി ലേയിലേക്കുള്ള മറ്റൊരു വഴിയേ പോയി. എത്ര തണുത്തുവിറച്ചാലും, കൈകാലുകൾ മരവിച്ചാലും മതിവരാത്ത ആഘോഷം ഹിമാനികളുടെ പുറത്ത്. (അടൽ ബിഹാരി വാജ്പേയിയുടെ പേരിട്ടിരിക്കുന്ന ഈ 9 കിലോമീറ്റർ നീളമുള്ള ടണൽ പൂർത്തിയായതിനെ തുടർന്ന്, ലേയിലേക്കുള്ള ദൂരം 45 കിലോമീറ്റർ കുറഞ്ഞു മാത്രമല്ല, ഏതു കാലാവസ്ഥയിലും ഈ വഴി ഗതാഗതം സാധ്യവുമാണ്.)
മണാലിയിലെ മറ്റു കാഴ്ചകൾ രണ്ടു ക്ഷേത്രങ്ങളാണ്. ഒന്ന് അതിമനോഹരമായ ഇൻഡറിക്കേറ്റ് കൊത്തുപണികൾ ചെയ്ത വസിഷ്ഠ ക്ഷേത്രം. തടിയിൽ പണിതത്. അവിടെ രണ്ട് കുളങ്ങൾ. ഒന്ന് സ്ത്രീകൾക്ക് മറ്റേത് പുരുഷന്മാർക്ക്. കുളിക്കാം, കൽപ്പടവുകളിൽ ഇരുന്ന് ജപിക്കാം. രണ്ടിലും നല്ല ചൂടുറവയിൽ നിന്നും വരുന്ന വെള്ളമാണ്. സ്ത്രീകളുടെ കുളം റോഡ് അരികിൽ തന്നെ. പക്ഷേ വളരെ ഉയരമുള്ള ഒരു മതിലുണ്ട് ചുറ്റിനും. അവിടെ കുളിച്ച് ഈറനോട് ജപിക്കുന്ന ഭാരത സ്ത്രീകളൊക്കെ സാരിയോ ചുരിദാറോ ധരിച്ചിരിക്കുന്നു. ചില മദാമ്മമാരും ഉണ്ട്. അവരിൽ രണ്ടുപേർക്ക് ഷഡ്ഡി മാത്രം. കുളത്തിന്‍റെ കരയിൽ കാലുകൾ മാത്രം വെള്ളത്തിൽ ഇട്ടിരുന്ന് ജപിക്കുന്നു. അടിപൊളി എന്ന് ഞങ്ങൾ പറഞ്ഞു. ക്ഷേത്രത്തിന് പുറത്ത് ഇറങ്ങിയപ്പോൾ കണ്ട കാഴ്ചയാണ് ഇതിലും കേമം.
കുളത്തിന്‍റെ പൊക്കമുള്ള മതിലിനോട് ചേർന്ന് ഒരു മേശ. ആ റോഡിന്‍റെ എതിർവശത്തെ ഒരു ദരിദ്രവിലാസം ഹോട്ടലിന്‍റെ തീൻമേശ ആയിരിക്കണം. അതിന്മേൽ ഒരുത്തൻ കുളത്തിലേക്ക് നോക്കിനിൽക്കുന്നു. ഞാൻ അന്തം വിട്ടുപോയി. ഈശ്വരാ പിടിച്ചതിലും വലുതാണല്ലോ അളയിൽ കിടക്കുന്നത്. എന്‍റെ നോട്ടം കണ്ടപ്പോൾ അയാൾ പെട്ടെന്ന് ചാടി ഇറങ്ങി ഹോട്ടലിനുള്ളിലേക്ക് കടന്നു കളഞ്ഞു. ഹോട്ടൽ വരാന്തയിലും മറ്റും വേറെയും ആളുകൾ ഉണ്ട്. അവിടത്തുകാർ തന്നെ എന്ന് തോന്നി. അവർക്കാർക്കും ഒരു ജാള്യതയോ ചാഞ്ചല്യമോ ഇല്ല മുഖത്ത്. ഇത് അവരുടെ സ്ഥിരം പരിപാടി ആയിരിക്കണം.
