ശാന്തിപുരത്തിലേക്കുള്ള യാത്ര ഒരു മോഹം മാത്രമായിരുന്നില്ല. മറിച്ച് ഒരു ആവശ്യം കൂടിയായിരുന്നു. നാഴികയ്ക്ക് നാല്പതുവട്ടം സുനന്ദ ഈ കാര്യം ഓർമിപ്പിക്കുമായിരുന്നു. ഓഫീസിൽ നിന്ന് എത്തിയുള്ള വിശ്രമത്തിനിടയിൽ അവൾ തരുന്ന ചുടു ചായയുടെ രുചി നുകരുന്നതിനിടയിൽ അവൾ അടുത്തെത്തും. മോളുടെ സ്കൂൾ വിഷയത്തിൽ നിന്നും തുടങ്ങി വിശേഷങ്ങൾ ചെന്നെത്തുക ശാന്തിപുരത്തിൽ ആയിരിക്കും. ശാന്തിപുരത്തിന്‍റെ പ്രസക്തിയെ പറ്റി എനിക്കുണ്ടായിരുന്ന അറിവ് വളരെ പരിമിതമായിരുന്നു. എന്നാൽ സുനന്ദയ്ക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ അവൾ തന്ന അറിവിലൂടെ ഞാൻ പോലും അറിയാതെ ശാന്തിപുരം എന്‍റെ മനസ്സിൽ ഇടം നേടി.
കഷ്ട നഷ്ടങ്ങളുടെ കണക്കുകൾ ശനിയുടെ മറയിൽ പഴിചാരി ജീവിതത്തിന്‍റെ നല്ല നാളുകൾ ഏറെ നഷ്ടപ്പെടുത്തിയിരുന്നു. വീട്ടാകടങ്ങളുടെയും ജീവിത പ്രാരാബ്ധങ്ങളുടെയും നടുവിൽ വരുംവരായികളെ ചൊല്ലി പതം പറഞ്ഞ് അർത്ഥശൂന്യമായ നാളെയെ സ്വപ്നം കാണുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞുതന്നത് അവളായിരുന്നു. അതിനുള്ള ഒരു പരിഹാര നിവൃത്തിയായിരുന്നു ശാന്തിപുരത്തേക്കുള്ള യാത്ര.
മനസ്സും ശരീരവും ശുദ്ധിയോടെ സ്വാമിയിൽ അർപ്പിച്ച് പാപപരിഹാരത്തിനായി അപേക്ഷിച്ചാൽ സ്വാമി കടാക്ഷിക്കും, തീർച്ച. സ്വാമിയുടെ അനുഗ്രഹത്തോടെ പാപമുക്തിയും ജീവിതമുക്തിയും നേടിയവരുടെ കഥകൾ അനവധി പറയാനുണ്ട് അവൾക്ക്. ഓരോ ദിവസവും ഓരോ കഥകളും അനുഭവങ്ങളും അവൾ ഉദാഹരണസഹിതം നിരത്തി. അതിൽ സ്വാമിയുടെ പങ്കിനെപ്പറ്റി യുക്തിയോടെ സംസാരിക്കുമ്പോൾ ആദ്യമെല്ലാം അവളോട് യോജിക്കുവാൻ മനസ്സ് മടിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഓഫീസിലെ അക്കൗണ്ടന്‍റ് ജോസഫ് സാറടക്കം സ്വാമിയുടെ ഭക്തരാണെന്ന് അറിഞ്ഞപ്പോൾ പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
വർഷാവസാനം അടുത്തു മേശമേൽ ഫയലുകളുടെ കനം വർദ്ധിക്കാൻ തുടങ്ങിയതോടെ ശാന്തിപുരത്തിലേക്കുള്ള യാത്ര ഒരു ചോദ്യചിഹ്നമായി മാറി. എന്നാൽ കഴിഞ്ഞ ദിവസം സൂപ്രണ്ട് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അവധിയിൽ പ്രവേശിച്ചപ്പോൾ വെറും സാധാരണ സെക്ഷൻ ക്ലർക്കായ തന്‍റെ മുന്നിൽ ശാന്തിപുരത്തിലേക്കുള്ള പാത തെളിയുകയായിരുന്നു. ഓഫീസിൽ നിന്നും തിരിക്കുമ്പോൾ ജോസഫ് സാറിനോട് ഈ യാത്രയുടെ കാര്യം സൂചിപ്പിക്കാൻ മറന്നില്ല. കാരണം എപ്പോഴും ഒരു പ്രൊട്ടക്ഷൻ ആവശ്യമാണല്ലോ. മകളുടെ ട്യൂഷൻ നഷ്ടപ്പെടുമെന്ന് വേവലാതിയിൽ സുനന്ദ സ്വയം പിന്മാറുകയായിരുന്നു. മാത്രവുമല്ല അവളുടെ ശരീരശുദ്ധിയിൽ അവൾക്ക് വിശ്വാസം കുറവായിരുന്നു.
