“സുഭാഷ് നമുക്കിന്ന് നാടകം കാണാൻ പോകണ്ടേ?” സുമി വളരെ താൽപര്യത്തോടെയാണ് ചോദിച്ചത്.
“ഏത് നാടകം…?” സുഭാഷ് ആകാംഷയോടെ തിരക്കി.
“സാഹിത്യ അക്കാദമി ഹാളിൽ ഒഥല്ലോ കാണണമെന്ന് മുമ്പ് ഞാൻ പറഞ്ഞത് മറന്നുപോയോ?”
“ഓ… അത്…. ഞാൻ….”
“എന്താ പോകമല്ലേ…” സുമി വീണ്ടും ചോദിച്ചു.
“എന്നാൽ ഒരു കാര്യം, നാടകം കഴിഞ്ഞ് നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം. പിന്നെ നിന്നെ വീട്ടിലും കൊണ്ടുവിടാം. എന്താ?” സുഭാഷ് പറഞ്ഞു.
“അയ്യോ വീട്ടിലേക്ക് വരണമെന്നോ…”
“പേടിക്കണ്ട, നിന്‍റെ അമ്മയ്ക്ക് എന്നെ വിശ്വാസമല്ലേ.”
“ശരി, ഇന്ന് ക്ലാസ് കഴിഞ്ഞ് നമുക്ക് പോകാം.” സുമി പെട്ടെന്നുണ്ടായ നാണത്താൽ തല താഴ്ത്തി.
മൂന്നാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥികളായ സുഭാഷും സുമിയും ഒന്നിച്ച് ജീവിക്കാൻ സ്വപ്നം കാണുന്നവരായിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കുമോ എന്ന ആശങ്ക ഇരുവർക്കുമുണ്ട്. എങ്കിലും അതൊന്നും അവരുടെ പ്രണയത്തിന് മങ്ങൽ ഏൽപ്പിക്കുന്നില്ല. പഠനശേഷം വിവാഹിതരാകാമെന്ന ഉറച്ച തീരുമാനത്തിലാണ് അവർ.
വളരെ കാൽപനികമായ രീതിയിലാണ് അവരുടെ പ്രണയം മൊട്ടിട്ടത്. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുകയായിരുന്ന സുമി എതിരെ വരുന്ന ഒരു കുട്ടിയുമായി കൂട്ടിയിടിച്ചു. അവളുടെ കൈയിൽ നിന്നും പുസ്തകങ്ങൾ താഴെ വീണു. അപ്പോൾ അതുവഴി വരുകയായിരുന്ന സുഭാഷ് പുസ്തകങ്ങളെടുത്ത് അവൾക്ക് നൽകി. നന്ദി, ഒറ്റവാക്കിലൊതുക്കി സുമി അവിടെ നിന്ന് നടന്നകന്നു. പിന്നീട് മിക്ക ദിവസവും സുഭാഷ് അവളെ കാണുവാൻ കാത്ത് നിൽക്കുക പതിവായി.
ഒരു മഴക്കാല പകൽനേരത്ത് സുമി സുഭാഷിനോട് ചേർന്ന് നിന്ന് ആശങ്കപ്പെട്ടു. “നീ ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയുമാണെന്ന് നിനക്കറിയാമല്ലോ. നമ്മുടെ ബന്ധം വീട്ടുകാർ അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്‍റെ സമുദായം നമുക്ക് എതിരായിരിക്കും തീർച്ച.”
“എനിക്ക് ജാതിയിലും മതത്തിലും തീരെ വിശ്വാസമില്ല. മൂന്ന് വർഷമായിട്ടും നിനക്കത് മനസ്സിലായില്ലേ?” സുഭാഷ് മഴനാരുകളിലേക്ക് നോക്കി.
“നീ എന്തൊക്കെ പറഞ്ഞാലും നമ്മൾ ഈ സമൂഹത്തില്ലല്ലേ ജീവിക്കേണ്ടത്?” മനസ്സിൽ ആധിപെയ്യുന്ന മുഖമായിരുന്നു സുമിക്കപ്പോൾ.