അടുത്തദിവസം മണാലിയിൽ നിന്ന് കുളിവിലേയ്ക്ക് (കുളു ഡിസ്ട്രിക്റ്റിലെ രണ്ടു സ്ഥലങ്ങളാണ് മണാലി ആൻഡ് കുളു). കുളുവിൽ റിവർ റാഫ്റ്റിംഗ്. ബിയാസ് നദിയിലൂടെ ഏകദേശം ഏഴെട്ട് കിലോമീറ്റർ ദൂരം കുത്തൊഴുക്കിലൂടെ പാറകളിൽ തട്ടി റാഫ്റ്റ് തിരിഞ്ഞു മറിഞ്ഞ് പായുന്നു. ചീറ്റിത്തെറിക്കുന്ന വെള്ളത്തിലും ചെളിയിലും മുങ്ങി നനഞ്ഞു കുതിർന്ന് വളരെ സാഹസികവും സന്തോഷപ്രദവുമായ യാത്ര. റാഫ്റ്റിൽ നിന്നിറങ്ങി ചെയ്ഞ്ചിംഗ് റൂമുകളിൽ ഡ്രസ്സ് മാറി വീണ്ടും ബസ്സിലേക്ക്. അപ്പോഴേക്കും ഞങ്ങളുടെ ബസ് റാഫ്റ്റിംഗിന് വരാത്തവരെയും കൊണ്ട് കരയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
പിന്നെ ഷിംല ഡിസ്ട്രിക്റ്റിലെ കുഫ്രിയിലേയ്ക്ക്. അവിടെ കുതിര സവാരി, എന്റർടൈൻമെന്റ് ടൗൺ വിസിറ്റ് ഇവയ്ക്ക് ശേഷം ഷിംല സിറ്റിയിലേക്ക് പോയി. അതിനു മുൻപ് യാക്കിന്‍റെ പുറത്ത് കയറിയും തദ്ദേശീയരുടെ വേഷം അണിഞ്ഞും (ഉത്തർപ്രദേശിനിയായി) ഒക്കെയുള്ള ഫോട്ടോകൾ എടുത്തു രാത്രിയായപ്പോൾ ഷിംലയിൽ എത്തി.
ഷിംലയിലേക്കുള്ള യാത്രയിൽ പല സ്ഥലത്ത് വെച്ച് കൽക്ക- ഷിംല നാരോ ഗാംഗ് റെയിൽപാതയും ട്രെയിനും കണ്ടു. കുറെ മലകളുടെയും അവയെ ബന്ധിപ്പിക്കുന്ന റിഡ്ജുകളുടെയും മുകളിലാണ് ഷിംല നഗരം പണിത് ഉയർത്തിയിരിക്കുന്നത്. ഷിംലയിലെ പ്രധാന സ്ഥലങ്ങൾ ആയ സൻജൗലി സ്നോ ഡൗൺ, മാൾ റോഡ്, ഝക്കു ക്ഷേത്രം, കാലിബാരി മുതലായവ എല്ലാം റിഡ്ജ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ റൈഡ് പണിതത് 1844 ലാണ്. ഇതിന് പ്രധാനഭാഗം ഷിംല നഗരത്തിന്‍റെ ഹൃദയഭാഗത്താണ്.
1864 മുതൽ ബ്രിട്ടീഷ് ഇന്ത്യയുടെ സമ്മർ ക്യാപ്പിറ്റൽ ആയിരുന്ന ഷിംല ഇപ്പോൾ ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം ആണ്. ഷിംലയുടെ പേരിന്‍റെ ഉത്ഭവം കാളിയുടെ ( The Black Goddess) മറ്റൊരു പേരായ ശ്യാമളാദേവി എന്നതിൽ നിന്നാണ്.
