വ്യായാമം ആണ് ഒരാളുടെ ആരോഗ്യത്തിന്‍റെ പറയുന്നത്. എങ്കിലും വാർദ്ധക്യത്തിലേക്ക് കടക്കുന്നവർക്ക് വ്യായാമം ചെയ്യുന്നതിനെ കുറിച്ച് പലതരം ആശങ്കകൾ ഉണ്ട്.

50 വയസ്സ് കഴിയുമ്പോഴേക്കും മിക്കവരും ജീവിതശൈലി രോഗങ്ങളുടെ ഇരകൾ ആകുന്നു, അതോടെ ആണ് ഇത്തരം സംശയങ്ങൾ ഉണ്ടാകുക. നേരത്തേ വ്യായാമം ചെയ്തിരുന്നു എങ്കിൽ പല രോഗങ്ങളും വരാതെ സൂക്ഷിക്കാമായിരുന്നു, ഇനി ഇപ്പോൾ അത് ചെയ്തിട്ട് കാര്യമുണ്ടോ എന്ന് ആണ് സംശയം. പക്ഷേ, ഒരു കാര്യം അറിയുക.

വ്യായാമമാണ് നമ്മുടെ മസിലുകളെയും എല്ലുകളെയും ബലം ഉള്ളതായി നിലനിർത്തുന്നത്. വ്യായാമം ചെയ്യുന്നതിന് ഇടയിൽ പരിക്ക് പറ്റുമോ, എല്ലിന് ബല ക്ഷയം സംഭവിക്കുമോ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമോ തുടങ്ങി നിരവധി സംശയങ്ങൾ. ഇത്തരം ചില തെറ്റിധാരണകളും അവയുടെ യഥാർത്ഥ സിഥിതിയും മനസ്സിലാക്കാം.

അംഗവൈകല്യം ഉള്ളവർ വ്യായാമം ചെയ്യാൻ പാടില്ല

ഒരു കസേരയിൽ ഇരുന്നോ അല്ലെങ്കിൽ നിലത്ത് കിടന്നോ ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ തീർച്ചയായും ചെയ്യാം. ചെയർ എയ്റോബിക്സ് എന്ന ഒരു വ്യായാമ രീതി തന്നെയുണ്ട്. ഭാരം ഉയർത്താൻ സാധിക്കുന്ന വിധത്തിലാണ് ശാരീരികപ്രകൃതി എങ്കിൽ ഭാരം ഉയർത്തുകയോ, സ്ട്രെച്ച് എക്സർസൈസുകളോ ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് മസിലുകൾക്ക് ബലവും വേഗത്തിലുള്ള ചലനവും സാധ്യമാകും.

വ്യായാമം ചെയ്താൽ ക്ഷീണവും ശ്വാസ തടസ്സവും

പ്രായമേറിയവർ കഠിനമായ വ്യായമം ചെയ്യുമ്പോൾ ക്ഷീണം തോന്നാം. പക്ഷേ അതിന്‍റെ പേരിൽ ചെയ്യാതിരിക്കുമ്പോൾ സ്വന്തമായി കാര്യങ്ങൾ ചെയ്യാനുള്ള ശേഷി വീണ്ടും കുറയുകയേ ഉള്ളൂ. സ്ഥിരമായി ലഘുവായ ഒരു വ്യായാമരീതി ഇത്തരക്കാർ വികസിപ്പിച്ചെടുത്ത് അത് പിന്തുടരുക. രോഗം വരാതിരിക്കാനും ക്ഷീണം കുറയാനും അത് ഒരു പരിധി വരെ സഹായകമാകും.

വീഴാനും അസ്ഥി പൊട്ടാനും സാധ്യത കൂടുതൽ ആണ്

യഥാർത്ഥത്തിൽ വ്യായാമം സ്ഥരമായി ചെയ്യുന്ന ആളുകൾക്ക് അസ്ഥിക്ക് കൂടുതൽ ബലം ഉണ്ടായിരിക്കും. അതോടെ വീഴ്ചകളും അസ്ഥി ഭ്രംശവും ഒക്കെ കുറയുകയാണ് ചെയ്യുക. കാൽപാദം ഉറപ്പിച്ച് ചവിട്ടി നിൽക്കുക, ചമ്പ്രം പടിഞ്ഞിരിക്കുക, കാൽപാദങ്ങൾ കൊണ്ടുള്ള വ്യായാമങ്ങൾ ഇവ ഒക്കെ പ്രായമുള്ളവർക്ക് എല്ലിന് കൂടുതൽ ബലവും ശാരീരിക സന്തുലനവും നൽകും.

ഹൃദയസ്തംഭനത്തിന് സാധ്യത ഉണ്ട്

വ്യായാമം ചെയ്യുമ്പോൾ പ്രായമായ വ്യക്തികളിൽ ഹൃദയസ്തംഭന സാധ്യത കൂടുതൽ ഉണ്ടെന്ന ധാരണ ശരിയല്ല. യഥാർത്ഥത്തിൽ വ്യായാമം ചെയ്യുന്നതിലൂടെ രക്ത ചംക്രമണം കൂടി ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുകയാണ് ചെയ്യുന്നത്. തന്മൂലം കൊഴുപ്പ് ട്രൈ ഗ്ലിസറൈഡ് ലെവൽ താഴുന്നു. ദിവസവും ശരാശരി നിലവാരത്തിലുള്ള വ്യായാമം ചെയ്യുന്നത് വഴി ഹൃദയാഘാത സാധ്യത കുറയുകയാണ് ചെയ്യുക.

നേരത്തേ വ്യായാമം ചെയ്ത് ശീലം ഇല്ലാത്തവർ വ്യായാമം ചെയ്യാൻ പാടില്ല

ജീവിതത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതിന് പ്രായം ഒരു തടസ്സമല്ല. ലഘുവായ രീതിയിൽ വ്യായാമം തുടങ്ങുകയാണ് വേണ്ടത്. നടപ്പും വാം അപ്പ് വ്യായാമങ്ങളും ആർക്കും അനായാസം ചെയ്യാൻ കഴിയുന്ന വ്യായാമങ്ങളാണ്. ഒരാഴുടെ ആരോഗ്യത്തിന് അനുസരിച്ച് വ്യായാമം ചെയ്യുന്നതിന്‍റെ സമയം വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യാം.

വ്യായാമം സ്ട്രെസ് ലെവൽ കൂട്ടും

വ്യായാമത്തിലൂടെ യഥാർത്ഥത്തിൽ പിരിമുറുക്കം കുറയുകയാണ് ചെയ്യുന്നത്. മനസ്സിന് ഉന്മേഷം നൽകുന്ന എൻഡോർഫിൻ ഹോർമോണുകൾ കൂടുതൽ ഉൽപ്പാദിക്കപ്പെടുകയും അതുവഴി സ്ട്രെസ് കുറയുകയും ചെയ്യുന്നു. ഇഷ്ടമുള്ള ഒരു കായിക പ്രവൃത്തി തെരഞ്ഞെടുത്ത് അത് ചെയ്യുന്നതിലൂടെ ഒരാളുടെ നിരാശയും ആശങ്കകളും ഒഴിവാക്കാൻ സാധിക്കും.

और कहानियां पढ़ने के लिए क्लिक करें...