സ്റ്റേഷനിൽ സാമാന്യം തിരക്കുണ്ടായിരുന്നു. കാവിയണിഞ്ഞവരുടെ ഒരു വൻനിര തന്നെ കവാടത്തിലൂടെ രൂപപ്പെട്ടു. എല്ലാവരും ശാന്തിപുരത്തേക്കു തന്നെ. അവരിൽ വൃദ്ധരും കുട്ടികളും ഒപ്പം അശരണരായ സ്ത്രീകളും ഉണ്ടായിരുന്നു. സ്വാമിയുടെ മഹത്വത്തെ വാഴ്ത്തി പാടിക്കൊണ്ട് ഒരു കൂട്ടം ആളുകൾ മുന്നേറിക്കൊണ്ടിരുന്നു.
മുൻകൂട്ടി റിസർവേഷൻ ഉണ്ടായിരുന്നതിനാൽ സീറ്റിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സീറ്റ് നമ്പർ ഒത്തു നോക്കി ജനലരികിലെ ഈ ഇരിപ്പിടം ഒഴിച്ച് ബാക്കിയെല്ലാം തന്നെ നിറഞ്ഞിരുന്നു. ഇനിയുള്ള യാത്രയിൽ എങ്ങനെ സമയം കൊല്ലും എന്ന ചിന്തയിൽ സ്വയം നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് മുന്നിലെ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. തന്നെക്കാൾ പ്രായം കുറഞ്ഞ അയാൾ മറ്റുള്ളവരേക്കാൾ വ്യത്യസ്തനായി തോന്നിച്ചു. ഞാനും അദ്ദേഹവും മാത്രമേ വേഷവിധാനത്തിൽ വ്യത്യസ്തത പുലർത്തിയിരുന്നുള്ളൂ. അയാളുടെ കറുത്ത കണ്ണട ആ മുഖത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ചുളിവ് വീണ ദോത്തിയും തൂവെള്ള ജുബ്ബയും അയാളുടെ കറുപ്പിൽ നിന്ന് വേറിട്ട് നിന്നിരുന്നു. ആരെയോ തിരയുന്ന മുഖഭാവത്തോടെ അയാളുടെ കണ്ണുകൾ ചുറ്റിലും പരതുകയായിരുന്നു. യാത്ര അയക്കുവാൻ വരാമെന്ന് ഏറ്റിരുന്ന ഏതെങ്കിലും സുഹൃത്തുക്കൾ, അല്ലെങ്കിൽ ഒപ്പം വരാനിരിക്കുന്ന ഏതെങ്കിലും സഹയാത്രികൻ….
ഈ രാത്രി യാത്രയിൽ ആരെയെങ്കിലും കൂട്ടിന് കിട്ടിയിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു. തലേദിവസം ഒറ്റയ്ക്കുള്ള ഈ യാത്രയെ പറ്റി സുനന്ദയോട് സൂചിപ്പിച്ചിരുന്നു. അപ്പോൾ ഒരു അമ്പരപ്പിന്‍റെ നോട്ടം സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു.
വേണ്ട! യാത്രയിൽ പരിചയം പുതുക്കാൻ പലരും വരും. ആരെയും വിശ്വസിക്കരുത്. ഏട്ടൻ ആണെങ്കിൽ പാവവും. കള്ളന്മാരും കൊലപാതകികളും ഏത് രൂപത്തിലാണ് വരിക എന്ന് പറയാൻ വയ്യ. അവൾ എപ്പോഴും അങ്ങനെയാണ്. നിസ്സാര കാര്യങ്ങളിൽ പോലും മനസ്സ് അർപ്പിച്ച് അതിന്‍റെ വരുംവരായികളെ പറ്റി ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുത്തിയ എത്രയോ രാവുകൾ… തന്‍റെ സാന്ത്വനങ്ങൾക്കൊന്നും അവളുടെ മനസ്സിന്‍റെ വീർപ്പുമുട്ടലുകളെ സമാശ്വസിപ്പിക്കുവാൻ കഴിയാറുമില്ല.