ഷിംലയിൽ പ്രധാനമായും കാണാനുള്ളത് നഗരത്തിന്‍റെ ഹൃദയഭാഗമായ റിഡ്ജ്, മാൾ റോഡ് അവിടുത്തെ പുരാതന കെട്ടിടങ്ങൾ കച്ചവട സ്ഥാപനങ്ങൾ എന്നിവയാണ്.
മാൾ റോഡ് പടിഞ്ഞാറ് വശത്ത് റിഡ്ജിൽ ചെന്ന് അവസാനിക്കുന്ന സ്ഥലം സ്കാൻഡൽ പോയിന്‍റ് എന്നറിയപ്പെടുന്നു. (അപവാദമുനയോ?) പണ്ട് പട്യാല മഹാരാജാവ് ഒരു ബ്രിട്ടീഷ് വൈസ്രോയിയുടെ പുത്രിയുമായി പ്രണയത്തിലായി. അവർ ഒളിച്ചോടിയപ്പോൾ വലിയ ബഹളം ഉണ്ടായ സ്ഥലമാണത്രേ. ഇത് സത്യമോ അതോ കെട്ടുകഥയോ എന്നറിയില്ല. രാജാവിനും ഒളിച്ചോടി വിവാഹം ചെയ്യേണ്ട ഗതി!
മാൾ റോഡ് കിഴക്ക് വശത്ത് അവസാനിക്കുന്ന ഇടത്താണ്, തടിയിൽ മനോഹരമായ കൊത്തുപണികൾ ചെയ്ത വസ്തുക്കൾ കിട്ടുന്ന മാർക്കറ്റ് ഏരിയ (ലക്കഡ് ബസാർ).
മാൾ റോഡിൽ നിന്നും അല്പം മുകളിലേക്ക് കയറിയാൽ റിഡ്ജ് ആയി. ഒരു വലിയ മൈതാനം പോലെയുള്ള ഇടം. നിലം മുഴുവനും കോൺക്രീറ്റ് ചെയ്തിരിക്കുന്നു. അവിടവിടെ ഇരിപ്പിടങ്ങളും മരങ്ങളും ചെടികളും ഒക്കെയുണ്ട്. വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളാനും പൊതു ചടങ്ങുകൾ നടത്താനും പറ്റിയ സ്ഥലം. റിഡ്ജിന്‍റെ അടിയിൽ അനേകം വാട്ടർ ടാങ്കുകൾ ഉണ്ട്. ഈ ടാങ്കുകളുടെ മൂടിയാണ് റിഡ്ജിൽ നാം നടക്കുന്ന സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ വാട്ടർ ടാങ്കുകളാണ് ഇന്ന് ഷിംലയുടെ പ്രധാന കുടിവെള്ള സ്രോതസ്സ്. റിഡ്ജിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് ബ്രിട്ടീഷ് കാർ 1844 പണികഴിപ്പിച്ച ക്രൈസ്റ്റ് ചർച്ച്. മറ്റൊന്ന് 1910 ൽ പണിത ലൈബ്രറി. 140 വർഷം മുമ്പ് അവർ സ്ഥാപിച്ച ഒരു പോസ്റ്റ് ഓഫീസ് ഇവിടെ ഇന്നും പ്രവർത്തിക്കുന്നു. ഞങ്ങളിൽ പലരും അവിടെനിന്നും കാർഡ് വാങ്ങി വീട്ടിലേക്കു അയക്കാൻ പോസ്റ്റ് ബോക്സിൽ ഇട്ടു. ഞാൻ തിരികെ വന്ന് ഏകദേശം മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴാണ് കാർഡ് വീട്ടിലെത്തിയത്.