“ജാതിയും മതവുമൊന്നുമല്ല വലുത്. എനിക്കതിൽ വിശ്വാസവുമില്ല. മനഷ്യത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യരെല്ലാം തുല്യരാണ്. എന്‍റെ അമ്മയും നിന്‍റെ സമുദായക്കാരി തന്നെയാണ്. നിനക്കറിയാമോ, എന്‍റെ അച്ഛന്‍റെ വിവാഹം തറവാടിത്തമുള്ള ഒരു ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ വിവഹത്തലേന്ന് അവർ മറ്റൊരാളൊടൊപ്പം ഒളിച്ചോടി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു സ്ത്രീയെയാണ് പിന്നെ അച്ഛൻ വിവാഹം കഴിച്ചത്. അദ്ദേഹം വീട്ടുകാരുടെയോ സമൂഹത്തിന്‍റെയോ സമ്മതത്തിന് കാത്തുനിന്നില്ല.”
സുഭാഷ് ഇത് പറയുമ്പോൾ സുമി ആകാംഷയോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവൾക്കെന്തെങ്കിലും മിണ്ടാൻ പോലും കഴിഞ്ഞില്ല.
“എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി, നിനക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ? നിന്‍റെ അമ്മ എതിരുനിൽക്കില്ലെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
“സമയം ഏറെയായി. നമുക്ക് പിന്നീട് സംസാരിക്കാം.” സുമി മഴയിലേക്കിറങ്ങി നടന്നു. സുഭാഷ് തന്‍റെ പ്രണയം മഴയിൽ മറയുന്നത് നോക്കി നിന്നു.
സ്വപ്നം കാണാൻ വളരെ എളുപ്പമാണ് എന്നാൽ സ്വന്തമാക്കാനാണ് പാട്. അയാൾ നെടുവീർപ്പിട്ടു.
രണ്ട് ദിവസം സുമിയെ കോളേജിൽ കാണാതിരുന്നപ്പോൾ സുഭാഷിന് ആശങ്കയായി. അവൾക്കെന്തുപറ്റി? ഒരുപക്ഷേ ഞാൻ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ അവളെ വേദനിപ്പിച്ചു കാണുമോ? അന്ന് ക്ലാസിലിരിക്കാൻ സുഭാഷിന് ഒട്ടും മനസ്സുണ്ടായില്ല. അയാൾ ഉച്ചയോടെ കോളേജിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടു. “അമ്മേ, ഞാൻ സുമിയുടെ വീട്ടിലൊന്നുപോയി അന്വേഷിക്കട്ടെ.” സുഭാഷ് തന്‍റെ അമ്മയോട് കാര്യങ്ങളെല്ലാം തുറന്ന് പറയാറുണ്ടായിരുന്നു. അമ്മയ്ക്കും ആ ബന്ധത്തിന് എതിരൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അച്ഛൻ രാജേന്ദ്ര പ്രസാദിന് അതിൽ വലിയ താൽപര്യമില്ല. മകന്‍റെ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ വച്ചുപുലർത്തുന്ന ആളായിരുന്നു അദ്ദേഹം.
സുമിയുടെ വീട്ടിലെത്തിയ സുഭാഷ് കോളിംഗ്ബെല്ലടിച്ചു. അമ്മയാണ് വാതിൽ തുറന്നത്. “വരൂ, സുമിയോടൊപ്പം പഠിക്കുന്നയാളല്ലേ?”
“അതേ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്.” സുഭാഷ് പറഞ്ഞു.
സുഭാഷിനെ കണ്ടയുടൻ സുമി കട്ടിലിൽ നിന്നും ചാടിയെണീക്കാൻ ശ്രമിച്ചു.
“വേണ്ട, കിടന്നോളൂ.” അപ്പോഴേക്കും ഇരിക്കാനായി അമ്മ കസേര എടുത്തിട്ടു. സുഭാഷ് തന്നെ കാണാൻ വന്നതിൽ സുമിക്ക് അതിയായ സന്തോഷം തോന്നി.
“കൊള്ളാം, അസുഖം വരുത്തി വച്ചല്ലേ? രോഗികളെ നോക്കേണ്ടവർ തന്നെ കിടപ്പിലായാലോ. മഴ നനയരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.”
“സാരമില്ല മോനേ, ഞാൻ മരുന്ന് വാങ്ങിക്കൊടുത്തിട്ടുണ്ട്.” അമ്മ പറഞ്ഞു.
“അസുഖം വേഗം മാറട്ടെ. ഇനി അധികം വൈകാൻ ഞാൻ അനുവദിക്കില്ല. ഇവളെ എനിക്കന്‍റെ വീട്ടിലേക്ക് കൊണ്ടുപോകണം. അച്ഛനുമമ്മയ്ക്കും ഇവളെ കാണുവാൻ കൊതിയായി.”
“മോനേ, ഇവളെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താണ്?”