തീവണ്ടി പുറപ്പെടുന്നതിനുള്ള സമയം അറിയിച്ചുകൊണ്ട് വിസിൽ മുഴങ്ങി. അതോടെ ആളുകൾ അവരവരുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങി. പുറത്ത് എരിഞ്ഞടങ്ങാൻ തുടങ്ങുന്ന പകലിന്‍റെ ആരവത്തിന്‍റെ നേർത്തലകൾ. അപ്പോഴാണ് അയാൾ തനിക്കെതിരെ മുഖം തിരിച്ചത്. അയാളുടെ കറുത്ത കണ്ണടയുടെ തിളക്കം ഏറെ ശ്രദ്ധിച്ചു. അതിന്‍റെ കറുപ്പ് ഏതോ ഗൂഢ രഹസ്യത്തിന്‍റെ പ്രതീകം പോലെ തോന്നിച്ചു. കൗതുകത്തോടെ അയാളുടെ മുഖത്ത് നോക്കിയപ്പോൾ അയാളുടെ മുഖത്തും അറിയാതെ വന്നു പരിചിതഭാവം. ശാന്തിപുരത്തേക്ക് ആയിരിക്കും അല്ലേ? അയാൾ സംസാരത്തിന് തുടക്കമിട്ടു.
അതെ. ഒരു സൗഹൃദബന്ധം അവിടെ തുടങ്ങുകയായിരുന്നു. മണിക്കൂറുകൾ യാത്ര ചെയ്യേണ്ടതല്ലേ. എന്തെങ്കിലും സംസാരിച്ചിരിക്കാൻ ഒരാൾ കൂടെയുള്ളത് നല്ലതാണ് ബോറടി ഒഴിവാക്കാമല്ലോ.
അപ്പോൾ തന്നെ സുനന്ദയുടെ അമ്പരപ്പാർന്ന മുഖം ഓർമ്മയിൽ വന്നു. അതോടെ ഉള്ളിൽ അറിയാതെ ചിരി പൊട്ടി.
വിവാഹിതനാണ് അല്ലേ? അയാളുടെ തുടർന്നുള്ള ചോദ്യം അമ്പരിപ്പിക്കാതിരുന്നില്ല.
അതെ… ഒരു കുട്ടിയും ഉണ്ട്. നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.
ആണോ… പെണ്ണോ? അയാൾ വിടാൻ ഒരുക്കമില്ല.
ഒരു നിമിഷം അയാളുടെ മുഖത്തേക്ക് വെറുതെ നോക്കി. തന്‍റെ സംശയനിവാരണത്തിനെന്ന വണ്ണം അയാൾ തുടർന്നു.
സംശയിക്കേണ്ട, വെറുതെ ചോദിച്ചതാണ്.
അതിനുള്ള മറുപടിയായി വെറുതെ പുഞ്ചിരിച്ചു.
കാരണം, നിങ്ങളുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ. മനസ്സ് ഭാര്യയുടെ അടുത്താണ്. ശരിയല്ലേ? എന്തോ വലിയ സത്യം കണ്ടുപിടിച്ച ജേതാവിന്‍റെ മട്ടിൽ അയാൾ നിവർന്നിരുന്നു. ഒരു നിമിഷം അത്ഭുതം തോന്നാതിരുന്നില്ല. എത്ര കൃത്യമായി അയാൾ കാര്യങ്ങൾ ഊഹിക്കുന്നു. ഇയാൾ വല്ല ദിവ്യനോ മറ്റോ ആണോ? അതോ, സുനന്ദ പറഞ്ഞത് പോലെ…
മാഷേ… ആരെയും വിശ്വസിക്കരുത്. സ്വന്തം രക്തബന്ധത്തെ പോലും.
ഇത് കണ്ടോ? അയാൾ തന്‍റെ മുഖത്തെ കണ്ണട എടുത്തു.
ഈശ്വരാ… അറിയാതെ മനസ്സിൽ വിളിച്ചു പോയി. സുനന്ദ ഇപ്പോൾ കൂടിയില്ലാഞ്ഞത് വളരെ നന്നായെന്ന് ഓർത്തു. അല്ലെങ്കിൽ അവൾ ഈ നിമിഷം തളർന്നുവീണേനെ.