റിഡ്ജിൽ വച്ചാണ് 1971 ഇന്ദിരാഗാന്ധിയും ഭൂട്ടോയും ഷിംല പാർട്ടിൽ ഒപ്പുവെച്ചത്. ഭൂട്ടോയുടെ മകൾ ബെനസീറും അന്നവിടെ വന്നിരുന്നു. അന്ന് സുന്ദരിയായ ബെനസീറിനെ പറ്റിയും വലിയ പ്രാധാന്യത്തോടെ കൂടി പത്രങ്ങൾ എഴുതിയിരുന്നത് ഞാൻ ഓർമ്മിക്കുന്നു.
റിഡ്ജിൽ നാലു വലിയ പ്രതിമകൾ സ്ഥാപിച്ചിരുന്നു. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, ഡോക്ടർ വൈ എസ് പർമർ (ഹിമാചലിലെ ആദ്യത്തെ മുഖ്യമന്ത്രി) അടൽ ബിഹാരി വാജ്പേയി എന്നിവരുടെ.
വസിഷ്ഠ ക്ഷേത്രത്തിനടുത്ത് തന്നെയുള്ള മറ്റൊരു ക്ഷേത്രമാണ് ഹിഡിംബാ ക്ഷേത്രം. അതെ മഹാഭാരത കഥയിലെ ഹിഡുംബി തന്നെ. കേരളീയ ജാപ്പനീസ് വാസ്തുവിദ്യ ശൈലിയെ അനുസ്മരിപ്പിക്കുന്ന ഒരു സുന്ദര നിർമ്മിതി. തടിയിൽ പണിതതാണെന്ന് തോന്നുന്നു. ഞാൻ അവിടെ എത്തിയത് സന്ധ്യ ആകാറായപ്പോഴാണ്. അന്ന് സന്ദർശകരും വളരെ കുറവ്. ഒരു സന്ധ്യയിൽ നേർത്ത ഇരുട്ടിൽ ആ ക്ഷേത്രം ഏതോ ഒരു നൊമ്പരം മനസ്സിൽ ഉണർത്തി. വൻ ദേവദാരു മരങ്ങളുടെ ഒരു കൊടുംകാടിനുള്ളിൽ വിജനതയിൽ ഒരു ക്ഷേത്രം. ഭീമന്‍റെ ആദ്യ പണിക്കായി. അവരുടെ പുത്രൻ ഘടോൽക്കചൻ. മഹാറാണി കുന്തി ദേവിയുടെ ആദ്യത്തെ പേരക്കുട്ടി. യഥാർത്ഥത്തിൽ ഘടോൽകചൻ ആയിരുന്നു പിന്നീട് പാണ്ഡവരുടെ സാമ്രാജ്യം ഭരിക്കേണ്ട അവകാശി മൂപ്പുമുറ അനുസരിച്ച്.( മൂപ്പു മുറയെ ചൊല്ലിയായിരുന്നുവല്ലോ മഹാഭാരത യുദ്ധം നടന്നത്). അവൻ ഗർഭസ്ഥനായിരിക്കുമ്പോൾ തന്നെ ഭീമന് ഹിഡുംബിയെ പിരിയേണ്ടി വന്നു. അവന്‍റെ ജനനത്തിനുശേഷം ഹിഡുംബി അവനെയും കൊണ്ട് അവകാശം പറഞ്ഞ് ഹസ്തിനപ്പുരത്തേക്ക് പോയതേയില്ല. കാട്ടിൽ തന്നെ അവനെ വളർത്തി. അവസാനം കുരുക്ഷേത്ര യുദ്ധഭൂമിയിലേക്കാണ് അവൾ അവനെ അയക്കുന്നത്. അച്ഛനുവേണ്ടി, അച്ഛന്‍റെ വംശത്തിന് വേണ്ടി പൊരുതി മരിക്കാൻ. ഭീമനെ പിരിയേണ്ടി വന്നപ്പോൾ ഹിഡുംബി ഭീമന് ഛായാമുഖി എന്നൊരു കണ്ണാടി നൽകി.