“എന്‍റെ ഭാര്യയാകാനുള്ള എല്ലാ യോഗ്യതകളും ഇവൾക്കുണ്ടെന്നാണെന്‍റെ വിശ്വാസം.” സുഭാഷ് പറഞ്ഞു. ഈ സമയം സുമി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് കിടക്കുകയായിരുന്നു.
“ഞങ്ങൾക്ക് എത്രയും വേഗം ഇവളുടെ വിവാഹം നടത്തിയാൽ കൊള്ളണമെന്നുണ്ട്.” അമ്മ പറഞ്ഞു.
“ഞാനും അതിന് തയ്യാറാണ്. ക്ലാസ് കഴിഞ്ഞാലുടൻ വിവാഹം നടത്താനാണ് എനിക്കും താൽപര്യം. ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്.”
“ഇവളുടെ സഹോദരൻ ഇക്കാര്യം അറിഞ്ഞപ്പോൾ വലിയ ദേഷ്യത്തിലായിരുന്നു. അൽപം സ്വാതന്ത്ര്യം കൊടുത്തപ്പോഴേക്കും അവൾ സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും അന്യമതക്കാരനെ വിവാഹം കഴിക്കുന്നതൊന്നു കാണട്ടെ എന്നും പറഞ്ഞ് ബഹളമായിരുന്നു ഇവിടെ.” അമ്മയുടെ കണ്ണ് കലങ്ങി തുടങ്ങിയിരുന്നു.
“നിങ്ങളുടെ വിവാഹം നടക്കണമെന്ന് തന്നെയാണ് എന്‍റെയും ആഗ്രഹം. എന്നാൽ അവന്‍റെ പിടിവാശിയാണ് തടസ്സമായിരിക്കുന്നത്. ഒരു സുഹൃത്തിനെക്കൊണ്ട് സുമിയെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവൻ. അച്ഛന്‍റെ മരണശേഷം കുടുംബകാര്യങ്ങളെല്ലാം എറ്റെടുത്തു നടത്തുന്നത് അവനാണ്. അവന്‍റെ തീരുമാനത്തെ എതിർക്കാൻ എനിക്കും കഴിയുന്നില്ല. ഇതേക്കുറിച്ച് തന്നെ ചിന്തിച്ചാണ് ഇവൾക്ക് അസുഖമായത്. മോനേ, നീ തന്നെ മാർഗ്ഗം പറഞ്ഞുതാ. ഒരു ഭാഗത്ത് മകന്‍റെ അഭിമാനപ്രശ്നവും മറ്റൊരിടത്ത് മകളുടെ സന്തോഷവും നോക്കണമെനിക്ക്.” അമ്മമനസ്സ് വിതുമ്പി.
“അമ്മ വിഷമിക്കാതിരിക്കൂ, ചേട്ടനെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം. സമ്മതിക്കുമെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് സമാധാനിപ്പിച്ചു.
അവരിത് പറഞ്ഞിരിക്കുമ്പോൾ സുമിയുടെ സഹോദരൻ സുനിൽ വീട്ടിൽ എത്തി. വന്നയുടൻ സുമിയുടെ അസുഖം കുറവായോ എന്നന്വേഷിച്ചു. സുഭാഷിനെ കണ്ട് ഹലോ എന്നു പറഞ്ഞ് കൈ പിടിച്ചു. സുനിലിന്‍റെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് അമ്മയ്ക്കും സുമിക്കും ആശ്ചര്യം തോന്നി.
“എന്തൊക്കെയുണ്ട് വിശേഷം, ഒരുപാട് നാളായല്ലോ കണ്ടിട്ട്.” സുനിൽ ചോദിച്ചു.
“സുഖം തന്നെ ചേട്ടാ.”
“നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക് ഞാൻ ചായ എടുക്കാം.” അമ്മ പറഞ്ഞു.
“വേണ്ടമ്മേ, ഞാൻ ഇറങ്ങുകയാണ്. വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടാകും.”
“അൽപം കഴിഞ്ഞ് പോകാം. എനിക്ക് പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്.” സുനിൽ സുഭാഷിന്‍റെ കൈയിൽ പിടിച്ചിരുത്തി.
ഇതുകണ്ട് സുമിക്ക് സന്തോഷമായി. മുമ്പ് ചേട്ടന്‍റെ ഭാഗത്തു നിന്നും ഇതുപോലെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ലല്ലോ. ഇപ്പോഴെന്താ ഇങ്ങനെയൊക്കെ… അവൾ വിചാരിച്ചു.
അമ്മ ചായയും പലഹാരങ്ങളുമായി വന്നു.