സാരമില്ല, ആ നായിന്‍റെ മോനെയും അവന്‍റെ ആളുകളെയും ഞങ്ങൾ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ? എന്‍റെ ഒരു കണ്ണേ അവൻ എടുത്തുള്ളൂ. പകരത്തിന് അവന്‍റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത് സ്വാമിക്ക് ദക്ഷിണ വയ്ക്കാനാണ് എന്‍റെ ഉദ്ദേശ്യം. അയാൾ ഒന്നു നിർത്തി.
എന്‍റെ അനുയായികൾക്ക് ഞാൻ കൊടുത്ത വാക്കാണ് ഇത്. ചോരയ്ക്ക് ചോര, പകരത്തിനു പകരം. അതാണല്ലോ ഞങ്ങളുടെ മുദ്രാവാക്യം. മാഷ്ക്ക് അറിയാമല്ലോ… അയാൾ പറഞ്ഞു നിർത്തി. അതിനുശേഷം സീറ്റിനടിയിൽ നിന്ന് തന്‍റെ എയർബാഗ് പുറത്തെടുത്ത് മടിയിൽ വച്ച് തുറന്ന് വളരെ സൂക്ഷ്മതയോടെ ഒരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. പിന്നീട് അതിൽ നിന്ന് ഒരു ചെറിയ സ്ഫടിക ഭരണിയും. ഭരണിയിൽ പകുതി വരെ എന്തോ ലായനി നിറഞ്ഞിരുന്നു. പെട്ടെന്ന് അയാൾ ഭരണി എന്‍റെ കണ്ണുകൾക്ക് നേരെ ഉയർത്തി. ഒരു ഞെട്ടലോടെ ഞാൻ ആ വസ്തു കണ്ടു. മറ്റൊന്നായിരുന്നില്ല ഒരു കണ്ണിന്‍റെ തകർന്ന അവശിഷ്ടമായിരുന്നു അത്. നെടുകെ പിളർന്ന് ചുവപ്പ് ഞരമ്പുകൾ പിണഞ്ഞ്, കറുപ്പ് രാശി കലർന്ന അവശിഷ്ടത്തിൽ ഒരു ലോകത്തിന്‍റെ മുഴുവൻ രഹസ്യവും ഒളിഞ്ഞു കിടക്കുന്നതായി തോന്നി. രക്തം തണുത്തുറഞ്ഞ് തന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചേക്കുമോ എന്ന് പോലും തോന്നിയ നിമിഷം. അറിയാതെ മുഖം തിരിച്ചപ്പോൾ ഒരു ഗുഹാമുഖത്തിൽ നിന്നെന്ന പോലെ അയാളുടെ ചിരി മുഴങ്ങി.
മാഷേ പേടിച്ചോ? സാരമില്ല മാഷേ… ആരെയും പേടിപ്പിക്കാൻ അല്ല ഇത് കാട്ടിയത്. നമ്മുടെ നാടിന്‍റെ ഗതിയെ പറ്റി മനസ്സിലാക്കിത്തരാൻ വേണ്ടി മാത്രം. അത്രയേ എനിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ.
ഇതെല്ലാം തെറ്റല്ലേ… എന്‍റെ ഹൃദയശുദ്ധിയിൽ നിന്നും അറിയാതെ ശബ്ദം പുറത്തേക്ക് വന്നു.
എന്താണ് തെറ്റും ശരിയും? അയാൾ എനിക്കെതിരെ ഒരു മറു ചോദ്യം എറിഞ്ഞു.
പകരത്തിനു പകരം അതാണ് ഞങ്ങളുടെ തത്വം. ആ തത്വം പാലിക്കേണ്ടത് ഞങ്ങൾ ഓരോരുത്തരുടെയും കടമയാണ്. ആ കടമ നിറവേറ്റാതെ വരുമ്പോൾ അത് ഞങ്ങളുടെ തത്ത്വശാസ്ത്രത്തിനോട് തന്നെ ചെയ്യുന്ന ഒരു മഹാ അപരാധമായി മാറുന്നു. അയാൾ ഒരു ജ്ഞാനിയെപ്പോലെ പറഞ്ഞു നിർത്തി. അപ്പോൾ അയാൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അയാൾ തുടർന്നു.
