പുറംവേദന, മൈഗ്രേൻ, മുട്ട് വേദന തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇന്ന് മിക്കവരും. നിങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ ചില പോംവഴികൾ സ്വീകരിക്കാം. തീർച്ചയായും ശരീരത്തിനും മനസ്സിനും നവോന്മേഷവും ഊർജ്‌ജസ്വലതയും അനുഭവപ്പെടും.
മടി കളയുക
മടി കളഞ്ഞ് രാവിലെയും വൈകുന്നേരവും അടുത്തുള്ള പാർക്കിൽ അല്ലെങ്കിൽ അധികം തിരക്കില്ലാത്ത വഴിയിൽ നടക്കാൻ പോവുക. ഇനി കാലാവസ്‌ഥ അനുകൂലമല്ല എങ്കിൽ ട്രെഡ്മില്ലിൽ കുറച്ചു സമയം എക്സർസൈസ് ചെയ്യാം. തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കും നടക്കാം. സ്വന്തം വാഹനം ജോലി സ്ഥലത്തു നിന്നും അൽപം മാറി പാർക്ക് ചെയ്‌ത് ഓഫീസിലേക്ക് നടന്നു പോകാം. അത്താഴം കഴിഞ്ഞ് വീടിനുള്ളിൽ തന്നെ 10 മിനിറ്റ് നേരം സാവധാനം നടക്കാം.
ഡ്രൈവിംഗ് ശ്രദ്ധയോടെ
മുതുക് വേദനയ്ക്ക് ഒരു പ്രധാന കാരണമാണ് ഡ്രൈവിംഗ്. പ്രത്യേകിച്ചും ദീർഘദൂരം വാഹനം ഓടിക്കുന്നവർക്ക് ഡ്രൈവ് ചെയ്യുമ്പോൾ സ്റ്റിയറിംഗ് വീലിൽ നിന്നും തെറ്റായ അകലം വയ്ക്കുന്നതു മൂലം കഴുത്ത്, കൈ, ചുമൽ, നട്ടെല്ല്, മുതുക്, കൈത്തണ്ട് തുടങ്ങിയ ഇടങ്ങളിൽ വേദനയും അസ്വസ്ഥതയും ഉണ്ടാകും. അതുകൊണ്ട് സ്റ്റിയറിംഗ് വീലിൽ നിന്നും ശരിയായ അകലത്തിൽ ഇരുന്നു വേണം വാഹനം ഓടിക്കാൻ.
കാലുകൾക്ക് പൂർണ്ണമായ വിശ്രമം നൽകാം
ഓഫീസിലാണെങ്കിൽ: ഓഫീസിലെ കസേര മുതുകിന്‍റെ അടിഭാഗത്തിന് സപ്പോർട്ട് ചെയ്യുന്ന വിധത്തിൽ ആയിരിക്കണം. കംപ്യൂട്ടർ സ്ക്രീൻ മുഖത്തിന് സമാന്തരത്തിലും ആയിരിക്കണം.
ശാരീരിക വ്യായാമ: കസേരയിൽ ഇരുന്നു കൊണ്ട് തന്നെ ചില ലൈറ്റായ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കാം. നിവർന്ന് ഇരുന്ന ശേഷം കാലുകൾ പരമാവധി നീട്ടുക. വിരലുകൾ വിടർത്തുക. ഇനി 30 മുതൽ 40 ഡിഗ്രി നിലയിൽ കാലുകൾ ഉയർത്താൻ ശ്രമിക്കുക. എന്നിട്ട് നിലത്ത് സ്പർശിക്കാതെ സാവധാനം പാദങ്ങൾ താഴേക്ക് കൊണ്ടുവരിക. ഇപ്രകാരം 10- 15 തവണ ആവർത്തിക്കുക. ഇത് വയർ കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല മുതുകിന് താഴെയുള്ള ഭാഗത്തിന് നല്ല ബലവും പകരാൻ സഹായിക്കുകയും ചെയ്യും.
ആവർത്തിക്കുക ഇങ്ങനെ: ഈ വ്യായാമത്തിന് ഒപ്പം മറ്റൊരു വ്യായാമം കൂടി ചെയ്യാം. ഒരു പേന അല്ലെങ്കിൽ പെൻസിൽ നിലത്തിടുക. അതിനു ശേഷം കാൽവിരലു കൊണ്ട് അത് ഉയർത്താൻ നോക്കുക.
നിലത്തേക്ക് നേരിട്ട്: നിലത്ത് വീണു കിടക്കുന്ന ഏത് വസ്‌തുവും എടുക്കാൻ പെട്ടെന്ന് കുനിയുന്നതിന് പകരം ആദ്യം മുട്ട് മടക്കി ആ വസ്‌തു എടുക്കുക.
കൈത്തണ്ടയ്ക്ക് വിശ്രമം നൽകുക: വിരലിൽ പെരുപ്പോ മരവിപ്പോ തോന്നുകയാണ് എങ്കിൽ ഇത് കാർപ്പൽ ടണൽ സിൻഡ്രോമിന്‍റെ ലക്ഷണമായി കരുതാം. കൈത്തണ്ടകൾക്ക് വിശ്രമം നൽകണം. കൈകൾക്കും കൈത്തണ്ടകൾക്കും ചെറിയ ഇടവേളകളിലായി വിശ്രമം നൽകാം.
ചുറുചുറുക്കോടെ പണിയെടുക്കാം
തങ്ങളുടെ മുൻഗണനകൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. പ്രായം കൂടുംതോറും നമ്മുടെ പ്രയോറിറ്റികൾ മാറി വരാം. ചെറുപ്രായത്തിൽ തങ്ങളുടെ ലക്ഷ്യം നേടാൻ അഹോരാത്രം പണിയെടുക്കും. ഈ ചുറുചുറുക്ക് ജീവിതത്തിന്‍റെ മധ്യവയസ്സിലും നിലനിർത്തണം. മിക്കവരും പ്രായം കൂടിവരും തോറും അലസരായി മാറാറുണ്ട്. ഇതു പാടില്ല. പ്രായം ഒന്നിനും ഒരു തടസ്സമല്ല.