“അമ്മേ, ഇതൊന്നും വേണ്ടായിരുന്നില്ല, ബുദ്ധിമുട്ടായില്ലേ?” സുഭാഷ് പറഞ്ഞു.
“എന്ത് ബുദ്ധിമുട്ട്, ഇതൊക്കെ ചെയ്യേണ്ടത് ഒരു മര്യാദയല്ലേ, അതുതന്നെയുമല്ല നീ എന്‍റെ അളിയനാകാൻ പോകുകയല്ലേ?” സുനിൽ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
“മോനേ, നീ ശരിക്കും തീരുമാനിച്ച് തന്നെയാണോ?” അമ്മ അകത്തേക്ക് വന്ന സുനിലിനോട് ചോദിച്ചു.
സുമിയും ചേട്ടന്‍റെ വാക്കുകൾക്കായി കാതോർത്തു. സുനിൽ മൗനമായിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു, “ചേട്ടാ, എന്‍റെ നിർബന്ധം കൊണ്ടാണോ ഇതിന് സമ്മതിച്ചത്. ചേട്ടന് ഇഷ്ടമല്ലെങ്കിൽ ഞാൻ തടസ്സം നിൽക്കില്ല. ചേട്ടൻ കണ്ടെത്തുന്നയാളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്.” സുമിക്ക് സ്വയം നിയന്ത്രിക്കാനായില്ല.
“നീയെന്താണീ പറയുന്നത്. ആദ്യമായി കാണുന്ന ഒരാളെക്കുറിച്ച് നീ എങ്ങനെ മനസ്സിലാക്കും? അയാൾ എങ്ങനെയുള്ള ആളാണ്, സ്വഭാവം നന്നാണോ എന്നൊന്നും അറിയാതെ വിവാഹം കഴിക്കുമോ?” സുനിൽ ചോദിച്ചു.
“ചേട്ടാ, എനിക്ക് ദോഷം വരുന്ന ഒരുകാര്യവും ചേട്ടൻ ചെയ്യില്ലെന്ന് എനിക്കറിയാം. ചേട്ടൻ കണ്ടെത്തുന്ന ആളെ ഞാൻ വിവാഹം കഴിക്കും.” ഇതുപറയുമ്പോൾ സുമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
“സുമി, ഞാൻ കണ്ടെത്തിയിരുന്ന പയ്യൻ എന്നെ വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നു. അയാൾ എഞ്ചിനീയറൊന്നുമല്ല, വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നു കൈവശമുണ്ടായിരുന്നത്. ഇപ്പോൾ അയാളെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയിരിക്കുകയാണ്. ഞാൻ എന്‍റെ തെറ്റ് മനസ്സിലാക്കുന്നു.” സുനിൽ കുറ്റബോധത്തോടെയാണ് പറഞ്ഞത്. ഇത് കേട്ടപ്പോൾ എല്ലാവരും അൽപസമയത്തേക്ക് ഒന്നും മിണ്ടിയില്ല.
“മോനേ, വിഷമിക്കാതിരിക്കൂ, ഏതായാലും നമ്മൾ നേരത്തേ വിവരമറിഞ്ഞത് നന്നായി, അല്ലെങ്കിൽ നമ്മുടെ മോളുടെ ജീവിതം…” അമ്മയ്ക്ക് മുഴുവിപ്പിക്കാനായില്ല.
അതുവരെ വല്ലാത്തൊരവസ്ഥയിൽ പുറത്തിരുന്ന സുഭാഷ് മുറിയിലേക്ക് ചെന്നു. അമ്മയും സുമിയും കണ്ണ് തുടച്ചു. സുനിൽ സുഭാഷിന്‍റെ കൈയിൽ മുറികെ പിടിച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് എന്തായാലും ഇവിടെനിന്ന് ഊണുകഴിച്ച് പോയാൽ മതി, ഞാൻ നിങ്ങളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. അടുത്ത ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്. അച്ഛനെയും അമ്മയെയും കണ്ട് തീയതി നിശ്ചയിക്കണം.”
“സുമി എഴുന്നേൽക്ക്, നിനക്ക് സന്തോഷമായല്ലോ. അമ്മേ , ഭക്ഷണം വേഗം തയ്യാറായിക്കോളൂ. ഇന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ഊണ് കഴിക്കും.” സുനിൽ ചിരിയോടെ കോലായിലേക്ക് വന്നു. സുമിയും സുഭാഷും പരസ്പ്രം നോക്കി നിന്നു. സ്നേഹം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരെപ്പോലെ!