അവന്‍റെ ആളുകൾ തന്നെ അവനെ മാറ്റിയതാണ്. അവനാണല്ലോ അവരുടെ നേതാവ്. ആ നായിന്‍റെ മോൻ അവിടേക്ക് തന്നെ കടന്നിട്ടുണ്ടാവും. അയാൾ മന്ത്രിച്ചു. ശാന്തിപുരത്തേക്ക്, പുണ്യം തേടി. അതാണല്ലോ എല്ലാവരുടെയും അഭയ കേന്ദ്രം.
നിങ്ങൾക്ക് തെറ്റ് പറ്റിയതാണെങ്കിലോ? അയാൾ അറിയാതെ ചോദിച്ചു പോയി.
അതോടെ അമ്പരിപ്പിക്കും വിധം അയാളുടെ മുഖഭാവം മാറി. കനത്ത അന്ധകാരം വന്നു മൂടിയ പോലെ അയാളുടെ മുഖം പിന്നെയും കറുത്തു. എന്നാൽ കണ്ണുകളിൽ അഗ്നിയുടെ ജ്വലനം. അതിന്‍റെ ചൂടിൽ സ്വയം വെന്തുരുകും എന്ന് തോന്നിയ നിമിഷം. കൈവിരലുകൾ സ്വയം ഞെരിച്ചമർത്തിക്കൊണ്ട് അമർഷത്തോടെ അയാൾ മുരണ്ടു. പിന്നെ ഒരു നിമിഷം മുന്നോട്ടാഞ്ഞു.
വേണ്ടാ… ആരും ഞങ്ങളെ പിന്തിരിപ്പിക്കാൻ നോക്കണ്ടാ… ഇതൊരു മഹാസമരത്തിന്‍റെ തുടക്കം മാത്രം. അയാൾ പുറത്തേക്ക് കാർക്കിച്ചു തുപ്പി.
12 പേരാണ് ഞങ്ങളുടെ പോയത്. പിന്നെ എന്‍റെ ഈ കണ്ണും. മരണത്തിന് മുഖമുഖം കണ്ട നിമിഷങ്ങൾ. സഹോദരങ്ങളെപ്പോലെ കഴിഞ്ഞവരാണ് ഞങ്ങൾ. എന്നിട്ടും അവൻ എന്നെ ചതിച്ചു. അവന്‍റെ വെളിച്ചവും ഇതോടെ അസ്തമിക്കാൻ പോവുകയാണ്. അയാൾ ഒരു കിതപ്പോടെ പറഞ്ഞു നിർത്തി. നെറ്റിയിലെ വിയർപ്പ് കണങ്ങൾ വിരലുകൾ കൊണ്ട് വടിച്ചെടുത്ത് അയാൾ പുറത്തേക്ക് തെറിപ്പിച്ചു.
ഞങ്ങളുടെ ഈ തീരുമാനം അവസാനത്തേതാണ്.
ഞങ്ങൾ എന്നു പറഞ്ഞാൽ? എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു നിമിഷം അയാൾ എന്‍റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അയാളുടെ ചുണ്ടിന്‍റെ ഓരത്ത് നേർത്തു വന്ന ഒരു പുഞ്ചിരി. പിന്നീട് അയാൾ ചുറ്റും നോക്കി. ഒരു ജേതാവിനെ പോലെ.
അപ്പോഴാണ് ചുറ്റിലും കണ്ട അസംഖ്യം മുഖങ്ങൾ എനിക്ക് നേരെ തിരിഞ്ഞത്. അതോടെ അവരുടെയെല്ലാം ലക്ഷ്യം ഒന്നാണെന്ന് അറിഞ്ഞു. അവരുടെ മുഖങ്ങളെ നേരിടാൻ ആവാതെ ഞാൻ മുഖം തിരിച്ചു.
പുറത്ത് മരങ്ങളും സമതലങ്ങളും പിന്നോക്കം പാഞ്ഞുകൊണ്ടിരുന്നു. ആകാശച്ചെരുവിൽ നേർത്ത പകലിനെ മറച്ചുകൊണ്ട് ചുവപ്പ് ജ്വലിച്ചുയർന്നു. ജീവന്‍റെ ഗതിവിഗതികളിൽ എന്നപോലെ താളം തെറ്റിയ ഇരുമ്പുചക്രങ്ങൾ അതിന്‍റെ ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. അപ്പോൾ ശാന്തിപുരത്തിന്‍റെ വരാനിരിക്കുന്ന നാളുകളെ ഓർത്ത് വിലപിക്കാൻ ഒരുക്കം കൂട്ടുകയായിരുന്നു മനസ്സ്.