ഭീമന് അവളെ കാണണമെന്ന് തോന്നുമ്പോൾ അതിൽ നോക്കിയാൽ മതി. അതിൽ നോക്കുന്നയാൾ ആരെയാണോ കാണാൻ ആഗ്രഹിക്കുന്നത് അയാളുടെ മുഖം അതിൽ തെളിയും. പക്ഷേ വിധി വൈപരീത്യം! പിൽക്കാലത്ത് ഭീമൻ നോക്കുമ്പോൾ അതിൽ തെളിയുന്നത് പാഞ്ചാലിയുടെ മുഖം. പാഞ്ചാലി നോക്കുമ്പോഴോ അർജുനന്‍റെയും. അങ്ങനെ പ്രിയതമന്‍റെ പ്രിയതമയാകാതെ നിത്യവിരഹിണിയായി അവൾ ജീവിച്ചു.
ഭീമനെ പിരിഞ്ഞതിനു ശേഷം ഹിഡുംബി ഒരു ഗുഹയിൽ തപസ്സനുഷ്ഠിച്ച് ഏകാന്തവാസം നയിച്ചു. അവിടെയാണ് ഹിഡിംബാ ക്ഷേത്രം പണിതുയർത്തിയിരിക്കുന്നത്. തറ നിരപ്പിൽ നിന്നും താഴെ ഒരു ഗർത്തത്തിനുള്ളിലാണ് ഹിഡിംബാ പ്രതിഷ്ഠ. പ്രതിഷ്ഠയുടെ സ്ഥാനവും ക്ഷേത്ര ചുമരുകളുടെ ഇരുണ്ട നിറവും ചുറ്റുമുള്ള നിബിഡ വനവും ഒക്കെ കൂടെ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഏകാന്തതയുടെ ഒരു തരം നൊമ്പരം.
റിഡ്ജിൽ നിന്നും ദൂരെയുള്ള ജാഘു മലയിൽ ഹനുമാന്‍റെ ഭീമാകാരമായ ഒരു പ്രതിമ കാണാം. നൂറ്റടി ഉയരം, സ്വർണ്ണവർണ്ണം ഷിംലയെ ആകെ അവലോകനം ചെയ്തു നിൽക്കുന്നു. രാമ രാവണ യുദ്ധത്തിനിടയിൽ മൃതസഞ്ജീവനി തേടി പോകുന്ന വഴിക്ക് ഹനുമാൻ അൽപ്പനേരം ഈ മലമുകളിൽ വിശ്രമിച്ചു എന്ന് ഐതിഹ്യം.
ഷിംലയിൽ നിന്നും മടക്കം, ചണ്ഡീഗഡിലേക്ക്, സുന്ദരമായ വനപാതയിലൂടെ അവിടെ നിന്നും ആകാശമാർഗം കൊച്ചിയിലേക്കും. സൗഹൃദം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന കുറേ നല്ല ആളുകളെ പരിചയപ്പെടാൻ സാധിച്ചു എന്നത് ഈ യാത്രയുടെ മറ്റൊരു ഗുണം. യാത്രയിലൂട നീളം പാട്ടും, ഡാൻസും കഥ പറച്ചിലും, മാജിക് ഷോയും ഒക്കെയായി ഒരു കുടുംബം പോലെ കഴിഞ്ഞു ഞങ്ങൾ. അതിനു പ്രധാന കാരണം ഞങ്ങളുടെ ടീം ലീഡർ ആയി കൂടെ വന്ന വിവേക് വാരിയർ (വിവേക് ഒരു സിനിമ നടൻ കൂടിയാണ്. ആ ഹോ എന്ന സിനിമയിലെ നായകൻ) എന്ന ചെറുപ്പക്കാരൻ ആയിരുന്നു. സ്വന്തം അമ്മ എന്നപോലെയാണ് ഞങ്ങളിൽ വയസ്സായ സ്ത്രീകളെ വിവേക് ശ്രദ്ധിച്ചത്.